RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കമ്മത്ത് & കമ്മത്ത്




ജനപ്രിയ നായകൻ ശ്രീ ദിലീപ്. ഒപ്പം തിരകഥ,സംഭാഷണം ഉദയ് സിബി കെ തോമസ്. ഈ ഒരൊറ്റ കൂട്ട് കെട്ട് മതി തിയറ്ററുകളിലേക്ക് ജനം പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ ഇടിച്ചു കയറാൻ. പടം മിനിമം സൂപ്പർ ഹിറ്റ് ഉറപ്പാണു. മെഗാ ഹിറ്റും ബ്ലോക്ക്ബസ്റ്ററുമെല്ലാം പിന്നെ സിനിമ സമരത്തെ ആശ്രയിച്ചും ഇരിക്കും. പറഞ്ഞ് വന്നത് ഈ കൂട്ട് കെട്ടിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി കൂടി വന്നാലോ പിന്നെ അടി പൊടി പൂരം കെങ്കേമം.

അങ്ങനെ ഒരു മഹാസംഭവം കാണാനുള്ള ഭാഗ്യം കമ്മത്ത് & കമ്മത്തിലൂടെ പ്രേക്ഷ്കർക്ക് കൈവന്നിരിക്കുകയാണു. എന്താണു ഈ ചിത്രത്തിന്റെ കഥ എന്നത് ഒരു പ്രസക്തമായ ചോദ്യമല്ല. തിരകഥ എങ്ങനുണ്ട് എന്ന ചോദ്യം നമ്മുക്ക് ചിരിച്ച് തള്ളാം. പിന്നെ സംഭാഷണം ദോഷം പറയരുതല്ലോ അത് കൊങ്കണി ഭാഷയിലാണു. മമ്മൂട്ടിയും ദിലീപും കൊങ്കണി ഭാഷയിലാണു സംസാരിക്കുന്നത്. അത് കേട്ടാൽ ചിരിച്ച് ചിരിച്ച് ചിരിച്ച് എന്റെ അമ്മോ........!!

ഒരു കുട്ടിക്കാലം. പിന്നെ വലിയ നിലയിലേക്ക് വളരുന്ന നായകൻ. നായകനെ എതിർക്കുന്ന വില്ലന്മാർ. അവസാനം ഒരു ഗോഡൗൺ ഫൈറ്റ് ക്ലൈമാക്സ്. ഇതിനിടയ്ക്ക് പുട്ടിനു പീര പോലെ കുറച്ച് കോമഡി. ഇതാണു ഉദയ് സിബിമാർ വർഷങ്ങളായി എടുത്ത് പെരുമാറുന്ന വിജയ ഫോർമുല. ഇതിൽ ഇരട്ട നായകന്മാരെ പ്രതിക്ഷ്ഠിച്ച് കൊണ്ട്  ചുട്ടെടുത്തതാണു കമ്മത്ത് & കമ്മത്ത്.

പോക്കിരി രാജ എന്ന ചിത്രത്തിൽ പ്രിഥ്വിക്കും മമ്മൂട്ടിക്കും കൃത്യമായി സ്ക്രീൻ സ്പേസ് വിഭജിച്ചു നൽകിയ തിരകഥകൃത്തുക്കൾ പക്ഷെ കമ്മത്തിൽ കളി ഒന്ന് മാറ്റി ചവിട്ടി. ദിലീപാണോ മമ്മൂട്ടിയാണോ തകർത്തത് എന്ന് രണ്ട് കൂട്ടരുടെയും ഫാൻസുകാരുടെ അവകാശവാദങ്ങൾ വഴി ഉണ്ടാകാനിടയുള്ള തമ്മിലടി ഒഴിവാക്കാൻ  ഒരു വഴി ഉദയ് സിബി  ബാബുരാജിലൂടെ സാധിച്ചെടുത്തു.

ഇനി സംവിധായകന്റെ  കാര്യം. അതിപ്പോ ഇവരുടെ തിരകഥ തോംസൺ ചെയ്താൽ എന്താ സാക്ഷാൽ ജോഷി സാർ ചെയ്താൽ എന്താ.. രണ്ട് മണിക്കൂർ 28 മിനുറ്റ് ഒറ്റ കൂവൽ പോലും ഇല്ലാതെ കണ്ടിരുന്ന പടം കഴിഞ്ഞപ്പോൾ തിയറ്റർ മുഴുവൻ നിർത്താതെ കൂവിയത് എന്തിനാണു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

 മിസ്റ്റർ മരുമകൻ വരെ ഹിറ്റ് ആയ കേരളത്തിൽ കമ്മത്തുമാർ സൂപ്പർ ഹിറ്റുമായേ പോകു അത് ഉറപ്പാണു. അതിനു മുൻപിൽ ഈ കൂവലൊക്കെ അസ കൊസ അസകൊസ ...!

