RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇതും ഒരു പ്രണയലേഖനമാണു..


ടിന്റു മോന്റെയും ചാർളിയുടെയും ഒക്കെ പ്രണയ ലേഖനങ്ങള്‍ വായിച്ച് ആര്‍ത്തു ചിരിച്ചിട്ടുള്ള നിങ്ങൾക്ക് ഇത് വായിക്കുമ്പോള്‍ വല്ലാത്ത ബോറടി തോന്നിയേക്കാം.. കാരണം ഇത് ആളുകളെ രസിപ്പിക്കുക എന്ന ഒരു ഉദേശത്തോടെ എഴുതിയ കത്തല്ല.. അനുരാഗ പരവശനായ ഒരു കാമുകൻ തന്റെ കാമുകിക്ക് ഹൃദയം കൊണ്ട് എഴുതിയതാണു.കാലത്തിന്റെ കുത്തൊഴുക്കിൽ എപ്പൊഴോ ഇതു ഞങ്ങളുടെ കയ്യിൽ വീണു കിട്ടി. പണ്ട് ട്രയിനിൽ നിന്നും വീണു കിട്ടിയ ഒരു കടലാസു തുണ്ടിലെ കഥയില്‍ നിന്നാണല്ലോ മലയാളത്തിലെ ഒരു സംവിധായകൻ ട്രയിൻ പശ്ചാത്തലമാക്കി സിനിമയെടുത്തത്. അതു കൊണ്ടു തന്നെ വീണു കിടക്കുന്ന എല്ലാ കടലാസുകളും ഞങ്ങൾ എടുത്ത് നോക്കാറുണ്ട്. എല്ലാം ബിവറേജസിലെ ബില്ലുകളാവാറാണു പതിവ്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റി.എങ്ങനെയായിരിക്കാം ഇത് നഷ്ട്ടപ്പെട്ടിട്ടുണ്ടാകുക ഞങ്ങൾ ചിന്തിച്ചു. ചിലപ്പോള്‍ കാമുകിക്ക് കൊടുക്കാനായി ഈ കത്ത് ആ കാമുകൻ തന്റെ കൂട്ടുക്കാരനെ ഏല്പിച്ചിരിക്കാം. ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻ കാരം കൊണ്ടു ചുരിക വളക്കാൻ കൊല്ലനു 16 പണം കൊടുത്ത ചന്തുവിന്റെ പിൻ തലമുറക്കാരനായ ചതിയനായ ആ കൂട്ടുകാരൻ കൊടുക്കാതെ സൂക്ഷിച്ചതായിരിക്കുമോ ഈ കത്ത്.?? അല്ലെങ്കിൽ വായിച്ചു കഴിഞ്ഞതിനു ശേഷം കാമുകി വഴിയില്‍ കളഞ്ഞതായിരിക്കുമോ..?? അതുമല്ലങ്കിൽ എഴുതിയതിനു ശേഷം ഉപേക്ഷിച്ചതായിരിക്കുമോ.. ??
അറിയില്ല..വിങ്ങുന്ന ഒരു ഹൃദയത്തിന്റെ ഒരു തേങ്ങൽ ഇതിലുണ്ടോ..അതോ വെറുമൊരു നേരംമ്പോക്കായിരുന്നോ.. അതും അറിയില്ല.
മറ്റൊരാളിന്റെ സൃഷ്ടി, അതും ഇതുപോലെ ഉള്ള ഒരു എഴുത്ത് അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് മാന്യതയല്ല എന്നറിയാം. ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നു കയറ്റം അന്തസ്സ് കെട്ടതാണു എന്ന അഭിപ്രായം ഉള്ളവരുണ്ടാകാം, സിനിമ സംബന്ധമായ പോസ്റ്റുകൾ മാത്രം വരുന്ന ഈ ബ്ലോഗ്ഗിൽ ഇതിന്റെ ആവശ്യം എന്താണു എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഈ കത്ത് വായിച്ചു കഴിഞ്ഞിട്ടും ഈ ബ്ലോഗ്ഗിൽ ഈ കത്ത് ഇട്ടത് ഒരു തെറ്റാണ് എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കില്‍ ആ തെറ്റിന്, ആ മഹാപാപത്തിനു ഞങ്ങൾ ഇപ്പോഴെ മാപ്പു പറയുന്നു.

hi................ (പേരു വെക്കുന്നില്ല.. നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് വിളിക്കാം അമ്മുവെന്നോ ചക്കിയെന്നോ തുളസിയെന്നോ എന്തും)

