RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഷട്ടര്


ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിലെ നായകനായിരുന്ന  ജോയ് മാത്യു സംവിധാനം ചെയ്ത സിനിമയാണു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഷട്ടര്. ലാൽ, വിനയ് ഫോർട്ട്, സജിത മഠത്തിൽ,ശ്രീനിവാസൻ തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ തന്നെയാണു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കോഴിക്കോടൻ പശ്ചാത്തലത്തിൽ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണു ഷട്ടറിന്റെത്. തെറ്റാണെന്ന് വ്യക്തമായി ബോധ്യമുണ്ടായിട്ടും ഒരു ഹരത്തിനു വേണ്ട് മാത്രം ചില്ലറ തെറ്റുകൾ ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അതു പോലെ ഒരു തെറ്റിൽ ചെന്ന് ചാടുന്ന റഷീദ് എന്ന മധ്യവയസ്ക്കനും അയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ സുരനുമാണു ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു വേശ്യയുമായി സ്വന്തം വീടിന്റെ മുന്നിൽ തന്നെയുള്ള കടമുറിയ്ക്കുള്ളിലെ ഷട്ടറിനുള്ളിൽ അകപ്പെടുന്ന റഷീദ്. (വെറുതെ അങ്ങനെ അകപ്പെടുകയല്ല കേട്ടോ. വഴിയിൽ കസ്റ്റമറെ കാത്ത് നിന്നിരുന്ന ആളിനെ ഓട്ടോയിൽ കയറ്റി വേറെ ഒരു സ്ഥലവും കിട്ടാത്തത് കൊണ്ട് സ്വന്തം കടമുറിയിലേക്ക് കയറിയതാണു).

 ഇവർക്ക് ഭക്ഷണം വാങ്ങിക്കാനായി സുരൻ ഷട്ടർ പുറത്ത് നിന്ന് പൂട്ടി പോകുന്നു. വഴിയിൽ വെച്ച് മദ്യപിച്ച് വണ്ടി ഓടിച്ചതിനു സുരൻ പോലീസ് പിടിയിൽ ആകുന്നു. പുറത്തിറങ്ങാൻ കഴിയാതെ ഷട്ടറിനുള്ളിൽ റഷീദും തങ്കം എന്ന് വിളിക്കാവുന്ന വേശ്യയും. നേരം വെളുക്കുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ സുരനു പകൽ ആയത് കൊണ്ട് ഇവരെ പുറത്തിറക്കാൻ കഴിയുന്നില്ല. പിന്നീട് എന്ത് സംഭവിക്കും എന്നതാണു ഷട്ടറിലൂടെ പറയുന്നത്. അന്ന് രാത്രി വന്ന് തുറന്ന് വിട്ടാ പോരെ സംഗതി കഴിഞ്ഞില്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷെ സ്വന്തം വീടിന്റെ മുറ്റത്തെ കടമുറിയിൽ എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന ഷട്ടറിന്റെ ഉള്ളിൽ ഇരിക്കുമ്പോഴത്തെ മാനസികാവസ്ഥ അത് ഒരു ഒന്നൊന്നര അനുഭവം തന്നെയാണു.

 ഇതാണു സിനിമയുടെ കഥയെങ്കിലും ഇതിൽ പല ഉപകഥകളും പറഞ്ഞ് പോകുന്നുണ്ട്. നടന്റെ ഡേറ്റ് കിട്ടാൻ വേണ്ടി നടക്കുന്ന സംവിധായകന്റെ വേഷം ചെയ്യുന്ന ശ്രീനിവാസൻ. റഷീദിന്റെ കോളേജിൽ പഠിക്കുന്ന ന്യൂജനറേഷൻ മകൾ. പക്ഷെ എല്ലാം നന്നായി കോർത്തിണക്കി  അവതരിപ്പിക്കാൻ ജോയ് മാത്യുവിനു കഴിഞ്ഞിട്ടുണ്ട്. റഷീദിന്റെ സുഹൃത്ത് ബന്ധങ്ങളിലെ പൊള്ളത്തരങ്ങൾ, വേശ്യാ സ്ത്രീയുടെ തങ്കപ്പെട്ട മനസ്സ്, പ്രേംകുമാറിന്റെ പോലീസ് വേഷം, റഷീദിന്റ് കട മുറികളിലൊന്ന് ഒഴിഞ്ഞ് കൊടുക്കാത്ത വർക്ക്ഷോപ്പ്കാരൻ. അങ്ങനെ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു സ്ഥാനം നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

 ലാലിനെ സംബന്ധിച്ചിടത്തോളം റഷീദ് എന്ന ഗൾഫ് മലയാളിയുടെ വേഷം ഒരു വലിയ വെല്ലുവിളിയൊന്നുമല്ല. കാരണം ഇതിലും ശക്തമായ കഥാപാത്രം കിട്ടിയാലും അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. പക്ഷെ വിനയ് ഫോർട്ടിനു മലയാള സിനിമയിൽ ഒരുപാട് മൈലേജ് നൽകാൻ ഈ ചിത്രം സഹായിക്കും. തീവ്രം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ക്ഷീണം വിനയിനു ഷട്ടർ തീർത്ത് കൊടുക്കും. സജിത മഠത്തിലിനു ലഭിച്ച വേഷം ആ നടി ഗംഭീരമാക്കി.

ആകെ മൊത്തത്തിൽ ഷട്ടർ ഒരു നല്ല സിനിമയും ഒപ്പം ഒരു മികച്ച സിനിമയുമാണെന്നതിൽ തർക്കമില്ല. പക്ഷെ ഇതൊരു മഹത്തായ സിനിമയാണെന്ന് ആരെങ്കിലും പറഞ്ഞാൽ, (അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല) അത് അംഗീകരിച്ചു കൊടുക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.