സ്കൂൾ കാലഘട്ടം..!! നമ്മുടെയെല്ലാം ജീവിതത്തിൽ മധുരമായ ഓർമകളുമായി എന്നേക്കും നിലനിൽക്കുന്ന ആ നല്ല നാളുകൾ..! ഒരിക്കലും തിരിച്ചു വരാത്ത എന്നാൽ വന്നിരുന്നെങ്കിൽ എന്ന് നാമെല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്ന ആ സ്കൂൾ കാലഘട്ടത്തിലെ കുറെ നല്ലതും ചീത്തയുമായ ഓർമകൾ അതാണു ജിജു അശോകൻ സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച് എന്ന സിനിമ.
സിനിമ വിശേഷങ്ങളെ കാര്യമായി ഫോളോ ചെയ്യുന്ന പതിവുണ്ടായിട്ടും ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്ന വിവരം സത്യത്തിൽ ശ്രദ്ധയില്പെട്ടിട്ടില്ലായിരുന്നു. എന്നാൽ അത്തരമൊരു അശ്രദ്ധകൊണ്ട് ഈ സിനിമ കാണാൻ സാധിക്കാതെ പോയിരുന്നെങ്കിൽ അത് ഒരു വലിയ നഷ്ടം തന്നെയാകുമായിരുന്നു..!
1999 ലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ 4 കൂട്ടുകാർ. ക്ലാസിലെ ഏറ്റവും മോശം വിദ്യാർത്ഥികളായത് കൊണ്ട് ലാസ്റ്റ് ബെഞ്ചിലാണു ഇവരുടെ സ്ഥാനം. കഥ കൂടുതലായി ഇവിടെ വിവരിക്കുന്നില്ല. താങ്കൾ ഒരു ലാസ്റ്റ് ബെഞ്ചുകാരൻ ആയിരുന്നെങ്കിൽ അന്ന് എന്തെല്ലാം കാണിച്ചു കൂട്ടിയോ അതെല്ലാം ഈ സിനിമയിലുണ്ട്.
ആദ്യത്തെ പ്രണയം അത് സ്ക്കൂൾ കാലഘട്ടത്തിൽ സംഭവിക്കുന്നതാണു. അത് വർഷങ്ങൾ എത്ര കഴിഞ്ഞാലും എത്ര നായികമാർ പിന്നീട് ജീവിതത്തിൽ വന്ന് പോയാലും ആദ്യത്തെ നായികയെ പറ്റിയുള്ള ഓർമകൾ ഒളിമങ്ങാതെ തന്നെ ആൺകുട്ടികളുടെ മനസ്സിൽ നിലനിൽക്കും എന്നതാണു വസ്തുത.എന്നാൽ പെൺകുട്ടികളുടെ കാര്യത്തിൽ ഇത് എത്രമാത്രം ശരിയാണു എന്നതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയാൻ നമുക്ക് സാധിക്കില്ല. എന്തായാലും അത്തരമൊരു മനോഹര പ്രണയത്തിന്റെ നോവുന്ന ചിത്രീകരണം ഈ ചിത്രത്തിലുണ്ട്.
അങ്ങാടിത്തെരു ഫെയിം മഹേഷ്, നൂലുണ്ട, ബിയോൺ, മുസ്തഫ ,ജ്യോതികൃഷ്ണ സുകന്യ എന്നിവരാണു ഇതിലെ പ്രധാന അഭിനേതാക്കൾ, സംവിധായകനും മറ്റ് അണിയറപ്രവർത്തകരും പുതുമുഖങ്ങൾ ആണെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി ഈ ചിത്രം മികച്ചതാക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഏറ്റവും വിഷമകരമായ വസ്തുത സിനിമ കമ്പനി എന്ന ചിത്രത്തിന്റെ വിധി തന്നെയാണു ഈ ചിത്രത്തിനും നിർഭാഗ്യവശാൽ സംഭവിച്ചത് എന്നാണു.
മുൻ നിരയിലെ ബെഞ്ചുകളിൽ ഇരുന്ന് ഇംഗ്ലീഷും സയൻസും സോഷ്യൽ സ്റ്റെഡീസും കാണാതെ പഠിക്കുകയും ഹോം വർക്ക് കൃത്യമായി ചെയ്തു വരികയും ചെയ്തിരുന്ന ഒരാൾക്ക് ഈ സിനിമ നൽകുന്ന യത്ഥാർഥ അനുഭൂതി അനുഭവിക്കാൻ കഴിയുകയില്ല. എല്ലാത്തരം പ്രേക്ഷകർക്കും അത് പകർന്നു നൽകുന്നതിൽ സംവിധായകന്റെ പരിചയകുറവ് തടസ്സമാവുകയും ചെയ്തു. എന്നിരുന്നാലും ജിജു അശോകനു അഭിമാനിക്കാം. ഈ ചിത്രം കണ്ട് ഒരുപാട് പേർ തങ്ങളുടെ ആ ലാസ്റ്റ് ബഞ്ച് വികൃതികളെ സന്തോഷത്തോടെ അയവിറക്കിയിട്ടുണ്ടാവും ഉറപ്പ്.
നമുക്ക് ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ നമ്മൾ ആവ്വേശത്തോടെ കയ്യടിച്ച് അത് നെഞ്ചിലേറ്റി അതു പോലെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. എന്നാൽ ജീവിതത്തിൽ ശരിക്കും നടക്കാൻ ഇടയുള്ള സംഭവങ്ങൾ അതേ പടി വെള്ളിത്തിരയിൽ കാണിക്കുമ്പോൾ മേല്പറഞ്ഞത് പോലെ ഒരു ആവേശം പ്രേക്ഷകൻ കാണിക്കാറില്ല. കാരണം അവനു വേണ്ടത് സിനിമാറ്റിക്ക് ആയ സംഭവങ്ങളാണു അതു കൊണ്ട് തന്നെ യത്ഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രണയകഥകൾ കാണുമ്പോൾ കയ്യടിക്കുന്ന പ്രേക്ഷകർ ഇത്തരം ഒരു സിനിമയ്ക്ക് നേരെ വലിയ താല്പര്യം കാണിക്കാത്തതിൽ കുറ്റം പറയാനാവില്ല.
മലയാള സിനിമക്ക് പ്രതീക്ഷിക്കാവുന്ന ഒരു സംവിധായകൻ കൂടി ഈ സിനിമയിലൂടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണു. ശ്രമിച്ചാൽ ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഫ്രണ്ട് ബെഞ്ചിലേക്ക് തന്നെ ഇതിലെ നടീ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചെന്നെത്താം..!!
Please Dont Miss it..!! if you were a last bencher in school days
Subscribe to:
Post Comments (Atom)
0 comments:
Post a Comment