എനിക്കറിയില്ല ഇങ്ങനെ ഒരു ലെറ്റർ നിനക്കയക്കുന്നത് ശരിയാണോ എന്നു.
പക്ഷെ..... ഞാനിതു നിന്നോട് പറയാതെ പോയാൽ എന്റെ മനസ്സിൽ എന്നും അതൊരു കുറ്റബോധമായി കിടക്കും. നമ്മുടെ നല്ല സുഹൃത്ത് ബന്ധത്തിനിടയ്ക്ക് എവിടെ വെച്ചോ...എപ്പോഴോ... എങ്ങിനെയോ എനിക്കു നിന്നോട് സൗഹൃദത്തിനേക്കാൾ അപ്പുറത്തു ഒരു സ്നേഹം തോന്നിപ്പോയി.. തെറ്റാണു എന്നു എനിക്കറിയാം. ഒരു നല്ല സുഹൃത്തിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വലിയ തെറ്റ്. അത് കൊണ്ട് തന്നെയാണു ഞാൻ ഇതു നിന്നോട് തുറന്നു പറയുന്നത്. എനിക്ക് വേണമെങ്കിൽ നിന്നോടുള്ള സ്നേഹം ഉള്ളിൽ മറച്ചു വെച്ച് frendship അഭിനയിക്കാമായിരുന്നു. പക്ഷെ അതു ഞാൻ നിന്നോട് ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും.
എനിക്കറിയാം നിനക്കെന്നെ ഇഷ്ട്ടമല്ല എന്ന്. ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല എന്നും...
പക്ഷെ.... എനിക്കു സ്നേഹിക്കാല്ലോ.. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ദൂരെ ഇരുന്നെങ്കിലും നിന്നെ സ്നേഹിക്കാല്ലോ.. അതിനു ആരുടെയും അനുവാദം വേണ്ടല്ലോ..
നിനക്കെന്നോട് ദേഷ്യം തോന്നും എന്നറിയാം. പക്ഷെ ഞാനിതു തുറന്നു പറയാൻ കാരണം..
നമ്മുക്കാരോടെങ്കില്ലും ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയണം അല്ലെങ്കിൽ ചിലപ്പോൾ അറിയാതെ പോയാലോ. കാരണം അറിയാത്ത ഇഷട്ടങ്ങളൊക്കെ നഷ്ട്ടങ്ങളാണു...
പിന്നെ... പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ...
frendship അഭിനയിച്ച് എന്റെ മനസാക്ഷിയെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല.. എന്നെ സ്നേഹിക്കണം എന്നു ഞാൻ ഒരിക്കലും നിന്നോട് പറയില്ല. എനിക്കതിനുള്ള യോഗ്യത ഇല്ല എന്ന് എനിക്കറിയാം.
പക്ഷെ നിന്നെ സ്നേഹിക്കരുത് എന്നു മാത്രം നീ എന്നോട് പറയരുത്. പൂക്കളുണങ്ങി കഴിഞ്ഞാൽ കൊഴിഞ്ഞു വീഴാറല്ലേ ഉള്ളു, അതാരുടെയും കാലിൽ തറച്ചു കയറാറില്ലല്ലോ..
ഈ കത്ത് വായിച്ചു കഴിയുന്നതോടെ നീ ഞാനുമായുള്ള എല്ലാ frendshipum അവസാനിപ്പിക്കും എന്നറിയാം. പിന്നെ ഒരിക്കലും എന്നോട് സംസാരിക്കില്ലെന്നും. പക്ഷെ നിന്റെ മുന്നിൽ അഭിനയിക്കുന്നതിലും ഞാൻ ഇഷട്ടപെടുന്നത് ഇതാണു.. നീ എന്നെ വെറുത്താൽ പോലും.
എനിക്കറിയാം ഇതെന്റെ തോല്‍വിയാണ് എന്നു . പക്ഷെ ജീവിതം തന്ന ദൈവത്തിനു മുന്നില്‍ അവസാനം ജയിച്ചു എന്നു പറയാന്‍ ഇടയ്ക്കൊക്കെ മനുഷ്യരുടെ അടുത്ത് തോല്‍ക്കുന്നത് നല്ലതാ. അല്ലെങ്കിലും ആശിക്കുന്നത് കിട്ടാറില്ലല്ലോ.. കിട്ടിയതിൽ സന്തോഷമുണ്ടാവില്ല... സന്തോഷം തരുന്നത് സ്ഥിരമായിട്ടുപയോഗിക്കാനും പറ്റില്ല. എന്നാൽ എന്നന്നേക്കുമായി കയ്യിൽ കിട്ടുന്നതോ പെട്ടെന്നു മടുക്കുകയും ചെയ്യും.. നമ്മുടെയൊക്കെ ഇത്തിരി പോന്ന ജീവിതം ഇത്രയൊക്കെയല്ലെ ഉള്ളു...
so ഞാൻ വിട വാങ്ങുകയാണു.. എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി... ഒരായിരം സോറി..
സ്വന്തമാക്കുന്നതിൽ അല്ലല്ലോ കുട്ടി.. സ്വതന്ത്രമായി വിടുന്നതിൽ ആണു മഹത്തായ സ്നേഹം......
എന്ന് ........(ഇവിടെയും പേരു എഴുതുന്നില്ല .. എന്തും വിളിക്കാം. സാഗര്‍ എന്നോ ജാക്കിയെന്നോ എന്തും )

1 comments:

Anonymous said...

കാമുകൻ ജയറാം ആരാധകനാണു എന്ന് തോന്നുന്നുവല്ലോ.. സമസ്ത കേരളം po വെറുതെ ഒരു ഭാര്യ, അഞ്ചിൽ ഒരാൾ അർജുനൻ......

Followers

 
Copyright 2009 b Studio. All rights reserved.