RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഞങ്ങളുടെ വിഷു ഇങ്ങനെയൊക്കെ ആയിരുന്നു.


എല്ലാവർക്കും വിഷു ആശംസകൾ.

വിഷുക്കാലം എന്ന് പറയുന്നത് ആഘോഷത്തിന്റെ കാലമാണു.കൊന്നപൂക്കളുടെയും വിഷുക്കണിയുടെയും, പുത്തൻ വസ്ത്രങ്ങളുടെയും, പടക്കങ്ങളുടെയും കൈനീട്ടത്തിന്റെയും ഒക്കെ കാലം. വിഷുവിനെക്കുറിച്ചുള്ള ഓർമകൾ എല്ലാവരും പങ്കുവെക്കുന്നത് ഇങ്ങനെയൊക്കയാണു. എന്നാൽ ഞങ്ങളുടെ വിഷു ഇങ്ങനെയൊന്നും ആയിരുന്നില്ല.വിഷുക്കാല ഓർമകളും. വിഷുവിന്റെ അന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ ഉടൻ പല്ല് തേച്ച് ഓടുകയാണു സിനിമാ തിയറ്ററിലെക്ക്. അത് ഇഷടതാരത്തിന്റെ പടത്തിനല്ല. മറിച്ച് എതിരാളിയായ നടന്റെ സിനിമ കളിക്കുന്ന തിയറ്ററിലേക്കാണു ഞങ്ങൾ ആദ്യം എത്തുക. 8 മണിക്കു തുടങ്ങുന്ന റിസർവേഷനു വേണ്ടി 6 മണിക്കേ ക്യു തുടങ്ങിയിട്ടുണ്ടാവും ക്യുവിനു നീളം കൂടുതൽ ഉണ്ടെങ്കിൽ ചങ്കിടിപ്പാണു.അങ്ങിനെ ഞങ്ങൾ ഒരൊരുത്തരായി പിരിയും എല്ലാവരും അപരിചിതർ. 7 മണിയാവുമ്പോഴെക്കും ഒരു വിധം ആൾക്കൂട്ടം ആയിക്കഴിഞ്ഞിരിക്കും ഞങ്ങൾ ഒന്നിടവിട്ട് വരിയിലും. അപ്പോൾ ഒരാൾ തുടങ്ങും
"ഈ പടം എങ്ങനെ ഉണ്ടാവുമോ എന്തോ.. "
"നന്നായാൽ മതിയായിരുന്നു. രാവിലെ തന്നെ വന്ന് അവസാനം തല്ലിപ്പൊളിയാണെങ്കിൽ ....."
അപ്പോള്‍ ഇതു കേൾക്കുന്ന സാധാരണക്കാരൻ ചിരിക്കും. ഉടനെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും
"എന്റെ ഒരു ഫ്രെണ്ട് ഇന്നലെ ചെന്നൈയിൽ വെച്ച് പ്രിവ്യു കണ്ടു എന്നാ പറഞ്ഞെ കൊള്ളിലാത്രെ." അപ്പോഴും സാധാരണക്കാരായ ആ പാവം ആളുകൾ മൗനം പാലിക്കും. ഉടനെ വീണ്ടും
"പോട അത് ചുമ്മാ പറഞ്ഞതായിരിക്കും "
"അതെ ചിലപ്പോ അങ്ങിനെ ആയിരിക്കും അതാ ഞാൻ കാണാം എന്ന് വിചാരിച്ചെ."
" പക്ഷെ പോസ്റ്റർ കണ്ടിട്ട് അവൻ പറഞ്ഞത് ശരിയാവാനാ സാധ്യത. ക്ലൈമാക്സ് ഒക്കെ വൻ പോക്കാത്ര.."
"അതിപ്പോ ഈ സംവിധായകന്റെ ഏത് സിനിമയുടെ ക്ലൈമാക്സ് ആണു നന്നായിട്ടുള്ളത്.. "
ഇത്രയും ആവുമ്പോഴെക്കും കേൾവിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടാവും.അങ്ങിനെ ഇരുപക്ഷത്തും വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും ചൂട് പിടിപ്പിച്ച് (രണ്ടും ഞങ്ങൾ തന്നെ) അവസാനം ഒരു 30 ആളെയെങ്കിലും ആ സിനിമ കാണുന്നില്ല എന്ന തിരുമാനമെടുപ്പിച്ച് തിയറ്ററിൽ നിന്ന് പറഞ്ഞയച്ച് വീട്ടിൽ തിരിച്ചെത്തുമ്പോൾ 10 മണി ആയിട്ടുണ്ടാവും. വീട്ടിൽ എത്തിയപാടെ കുളിച്ച് ഭക്ഷണം കഴിച്ച് നമ്മുടെ സ്വന്തം താരത്തിന്റെ പടം കാണാൻ പോയി അവിടെ ആഘോഷമാക്കി 3 മണിക്ക് തിരിച്ച് വന്ന് ഉച്ച ഭക്ഷണവും കഴിച്ചാൽ പകുതി വിഷു തീർന്നു.
വെയിലിനു ഒന്ന് കനം കുറഞ്ഞാൽ തുടങ്ങന്ന ക്രിക്കറ്റ് കളി പന്തിനു പോലും അതിനെ കാണാൻ പറ്റാത്താത്ര ഇരുട്ടാവുമ്പോൾ നിർത്തി വീട്ടിൽ പോയി വീണ്ടും കുളിച്ച് ഭക്ഷണം കഴിച്ചാൽ ഉടൻ എതിർതാരത്തിന്റെ പടം സെക്കന്റ് ഷോ കാണാൻ ഇറങ്ങുകയായി. അത് കണ്ട് പൊളിയാണെങ്കിൽ ആ നടന്റെ ഫാൻസിനെ മുഴുവൻ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി കളിയാക്കി വീട്ടിൽ തിരിച്ചത്തുമ്പോൾ 1.30 മണി. അങ്ങിനെ വളരെയധികം തിരക്കേറിയ ആ വർഷത്തെ വിഷുവിനോടും ഗുഡ്ബൈ പറഞ്ഞ് പതിയെ ഉറക്കത്തിലെക്ക് വഴുതി വീഴും....!
പക്ഷെ കാലങ്ങൾ കഴിയും തോറും ഈ വിഷു ആഘോഷത്തിന്റെ പൊലിമ കുറഞ്ഞ് കുറഞ്ഞ് വന്ന് തുടങ്ങി. സിനിമകൾ വിഷുവിന്റെ അന്ന് റിലീസ് ചെയ്യുന്നത് വിഷുവിനു മുൻപും വിഷുവിനു പിൻപും ആക്കിമാറ്റി. കാലം ഞങ്ങളിലും മാറ്റം വരുത്തി തുടങ്ങി. 2 മാസത്തെ അവധിക്കാലം 2 ആഴ്ച്ചത്തെ സ്റ്റ്ഡി ലീവും പിന്നീടത് ഒരാഴ്ച്ചത്തെ ലീവും ആയി മാറി. ഒപ്പം സിനിമ എന്നത് നേരം പോക്ക് എന്നതിലുപരി ഒരു പാഷനായി മാറി. താരാരാധനയ്ക്ക് അപ്പുറത്തൊരു മനസുമായി സിനിമകൾ കണ്ട് തുടങ്ങിയ കാലത്ത് വിപ്ലവകരമായ തിരുമാനമെടുത്ത് കൊണ്ട് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ അസോസിയെറ്റാവാൻ ഇറങ്ങിപ്പുറപ്പെട്ടത് ഒരു അവധിക്കാലത്തായിരുന്നു. ഒരു തൊഴിൽ ചെയ്ത് കുറച്ച് കാശ് ചിലവിനു കരുതി വെച്ചതിനു ശേഷം മതി സംവിധായകർ ആകുന്നത് എന്ന് കോടംമ്പക്കത്തെ ജീവിതം പഠിപ്പിച്ച പാഠവുമായ് ഒരു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയതും മറ്റൊരു വിഷുക്കാലത്തായിരുന്നു.
ഒരു വിഷുകൂടി കടന്നു പോവുകയാണു ഒപ്പം വിഷുക്കാല സിനിമകളും..
ഈ വിഷുവും ഞങ്ങൾ ആഘോഷിക്കുകയാണു. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം അത് മറ്റെന്തെക്കൊയോ ആണു... തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു എന്ന തിരിച്ചറിവോട് കൂടി...!

