RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

റൺ ബേബി റൺ


ഐവി ശശി കട്ടപ്പുറത്താണു, ഫാസിലിന്റെ വണ്ടിയുടെ പാർട്ട്സ് പൊളിച്ചു തുടങ്ങി, സത്യൻ അന്തിക്കാടാകട്ടെ പഞ്ചറായും ആക്സിലൊടിഞ്ഞും നിരങ്ങി നീങ്ങുന്നു. ഇങ്ങനെ മലയാള സിനിമയിലെ സീനിയർ സംവിധായകരൊക്കെ പല്ലു കൊഴിഞ്ഞ് സിംഹങ്ങളായി മാറിയപ്പോഴും തളരാതെ പിടിച്ചു നിന്ന മഹാനായ സംവിധായകൻ ശ്രീ ജോഷി ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു റൺ ബേബി റൺ... !

സച്ചി-സേതു എന്നീ ഇരട്ട തിരകഥാകൃത്തുക്കൾ വേർപിരിഞ്ഞതിനു ശേഷം സച്ചി സ്വന്തമായി തിരകഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലൂടെ പ്രശസ്തയായ അമല പോൾ ആണു ചിത്രത്തിലെ നായിക. പേരു സൂചിപ്പിക്കുന്നത് പോലെ ചിത്രം മുഴുവനും ഒരു ഓട്ടപാച്ചിൽ ആണു. ടീവി മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവർക്കിടയിലെ നേരും നെറികേടുകളുമെല്ലാം അനാവരണം ചെയ്യുന്ന ഒരു ചിത്രമാണു റൺ ബേബി റൺ.

എന്നാൽ ഇത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കി നല്ല ഒരു ഉഗ്രൻ പടം ജോഷി സാർ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. രൺജി പണിക്കരുടെ തിരകഥയിൽ പുറത്തിറങ്ങിയ പത്രം. പക്ഷെ ചിത്രവുമായി ഒരു താരതമ്യത്തിനു ഇവിടെ ഒട്ടും പ്രസക്തിയില്ല. കാരണം ഒന്ന് കൈകാര്യം ചെയ്യുന്നത് അച്ചടി മാധ്യമാണെങ്കിൽ ഇത് ടെലിവിഷൻ മാധ്യമമാണു.

ഇനി നമുക്ക് സിനിമയിലേക്ക് വരാം. റൺ ബേബി റൺ..! വേണു പ്രശസ്തനായ ഒരു ന്യൂസ് ക്യാമറാമാൻ ആണു. വേണുവിന്റെ ഉറ്റ സുഹൃത്തായ ഋഷി തുടങ്ങാൻ പോകുന്ന പുതിയ ന്യൂസ് ചാനലിനു വേണ്ടി ഒരു ഉഗ്രൻ എക്സൂസീവ് സംഘടിപ്പിക്കാൻ വേണുവും വേണുവിന്റെ കാമുകി രേണുവും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. പക്ഷെ അതിനിടയിൽ ഒരു ചതിവ് പറ്റുന്നു. കാരണം കൊണ്ട് വേണുവും രേണുവും തമ്മിൽ അകലുന്നു. ജോഷി പടമാവുമ്പോൾ വില്ലന്മാർ വേണം എന്നത് നിർബന്ധമാണല്ലോ. അതിനായി രണ്ട് വില്ലന്മാർ അവരുടെ പ്രതികാരം പ്രതികാരത്തിൽ നിന്നുള്ള വേണുവിന്റെ രക്ഷപ്പെടൽ.. !

അങ്ങനെ അങ്ങനെ വളരെ ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളിലൂടെ രണ്ട് മണിക്കൂർ 22 മിനുറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തണം എന്നൊക്കെയായിരിക്കും തിരകഥാകൃത്തും സംവിധായകനും ചിന്തിച്ചിരുന്നത് എങ്കിലും സിനിമ കാണുന്ന പ്രേക്ഷകനു അത്ര കണ്ട് ത്രില്ലിംഗ് ഒന്നും അനുഭവപ്പെടുന്നില്ല എന്നതാണു സത്യം. രണ്ട് സൂപ്പർ താര ചിത്രങ്ങൾ എങ്ങനെ ഒരേ സമയം നിർമ്മിക്കാം എന്നത് റൺ ബേബി റൺ എന്ന ചിത്രത്തിൽ നിന്നും പഠിക്കാം. പത്തിൽ താഴെയേ ഇതിലെ അഭിനേതാക്കൾ ഉള്ളു. പ്രത്യക്ഷത്തിൽ ഒരു ബിഗ് ബഡ്ജറ്റ് എന്ന് തോന്നിപ്പിക്കുമെങ്കിലും വളരെ ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കിയ ചിത്രമാണു ഇതെന്ന് സൂക്ഷിച്ച് നിരീക്ഷിച്ചാൽ മനസ്സിലാവും.

