RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഡബിൾസ്



നവാഗത സംവിധായകർക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള നടനാണു ശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ താല്പര്യപ്രകാരം പ്രശസ്തി നേടിയ ഒട്ടേറെ സംവിധായകർ മലയാളസിനിമയിലുണ്ട്. അതു കൊണ്ട് തന്നെ സോഹൻ സീനുലാൽഎന്ന പുതുമുഖ സംവിധായകനുമായി ചേർന്ന് മെഗാസ്റ്റാർ ഒരു സിനിമ ചെയ്യുന്നു, അതിൽ മലയാളികൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്ന നദിയാ മൊയ്തു മമ്മൂട്ടിക്ക് തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു എന്നും കേൾക്കുമ്പോൾ പ്രേക്ഷകർ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നത് സ്വഭാവികം. പക്ഷെ മേയ്ക്കപ്പ്മാൻ എന്ന സിനിമക്ക് ശേഷം സച്ചി സേതു കൂട്ടുകെട്ടിൽ നിന്നും കൂടുതലായി ആരും ഒന്നും പ്രതീക്ഷിക്കില്ല എന്നതും സ്വാഭാവികം.

പോണ്ടിച്ചേരിയിൽ വെച്ച് ഒരു കാറപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇരട്ടകളാണു ഗൗരിയും
(നദിയ) ഗിരിയും (മമ്മൂട്ടി) അനാഥരായി പോയ അവർ പിന്നീട് വളർന്നത് പിയറി അങ്കിളിന്റെ സംരക്ഷണയിലാണു. വളർന്നപ്പോൾ ആക്സിഡന്റിൽ പെടുന്നവരെ സംരക്ഷിക്കുന്ന ഒരു യൂണിറ്റ് അവർ സ്ഥാപിച്ചു. എവിടെ അപകടം നടന്നാലും ഇവർ സഹായത്തിനെത്തും. തങ്ങൾക്ക് സംഭവിച്ചതുപോലെ ഇനിയാരും അപകടത്തിൽ സഹായം ലഭിക്കാതെ ഇരിക്കരുത് എന്ന് അവർക്ക്നിർബന്ധമുണ്ട്. ഗൗരിയുടെയും ഗിരിയുടെയും സഹായത്തിനായി ഒരു മൂവർ സംഘം എപ്പോഴുംകൂടെയുണ്ട്. അനൂപ് ചന്ദ്രൻ, ബിജു കുട്ടൻ, സൈജു കുറുപ്പ് എന്നിവരാണു മൂന്നു പേർ. കേസിലാ വക്കീലായി സുരാജും സ്ഥലം പോലീസുദ്യോഗസ്ഥനായി സലീം കുമാറും പ്രേക്ഷകരെചിരിപ്പിക്കാനായിട്ടുണ്ട്.

ഗൗരിയും അങ്കിളിന്റെ മകനുമായ മിഷേലുമായി അടുപ്പത്തിലായിരുന്നു. എന്നാൽ മിഷേൽ ഒരു കുഴല്പണ ഇടപാടിൽ പെട്ട് ജയിലിലായതോടെ ഗിരി ഇവരുടെ വിവാഹത്തിനു എതിരാവുന്നു. പക്ഷെ ഗൗരിക്ക് മിഷേലിനോടുള്ള ഇഷ്ടം ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. തന്റെ ഇഷ്ടത്തിനു സമ്മതിക്കാത്ത ഗിരിയെ വേറെ ഒരു പെണ്ണുമായി അടുക്കാൻ ഗൗരി സമ്മതിക്കുന്നുമില്ല. ഗൗരിയുടെ ഈ നിലപാട് വ്യക്തമാക്കുന്നതിനു വേണ്ടി മാത്രം ബെസ്റ്റ് ആക്റ്റ്ടറിലെ നായിക ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയിരിക്കുമ്പോഴാണു ഇവരുടെ ഇടയിലേക്ക് സൈറാ ഭാനു(തപസി) കടന്നു വരുന്നത്. സൈറാ ഭാനുവിന്റെ വരവ് ഗിരിയുടെയും ഗൗരിയുടെയും ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇവരറിയാതെ ഇവർക്കിടയിൽ നടക്കുന്ന ഒരു ചതിയുടെ ഫലമായി ഗിരിയും ഗൗരിയും അകലന്നു. തെറ്റിദ്ധാരണകൾ മാറി ഇവർ ഒന്നാകുമോ ? ചിരിയുടെ മറവിൽ ചതി ഒളിപ്പിച്ചു വെച്ച യഥാർത്ഥ വില്ലനെ ഇവർ തിരിച്ചറിയുമോ? ഇതെല്ലാമാണു ഡബിൾസിലൂടെ പറയുന്നത്.

