മലയാളസിനിമയുടെ പതിവു രീതികളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ച ഒരു സിനിമ ആയിരുന്നു നായകൻ. മാറ്റം പെട്ടെന്ന് ആഗ്രഹിക്കാത്തവരാണു മലയാളികൾ എന്നതു കൊണ്ട് തന്നെ ആ സിനിമ വേണ്ടത്ര വിജയിക്കാതെ പോയി. പക്ഷെ ആ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു മികച്ച സംവിധായകനെയാണു . ലിജോ ജോസ് പല്ലിശേരി. ഈ സംവിധായകന്റെ രണ്ടാമത്തെ ചിത്രം, നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-ഇന്ദ്രജിത്ത് ഒന്നിക്കുന്ന ചിത്രം എന്ന നിലയിലൊക്കെ സിറ്റി ഓഫ് ഗോഡ് ചിത്രീകരണ സമയത്തെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകത ഇത് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു എന്നതാണു. സമയക്കുറവ് മൂലമാണു ആ യുവനടന്റെ സംവിധാന സിദ്ധി നമുക്ക് അനുഭവിച്ചറിയാൻ കഴിയാതെ പോയത്.
കൊച്ചി നഗരത്തിന്റെ കാഴ്ചകളിലൂടെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സഞ്ചരിക്കുന്നത്. മേരിമാത ക്രിയേഷൻസിന്റെ ബാനറിൽ അനിത അനിൽ മാത്യു ആണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതിനു മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത കഥാഖ്യാനരീതിയാണു സിറ്റി ഓഫ് ഗോഡിൽ സ്വീകരിച്ചിരിക്കുന്നത്. മൂന്നു ട്രാക്കുകളിലൂടെയാണു കഥ കടന്നു പോകുന്നത്. ഒരു സംഭവം തന്നെ 3 വ്യത്യസ്ത കോണുകളിലൂടെ വീക്ഷിക്കപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജ്യോതിലാൽ എന്ന കൊച്ചി ഗുണ്ടാ നേതാവും ജ്യോതിലാലിന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ സോണി വടയാറ്റിൽ സിനിമ നടി സൂര്യപ്രഭയും (റീമ) ആണു ഒരു വിഭാഗം. ഗൾഫിൽ നിന്നും എത്തുന്ന ബിസിനസുകാരൻ പൂന്നുസും ഭാര്യ വിജി പൂന്നൂസും (ശ്വേത) ഇവരുടെ സുഹൃത്ത് ഷമീലും സോമനും (അനിൽ മുരളി) അടങ്ങിയതാണു രണ്ടാമത്തേത്. കേരളത്തെ ഗൾഫായി കാണുന്ന തമിഴ് നാട്ടിൽ നിന്ന് ജോലിക്കെത്തുന്നവരായ സ്വർണ്ണവേൽ (ഇന്ദ്രജിത്ത്) പരിമളം(പാർവ്വതി) രോഹിണി അവതരിപ്പിക്കുന്ന ലക്ഷ്മി അക്ക എന്ന കഥാപാത്രം എന്നിവരുൾപ്പെട്ടതാണു മൂന്നാമത്തേത്.
ഒരു സ്ഥലമിടപാടുമായി ഉണ്ടാകുന്ന തർക്ക ഫലമായി പുന്നൂസിനെ ജ്യോതിലാൽ കൊലപ്പെടുത്തുന്നു. ജ്യോതിലാൽ സോണിച്ചനു വേണ്ടിയാണു തന്റെ ഭർത്താവിനെ കൊന്നത് എന്നറിഞ്ഞ വിജി പ്രതികാരത്തിനു ശ്രമിക്കുന്നു. ഇതിനു സമാന്തരമായി സോണിക്ക് സൂര്യപ്രഭയോടുള്ള അടുപ്പത്തിന്റെ കഥയും പറഞ്ഞ് പോകുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ രണ്ട് വിഭാഗങ്ങളുമായി സ്വർണ്ണവേലിനും കൂട്ടർക്കും ബന്ധമൊന്നുമില്ല പക്ഷെ അവരും ഇതിൽ ഭാഗമാക്കപ്പെടുകയാണു. സംവിധായകന്റെ അഭിരുചിക്ക് ഒത്തവണം വളരെ ശ്രദ്ധാപൂർവ്വം തന്നെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിലാൽ എന്ന ഗുണ്ടയുടെ വേഷം പൃഥ്വി അനായാസം കൈകാര്യം ചെയ്തു. ഇന്ദ്രജിത്ത് ആണു ഈ സിനിമയിലെ മറ്റൊരു മികച്ച താരം. സ്വർണ്ണവേൽ എന്ന തമിഴനായി ഇന്ദ്രൻ ജീവിക്കുകയാണു ഈ ചിത്രത്തിൽ.
