RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അവന്‍ ഇവന്‍


നായകനടന്മാരുടെ മാത്രം പേരിൽ സിനിമ അറിയപ്പെടുന്ന തമിഴ് സിനിമലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ചുരുക്കം ചില സംവിധായകരെ ഉണ്ടായിട്ടുള്ളു. അവരിൽ കലാമൂല്യമുള്ള സിനിമകൾ ഒരുക്കുന്നതിൽ പ്രസിദ്ധി നേടിയ സംവിധായകൻ ആണു ശ്രീ ബാല. നാലു സിനിമകൾ കൊണ്ട് തന്നെ തന്റെതായ ഒരു സിനിമ സംസ്കാരം തമിഴകത്ത് വളർത്തിയെടുക്കാൻ ബാലക്ക് സാധിച്ചിട്ടുണ്ട്.

ബാല സിനിമകളിൽ സാധാരണ തമിഴ് സിനിമകളിൽ കാണുന്ന യാതൊരു വിധത്തിലുമുള്ള ചേരുവകളും ഉണ്ടാകാറില്ല. നിയതമായ എഴുതപ്പെട്ട ഒരു തിരകഥ പോലും ബാല സിനിമകളിൽ കാണാൻ സാധിക്കില്ല. കഥാപാത്രങ്ങൾ എങ്ങോട്ട് സഞ്ചരിക്കുന്നുവോ അങ്ങോട്ട് കഥയും എന്ന രീതി. വിക്രമിനു നാഷ്ണൽ അവാർഡ് നേടി കൊടുത്ത പിതാമഹൻ, ആര്യയുടെ ഗംഭീര പെർഫോമൻസ് നിറഞ്ഞ നാൻ കടവുൾ, സേതു,സൂര്യ നായകനായ നന്ദ എന്നീ ചിത്രങ്ങളിലൂടെയെല്ലാം തന്നെ പ്രേക്ഷകർ ബാലയുടെ പ്രതിഭ ആസ്വദിച്ചറിഞ്ഞിട്ടുള്ളതാണു.

ബാലയ്ക്ക് നാഷ്ണൽ അവാർഡ് നേടി കൊടുത്ത നാൻ കടവുൾ എന്ന ചിത്രത്തിനു ശേഷം വിശാൽ,ആര്യ എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത സിനിമയാണു അവൻ ഇവൻ. ബാലയുടെ മുൻ‍കാല സിനിമകളുടെ അതേ ശ്രേണിയിൽ തന്നെ പെടുത്താവുന്ന ചിത്രമാണു ഇതും. ഗ്രാമീണ പശ്ചാത്തലത്തിൽ രണ്ട് സഹോദരന്മാരുടെ കഥയാണു അവൻ ഇവനിൽ. സഹോദരന്മാരാണെങ്കിലും രണ്ട് പേരുടെയും അമ്മമാർ വേറെയാണു.

കഥ എന്ന് എടുത്ത് പറയാൻ പ്രത്യേകിച്ച് ഒന്ന് ഈ സിനിമയിൽ ഇല്ല. ബാല സിനിമകളിലെതു പോലെ അവരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് പറഞ്ഞു പോകുന്നു. ഇതില്‍ ഇവരും ഇവരുടെ അമ്മമാരും തമ്മിലുള്ള പിണക്കങ്ങൾ, രണ്ട് പേരുടെയും പ്രണയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആ ഗ്രാമത്തിലെ മുഖ്യനായ ഹൈനസിനെ ചുറ്റിപറ്റിയാണു ഇവരുടെ ജീവിതം.

ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണു ബാല തന്റെ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ ബാല സിനിമകളിൽ ഇത്രയധികം നർമ്മ രംഗങ്ങൾ കടന്നു വന്ന ആദ്യത്തെ സിനിമ ഇതായിരിക്കണം. നർമ്മ രംഗത്തോടൊപ്പം തന്നെ സെന്റിമെൻസും ആവശ്യത്തിനു നിറച്ചിട്ടുണ്ട്. ബാലയുടെ പ്രിയ നടൻ സൂര്യ ഇതിൽ ഒരു അതിഥി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടൻ സൂര്യ ആയിട്ടു തന്നെയാണു സൂര്യ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

നർമ്മ രംഗങ്ങൾ നല്ല രീതിയിൽ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചെങ്കിലും തന്റെ മുഖമുദ്രയായ സെന്റിമെൻസ് വേണ്ട വിധത്തിൽ പ്രേക്ഷകർ ഉൾക്കൊണ്ടുവോ എന്ന് സംശയമാണു. നാടകനടനായ വിശാൽ സൂര്യക്ക് മുൻപിൽ നവരസങ്ങൾ അഭിനയിച്ചു കാണിക്കുമ്പോൾ സൂര്യയടക്കം ഒരു ഓഡിറ്റോറിയം മുഴുവൻ കണ്ണു നിറയുന്ന സീൻ ഒരു ഉദാഹരണം ഈ സീനിൽ വിശാലിന്റെ അഭിനയം കാണുന്ന പ്രേക്ഷകനു സത്യത്തിൽ ചിരിയാണു വരുന്നത്. ഇനി അതാവുമോ ബാലയും ഉദ്ദേശിച്ചിരിക്കുക.? അങ്ങനെ പല സീനുകളും ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരും.

നല്ല പാട്ടുകളും ഗ്രാമ പശ്ചാത്തലത്തിന്റെ ഛായാഗ്രഹണവും സിനിമക്ക് മാറ്റു കൂട്ടുന്നു. വിശാൽ കോങ്കണനായിട്ടാണു അഭിനയിക്കുന്നത്. വാൾട്ടർ വണങ്കാമുടി എന്ന ഇതിലെ നായക കഥാപാത്രം വിശാലിനു തമിഴ് സിനിമ ലോകത്ത് നൽകാൻ പോകുന്ന മൈലേജ് ചെറുതൊന്നുമായിരിക്കില്ല. വിശാലിന്റെ അനിയനായി അഭിനയിക്കുന്ന ആര്യയും തന്റെ വേഷം മോശമാക്കിയില്ല. ഇന്നത്തെ അവസ്ഥയിൽ വിശാലിനേക്കാൾ ഒരുപാട് താരമൂല്യമുള്ള ആര്യ, കുമ്പിടറേൻ സാമി എന്ന അമിത പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ തയ്യാറായത് ബാലയോടുള്ള കടപ്പാട് കൊണ്ട് തന്നെയാകണം.

കുറച്ച് കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവർക്കും ശക്തമായ വേഷങ്ങൾ തന്നെയാണു നൽകിയിരിക്കുന്നത്. വിശാലിന്റെ അമ്മയായി അഭിനയിക്കുന്ന അംബിക ആര്യയുടെ അമ്മയായി അഭിനയിക്കുന്ന നടി എന്നിവരെല്ലാം കൈയ്യടി നേടുന്നുണ്ട്. നായികമാർക്കും ഡ്യുയറ്റ് പാടുക എന്നതിലുപരി അഭിനയ സാധ്യത ഉള്ള വേഷങ്ങളാണു ബാല ഒരുക്കിയിരിക്കുന്നത്. ഹൈനസ് എന്നകഥാപാത്രം അവതരിപ്പിച്ച നടനാണു (ജി എം കുമാർ) വിശാലും ആര്യയും കഴിഞ്ഞാൽ മറ്റൊരു ശ്രദ്ധാ കേന്ദ്രം.

മൊത്തത്തിൽ ബാല സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ, ആണെങ്കിൽ മാത്രം അവൻ ഇവൻ ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമായി ആസ്വദിക്കാം..! അതല്ല ബാല എന്ന സംവിധായകനെ അറിയാത്ത, വിശാലിന്റെ താമരഭരണിയും സത്യവും ആര്യയുടെ വട്ടാരവും,ബോസ് എങ്കിറ ഭാസ്ക്കരനുമൊക്കെ കണ്ട് ത്രില്ലടിച്ച് ഒരു അടിച്ചു പൊളി തമിഴ് പടം പ്രതീക്ഷിച്ചാണു പോകുന്നതെങ്കിൽ നിരാശ്ശപ്പെടും ഉറപ്പ്.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.