RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്


ആഴ്ച്ചയിൽ സാധരണയായി 4 സിനിമകളാണു തിയറ്ററിൽ പോയി കാണാറുള്ളത്. ചില ആഴ്ച്ചകളിൽ അത് ആറും ഏഴും ആകാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ശരാശരി ഒരു 5 സിനിമ ഒരാഴ്ച്ചയിൽ വീതം 20 സിനിമകൾ ഒരുമാസത്തിൽ കാണാറുണ്ട്. വർഷക്കണക്കെടുകുമ്പോൾ 20 * 12 = 240 സിനിമകൾ. എങ്ങനെ സിനിമ കാണാൻ തുടങ്ങിയിട്ട് ഒരു 12 കൊല്ലമായിട്ടുണ്ടാകും അപ്പോൾ 240 * 12 = 2880 സിനിമകൾ..!

ഇത്രയൊക്കെ പറയാൻ കാരണം മൂവായിരത്തിനടുത്ത് സിനിമകൾ തിയറ്ററിൽ നിന്ന് കണ്ടിട്ടും ഇതു വരെ സിനിമ പകുതിയാകുന്നതിനു മുൻപ് ഇറങ്ങി പോരാൻ തോന്നിയിട്ടില്ല. അങ്ങനെ തോന്നിയ ഒരേ ഒരു പടമായിരുന്നു ശ്രീ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത കൃഷ്ണനും രാധയും. പക്ഷെ എന്നിട്ടും ഇറങ്ങി പോന്നില്ല. കാരണം ആത്മഹത്യ ചെയ്യാൻ തിരുമാനിച്ചുറപ്പിച്ച് റെയിൽ വേ ട്രാക്കിൽ തലവെക്കുന്നവനു രാജധാനി വന്നാലെന്താ പാസഞ്ചർ വന്നാലെന്താ..!!!

പറഞ്ഞ് വന്നത് ഇത്രയുമൊക്കെ ആയിട്ടും സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത പടം റിലീസ് ചെയ്തപ്പോൾ പോയി കാണണം എന്ന് മനസ്സിൽ അടങ്ങാത്ത ഒരു ത്വര. പലരും പലവട്ടം വിലക്കിയിട്ടും അവസാനം ചിത്രം കാണാൻ തന്നെ തിരുമാനിച്ചു തിയറ്ററിലെത്തി. എ ക്ലാസ് തിയറ്ററിൽ ആണു പടം റിലീസ്. അതു കൊണ്ട് തന്നെ ഒന്നു രണ്ട് കുടുംബങ്ങളും ചിത്രം കാണാൻ ഉണ്ടായിരുന്നു.

കൃഷ്ണനും രാധയും കണ്ട അനുഭവത്തിൽ ആ ഫാമിലീസിനോട് ഈ പടം കാണേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇനി ചിലപ്പോൾ അവരും റെയിൽ ട്രാക്കിൽ തലവെക്കാൻ വന്നവരാണെങ്കിൽ നിരാശപ്പെടുത്തേണ്ട എന്ന് കരുതി മിണ്ടിയില്ല. അങ്ങനെ ടിക്കറ്റ് കൊടുത്ത് പടം തുടങ്ങി. കൃഷ്ണനും രാധയ്ക്കും സിനിമ തുടങ്ങുന്നതു മുതൽ അവസാനിക്കുന്ന വരെ കൂവലും തെറി വിളിയും ആയിരുന്നെങ്കിൽ ഈ പടത്തിനു അങ്ങനെ ഉണ്ടായില്ല.

തന്റെ പ്രായപൂർത്തിയായിട്ടില്ലാത്ത സുഹൃത്തുകൾക്ക് വേണ്ടി ജീവിതത്തിൽ പലത്യാഗങ്ങളും സഹിക്കേണ്ടി വരുന്ന ജിത്തു ഭായ് എന്ന ജിതേന്ദ്രന്റെ കഥയാണു സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്. ഈ ചിത്രത്തിൽ കോമഡിയുണ്ട്, ആക്ഷൻ സീനുകളുണ്ട്, സെന്റിമെൻസ് ഉണ്ട്. മനോഹരങ്ങളായ 8 പാട്ടുകൾ ഉണ്ട്.
എല്ലാം സന്തോഷ് സാർ തന്നെ പാടിയത്.

