RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സഹസ്രം - ഹൈ പവർ സസ്പൻസ്


പോലീസ് വേഷത്തിൽ നായക കഥാപാത്രമാകുന്ന മലയാളത്തിലെ മമ്മൂട്ടി ഒഴിച്ചുള്ള നടന്മാർക്ക് സുരേഷ് ഗോപി ഒരു ബാധ്യതയാണു. എത്ര മനോഹരമായി അവതരിപ്പിച്ചാലും പ്രേക്ഷകർ പറയും ഇത് സുരേഷ് ഗോപിയായിരുന്നെങ്കിൽ കിടിലമായിരുന്നേനെ എന്ന്. ഭരത് ചന്ദ്രൻ IPS എന്ന കഥാപാത്രത്തിനെ മലയാള സിനിമ പ്രേക്ഷകർ പോലീസ് വേഷങ്ങളുടെ റോൾ മോഡലാക്കി വെച്ചിരിക്കുന്നത് കൊണ്ടാണു മറ്റ് താരങ്ങൾക്ക് ഇങ്ങനെ ഒരു വെല്ലു വിളി നേരിടേണ്ടി വരുന്നത്.

എന്നാൽ അടുത്ത കാലത്തിറങ്ങിയ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ അദ്ദേഹത്തിനു തന്നെ പാരയാകുന്ന കാഴ്ച്ചയാണു നാം കണ്ടെത്ത്. ഭരത് ചന്ദ്രനോളമെത്തിയില്ല എന്ന കാരണത്താൽ വിജയിക്കാൻ അർഹതയുണ്ടായിരുന്ന ചിത്രങ്ങൾ പോലും ദയനീയ പരാജയമടഞ്ഞു. അപ്പോൾ പിന്നെ പരാജയപ്പെടേണ്ട ചിത്രങ്ങളുടെ അവസ്ഥ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ ഫ്ലോപ് ചിത്രങ്ങളെ വിശേഷിപ്പിക്കാനായി പുതിയ ഒരു പേരു കണ്ടത്തേണ്ട ഗതികേടിലായിരുന്നു മലയാള സിനിമ.

ഇതിൽ നിന്നും രക്ഷപ്പെടാൻ സുരേഷ് ഗോപിക്ക് രണ്ടേ രണ്ടു വഴികളെ ഉള്ളു എന്നായിരുന്നു പലരും ധരിച്ചു വെച്ചിരുന്നത്. ഒന്ന് ഭരത് ചന്ദ്രൻ IPS അല്ലെങ്കിൽ അതിനേക്കാൾ ശക്തമായ ചാക്കോച്ചിയോ കുട്ടപ്പായിയോ എന്തുമാകട്ടെ ഒരു വേഷം അവതരിപ്പിക്കുക. അതിനു രൺജി പണിക്കർ തന്നെ കനിയണം എന്നുള്ളതിനാൽ അതു വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളു. രണ്ടാമത്തെ വഴി കുറച്ചു കൂടി എളുപ്പമാണു. സുന്ദരപുരുഷൻ പോലൊരു കോമഡി ചിത്രം ഉദയ്കൃഷ്ണ - സിബി കെ തോമസിനെ കൊണ്ട് എഴുതിക്കുക. എന്നിട്ട് അതിൽ സുരാജിനെ ഒരു പ്രധാന വേഷത്തിൽ അഭിനയിപ്പിക്കുക. കഥയോ തിരകഥയോ എന്തുമായിക്കോട്ടെ. പടം സൂപ്പർ ഹിറ്റ്..!.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുന്ന സമയത്താണു ഡോ. ജനാർദനൻ എന്ന സീരിയൽ സിംഹം സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനാകുന്ന സഹസ്രം വരുന്നത്. സുരേഷ് ഗോപിയുടെ തന്നെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ കന്യാകുമാരി എക്സ്പ്രസ്സ് അബദ്ധത്തിലെങ്ങാനും കണ്ടു പോയ പ്രേക്ഷകരുടെ ഞെട്ടൽ പൂർണമായും മാറുന്നതിനു മുൻപാണു സഹസ്രം തിയറ്ററുകളിൽ എത്തിയത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണു ഡോ.എസ് ജനാർദനൻ. മഹാസമുദ്രം എന്ന ഒരൊറ്റ സിനിമകൊണ്ട് തന്നെ ബിഗ് സ്ക്രീൻ തനിക്ക് വഴങ്ങുന്ന ഒന്നല്ല എന്ന് ജനാർദനൻ തെളിയിച്ചതാണു. ഇവർ രണ്ടു പേരും ഒത്തു ചേരുന്ന ഒരു സിനിമയായത് കൊണ്ട് യാതൊരു പ്രതീക്ഷകളും ഇത് കാണാൻ പോകുമ്പോളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മലയാള സിനിമയിൽ സിനിമ വിജയിക്കാൻ സുരാജും ഉദയ് - സിബി ടീമും വേണം എന്ന് കരുതുന്നവർക്കുള്ള ശക്തമായ ഒരു മറുപടിയാണു സഹസ്രം. മികച്ച ഒരു തിരകഥയുണ്ടെങ്കിൽ അത് ഏത് നടനുമായികൊള്ളട്ടെ ഏത് സംവിധായകനുമായികൊള്ളട്ടെ സിനിമ വിജയിക്കുക തന്നെ ചെയ്യും എന്ന സിനിമയുടെ അടിസ്ഥാന തത്വം ഒരിക്കൽ കൂടി പാലിക്കപ്പെടുകയാണിവിടെ.

