വിജയിക്കാൻ വെറും ഒരുശതമാനം മാത്രം സാധ്യതയും പരാജയപ്പെടാൻ 99 ശതമാനം സാധ്യതയും കൽപ്പിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം. പൃഥ്വിരാജ് നായകനായി ഇങ്ങനെ ഒരു ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നേ ചലച്ചിത്ര ലോകം ഈ വിധി എഴുതി കഴിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ സിനിമ റിലീസ് ആയി കഴിഞ്ഞതിനു ശേഷം ഇതിന്റെ വിജയ സാധ്യതയെ കുറിച്ച് ആരും ചിന്തിച്ച് തല പുകക്കേണ്ടതില്ല.
എന്നാൽ ഇവിടെ ഉയർന്നു വരുന്ന പ്രസക്തമായ ഒരു ചോദ്യം, കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് ഒരു ശരാശരി ഹിറ്റു പോലും സമ്മാനിക്കാൻ കഴിയാതിരുന്നിട്ടും ഷാജി കൈലാസ് എന്ന ബ്രഹ്മാണ്ഡ സംവിധായകനു എങ്ങനെ വീണ്ടും വീണ്ടും ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരിക്കാൻ സാധിക്കുന്നു...? അതിനു ഉത്തരം കണ്ടെത്തണമെങ്കിൽ കാലം കുറച്ചേറെ പുറകിലോട്ട് സഞ്ചരിക്കണം..!
ന്യൂ ജനറേഷൻ സിനിമകൾ ആഘോഷമാക്കുന്ന പുതു തലമുറയിലെ കുട്ടികൾക്ക് ഒരു പക്ഷെ അന്യമായിരിക്കും ആ കാലം കാരണം ഇന്നത്തെ 20-22 കാരനു അന്ന് വയസ്സ് 10-12. ഒറ്റയ്ക്ക് തിയറ്ററിൽ പോയി സിനിമ കാണുന്നത് അപ്രാപ്യമായിരുന്ന ആ കാലഘട്ടം. അന്നും ഇന്നത്തെ പോലെ ഒരുപാട് സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ തിയറ്ററുകളെ ഉത്സവപറമ്പാക്കിയിരുന്ന സിനിമകൾ സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു ഷാജി കൈലാസ്..!!
മഹാനായ സംവിധായകൻ ജോഷിയുടെയും ഇന്നത്തെ ഇനീഷ്യൽ കിംഗ് സംവിധായകൻ അമൽ നീരദിന്റെയുമൊക്കെ സിനിമകളുടെ മാത്രം ആദ്യ ദിവസ തിരക്ക് കണ്ട് ശീലിച്ച ഇന്നത്തെ ചെറുപ്പക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര സ്വീകരണമായിരുന്നു ഷാജി കൈലാസ് ചിത്രങ്ങൾക്ക് അന്ന്..!
രൺജി പണിക്കരും രഞ്ജിത്തുമായി ഷാജി മലയാള സിനിമ ചരിത്രത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തകർക്കുകയും ചെയ്തു പോന്നു. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ എന്ന് പറയുന്നത് പോലെ വല്യേട്ടൻ എന്ന തന്റെ അവസാന ആധികാരിക ഹിറ്റോടെ ഷാജി കൈലാസിന്റെ നല്ല കാലം തീരുകയായിരുന്നു. അതിനു ശേഷം പുറത്ത് വന്ന 20 ചിത്രങ്ങളിൽ അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ചിന്താമണി കൊലക്കേസ് മാത്രമായിരുന്നു. ബാക്കി 19 സിനിമകളും ബോക്സ് ഓഫീസിൽ മൂക്കും കുത്തി താഴെ വീണു.
ഉടയോൻ എന്ന ഒരൊറ്റ ചിത്രം ഭദ്രൻ എന്ന പ്രതിഭയെ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലേക്കും ഫോട്ടോഗ്രാഫർ എന്ന ചിത്രം രഞ്ജൻ പ്രമോദ് എന്ന മികച്ച എഴുത്തുകാരനെ വിസ്മൃതിയിലാക്കുകയും ചെയ്ത അതേ മലയാള സിനിമ എന്ത് കൊണ്ട് ഇത്രയേറെ പരാജയങ്ങൾ ഉണ്ടായിട്ടും ഷാജി കൈലാസ് എന്ന സംവിധായകനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം ഇതാണു " ഷാജി കൈലാസിനെ വെച്ച് സിനിമ നിർമ്മിക്കുന്ന ഒരോ നിർമ്മാതാവും സ്വപ്റ്റ്നം കാണുന്നത് ഷാജി കൈലാസിന്റെ ഒരു ഗംഭീര സിനിമയാണു. തിയറ്ററുകളെ ജനപ്രളയമാക്കിയ ഏകലവ്യനും കമ്മീഷ്ണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമൊക്കെ പോലെ ഒരു തകർപ്പൻ സിനിമ..!!
എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ അത്തരമൊരു തിരിച്ചു വരവ് പിന്നീട് ഒരിക്കലും ഉണ്ടായില്ല..! നല്ല ഒരു കൂട്ടു കെട്ടിന്റെ അഭാവമാണു ഷാജിയുടെ പരാജയത്തിന്റെ കാരണം എന്നതായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ശക്തമായ തിരകഥ കിട്ടിയാൽ ഷാജി അതിശക്തമായി തിരിച്ചു വരും എന്ന് ഷാജി കൈലാസ് ആരാധകർ വിശ്വസിച്ചിരുന്നു.
അതു കൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും രൺജി പണിക്കരും ഒന്നിച്ച് കിംഗ് & ദി കമ്മീഷ്ണരുടെ വരവിനെ ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.. എന്നാൽ കാത്ത് കാത്തിരുന്ന് കണ്ട പടം ഏൽപ്പിച്ച് ആഘാതത്തിൽ നിന്നും ഇനിയും മമ്മൂട്ടി ആരാധകർ മുക്തരായിട്ടില്ല. രൺജിയുടെ മൂർച്ച പോയ തൂലികയാണു ആ ചിത്രത്തിന്റെ പരാജയകാരണം എന്ന് വേഗത്തിൽ കണ്ട് പിടിക്കാൻ ഷാജി ആരാധകർക്കായി..!
അതു കൊണ്ട് ഷാജി കൈലാസ് സ്വയം തിരകഥയെഴുതി സംവിധാനം ചെയ്യാൻ പോകുന്ന സിംഹാസനം ആ പഴയ സുവർണ്ണകാലഘട്ടത്തിന്റെ തിരിച്ചു വരവായിരിക്കും എന്ന് വെറുതെയെങ്കിലും ആശിക്കാനായിരുന്നു ആരാധകർക്കിഷ്ടം..!!
സിംഹാസനം..!! മാളവിക പ്രെഡക്ഷൻസിന്റെ ബാനറിൽ ചന്ദ്രകുമാർ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം..!! ചന്ദ്രകുമാറിനെ ഓർമ്മയില്ലേ.. വർഷങ്ങൾക്ക് മുൻപ് കോമഡി താരത്തിന്റെ ഇമേജിൽ നിന്ന് ബോധപൂർവ്വം ഒരു ആക്ഷൻ ഹീറോ പരിവേഷം എടുത്തണിയാൻ ദിലീപ് നടത്തി ദയനീയമായി പരാജയപ്പെട്ട ഡോൺ എന്ന ചിത്രത്തിന്റെ ഹതഭാഗ്യവാനായ നിർമ്മാതാവ്..!
നാടുവാഴികൾ എന്ന ചിത്രത്തിന്റെ റീമേക്ക് എന്ന ആശയവുമായി തുടങ്ങിയ ചിത്രം സിംഹാസനം എന്ന രൂപത്തിലെത്തിയപ്പോൾ നാടുവാഴികളുടെ മാത്രമല്ല ഷാജിയുടെ തന്നെ മുൻ കാല ചിത്രങ്ങളുടെ ഒരു അവിയൽ രൂപമായി മാറി.
സായ്കുമാർ അവതരിപ്പിച്ച ചന്ദ്രഗിരിയിലെ മാധവേട്ടൻ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ മകനായ അർജുൻ മാധവന്റെ വേഷത്തിലെത്തിയ പൃഥ്വിരാജിനും തങ്ങളുടെ നല്ലകാലത്ത് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം അഭിനയിച്ച് അനശ്വരമാക്കിയ വേഷങ്ങളുടെ അനുകരണം കാഴ്ച്ചവെയ്ക്കുക്ക എന്നതിൽ കവിഞ്ഞ് മറ്റൊരു ജോലിയും ചിത്രത്തിൽ ഉണ്ടായിരുന്നില്ല..!