ഒരു പാട് നാളുകൾക്ക് ശേഷം സ്ത്രീ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയ ചിത്രമാണു ഇത്. റീമാ, രോഹിണി, ശ്വേത, പാർവ്വതി എന്നിവർ അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതു വരെ ചെറിയ ഗുണ്ടാ റോളുകളിൽ മാത്രം ഒതുങ്ങി നിന്നിട്ടുള്ള ഒരു നടന്റെ (മുല്ലയിലും വാസ്തവത്തിലും ഗുണ്ടാ റോളുകൾ) അഭിനയശേഷി നാച്ചിമുത്തു എന്ന കഥാപാത്രത്തിലൂടെ പുറത്തു കൊണ്ട് വരാൻ ഈ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. കൊച്ചിയുടെ ഇരുണ്ട മുഖം വരച്ചു കാട്ടുന്ന സിറ്റി ഓഫ് ഗോഡിന്റെ ഛായാഗ്രഹണം മികവുറ്റതാണു. ഇത്തരം ഒരു ചിത്രത്തിന്റെ എഡിറ്റിംഗ് ഏറെ ശ്രമകരമാണു. അത് പരമാവധി കുറ്റമറ്റതാക്കാൻ എഡിറ്റർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിൽ തമിഴ് ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.
ഈ സിനിമയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആദ്യം പറഞ്ഞ മൂന്ന് ട്രാക്കുകളിലൂടെയും കാണിക്കപ്പെടുന്നുണ്ട്. ഇതാണു ഈ സിനിമയുടെ ഏറ്റവും വലിയ ഒരു ന്യൂനത. ടൈം പാസിനു വേണ്ടി സിനിമ കാണാൻ വരുന്നവർ കണ്ട സീനുകൾ തന്നെ രണ്ട് പ്രാവശ്യം കൂടി കാണുമ്പോൾ അക്ഷമരാകുന്നു.അത് കൊണ്ട് ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതിന്റെ അണിയറക്കാരോട് ഒന്നേ പറയാനുള്ളു. ഇത്തരം പരീക്ഷണചിത്രങ്ങളുമായി വന്നാൽ ഞങ്ങൾ തിരിഞ്ഞു നോക്കും എന്ന് കരുതരുത്. ഞങ്ങളിൽ ഭൂരിപക്ഷം പേരും റാഷമോൺ കാണാത്തവരാണു. മണിരത്നത്തിന്റെ ആയുധ എഴുത്ത് കണ്ടിട്ട് കൂടി ഞങ്ങൾക്ക് കാര്യമായിട്ടൊന്നും മനസ്സിലായില്ല. പിന്നെ സംഗതി തമിഴ് ആയതു കൊണ്ട് ഗംഭീരം, കിടിലൻ സൂപ്പർബ് എന്നൊക്കെ ചുമ്മാ തട്ടിവിട്ടു എന്നെയുള്ളു. ഇനിയെങ്കിലും ഇമ്മാതിരി പടങ്ങൾ എടുക്കാതെ അടിച്ചു പൊളിക്കാൻ പറ്റിയ ഒരെണ്ണം എടുക്ക്. ഇല്ലെങ്കിൽ ഇത് തമിഴിൽ എടുക്ക്, ഒന്നും മനസ്സിലായിലെങ്കിൽ കൂടി ആയുധഎഴുത്തിനെയും നേപ്പാളിയേയും പറ്റി പറഞ്ഞ പോലെ ഇതിനെയും ഞങ്ങൾ വാനോളം വാഴ്ത്താം. മലയാള സിനിമയെ പറ്റി വിലപിക്കാം
