RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആൺ വീട്ടിലേക്ക് ജയറാം പോകാത്തതെന്തു കൊണ്ട്..?
മലയാളത്തിലെ യഥാർത്ഥ ജനപ്രിയ നായകനാണു ജയറാം. ഇന്ന് ജനപ്രിയ പട്ടം നെറ്റിയിൽ ചാർത്തി നടക്കുന്ന മറ്റൊരു നടന്റെ സിനിമകളും ജയറാമിന്റെ നല്ല കാലത്തെ സിനിമകളും പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇടക്കാലത്ത് ഒരല്പം ക്ഷീണം സംഭവിച്ചതോടെ മിനിമം ഗ്യാരന്റി നടൻ എന്ന പദവി ജയറാമിനു നഷ്ടമായിരുന്നു. വെറുതെ ഒരു ഭാര്യയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്താൻ കഴിഞ്ഞെങ്കിലും ജനപ്രിയ സ്ഥാനം അപ്പോഴെക്കും നഷ്ടപ്പെട്ടിരുന്നു.

ഭാഗ്യദേവത, ഹാപ്പി ഹസ്ബന്റ്സ്, കഥ തുടരുന്നു, മേക്കപ്പ് മാൻ എന്നീ ചിത്രങ്ങളുമായൊക്കെ ഫീൽഡിൽ സജീവമാണെങ്കിലും പഴയ ഒരു പ്രഭാവം വീണ്ടെടുക്കാൻ ജയറാമിനു ആയിട്ടില്ല എന്നതാണു സത്യം. അതു കൊണ്ട് തന്നെയാണു ജയറാമിനെ ഒരുകാലത്ത് ജനപ്രിയ നടനാക്കാൻ ഏറെ സഹായിച്ചിട്ടുള്ള രാജസേനന്റെ പുതിയ ചിത്രത്തിൽ സഹകരിക്കാൻ ജയറാം വിമുഖത കാട്ടുന്നത് കണ്ട് പലരും നെറ്റി ചുളിക്കുന്നത്. ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ നിന്നു പിറന്ന മേലേപറമ്പിൽ ആൺ വീട് എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗത്തിനാണു രാജസേനൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നത്. അവിടെയാണു ജയറാം ഒരു ബുദ്ധിമാനായ നടനാണു എന്ന് സ്വയം തെളിയിക്കുന്നത്.

രാജസേനൻ ഒരു മികച്ച സംവിധായകൻ ആയിരുന്നു. അതിപ്പോ ഐവി ശശിയും, തമ്പി കണന്താനവും ഫാസിലുമൊക്കെ മികച്ച സംവിധായകർ ആയിരുന്നു. എന്നാൽ ഇവരുടെയൊക്കെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ ഈ പറഞ്ഞത് ആരെങ്കിലും സമ്മതിച്ചു തരുമോ..? ഇത് തന്നെയാണു രാജസേനന്റെ കാര്യത്തിലും സംഭവിച്ചത്. മലയാളി മാമനു വണക്കം എന്ന ഭേദപ്പെട്ട ചിത്രത്തിനു ശേഷം ഇങ്ങോട്ട് എടുത്താൽ പരിതാപകരം എന്ന ഒറ്റവാക്കിൽ ഒതുക്കേണ്ടി വരും രാജസേനന്റെ അവസ്ഥ.

കനക സിംഹാസനം, മധുചന്ദ്രലേഖ എന്നീ സിനിമകളിലൂടെ ജയറാം തന്നെ അത് അനുഭവിച്ചറിഞ്ഞതുമാണു. അറിഞ്ഞു കൊണ്ട് സിംഹകൂട്ടിൽ ചാടിയാൽ ബലറാം-താരാദാസ് പോലെ അല്ലെങ്കിൽ ഒന്നാമൻ പോലെ അതുമല്ലങ്കിൽ വിസ്മയത്തുമ്പത്ത് പോലെ മറ്റൊരു സൃഷ്ടി കൂടി മലയാളത്തിൽ അവതരിക്കും. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരു നല്ല ചിത്രം താനായിട്ട് നശിപ്പിച്ചു എന്ന് കേൾക്കണ്ട എന്ന് കരുതിയിട്ടാവും ജയറാം കൈകഴുകിയത്.

ജയറാം ഈ സിനിമയുമായി സഹകരിച്ചില്ലെങ്കിലും മേലേപറമ്പിൽ ആൺ വീടിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണു രാജസേനൻ പറയുന്നത്. ജയറാമില്ലെങ്കിൽ കുഞ്ചാക്കോയെ വെച്ച് എടുക്കാനുള്ള പദ്ധതിയും അദ്ദേഹത്തിനുണ്ട്. ഇനി ഇവരാരും തയ്യാറല്ലങ്കിൽ കൂടി സ്വയം നായകനായി അഭിനയിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് ഭാര്യ ഒന്ന് മക്കൾ മൂന്നിലൂടെ തെളിയിച്ചയാളാണു ശ്രീ രാജസേനൻ. അതു കൊണ്ട് തന്നെ നാളെ മേലേപറമ്പിലെ നായകനായി രാജസേനൻ അവതരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.എന്തായാലും നമ്മുക്ക് കാത്തിരിക്കാം മേലേപറമ്പിലെ പുതിയ വിശേഷങ്ങൾക്കായി...!

