RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഹസ്ബന്റ്സ് ഇൻ ഗോവ


സത്യത്തിൽ ട്രിവാൻഡ്രം ലോഡ്ജ് കാണുക എന്ന ഉദ്ദേശത്തോടെയാണു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ആ സിനിമ കളിക്കുന്ന തിയറ്റര് പരിസരത്തെങ്ങും മരുന്നിനു പോലും ഒരാളും ഇല്ലാതിരുന്നത് സിനിമ കാണാൻ കൂടെ വന്നവരുടെ ഉത്സാഹം കെടുത്തി. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഹസ്ബന്റ്സ് ഇൻ ഗോവ കാണേണ്ടി വന്നു. അങ്ങനെ ഇന്ന് ഒരു പാഠം പടിച്ചു. നമ്മൾ ഏത് പടം കാണാൻ തിരുമാനിച്ചാണോ വരുന്നത് ആ പടം കാണുക അതല്ലങ്കിൽ ഇങ്ങനെ ഇരിക്കും. 

കുഞ്ഞളിയൻ എന്ന ലോകത്തോര എന്നു വെച്ചാൽ ലോക തറ സിനിമക്ക് ശേഷം സജി സുരേന്ദ്രനും കൂട്ടരും വളരെയധികം സമയവും യുടീവി പിക്ചേഴ്സിന്റെ വളരെയധികം പണവും ചിലവഴിച്ച് ഉത്കൃഷ്ഠ്രായ മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ച ഉദാത്ത സൃഷ്ടിയാണു ഹസ്ബ്ന്റ്സ് ഇൻ ഗോവ. ലാൽ,ആസിഫ് അലി, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരും റീമ, ഭാമ, രമ്യ നമ്പീശൻ പ്രവീണ എന്നിവർ അണി നിരക്കുന്ന ഒരു തട്ടുപൊളിപ്പൻ പടം. 

സജി സുരേന്ദ്രൻ മാറിയിട്ടില്ല, മാറാൻ ഉദ്ദേശവുമില്ല. പണ്ടത്തെപ്പോലെ തന്നെ..! ഭാര്യമാരുടെ ശല്യം സഹിക്കവയ്യാതെ ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തുന്ന 3 കൂട്ടുകാർ അവിചാരിതമായി ട്രെയിനിൽ വെച്ച് സണ്ണി (ലാൽ) കണ്ട് മുട്ടുകയും പിന്നീട് ലാലിന്റെ നേതൃത്തത്തിൽ ഗോവൻ ടൂർ അടിച്ച് പൊളിക്കുകയും അത് മൂലം ഉണ്ടാകുന്ന നൂലാമാലകളും പിന്നെ തെറ്റിദ്ധാരണകളും അങ്ങനെ അങ്ങനെ അങ്ങനെ കൃഷ്ണൻ പൂജപ്പുരയുടെ മറ്റൊരു ക്ലാസ്സിക്കൽ തിരകഥ.

.ഇന്ദ്രജിത്തും ജയസൂര്യയും തങ്ങളുടെ റോൾ നന്നാക്കിയപ്പോൾ ലാൽ പതിവ് നമ്പറുകളുമായി കയ്യടി നേടി. ആസിഫ് അലിയെ പച്ചാളം ഭാസിയുടെ അടുത്തേക്ക് വിടുന്നതായിരുക്കും സംവിധായകനു എളുപ്പം. നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ഇന്നസെന്റിന്റെ ടിടിആർ കഥാപാത്രം ഈ സിനിമയിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം മോഹൻലാലും സംഘവും അനശ്വരമാക്കിയ പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനവും.. ഈ ഗാനരംഗത്തിൽ ആസിഫ് അലിയും ജയസൂര്യയുമൊക്കെ ചുവട് വെക്കുന്നത് കാണമ്പോഴാണു മോഹൻലാൽ എന്ന നടന്റെ സ്ഥാനം എത്രമാത്രം ഉയരങ്ങളിൽ ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത്.

 ചുരുക്കിപ്പറഞ്ഞാൽ ഈ ജനുസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ആസ്വദിക്കാം. അല്ലാത്തവർക്ക് തിയറ്ററിൽ ബോറടിച്ച് മരിക്കാം. മല്ലു സിംഗും മായമോഹിനിയും വിജയിച്ച നമ്മുടെ നാട്ടിൽ.. റിലീസ് ചെയ്ത് 5 ആഴ്ച്ചകൾ പിന്നിട്ടിട്ടും 34 തിയറ്ററുകളിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രം കളിക്കുന്ന  ഈ കൊച്ച് കേരളത്തിൽ ഹസ്ബന്റ്സ് ഇൻ ഗോവയും വിജയിക്കും..! അൻപതാം ദിവസം പോസ്റ്റർ ഒട്ടിക്കുകയും ചെയ്യും സംശയം വേണ്ട..!!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.