നല്ല കഥ, സച്ചി സേതു നല്ല രീതിയിൽ തന്നെ തിരകഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഒന്നും ഇല്ലെങ്കിലും ഛായാഗ്രഹണം മോശമല്ല. ഗാനങ്ങൾക്കും സംഘട്ടനങ്ങൾക്കുമൊന്നും അധികം പ്രാധാന്യം ഇല്ല. എല്ലാം കൊണ്ടും സോഹൻ സീനുലാൽ മോശം പറയിപ്പിക്കാത്ത വിധത്തിൽ തന്റെ കർത്തവ്യം നിർവ്വഹിച്ചിട്ടുണ്ട്.

നദിയ മൊയ്തുവിന്റെ മലയാളത്തിലേയ്ക്കുള്ള രണ്ടാം വരവ് മോശമായില്ല. ആടുക്കളത്തിലൂടെ കാണികളുടെ മനം കവർന്ന തപസി മമ്മൂട്ടിയുമായി ഒരു ഡ്യുയറ്റ് പാടുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായി. ഇത്തരമൊരു ചെറിയ റോളിനു തപസിയെ പോലെ ഒരു നടിയെ കൊണ്ടു വന്നത് എന്തിനാണു എന്ന് മനസ്സിലാവുന്നില്ല,അതു പോലെ കിരണിന്റെ ഒരു ഗ്ലാമർ നൃത്തവും. സൈജു കുറുപ്പ് എന്ന യുവനടനു ഒരല്പമെങ്കിലും പ്രാധാന്യം കിട്ടിയ ചിത്രമാണു ഇത്. കോമഡിയ്ക്കായി ഒരുക്കിയ രംഗങ്ങൾ എല്ലാം ഉദ്ദേശിച്ച പോലെ ഫലം കണ്ടു.

പക്ഷെ...! ഇതിലെ നായകൻ മമ്മൂട്ടിയാണു. മലയാളത്തിലെ മെഗാസ്റ്റാർ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. അതു കൊണ്ട് തന്നെ ഈ താരത്തിന്റെ ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും ആവേശഭരിതരായി തിയറ്ററുകളിൽ എത്തുന്ന ആരാധകരും സാദാ പ്രേക്ഷകരും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അത് ഈ സിനിമയിൽ ഇല്ല. മമ്മൂട്ടി എന്ന താരത്തിന്റെ ആരാധകരെയും മമ്മൂട്ടി എന്ന നടന്റെ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി കളഞ്ഞു ഈ സിനിമ. അപ്പോൾ മറ്റു പ്രേക്ഷകരുടെ അവസ്ഥ ഊഹിച്ചു നോക്കാവുന്നതല്ലേ. മുകേഷിനെ പോലുള്ള നടന്മാർക്ക് അഭിനയിക്കാൻ മാത്രമുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിനുമുൻപ് ഒരു വട്ടം കൂടി ആലോചിക്കേണ്ട ബാധ്യത മമ്മൂട്ടിക്കുണ്ട്. ഇല്ലെങ്കിൽ അത് ഈ മഹാനടന്റെ നടനവിസ്മയത്തിൽ ലയിച്ച് പുതിയ സിനിമകൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന നിരവധി പേരോട് ചെയ്യുന്ന വഞ്ചനയായിരിക്കും. അല്ല
ഓഗസ്റ്റ് 15 പോലുള്ള സിനിമകൾ ചെയ്യാൻ ധൈര്യം കാണിച്ച മമ്മൂട്ടി ഡബിൾസ് ചെയ്തതിൽ അത്ഭുതമില്ല.