*ശക്തമായ തിരകഥയാണെങ്കിൽ അഭിനയിക്കാം എന്ന് ജയറാം..!!

**
കുടുമ്പശ്രീ ട്രാവൽസിൽ അഭിനയിക്കാമെങ്കിൽ ജയറാമിനു ഏത് പടത്തിലും അഭിനയിക്കാം..!!!

5 comments:

Pony Boy said...

മലയാളി മാമനു വണക്കം ഏത് വകേലാണ് ഭേദപ്പെട്ട ചിത്രമാകുന്നത്..

ഞങ്ങൾ സന്തുഷ്ടരാണ് മുതലാണ് രാജസേനാന് ചുവട് പിഴച്ചത്..ഒരു മാതിരി പോളിഷ്ട് കോമഡി..
പിന്നെ ഡാർലിങ്ങ് എന്ന പടമാകട്ടേ ഇല്ലത്തൂന്നിറങ്ങി അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയായി..

മുങ്ങിച്ചാ‍ാ‍ാൻ നിൽക്കുന്ന ജയറാം ഈ ഓഫർ നിരസിച്ചെങ്കിൽ അത് തീർച്ചയായും ഒരു ചവറ് കൂടി സ്യഷ്ടിക്കാനുള്ള പുറപ്പാടിന്റെ പേരിലാകാം..മേലെപ്പറമ്പിൽ ഒരുകൾട്ട് ക്ലാസിക്കാണ്..ശുഭപര്യവസായിയായ ഒരു നല്ല കഥയ്ക്ക് ഇനിയെന്ത് രണ്ടാംഭാഗം....കിലുക്കത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയതിൽ കൂടുതൽ ഇതിൽ നിനും പ്രതീക്ഷികക്ണ്ട..നമ്മൾ എന്നെന്നും ഓർക്കുംന്ന ഒരുപിടി നല്ല രംഗങ്ങൾക്ക് മോളിൽ കരിവാരിയിടാനുള്ള ശ്രമമാണത്..

എനിക്ക് തോന്നുന്നു ഇവന്മാരൊന്നും റിസേർച്ച് ചെയ്യുന്നില്ലെന്നാണ്..റോഷൻ ആൻഡ്രൂസ്, അന്വർ റഷീദ് തുടങ്ങിയ പുതിയ സംവിധായകരിൽ മാത്രമേ ഇനി നമുക്ക് പ്രതീക്ഷ വക്കേണ്ടൂ..

*കുഞ്ചാക്കോ ബോബന് ഇപ്പോഴും അത്യാവശ്യം ജനപ്രീതിയുണ്ട്...ഇത് ഇറൺഗുന്നതു കൂടെ അതും പോയിക്കിട്ടും...

Unknown said...

@ പോണി ബോയ്‌ "കുഞ്ചാക്കോ ബോബന് ഇപ്പോഴും അത്യാവശ്യം ജനപ്രീതിയുണ്ട്...ഇത് ഇറൺഗുന്നതു കൂടെ അതും പോയിക്കിട്ടും.."

ഈ ജനം എന്ന് പറയുന്നത് ഏതു സംസ്ഥാനത്തിലെയാണ്?

ചാര്‍ളി (ഓ..ചുമ്മാ ) said...

അസുരാ..പാതാളത്തിലെ കാര്യം അറിഞ്ഞൂടാ..
കുഞ്ചാക്കൊ ബോബന് അത്യാവശ്യം ജനപ്രീതിയൊക്കെ ഉണ്ട് കേട്ടാ..

Anonymous said...

പ്രശ്നം കഥാദാരിദ്യ്രം അല്ലേ മെലേ പറമ്പില്‍ രഘുനാഥ്‌ പാലേരി ആയിരുന്നു എന്നാണോര്‍മ്മ

രാജസേനന്‍ ഇനി വല്ല പാവം ക്രൂരന്‍ റീമേക്കു ചെയ്യുന്നതായിരിക്കും നല്ലത്‌ ടീ ജീ രവിക്കു വയസ്സായി എങ്കിലും ശ്രീജിത്‌ രവി ഉണ്ടല്ലോ ഒരു കയ്യു നോക്കാം

ദയവായി അഭിനയിക്കരുത്‌

ആര ഈ പാവം പിടിച്ച നിറ്‍മ്മാതാവ്‌?

ആദ്യ പടം എടുത്ത പണയില്‍ ഭാസ്കരന്‍ പിള്ള (ആഗ്രഹം) കഷ്യൂ ഫാക്ടറി പൂട്ടി, കടക്കാരനായി മരിച്ചു രാജ സേനന്‍ തിരിഞ്ഞു നോക്കിയില്ലെന്നാണു അറിഞ്ഞത്‌

Anonymous said...

അയ്യോ പാവം

Followers

 
Copyright 2009 b Studio. All rights reserved.