പ്രമേയപരമായി വട്ടപൂജ്യമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം കേൾപ്പിച്ച സിനിമയായിരുന്നു പോക്കിരിരാജ. വൈശാഖ് എന്ന പുതുമുഖ സംവിധായകന്റെ സ്വപ്നസമാനമായ തുടക്കം. അത്കൊണ്ട് തന്നെ വൈശാഖ് തന്റെ പുതിയ ചിത്രമായി എത്തുമ്പോൾ പോക്കിരിരാജയോടോപ്പം നിൽക്കുന്ന ഒരു ചിത്രം തന്നെയാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. എന്തായാലും ഈ സംവിധായകൻ പ്രതീക്ഷകൾ അസ്ഥാനത്താക്കിയില്ല. വൈശാഖ സിനിമയുടെ ബാനറിൽ പി രാജൻ നിർമ്മിച്ച് സച്ചി-സേതു തിരകഥയൊരുക്കിയ സീനിയേഴ്സ് ഒരു അടിപൊളി കോമഡി സസ്പെൻസ് ചിത്രം.
1981 ലെ ഒരു ന്യൂയർ രാത്രിയിൽ നിന്നാണു സിനിമ ആരംഭിക്കുന്നത്. തന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്ന ഒരഛൻ തന്റെ മകനു മരണത്തിന്റെ സംഗീതം തരാട്ട് പാട്ടായി കേൾപ്പിച്ചു കൊണ്ട് മരണത്തിലേക്ക് യാത്രയാവുന്നു. പിന്നീട് 1996ലെ ഒരു കോളേജ് ഡേ രാത്രി. അവിടെ വെച്ച് ലക്ഷ്മി(മീരനന്ദൻ) കൊല്ലപ്പെടുന്നു. പിന്നീട് കഥ ഇന്നിലേക്ക് വരുന്നു. ഈ കൊലപാതകത്തിന്റെ കുറ്റം ഏറ്റെടുത്ത പത്മനാഭൻ എന്ന പപ്പു(ജയറാം) 12 വർഷങ്ങളുടെ ജയിൽ വാസത്തിനു ശേഷം തിരിച്ചു വരികയാണു. പണ്ട് തന്റെ സഹപാഠികളും ആത്മാർഥ സുഹൃത്തുക്കളും ആയ റഷീദ് മുന്ന(മനോജ് കെ ജയൻ)ഫിലിപ്പ് ഇടിക്കുള (ബിജു മേനോൻ) റെക്സ്(കുഞ്ചാക്കോ) എന്നിവർ പപ്പുവിനെ വരവേൽക്കുന്നു. പക്ഷെ പപ്പുവിന്റെ ആവശ്യം ഇവർ മൂന്നു പേരെയും കുഴക്കുന്നതായിരുന്നു. പണ്ട് പഠിച്ച അതേ കോളേജിൽ പിജിക്ക് ചേരുക. കുടുംബസ്ഥരായ ഇടിക്കുളയ്ക്കും റഷീദിനും ഇത് എളുപ്പമുള്ള ഒന്നായിരുന്നില്ല. അവസാനം പപ്പുവിനു വേണ്ടി ഇവർ കോളേജിൽ ചേരാം എന്ന തിരുമാനത്തിലെത്തുന്നു. സീനിയേഴ്സ് Back to the College.