6 comments:

നന്ദന said...

വിഷു ആശംസകൾ

കുഞ്ഞൻ said...

ഹഹ..ഇത് വേറിട്ടൊരു വിഷു അനുഭവം തന്നെ..സിനിമ അത്രക്ക് ഭ്രമമാണല്ലെ...എന്തായാലും ഈ വിഷുവിന് ഞാൻ ആശംസക്കുന്നു മാഷെ താങ്കൾ അറിയപ്പെടുന്ന ഒരു സംവിധായകാനായി മാറും..! നിങ്ങളുടെ കൂട്ടം ഒരുകാലത്ത് പ്രസിദ്ധമാകും തീർച്ച

b Studio said...

എല്ലാവർക്കും ഒരിക്കൽ കൂടി വിഷു ആശംസകൾ കുഞ്ഞേട്ടന്റെ നാവ് പൊന്നാകട്ടെ. സിനിമ ഒരു ഭ്രമം മാത്രമല്ല അത് തന്നെയാണു എല്ലാം. അവിടെയെത്താനുള്ള അടക്കാനാവത്ത ആഗ്രഹം തന്നെയാണു ലോകത്തിന്റെ പലഭാഗങ്ങളിലുമായിപോയ ഞങ്ങളുടെ ഈ കൂട്ടത്തിനെ ഒരുമിപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതും

Sherlock Holmes said...

All the very best and a happy Vishu......keep the good work going....

shaji.k said...

വായിച്ചു ,നന്നായിട്ടുണ്ട്.നിങ്ങളുടെ സിനിമ മോഹങ്ങള്‍ പൂവണിയട്ടെ.

വിഷു ആശംസകള്‍ നേരുന്നു.

ഷാജി ഖത്തര്‍.

b Studio said...

thanks.

Followers

 
Copyright 2009 b Studio. All rights reserved.