സാധാരണ ജോഷി പടങ്ങളിൽ കാണുന്ന വൻ സെറ്റപ്പ് ഇതിൽ കാണുകയില്ല. ഒരു പരിധി വരെ അത് കഥ പശ്ചാത്തലം ആവശ്യപ്പെടുന്നത് കൂടി കൊണ്ടായിരിക്കണം. പ്രശസ്ത ക്യാമറാമാൻ ആയ വേണുവായി വേഷമിടുന്നത് മോഹൻലാൽ ആണു.നായകൻ മോഹൻലാൽ ആണെങ്കിൽ അദ്ദേഹത്തിന്റെ കഥാപാത്രം ലോകത്തിലെ മഹാരഥന്മാരിൽ മൂന്നാമത്തേയൊ നാലാമത്തേയൊ സ്ഥാനം കയ്യടക്കുന്ന ആളായിരിക്കും എന്ന പതിവ് ഈ ചിത്രത്തിലും തെറ്റിച്ചിട്ടില്ല.

സ്പിരിറ്റിലെ രഘുനന്ദനെ ചിലയിടങ്ങളിൽ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും വേണു എന്ന ക്യാമറാമാന്റെ കഥാപാത്രം തിരകഥയിൽ ആവശ്യപ്പെടുന്നത്ര മികവിൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. നായികയായി എത്തിയ അമല പോളിന്റെ കയ്യിൽ രേണുവിന്റെ വേഷം ഭദ്രമാണു. കോമഡി സ്റ്റാർ ആയി മാറിയ ബിജുമേനോൻ പക്ഷെ ഈ ചിത്രത്തിൽ സ്വഭാവനടനായി തിളങ്ങി, ഒപ്പം ചിലറ കോമഡി നമ്പറുകളും. പിന്നെ വില്ലൻ വേഷത്തിൽ എത്തുന്ന സിദ്ദിഖും സായ്കുമാറും. ചിത്രം പൂർണമായി.

എത്ര മോശം തിരകഥയാണെങ്കിലും അതിനെ ഒരു ശരാശരി നിലവാരത്തിലുള്ള സിനിമയാക്കി മാറ്റുന്ന ജോഷി ടച്ച് മാത്രമാണു ഈ ചിത്രത്തിന്റെ ഏക ആശ്വാസം. മറ്റൊരു ഘടകത്തിനും ഈ ചിത്രത്തെ സഹായിക്കാനായിട്ടില്ല. ജോഷിക്ക് പകരം മറ്റാരായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ വിധി നേരിടേണ്ടി വരുമായിരുന്നു റൺ ബേബി റണിനു.

ത്രില്ലിംഗ് സിനിമകളൊരുക്കാൻ ധാരാളം ഹോംവർക്ക് ആവശ്യമുണ്ടെന്ന് സച്ചി മനസ്സിലാക്കിയാൽ കൊള്ളാം. അല്ലാതെ റൺ ബേബി റണിനു കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയിൽ മയങ്ങി ഇതേ നിലവാരത്തിൽ തന്നെ മുന്നോട്ട് പോകാനാണു ഭാവമെങ്കിൽ നിലയില്ലാക്കയത്തിലായിരിക്കും ശോഭന ഭാവി..!

ഇത്തരമൊരു ചിത്രത്തിന്റെ മൂഡിനനുസരിച്ചിട്ടുള്ളത് തന്നെയായിരുന്നു ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും. സിനിമയിൽ ഉള്ളു ഒരേ ഒരു പാട്ട് അനാവശ്യമായിരുന്നെങ്കിലും ലാലിന്റെ ശബ്ദത്തിൽ ആയത് കൊണ്ട് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. മൊത്തത്തിൽ റൺ ബേബി റൺ ഒരു ശരാശരി ചിത്രമാണു. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം..!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.