പിന്നീടങ്ങോട്ട് ഒരു ഫുൾ എന്റെർട്ടെയ്നർ ആയിട്ടാണു ചിത്രം നീങ്ങുന്നത്. പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. ഇതെ ജനുസ്സിൽ വരുന്ന മറ്റ് ചിത്രങ്ങളിൽ നിന്ന് സീനിയേഴ്സിനെ വേറിട്ട് നിർത്തുന്നത് ഇതിനു ശക്തമായ ഒരു തിരകഥയുടെ പിൻബലം ഉണ്ട് എന്നതാണു. ഇനീഷ്യലിനു വേണ്ടി തട്ടിക്കൂട്ടിയ ഒരു അവിയൽ മൾട്ടി സ്റ്റാർ ചിത്രം മാത്രമായി സീനിയേഴ്സ് ഒതുങ്ങി പോകാത്തതും ഇതു കൊണ്ട് തന്നെ. നായകന്മാരായി എത്തുന്ന നാലു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബിജുമേനോനും മനോജ് കെ ജയനും. നായകനെ കടത്തി വെട്ടുന്ന അഭിനയം കാഴ്ച്ചവെക്കാറുള്ള ഈ രണ്ട് അഭിനേതാക്കൾ ഇങ്ങനെ ഒരു സിനിമയിൽ നായകവേഷത്തിൽ എത്തുമ്പോൾ തകർക്കുന്നത് സ്വാഭാവികം. ജയറാമിൽ നിന്ന് സാധാരണ വരാറുള്ള ഭാവങ്ങൾ എല്ലാം ഇതിലും വന്നിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്ന നടന്മാരുടെ അത്ര റേഞ്ച് ഇല്ലാത്തത് കൊണ്ടാവണം കുഞ്ചാക്കോക്ക് അധികം അഭിനയിച്ച് ബുദ്ധിമുട്ടേണ്ട വിഷമം തിരകഥകൃത്തുക്കൾ ഉണ്ടാക്കിയിട്ടില്ല. സ്ത്രീകഥാപാത്രങ്ങൾക്ക് അധികം പ്രധാന്യമില്ലെങ്കിലും പത്മപ്രിയ,അനന്യ എന്നിവർ തങ്ങളുടെ റോളുകൾ നന്നാക്കി.
ഡബിൾസ് നൽകിയ ആഘാതത്തിൽ നിന്നുള്ള ഒരു ശക്തമായ തിരിച്ചു വരവായിരിക്കും സച്ചി സേതുവിനു സീനിയേഴ്സ്. വുമൺസ് ഹോസ്റ്റ്ലിൽ നിന്ന് ടീച്ചറെ തട്ടി കൊണ്ട് വരിക, രാത്രി മെൻസ് ഹോസ്റ്റലിൽ ഐറ്റം ഡാൻസ് നടത്തുക തുടങ്ങിയ വളിപ്പുകൾ കണ്ടില്ലെന്ന് നടിച്ചാൽ തികഞ്ഞ കൈയ്യടക്കത്തോടെയാണു സച്ചി സേതു തിരകഥയൊരുക്കിയിരിക്കുന്നത്. കളർഫുൾ ആയ ചിത്രീകരണം സീനിയേഴ്സിന്റെ മാറ്റു കൂട്ടുന്നു. ഗാനങ്ങൾ സന്ദർഭത്തിനു യോജിച്ചവതന്നെ. തന്റെ ആദ്യ ചിത്രത്തേക്കാളും നല്ല ഒരു സിനിമ ഒരുക്കിയതിലും അത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിലും സംവിധായകനു അഭിമാനിക്കാം.
ഈ സിനിമ കണ്ട ചിലർ ഇത് തല്ലി പൊളി, വളിപ്പ്, അറുമ്പോറ് എന്നൊക്കെ പറഞ്ഞേക്കാം. കാരണം.. ഇതിൽ കരിഓയിലിൽ വീണു ഉരുളുക, പാന്റിന്റെ സിബ് ഇടുമ്പോൾ ഇറുകുക, നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുക തുടങ്ങിയ വറൈറ്റി കോമഡികൾ ഇല്ല എന്നതു തന്നെ..!
Subscribe to:
Post Comments (Atom)
2 comments:
ഉവ്വ...മലയാളി പ്രേക്ഷകന്റെ ആസ്വാദന ദാരിദ്ര്യത്തിന്റെ മകുടോദാഹരണമാണ് പോക്കിരിരാജ എന്ന സിനിമ...ഒരു തരം ക്യത്രിമമായ കളർഫുൾ ഡയേറിയ..
അതും ക്രിസ്ത്യൻ ബ്രദേഴ്സും പോലുള്ള ലോകചവറുകൾ സ്വീകരിക്കുന്ന ഒരു തരംതാണ സമൂഹമാണ് ഇന്നത്തെ മലയാളി പ്രേക്ഷകൻ...
സീനിയേഴ്സ് ലണ്ടനിലും റിലീസ് ചെയ്തിരുന്നു
ഇഷ്ട്ടായി...
Post a Comment