*മമ്മൂട്ടിക്ക് അപ്പോൾ ഡബിൾ ഫ്ലോപ്പ്..!

**ത്രിബിൾസ് ആയി വന്ന് ഫ്ലോപ്പ് ആവുന്നതിനേക്കാൾ അന്തസ്സുണ്ട്...!!

2 comments:

Pony Boy said...

ആഗസ്റ്റ് 15 ഞാൻ ഇന്നലെയാണ് കണ്ടത്...എത്രയോ വർഷം മുൻപിറങ്ങിയ ആഗസ്റ്റ് 1 ൽ ക്യാപ്റ്റൻ രാജു പൊളപ്പിച്ച ഹിറ്റ്മാൻ വേഷം ഒരു ദൈന്യതയോടെയാണ് സിദ്ധിക്ക് ചെയ്തത്...അത് ഒരിക്കലും സിദ്ദിക്കിന്റെ കുഴപ്പമല്ല...100% കൂതറ തിരക്കഥ...വണിലെ കഥാസന്ദർഭത്തെ കോപ്പിയടിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു...

മമ്മൂട്ടിക്ക് കൂടുതലൊന്നും ചെയ്യാനില്ലാത്ത തിരക്കഥ..പിന്നെ ഇത്തവണ ഷാജി ഒരു നല്ലകാര്യം ചെയ്തു...അന്തമില്ലാതെ നായകനെ പൊക്കുന്നില്ല..അത് മാത്രമാണീ പടത്തിലെ ഏക മേന്മ...

പിന്നെ ഇതിൽ ഏറ്റവും നന്നായി പെർഫോമ്ം ചെയ്തത് ആരാണെന്ന കര്യത്തിൽ ഒരു സംശയവുമില്ല..റോയൽ എൻഫീൽഡ് ക്ലാസിക്ക് തന്നേ!!!!!!!!!...

Unknown said...

അതിനു ത്രിബ്ള്‍ ആയി വന്ന്‍ ആരു ഫ്ലോപ് ആയി അനിയാ ?

പിന്നെ ഡ്യുയറ്റ് ഒക്കെ പ്രതീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം ഒക്കെ ഓര്‍ക്കണ്ടേ അനിയാ ? അദ്ദേഹത്തിന് ആയകാലത്ത് പെട്ടി കുട്ടി പടങ്ങള്‍ ചെയ്തു സീമയുടെ കുടുംബ നാഥന്‍ ചമയുമ്പോള്‍ മനസ്സ് വച്ചിരുന്നെങ്കില്‍ ചെയ്യാമായിരുന്നു. അന്നോ നേരാം വണ്ണം ചെയ്തില്ല ഇനിയിപ്പോ അറുപതു ആയ സമയത്താണോ ചെയ്യുന്നത് ? (ഏറ്റവും നല്ല രീതിയില്‍ ചെയ്തിരുന്നവര്‍ക്ക് തന്നെ ചെയ്യാന്‍ ഇന്ന് സാധിക്കുന്നില പിന്നെ അല്ലെ )

നായികയുടെ മുഖം കാണാന്‍ ആ "യുവാവ് " കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ തന്നെ ആണ് അനിയാ ഏറ്റവും വലിയ കോമഡി. എന്ത് കൊമാളിത്തരവും കാണിച്ചാലും പണം വാരിയാല്‍ നിര്‍മാതാവ് രക്ഷപ്പെട്ടു എന്നെങ്കിലും സമാധാനിക്കാം . ഇതിപ്പോ അതും വയ്യല്ലോ അനിയാ

എന്ത് പറഞ്ഞാലും ത്രിബിൾസ് പണം വാരുന്നു എന്നതാണ് സത്യം . അതില്‍ അസൂയ ഉണ്ടോ അനിയന് ? ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ ഈ സിനിമയുടെ റിവ്യൂ തന്നെ തെരെഞ്ഞെടുത്തല്ലോ ഹോ സഹതാപം തോന്നുന്നു അനിയനോട് .

Followers

 
Copyright 2009 b Studio. All rights reserved.