കഥ പറയും എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എം മോഹൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു മാണിക്യക്കല്ല്. തന്റെ ആദ്യ ചിത്രത്തിനു ശ്രീനിവാസൻ എന്ന മഹാനായ തിരകഥാകൃത്തിന്റെയും മമ്മൂട്ടി എന്ന അതുല്യ നടന്റെയും സാന്നിധ്യം മോഹനു കൂട്ടായി ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ സ്വന്തം കഴിവ് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കേണ്ട ബാധ്യത മോഹൻ എന്ന സംവിധായകനുണ്ടായിരുന്നു താനും.
സ്വന്തം രചനയിൽ സംവിധാനം നിർവ്വഹിച്ച രണ്ടാമത്തെ സിനിമയിലൂടെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം മോഹൻ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സത്യൻ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധായകൻ എന്ന പദവി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത് നേടിയെടുത്തതിൽ ആണു സംവിധായകൻ കൈയ്യടി നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയിൽ സമ്പൂർണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്.
95% വിജയം കൈവരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയും സ്ക്കൂളുകൾ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണു ഈ സിനിമ. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രൻ മാഷിനു(പൃഥ്വി) ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടർന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലിൽ പറയുന്നത്.
ഉദയ്കൃഷ്ണ- സിബി കോമഡി സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സുരാജും സത്യൻ അന്തിക്കാടിന്റെ ആയുധങ്ങളായ ഇന്നസെന്റും മാമുക്കോയെയുമൊന്നും ഉപയോഗിക്കാതെ തന്റെതായ ഒരു കൂട്ടു കെട്ട് സൃഷ്ടിച്ചെടുത്താണു എഴുത്തുകാരൻ കഥയിൽ നർമ്മം കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിരാമൻ എന്ന തന്റെ പേരു ഗസറ്റിൽ തമ്പുരാൻ എന്നു പരസ്യം ചെയ്ത് മാറ്റിയ സലിം കുമാർ, സ്കൂൾ റൂം, വളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നെടുമുടിവേണുവിന്റെ ഹെഡ്മാസ്റ്റർ,ജഗതിയുടെ കള്ളവാറ്റുകാരൻ കരിങ്കൽ കുഴി തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. നായിക വേഷത്തിൽ എത്തിയ സംവൃത തകർത്തഭിനയിച്ചിട്ടുണ്ട്. സുകുമാറിന്റെ ക്യാമറ മനോഹരമായ രീതിയിൽ വണ്ണാമല ഗ്രാമത്തിന്റെ സൗന്ദര്യം പ്രേക്ഷകരിൽ എത്തിക്കുന്നു. വിനയ ചന്ദ്രൻ മാഷായി അഭിനയിക്കുന്ന പൃഥ്വിരാജ് ഒരു വലിയ വെല്ലുവിളി തന്നെയാണു സ്വീകരിച്ചത്. ഒരു വാക്കിലോ നോട്ടത്തിലോ പോലും സാദാ സ്ക്കൂൾ മാഷിന്റെ കുപ്പായത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ട്.
ഹൃദയസ്പർശിയായ ഒരു കഥ നന്നായി പറഞ്ഞു പോകാൻ സംവിധായകനു കഴിഞ്ഞെങ്കിലും തഴക്കം ചെന്ന ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ അഭാവം എവിടെയൊക്കെയോ മുഴച്ചു നിൽക്കുന്നതായി തോന്നാം. കഥപറയുമ്പോൾ നൽകിയ അത്രയ്ക്കും അനുഭൂതി മാണിക്യക്കല്ലിനു നൽകാൻ കഴിയാതെ പോകുന്നതും ഇക്കാരണം കൊണ്ട് തന്നെ. സുരേഷ് ഗോപിയെ ഭരത് ചന്ദ്രനാക്കാനും മോഹൻലാലിനെ സേതുമാധവനാക്കാനും മമ്മൂട്ടിയെ ജികെ ആക്കാനും ദിലീപിനെ മീശമാധവൻ ആക്കാനും അന്ന് മലയാള സിനിമയിൽ ശക്തരായ എഴുത്തുകാർ ഉണ്ടായിരുന്നു. ഈ കാര്യത്തിൽ പൃഥ്വിരാജിനെ പോലുള്ളവർ നിർഭാഗ്യവാന്മാരാണു. പക്ഷെ എം മോഹനെ പോലെയുള്ള സംവിധായകർ ഇത്തരം കഥകൾ കണ്ടെത്തുകയും അതിൽ യുവതാരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്നു എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെ.
ഇനി മലയാള സിനിമ "തിയറ്ററിൽ" നിന്ന് കാണുന്നവരുടെ അറിവിലേയ്ക്ക്
ഈ സിനിമ നിങ്ങൾ കണ്ടില്ലെന്ന് കരുതി യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. നിരവധി മലയാള സിനിമകൾ ഇറങ്ങി തിയറ്ററുകൾ മാറുന്നതിന്റെ കൂട്ടത്തിൽ ഇതും മാറിക്കോളും. ഇനി ഒരു പക്ഷെ ഈ സിനിമ കാണണമെന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു തിരിച്ചു പോകലിന്റെ ആരംഭം ആയിരിക്കും, പാപ്പിയും അപ്പച്ചനും പോക്കിരിരാജയുടെ കൂടെ ചേർന്ന് കാര്യസ്ഥന്റെ സഹായത്തോടെ ചൈനാടൗണിലെത്തി ക്രിസ്ത്യൻ ബ്രദേഴ്സിനോട് ഏറ്റുമുട്ടി നശിപ്പിച്ച മലയാള സിനിമയുടെ വസന്തകാലത്തേയ്ക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭം..!
Subscribe to:
Post Comments (Atom)
2 comments:
ഒന്നു കണ്ടു കളയാം.
നന്ദി.
കോപ്പിലെ നൃത്തരംഗവും പ്രസംഗ രംഗവും ഒഴിവാക്കിയാല്‍ മികച്ചതാവും . പിന്നെ ഓരോ രംഗവും പ്രവച്ചനത്മകം ആണ്. അതായതു സ്കൂളിന്റെ അധോഗതി കാണിച്ചപ്പോള്‍ തന്നെ പ്രിത്വിരാജ് വന്നു നന്നാക്കും എന്ന് പ്രവചിക്കാന്‍ കഴിയുന്ന്ന രീതിയില്‍ ആണ് കഥയുടെ പോക്ക് .
Post a Comment