RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ചൈനാടൗൺ


ജയറാമിനെ നായകനാക്കി പുതുകോട്ടയിലെ പുതുമണവാളനും ദിലീപിനെ നായകനാക്കി പഞ്ചാബിഹൗസും മോഹൻലാലിനെ നായകനാക്കി ഹലോയും സംവിധാനം ചെയ്തിട്ടുള്ളവരാണു റാഫിമെക്കാർട്ടിൻ. ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ ചിരിയുടെ മാലപടക്കങ്ങൾ തീർത്തവയാണു. എന്നാൽ ഇതിനെക്കാളൊക്കെ മുന്നിൽ നിൽക്കുന്ന ഒരു അടിപൊളി തകർപ്പൻ നോൺ സ്റ്റോപ്കോമഡി എന്റെർട്ടെയ്നർ ആണു ചൈനാടൗൺ എന്നു പറയും..! ആരു പറയും ?? സൂര്യ ടീവിയിലുംഏഷ്യാനെറ്റിലുമുള്ള ഫിലിം പ്രമോഷൻ പരിപാടികളിൽ, മോഹൻലാലും ദിലീപും ജയറാമും പറയും..! അതല്ലാതെ സിനിമ കണ്ട ഒരാളും സിനിമ നല്ലതാണെന്ന് പറയുമെന്ന് തോന്നുന്നില്ല. ഇനിഅങ്ങനെ പറയണമെങ്കിൽ കണ്ണുപൊട്ടനായിരിക്കണം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണിപെരുമ്പാവൂർ ആണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവയാണു സിനിമയുടെ പ്രധാന ലൊക്കേഷൻ. 1986 ആണു ചൈനാടൗണിന്റെ കഥആരംഭിക്കുന്നത്. ഗോവയിലെ ചൈനാടൗണിൽ ഗാംബ്ലിഗ് സെന്റർ നടത്തുന്ന 4 ആത്മാർത്ഥസുഹൃത്തുക്കൾ മോഹൻലാൽ, ശങ്കർ, ഷാനവാസ്, ക്യാപ്റ്റൻ രാജു(ചെറുപ്പക്കാലംഅവതരിപ്പിച്ചിരിക്കുന്നത് വെറെ ഒരു നടൻ) ഇവർ നാലു പേരും ഭാര്യമാരും കുട്ടികളുമൊത്ത് അങ്ങനെപാട്ടൊക്കെ പാടി സന്തോഷമായി ചൂതാട്ട കേന്ദ്രം നടത്തി ജീവിക്കുന്നതിനിടയിലേക്ക് ആണു ഒരുദിവസം രാത്രി ഗൗഡയും(ഗജനി വില്ലൻ) സംഘവും കടന്നു വരുന്നത്. ഗോവയിൽ വളർന്നു വരുന്നഇവരുടെ ചൂതാട്ടകേന്ദ്രം തകർക്കുക എന്നതായിരുന്നു ഗൗഡയുടെ ലക്ഷ്യം. മോഹൻലാലും ഷാനവാസുംശങ്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവിടെ വെച്ച് കൊല്ലപ്പെടുന്നു. ഇവരുടെ മക്കളും ക്യാപ്റ്റൻരാജുവിന്റെ കഥാപാത്രവും രക്ഷപ്പെടുന്നു. ഇനി ഇവരുടെ മക്കളുടെ ചോരയുടെ മണമുള്ളപ്രതികാരകഥയാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി.

ഇനി പുതിയ ഗോവയുടെ കഥയാണു. ഇന്ത്യയിൽ ചൂതാട്ടം നിയമവിരുദ്ധമല്ലാത്ത ഒരേ ഒരു സ്ഥലം. പഴയ ചൂതാട്ട കേന്ദ്രങ്ങൾക്ക് പകരം ഇപ്പോൾ കാസിനോകൾ ആണു. ഗോവയിലെ ചൈനാടൗണിലേയ്ക്ക് ഒരു കാസിനോ അന്വേഷിച്ചെത്തുന്ന സഖറിയായിൽ(ജയറാം) നിന്നാണു പിന്നീടു ചൈനാടൗൺ ആരംഭിക്കുന്നത്. അവിടെ സഖറിയായെ കാത്ത് വിൻസന്റ് ഗോമസ്(ക്യാപ്റ്റൻ രാജു) ഉണ്ടായിരുന്നു. താൻ തുടങ്ങിയ പുതിയ കാസിനോ തന്റെ പഴയ സുഹൃത്തുക്കളുടെ മക്കളെ ഏല്പിക്കാനും തന്റെ ഏകമകളെ അവരിൽ ആരെകൊണ്ടെങ്കിലും കല്യാണം കഴിപ്പിക്കുകയും ആയിരുന്നു വിൻസ്ന്റിന്റെ ലക്ഷ്യം. അത് കൂടാതെ ഗൗഡയോടുള്ള പ്രതികാരത്തിന്റെ കനൽ അയാളുടെ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്നു. തന്റെ 3 സുഹൃത്തുക്കളുടെയും മക്കൾ ഒരുമിച്ചു വന്നാലെ കസിനോ കൈമാറു എന്നു വിൻസന്റ് പറഞ്ഞതിൻ പ്രകാരം മറ്റ് രണ്ടു പേരുടെയും മക്കളെ തേടി സഖറിയ യാത്ര തിരിച്ചു.ബിനോയ്(ദിലീപ്) മാത്തുകുട്ടി(മോഹൻലാൽ)എന്നിവരെ കണ്ടെത്തി ഇവർ ചൈനാടൗണിൽ എത്തുകയും ഗൗഡ ഇവരെ തിരിച്ചറിയുകയും പിന്നീട് ഇവരെ നശിപ്പിക്കാൻ ഗൗഡയും ഗൗഡയെ ഇല്ലാതാക്കാൻ ഇവർ മൂവരും നടത്തുന്ന സംഭവങ്ങളാണു ചൈനാടൗണിലെ വിശേഷങ്ങൾ.