സന്തോഷ്
പണ്ഡിറ്റിന്റെ കോമഡി കണ്ട് പ്രേക്ഷകർ ചിരിച്ചു,സന്തോഷ് പണ്ഡിറ്റിന്റെ ആക്ഷൻ കണ്ട് പ്രേക്ഷകർ ചിരിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ സീരിയസ് ഭാവങ്ങൾ കണ്ട് പ്രേക്ഷകർ ചിരിച്ചു. അങ്ങനെ അങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ സെന്റിമെൻസ് സീനുകളും കണ്ട് ഇതേ പ്രേക്ഷകർ ആർത്ത് ചിരിച്ചു..!! എങ്ങനെ ചിരിക്കാതിരിക്കും. ജിത്തു ഭായ്ക്ക് ഒന്നും ഇമ്പോസിപിൾ അല്ല. because impossible means i am possible..!!

സിനിമ എന്ന നിലയിൽ കൃഷ്ണനും രാധയിൽ നിന്നും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഞ്ച് ഡയലോഗുകളുടെ കാര്യത്തിൽ പടം ആദ്യ സിനിമയുടെ അടുത്തെങ്ങും എത്തിയില്ല. ഒരേ ഒരു പഞ്ച് ഡയലോഗ് തന്നെ ഒരു 100 തവണ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു. സന്തോഷ് പണ്ഡിറ്റിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ചത് എന്താണോ അത് ചിത്രത്തിൽ വന്നിട്ടില്ല.

സാധാരണ രീതിയിൽ പടം ചെയ്യാൻ ഇവിടെ ഒരുപാട് സിനിമക്കാർ ഉണ്ടല്ലോ അതിൽ നിന്നുമൊരു വ്യത്യസ്ത്ഥ കാണാനാണല്ലോ സന്തോഷ് സാറിന്റെ പടത്തിനു പോകുന്നത്. അടുത്ത പടത്തിൽ ഈ കുറവുകൾ നികത്തി അദ്ദേഹം ശക്തമായി തിരിച്ചു വരും എന്ന് നമുക്ക് കരുതാം. കൃഷ്ണൻ രാധ പോലെ യൂട്യൂബിൽ തരംഗമായില്ലെങ്കിലും സിനിമ കാണാൻ ഭേതപ്പെട്ട ആൾക്കൂട്ടം ഉണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണു.

ഒരു ചാനൽ ചർച്ചക്കിടയ്ക്ക് സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി തന്തക്ക് വിളിച്ച ബാബുരാജ് നായകനായി അഭിനയിച്ച് നോമ്പ് തുടങ്ങുന്നതിനു മുൻപ് പുറത്ത് വന്ന നോട്ടി പ്രൊഫസർ എന്ന ചിത്രത്തിന്റെ റിലീസ് ഡേയിലെ മാറ്റിനിക്ക് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ റിലീസ് ചെയ്ത് മൂന്നാം ദിവസം നൂൺ ഷോയ്ക്ക് അതും ഈ നോമ്പുകാലത്ത് ഉണ്ടായിരുന്നു എന്നതാണു സന്തോഷ് പണ്ഡിറ്റിനു ജനങ്ങൾ നൽകുന്ന അംഗീകാരത്തിന്റെ തെളിവ്.

വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കട്ടെ. തന്റെ ശൈലി ആബാല വൃദ്ധം ജനങ്ങൾക്കും രസിക്കുന്ന രീതിയിലാക്കി കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമകൾ കേരളത്തിൽ മെഗാഹിറ്റായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പണിപാളുന്ന ഒരു കാലം വരുമായിരിക്കും..!! അതെ പണ്ഡിറ്റ് സാറിന്റെ നാളുകൾ വരാനിരിക്കുന്നതേ ഉള്ളു..!!

ഇത് സാധാ സ്റ്റാർ അല്ല.. സൂപ്പർ സ്റ്റാറാണേ...!!!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.