വില്ലന്മാരുടെ ഒരു നീണ്ട നിര ചിത്രത്തിൽ അവതരിപ്പിച്ച ഷാജി കൈലാസിനു നായകന്റെ ഹീറോയിസം ക്ലച്ച് പിടിക്കാഞ്ഞതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു..! നീലകണ്ഠനു ജയിക്കാൻ ഒരു ശേഖരൻ ഉണ്ടായിരുന്നു.. ജഗന്നാഥനു ജയിക്കാൻ കൊള്ളപുള്ളി അപ്പനും ഭരത് ചന്ദ്രനു ജയിക്കാൻ മോഹൻ തോമസും..! ശക്തനായ ഒരു പ്രതിനായക വേഷം ഉണ്ടാകുമ്പോളാണു അതിനെ വെല്ലുന്ന നായക കഥാപാത്രത്തെ ജനം നെഞ്ചിലേറ്റുന്നത്..!
എന്നാൽ ഈ ചിത്രത്തിലും അത്തരമൊരു വില്ലനെ അവതരിപ്പിക്കുന്നതിൽ ഷാജി കൈലാസ് എന്ന സംവിധായകനും എഴുത്തുകാരനും പരാജയപ്പെട്ടു. രഞ്ജിത്തിന്റെയും രൺജിപണിക്കരുടെയും സംഭാഷണങ്ങളിലെ ഒരു ഛായ തന്റെ എഴുത്തിൽ ബ്ബോധപൂർവ്വമല്ലാതെയെങ്കിലും കടന്ന് കൂടിയിട്ടുണ്ട്. എന്നാൽ ഡയലോഗുകൾക്ക് പ്രാധാന്യമുള്ള ആണ് കരുത്തിന്റെ ആൾരൂപമായ നായക വേഷങ്ങളുള്ള ഇത്തരം സിനിമകൾ കാണാനുള്ള താല്പര്യം ഇപ്പോൾ പ്രേക്ഷകർക്കില്ല..!
മുൻ നിര നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഇത്തരം സിനിമകളോട് ഇപ്പോൾ മുഖം തിരിച്ച് നിൽക്കുകയാണു. ജയറാമിനാകട്ടെ പണ്ടേ ഈ വേഷങ്ങൾ ഇണങ്ങുകയില്ല. പിന്നെയുള്ളവരിൽ സുരേഷ് ഗോപി നാട്ടുകാരെ കോടീശ്വരന്മാരാക്കുന്നതിന്റെ തിരക്കിലുമാണു. ദിലീപാകട്ടെ ഹിജഡ വേഷം കെട്ടി കൊണ്ട് പോലും മലയാള സിനിമ ചരിത്രത്തിന്റെ ഏറ്റവും വലിയ ഹിറ്റ് കരസ്ഥമാക്കുകയും ചെയ്തു.
അതു കൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു സിനിമയിലഭിനയിക്കാൻ എടുത്ത തിരുമാനം പൃഥ്വിരാജ് സ്വയം വിമർശനവിധേയമാക്കേണ്ടതുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഷാജിയുടെ കഴിഞ്ഞ 19 സിനിമകളേക്കാളും ഭേദമാണു ഈ ചിത്രം.
വിമർശനബുദ്ധി മാറ്റി വെച്ച് ചിത്രത്തെ വീക്ഷിക്കുകയാണെങ്കിൽ കിടിലൻ ഡയലോഗുകളും മനോഹരമായ ലൊക്കേഷനുകളും നല്ല പാട്ടുകളും ഉഗ്രൻ സംഘട്ടനങ്ങളും കുടുമ്പങ്ങൾക്കിഷ്ടപ്പെടുന്ന സെന്റിമെൻസും എല്ലാം ചേർന്ന ഒരു മികച്ച സിനിമയാണു സിംഹാസനം..! പക്ഷേ..!! റിലീസ് ചെയ്യാൻ ഒരല്പം വൈകി പോയി..! ഒരു 14 കൊല്ലം..!!!
Subscribe to:
Post Comments (Atom)
2 comments:
You Forgot about Tiger...chinthamani stays behind it..
Shaji kailas is just an overrrated director...He may be a good technocrat not a good director...
with ranjith & panikers script anybody can do such legendry movies.
pratheekshicha athra kakoothara alla.. oru koothra levelil ninnu
Post a Comment