അപ്പനും മകനുമായി മോഹൻലാൽ ഇതിൽ ഇരട്ടവേഷത്തിലാണു പ്രത്യക്ഷപ്പെടുന്നത്. മാത്തുകുട്ടി എന്ന ഗുണ്ടയുടെ റോളിൽ പുതിയതായി ഒന്നും ചെയ്യാൻ ലാലിനായിട്ടില്ല. ഹാസ്യ ചിത്രമായത് കൊണ്ട് തന്നെ മോഹൻലാലിന്റെ ഇൻഡ്രൊടക്ഷൻ സീൻ കണ്ട് ആരും കൂവിയില്ല. ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നപോലെ ആ കിടിലൻ ഇൻഡ്രൊടക്ഷൻ സീൻ ആളുകൾ ആർത്തു ചിരിച്ചു. മാത്തുകുട്ടിയോട് ഉള്ളിൽ സ്നേഹം ഒളിപ്പിച്ച് നടക്കുന്ന റോസമ്മയായി കാവ്യയും ഉണ്ട് സിനിമയിൽ. ഹാസ്യ രാജക്കന്മാർ ഒത്തു ചേരുന്നു എന്നൊക്കെ പറഞ്ഞിട്ടും മോഹൻലാലിന്റെയും (ഇൻഡ്രൊടക്ഷൻ സീൻ ഒഴികെ) ജയറാമിന്റെയും നമ്പറുകൾ ഒന്നും കാര്യമായി ഏറ്റില്ല. രണ്ടു മിനിറ്റെങ്കിൽ രണ്ട് മിനുറ്റ് രഞ്ജിനി ഹരിദാസ് എന്ന ലോകത്തോരവധത്തെ സഹിക്കേണ്ട ബാധ്യതവരെയുണ്ട് ഈ സിനിമ കാണുന്നവർക്ക്.

അവിടെയാണു ദിലീപ് അവതരിപ്പിച്ച ബിനോയുടെ വിജയം. കോമഡിക്കായി സുരാജ് ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് ബിനോയ് ആണു. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം താൻ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു. ആദ്യ പകുതി രസകരമായി മുന്നോട്ട് നീങ്ങി. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം തലകീഴ്മേൽ മറിഞ്ഞു. പ്രശസ്തമായ ഹാംഗ്ഓവർ എന്ന സിനിമ കണ്ട ഹാംഗ് ഓവറിൽ റാഫിമെക്കാർട്ടിൻ അത് ഒന്നു മലയാളീകരിച്ചപ്പോൾ അത് തിയറ്ററുകളിൽ ദുസഹമായ ഒന്നായി മാറി.

ആകെ ആശയകുഴപ്പത്തിലാകുന്ന ഒരു ത്രെഡാണു ഹാംഗ് ഓവറിന്റെത്. അതു പോലെ തന്നെ സംഭവിച്ചു. എല്ലാവർക്കും ആശയക്കുഴപ്പം. അഭിനേതാക്കൾക്കും പ്രേക്ഷകർക്കും സംവിധായകനും എല്ലാവർക്കും. ബാക്കി പറയേണ്ടതില്ലല്ലോ. അങ്ങിനെ ഒരു വിധം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പടം തീർത്തു. തീർന്നതിന്റെ ആശ്വാസത്തിൽ ജനം തിയറ്ററിന്റെ പുറത്തേക്ക് ഓടി. അഴകപ്പന്റെ ഛായാഗ്രഹണവും അനിൽ പനച്ചൂരാന്റെയും ജാസിഗിഫ്റ്റിന്റെയും സംഗീതവുമെല്ലാം സിനിമ കാണുന്നവർക്ക് കുറച്ച് ആശ്വാസമാകും.