അതു പോലെ പൃഥ്വിരാജിനോട് ; താങ്കൾ സൂപ്പർ താരമാകണമെന്നോ, മലയാള സിനിമയെ വാനോളമുയർത്തണമെന്നോ ഞങ്ങൾക്കാർക്കും ഒരു നിർബന്ധവുമില്ല. താങ്കൾക്ക് മലയാള സിനിമയിൽ നിലനിൽക്കണം എന്നുണ്ടെങ്കിൽ ആദ്യം ഇതു പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തു. താങ്കൾ മലയാള സിനിമയെ ഉദ്ധരിക്കാനും മാറ്റത്തിന്റെ പാതയിലേക്ക് നടത്താനൊന്നും മിനക്കടേണ്ട. അതിനു ലാലേട്ടൻ വാനപ്രസ്ഥവും, ദിലീപേട്ടൻ കഥാവശേഷനുമൊക്കെ നിർമ്മിക്കുന്നുണ്ട്. താങ്കൾ ചെയ്യേണ്ടത് പോക്കിരി രാജ പോലുള്ള മൾട്ടി സ്റ്റാർ മസാല ചിത്രങ്ങളിൽ അഭിനയിക്കുക, അല്ലെങ്കിൽ ഉദയ് -സിബിയെകൊണ്ട് ഒരു തിരകഥ എഴുതിപ്പിക്കുക. ആ സിനിമയിൽ സുരാജ്, സലീം കുമാർ , ഹരിശ്രീ അശോകൻ എന്നിവരെ ചുറ്റും നിർത്തി വളിപ്പ് പറയിപ്പിക്കുക, നായികയെ കൊണ്ട് ഇങ്ങോട്ട് പ്രേമിപ്പിക്കുക, ഒരു ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തുക, തെറ്റിദ്ധാരണയുടെ പുറത്ത് എല്ലാവരെയും കൊണ്ട് അടിപ്പിക്കുക, സെന്റി ഡയലോഗ് പറയുക, ക്ലൈമാക്സിൽ എല്ലാവരും കൂട്ടത്തല്ല്, അവസാനം ആരെകൊണ്ടെങ്കിലും ഒരു ചളു പറയിപ്പിച്ച് എല്ലാവരും കൂട്ട ചിരി ചിരിക്കുക. ശുഭം. ഇങ്ങനെ ഒരെണമായി വന്നാൽ തിയറ്റർ ഞങ്ങൾ പൂരപറമ്പാക്കി തരാം.
Subscribe to:
Post Comments (Atom)
4 comments:
http://savyasaachi-arjun.blogspot.com/2011/04/blog-post_26.html
ദേശാടനം തിയറ്ററുകൾ നിറഞ്ഞ് ഓടിയ പടമാണെന്ന് കേട്ടിട്ടുണ്ട്....ഇന്ന് അത് പ്രതീക്ഷിക്കണ്ടല്ലോ...പോക്കിരിരാജ, ക്രിബ്ര തുടങ്ങിയ നാലാം കിട ചവറുകൾ..ചവറുകൾ ആയാലും ഒരല്പം സെൻസിബിൾ ആകണ്ടേ അതും ഇല്ലാതെ പോയ ഇവ വിജയിപ്പിച മലയാളികളുടെ ആസ്വാദന നിലവാരം പോയി എന്ന് പറയുന്നതിൽ ഒരു സത്യമൂണ്ട്...
കാണണം എന്നുണ്ട്.. ഉയര്‍ന്ന നിലവാരമുള്ള ആസ്വാദകര്‍ സമ്മതിച്ചാല്‍ കാണാന്‍ തിയറ്ററില്‍ പടം ഉണ്ടാകും.
നായകന് വലിയ കുഴപ്പമില്ലാതെ കാണാന്‍ പറ്റിയ ഒരു സിനിമ ആയിരുന്നു...പടം വിജയിക്കതെപോയത് ഇന്ദ്രജിത്തിന്റെ മാര്‍ക്കറ്റ് കാരണം ആയിരിക്കാം..ഒരു സിനിമ ഒറ്റയ്ക്ക് പൊക്കി എടുക്കാനുള്ള സ്റ്റാര്‍ വാല്യൂ ഇന്ദ്രന് ആയിട്ടുണ്ടോ എന്ന് സംശയം..
പ്രമോ , പാട്ട് ഒക്കെ കണ്ടിട്ട് എന്തായാലും കാണണം എന്ന് തോന്നുന്നുണ്ട്..
ഒരു പോക്കിരി രാജാ രക്ഷപെട്ടു എന്ന് കരുതി ആള്‍ക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ സൂപ്പറുകള്‍ വന്നാല്‍...അതിനു നമ്മുടെ മുന്പില് ഉണ്ടല്ലോ ആവോളം ഉദാഹരണങ്ങള്‍ !
Post a Comment