RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പുള്ളിപുലികളും ആട്ടിൻ കുട്ടിയും


ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ഇൽ പുറത്തിറങ്ങിയ  കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണു എൽസമ്മ എന്ന ആൺകുട്ടി. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ സ്ഥാനം പിടിച്ച ഈ ചിത്രത്തിനു തിരകഥ രചിച്ചത് എം സിന്ധുരാജ് ആയിരുന്നു. എന്നാൽ 2010 നു ശേഷം ഈ കാലമത്രയും സിന്ധുരാജിന്റെ തിരകഥയിൽ ഒരു ലാൽ ജോസ് ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

അതിനു 2013 ആഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടി വന്നു. എന്തു കൊണ്ടാണു അങ്ങനെ സംഭവിച്ചത് എന്ന് സംശയമുള്ളവർ, സംശയമുള്ളവർ മാത്രം പുള്ളിപുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രം കാണുക. അതും ലാൽ ജോസ് - കുഞ്ചാക്കോ - സിന്ധുരാജ് കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായതാണു. ഈ ചിത്രം കണ്ട് കഴിയുമ്പോൾ മനസ്സിലാവും സിന്ധുരാജിനു 2 കൊല്ലം ലാൽ ജോസുമായി പടമിലാതിരുന്നതിന്റെ കാര്യകാരണങ്ങൾ..!

 കുട്ടനാടിന്റെ പശ്ചാത്തലത്തിൽ  ഭീകരന്മാരായ 3 ചേട്ടന്മാരുടെയും അവരുടെ തല്ലുകൊള്ളിത്തരങ്ങളുടെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ആട്ടിൻ കുട്ടിയായ ഒരു അനിയന്റെയും ഹൃദയസ്പർശിയായ കഥ നർമ്മത്തിൽ ചാലിച്ച് മനോഹരമായി കോർത്തിണക്കിയ ഗാനങ്ങളുടെ അകമ്പടിയോടെ.. മണാങ്കട്ട.. ! എന്നാലും എന്റെ ലാൽ ജോസ് സാറേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. ശരാശരിയ്ക്കു താഴെയുള്ള ആദ്യ പകുതി,  ഇതിലും നല്ലതായിരുന്നു ഇതേ സിന്ധുരാജിന്റെ ജലോത്സവം എന്ന് തോന്നിപ്പിക്കുന്ന രണ്ടാം പകുതി. അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു അവിഞ്ഞ പടം.

 ഇത്തരം സിനിമകൾ എടുക്കാൻ ലാൽ ജോസിനു പ്രചോദനം നൽകിയത് സൗണ്ട് തോമ പോലെയുള്ള ചിത്രങ്ങളുടെ വിജയങ്ങളായിരിക്കണം. ഒരു സുരക്ഷിത വലയത്തിൽ നിന്ന് കൊണ്ട് എടുക്കുന്ന സിനിമകൾ ഫാമിലി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കും എന്ന തോന്നൽ. ശരിയാണു അങ്ങനെ വിജയങ്ങളുണ്ടാക്കാൻ ദിലീപിനു സാധിക്കുന്നുണ്ട്. അത് പക്ഷെ മികച്ച കോമഡികളുടെയും കഥാപാത്ര അവതരണത്തിലെ വ്യത്യസ്ഥതകൾ കൊണ്ട്മൊക്കെയാണു. അല്ലാതെ ടിന്റു മോൻ തമാശകൾ കുത്തി നിറച്ച് ഒരു തട്ടികൂട്ട് പടം ഇറക്കി ആളെ പറ്റിക്കുന്ന ഏർപ്പാടല്ല അത്.

സുരാജിന്റെയും ഹരിശ്രീ അശോകന്റെയും പിന്നെ 3 ചേട്ടന്മാരുടെയും അല്ലറ ചില്ലറ തമാശകൾ മാത്രമാണു ആകെയുള്ള ആശ്വാസം. നായിക നമിതയുടെ അഭിനയത്തിനു എന്തോ ഒരു വശപിശകില്ലേ എന്ന് തോന്നിപ്പോകും വിധത്തിലാണു പ്രകടനം. നായകൻ കുഞ്ചാക്കോ വളരെ വ്യത്യസ്ഥമായി തന്റെ ഹെയർ സ്റ്റൈയിൽ മാറ്റിയിരിക്കുന്നു. വേറെ വിശേഷിച്ചൊന്നുമില്ല. വില്ലനായ ഷമ്മിതിലകൻ കോമഡി-വില്ലനാണോ സീരിയസ് വില്ലനാണോ എന്ന് തിരകഥാകൃത്തിനു പോലും നിശ്ചയമില്ല.

കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കുമാർ ആണു എന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനുണ്ടായിട്ടില്ല. ലാൽ ജോസ് ചിത്രങ്ങളിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗറിന്റെ നിഴൽ മാത്രമാണു ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

ലാൽ ജോസ് എന്ന പേരിലുള്ള വിശ്വാസം കൊണ്ട് തിയറ്ററിലേക്ക് ആളുകൾ എത്തുമെന്നും ഈ ചിത്രം മുടക്ക് മുതൽ തിരിച്ച് പിടിക്കുമെന്നും നമ്മുക്കറിയാം. പക്ഷെ പ്രേക്ഷകന്റെ ആ വിശ്വാസം ചൂഷണം ചെയ്തു കൊണ്ടുള്ള ഈ നിലവാര തകർച്ച ലാൽ ജോസിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എന്ത് കാര്യം..! രഞ്ജിത്തിനാവാമെങ്കിൽ എന്ത് കൊണ്ട് ലാൽ ജോസിനുമായിക്കൂടാ..!!!

1 comments:

Anonymous said...

ലാൽജോസ്‌ എന്ന സംവിധായകനെ എല്ലാവരുമെടുത്ത്‌ തലയിൽ കേറ്റി വച്ചതാണു.അദ്ദേഹം ഒരു ശരാശരി സംവിധായകൻ മാത്രമാണു

Followers

 
Copyright 2009 b Studio. All rights reserved.