എന്നാൽ ദുർബലമായ തിരകഥ ഈ സിനിമയുടെ എല്ലാ മേന്മകളും നീക്കി കളയുന്നു. മൾട്ടി സ്റ്റാർ എന്ന പേരിൽ ഇത്തരം ചിത്രങ്ങൾ പടച്ചു വിടുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ട്വന്റി ട്വന്റി എന്ന ചിത്രം താരസംഗമത്തിന്റെ ഒരു ആദ്യാനുഭവം നൽകിയതു കൊണ്ട് മാത്രമാണു അതിന്റെ മറ്റ് ന്യൂനതകൾ ശ്രദ്ധിക്കാതെ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്. ആ ഔദാര്യം ഒരു അവകാശമായി കണ്ട് പിന്നെയും പിന്നെയും പ്രേക്ഷകരെ വിണ്ഡികളാക്കാൻ ഇറങ്ങി പുറപ്പെട്ടാൽ പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊന്ന അവസ്ഥയാണു ഉണ്ടാവുക. പോക്കിരി രാജയേക്കാളും ക്രിസ്ത്യൻ ബ്രദേഴ്സിനേക്കാളും എന്തിനു കാര്യസ്ത്ഥനേക്കാളും നിലവാരമില്ലാത്ത ഈ ചിത്രം ഒരു വൻ വിജയമാവുകയാണെങ്കിൽ അത് മലയാള സിനിമയിൽ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ അവസാനത്തിന്റെ ആദ്യത്തെ ആളിക്കത്തൽ ആണെന്ന് കരുതിയാൽ മതി..!


* സിനിമ ടോഡ് ഫിലിപ്പ്സ് (ഹാംഗ് ഓവർ സംവിധായകൻ) കണ്ടാൽ സയനൈഡ് കഴിച്ച് ട്രെയിനിന്റെ മുന്നിൽ ചാടും...!!

*പടം കണ്ട പ്രേക്ഷകരുടെ അവസ്ഥയും ഏതാണ്ട് ഇതു പോലെയൊക്കെത്തന്നെ..!!!

2 comments:

Pony Boy said...

ഹലോ എന്ന സിനിമയെക്കുറിച്ച് പറഞ്ഞാൽ അത്രമഹത്വമാർന്ന ചിത്രമൊന്നുമല്ല ആദ്യപകുതി നല്ലതാണ് അതിനു ശേഷം പൊട്ടൻ ആട്ടം കാണുന്നത് പോലുള്ള കഥാഗതി...ഒരു അമച്വർ നാടകം പോലെയുള്ള ക്ലൈമാക്സും റീസണിങ്ങില്ലാത കഥയും...എന്നാൽ ഏതാണ്ടതെ സമയത്തിറങ്ങിയ ചോട്ടാമുംബൈയാണ് മികച്ച ഹാസ്യം എന്നാണെനിക്ക് തോന്നുന്നത്...

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പമ്പരവിഡ്ഡി സിനിമ കണ്ട് എനിക്ക് മതിയായി..20-20യുടെ അതേ കതയിൽ പോക്കിരിരാജ റീമിക്സ് ചെയ്ത ഒരു സാധനം...ഇതൊക്കെ എന്നിട്ടും ഓടുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാ...ആളുകളുടെ ആസ്വാദന മൂല്യം ഇടിയുന്നതിന്റെ തെളിവാണീത്തരം ചിത്രങ്ങളുടെ വിജയം..

Anonymous said...

" മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം താൻ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു"

അയ്യയ്യോ ..ഇങ്ങനെ ഒക്കെ പറഞ്ഞാലോ ചേട്ടാ ..ഇന്നത്തെ മലയാള സിനിമയിലെ എന്നല്ലേ പറയേണ്ടത് (അതും വേറെ ആരും ഇല്ലാത്തതുകൊണ്ടും , ഉള്ളവര്‍ക്ക് പ്രായവും രൂപവും വഴങ്ങാത്തത് കൊണ്ടും മാത്രം )

ദിലീപിന്റെ മിമിക്രി സംസ്കാരത്തില്‍ ടിന്റുമോന്‍ ചാലിച്ച കോമഡികള്‍ ആണ് ഇതില്‍ കാണുന്നത് . അല്ലെങ്കിലും ദിലീപ്‌ മമ്മൂട്ടി ഇവര്‍ എന്ത് ചെയ്താലും താങ്ങിക്കോലും താങ്കള്‍ എന്നറിയാം .

പിന്നെ ദിലീപിന്റെ ഏതെന്കിലും ചിത്രം ഇന്ന് നമ്മള്‍ ചിത്രം, കിലുക്കം എന്നിവ ഓര്‍ക്കും പോലെ ഒരു ഇരുപതു വര്ഷം കഴിഞ്ഞാല്‍ ഓര്‍ക്കുമോ ?

സത്യം പറഞ്ഞാല്‍ ദിലീപ്‌ അടക്കം എല്ലാരും മോശം ആയി എന്നാണ് പറയേണ്ടത് . അവിടേം ഒരുമാതിരി കുഴലൂത്ത് കാണിക്കരുത്

Followers

 
Copyright 2009 b Studio. All rights reserved.