മിമിക്രി കാണിക്കുന്നതിനെ മാസ് എന്നും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കുന്നതിനെ ക്ലാസ് എന്നും പറഞ്ഞ് ആഘോഷിക്കേണ്ട ഗതികേടിലാണു ഇന്ന് മലയാള സിനിമ. കൂടാതെ ന്യൂജനറേഷൻ വധവും ഉദയ് സിബി കോപ്രായത്തരങ്ങളും കൂടിയാവുമ്പോൾ പ്രേക്ഷകർ തിയറ്ററുകളിൽ കൊലാക്കൊല ചെയ്യപ്പെടുകയാണു.
ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എടുക്കാവുന്ന ഒന്നായി സിനിമ മാറി കഴിഞ്ഞിരിക്കുന്നു. വെറും 5 ലക്ഷം കൊണ്ട് സിനിമ പിടിച്ച് സന്തോഷ് പണ്ഡിറ്റ് അത് തെളിയിച്ചതാണു. തെരുവ് വേശ്യകൾ പോലും പറയാൻ അറയ്ക്കുന്ന വാക്കുകൾ നായികമാരെ കൊണ്ട് പറയിച്ച് മലയാളികളുടെ അടക്കി വെച്ചിരിക്കുന്ന വികാരങ്ങളെ താലോലിച്ച് വിട്ട് കൊണ്ട് ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ജനിയ്ക്കുമ്പോൾ ഇന്നത്തെ സിനിമക്കാരും പ്രേക്ഷകരും മറന്നു പോയ ഒരു കഥ പറയുകയാണു കമൽ തന്റെ സെലുലോയ്ഡ് എന്ന ചിത്രത്തിലൂടെ..!
ആരാണീ ജെ സി ഡാനിയേൽ.. ??ഇന്ന് മലയാള സിനിമയിൽ പ്രവർത്തിക്കുന്ന പലർക്കും, മലയാള സിനിമ മുടക്കം കൂടാതെ കാണുന്ന പലർക്കും ഈ പേരു പരിചിതമാവാൻ വഴിയില്ല. മലയാള സിനിമ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുള്ള വ്യക്തി. ആദ്യമായി മലയാളത്തിൽ ഒരു ചലന ചിത്രം ഉണ്ടാക്കിയ മലയാള സിനിമയുടെ പിതാവ്.
ജീവിച്ചിരുന്നപ്പോൾ നമ്മൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. എന്നാൽ മരിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു. അതാണല്ലോ പതിവ് അതാണല്ലോ ശീലവും. ഈ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. മലയാള സിനിമയെ സ്നേഹിക്കുന്ന ഒരാളാണു താങ്കളെങ്കിൽ ഈ ചിത്രം പോയി കാണുക. ജെ സി ദാനിയേലിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നിശബ്ദമായി പങ്കു ചേരാം.
തിയറ്ററിലെ ഇരുട്ടിൽ നിന്ന് സിനിമ അവസാനിക്കുമ്പോൾ തെളിയുന്ന വെളിച്ചത്തിൽ നിങ്ങളുടെ കണ്ണുകളിൽ കാണുന്ന കണ്ണു നീർത്തുളിക്കൾ അതു മാത്രം മതി ഈ നല്ല സിനിമയുടെ സാക്ഷ്യപത്രമാക്കാൻ. പൃഥ്വിരാജ്,മമത്,ചാദ്നി തുടങ്ങിയവർക്ക് അഭിമാനിക്കാം കമൽ എന്ന അനുഗ്രഹീത സംവിധായകന്റെ കരവിരുതിൽ വിരിഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ.
മലയാള സിനിമയിലെ ആദ്യ് നായിക ആയിരുന്ന റോസിക്ക് പിന്നെന്ത് സംഭവിച്ചു എന്ന് ഈ ചിത്രത്തിൽ പറയുന്നില്ല എന്നത് ഒരു കുറവായി പലർക്കും തോന്നാം. എന്നാൽ താൻ അഭിനയിച്ച സിനിമ ഒരിക്കലും വെള്ളിത്തിരയിൽ കാണാൻ കഴിയാതെ ജാതിവെറിയന്മാരാൽ ഇരുട്ടിലേക്ക് ഓടി മറയേണ്ടി വന്ന റോസിയുടെ മനോവേദന ചിന്തിച്ചെടുക്കാൻ കഴിയുന്ന ആരും ഇങ്ങനെ ഒരു പരാതി ഉന്നയിക്കില്ല എന്നതാണു വാസ്തവം.
പറഞ്ഞു വന്നതിനിടയിൽ സിനിമയുടെ കഥ പറയാൻ മറന്നു. മനഃപൂർവ്വം പരാമർശിക്കാതിരുന്നതാണു. കാരണം ഇത് ചരിത്രമാണു തിരുത്തിയെഴുതപ്പെടാൻ കഴിയാത്ത ചരിത്രം...!!!
1 comments:
തെരുവ് വേശ്യകൾ പോലും പറയാൻ അറയ്ക്കുന്ന വാക്കുകൾ നായികമാരെ കൊണ്ട് പറയിച്ച് മലയാളികളുടെ അടക്കി വെച്ചിരിക്കുന്ന വികാരങ്ങളെ താലോലിച്ച് വിട്ട് കൊണ്ട്.....
അതേത് സിനിമ...ഇനി ട്രിവാൻഡ്രം ലോഡ്ജിനെ വല്ലതും ഉദ്ദേശിച്ചാണോ
Post a Comment