4 comments:

ശ്രീ said...

ഉദയകൃഷ്ണ-സിബി കെ തോമസ് എന്ന് കണ്ടാല്‍ തന്നെ പകുതി കഥ തീരുമാനമായതു പോലെയാണ്. പിന്നെ ഇപ്പോ കാണാന്‍ പോകുന്ന ചിത്രത്തില്‍ അതെങ്ങനെ അവര്‍ വളച്ചൊടിച്ച് എടുത്തു എന്നറിയുന്നതിലേ ആകാംക്ഷ ഉള്ളൂ...

(എനിയ്ക്ക് അടുത്ത കാലത്തായി ദിലീപിന്റെ അഭിനയം ഒട്ടും ഇഷ്ടപ്പെടാത്തത് ഇവരുടെ ചിത്രങ്ങളിലാണ്. - എന്റെ മാത്രം കുഴപ്പമാണോ എന്നറിയില്ല)

b Studio said...

@ Sree ഇത് പലർക്കും തോന്നുന്ന കാര്യമാണു :)

Unknown said...

നരൈന്‍ നടത്തിയ ഭാവഭിനയത്തെക്കുറിച്ച് ഒന്നും പറയാത്തത് മോസം ആയി പോയി....ഒരു പാട്ട് എത്ര മനോഹരം ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത് ....സുബ്രമണ്യപുരത്തില്‍ ജയ് ചെയ്തതൊക്കെ എന്തിനു കൊള്ളാം ...ഇവനല്ലേ പാട്ട് ....പിന്നെ സുരാജ് മോസം ആക്കിട്ടില്ലല്ലോ...സുരാജിന് കോമഡി കൊടുക്കാത്തതിന് സിബി ഉദയ്‌ ടീമിന് ഒരു അഭിനന്ദനം എങ്ങിലും കൊടുക്കണം...കോമഡി പറയാത്തതിന് ബാബുരാജിനും....പിന്നെ സ്ഥിരം ക്ലീഷേ എന്നൊന്നും പറയരുത് നായികാ കല്യാണം കഴിഞ്ഞതാണെങ്കിലും സംസാര ശേഷി ഇല്ലാതതായാലും നായകന്‍ സ്വീകരിക്കണം എങ്കില്‍ കന്യക തന്നെ ആവണമല്ലോ....നമ്മുടെ കന്യക മേനോന്റെ ഒക്കെ ഒരു ടൈം.......പിന്നെ അടുത്ത പടത്തില്‍ മെഗാ സ്റാര്‍ രഞ്ജിനി ഹരിദാസ്‌ പറയുന്ന മലയാളം ഉപയോഗിക്കാവുന്നതാണ്...ബാക്കി എല്ലാം അദ്ദേഹംപറഞ്ഞു തകര്‍ത്തു കഴിഞ്ഞല്ലോ ....പിന്നെ ഇത്രേം സുപ്രധാനം ആയ ഗസ്റ്റ് റോളിന് ധനുഷിനെ കാസ്റ്റ് ചെയ്തത് ശരിയായില്ല...മിനിമം രജനികാന്ത് കമല്‍ ഹാസന്‍ അല്ലേല്‍ അറ്റ്ലീസ്റ്റ് ഷാരൂഖ് ഖാന്‍ എങ്ങിലും വേണമായിരുന്നു...മമ്മൂടി ചെയ്യുന്ന അതി കഠിനമായ ഡാന്‍സ് സ്റെപ്സ്‌ ചെയ്യാന്‍ കഴിയാതെ ധനുഷ്‌ കഷ്ടപ്പെടുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...

Joselet Joseph said...

ഇത്തരം അലമ്പ് തിരക്കധാകൃത്തുക്കളാണ് മലയാള സിനിമയെ ഒരു കോണില്‍ ഒതുക്കിയത്. താരങ്ങള്‍ക്കും പ്രോട്യൂസര്‍ക്കും ഇനിഷ്യല്‍ കളക്ഷന്‍ മാത്രം മതി. അതുകൊണ്ടാണ് വീണ്ടും സിബി-ഉദയ് ടീമിന്റെ പിന്നാലെ പോകുന്നത്. ഒരിക്കലും നല്ലൊരു കലാസൃഷ്ടി ഒരുകാനുള്ള ആമ്പിയര്‍ ഇവര്‍ക്കില്ല.

Followers

 
Copyright 2009 b Studio. All rights reserved.