സിനിമക്കുള്ളിലെ സിനിമ കഥകൾ പറയുന്ന സിനിമകൾ മലയാളികൾ എന്നും കൗതുകത്തോടെയാണു കണ്ടിട്ടുള്ളത്. ഉദയനാണു താരമൊക്കെ അത്തരത്തിലുള്ള കഥ പറഞ്ഞ് വിജയം നേടിയിട്ടുള്ളവയാണു. സഹസ്രവും അങ്ങിനെയുള്ള ഒരു സിനിമയാണു. ഒരു ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് അതിൽ അഭിനയിക്കുന്ന ഒരാൾ കൊല്ലപ്പെടുകയും ആ ഷൂട്ടിംഗ് സ്ഥലത്ത് പ്രേത ബാധയുണ്ടെന്ന് കണ്ടെത്തുകയും കൊലപാതക കേസ് അന്വേക്ഷിക്കാൻ സുരേഷ് ഗോപി അവതരിപ്പിക്കുന്ന സഹസ്ര നാമം IPS എത്തുകയും അവസാനം കൊലപാതകിയെ കണ്ടെത്തുകയും ചെയ്യുന്നതാണു സഹസ്രത്തിന്റെ കഥ.

മലയാള സിനിമ ഉണ്ടായ കാലം മുതല്ക്കേ ഇറങ്ങുന്ന സസ്പെൻസ് ത്രില്ലറുകളുടെ കഥ ഇങ്ങനെ തന്നെയാണല്ലോ. അതിൽ നിന്നും സഹസ്രത്തെ വേറിട്ട് നിർത്തുന്നത് ഇതിൽ പരീക്ഷിച്ചിട്ടുള്ള ഹൊറർ ട്രീറ്റ്മെന്റും ഒരു സാധാരണ പ്രേക്ഷകന്റെ ചിന്താധരണികൾക്കപ്പുറത്ത് നില്ക്കുന്ന ഒരു സസ്പെൻസുമാണു. ഈ സസ്പെൻസ് തന്നെയാണു ഈ സിനിമയെ വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകവും.

സുരേഷ് ഗോപി തന്റെ സഹസ്രനാമം എന്ന നായക കഥാപാത്രം തകർപ്പനാക്കി. ഭരത് ചന്ദ്രൻ അച്ചിൽ വാര്‍ക്കാതെയും തനിക്ക് പോലീസ് കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്നും, ചിന്താമണി കൊലക്കേസ് ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമല്ലെന്നും സുരേഷ് ഗോപി തെളിയിച്ചു. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടായാലും തനിക്കു ലഭിച്ച വേഷം ബാല നന്നാക്കിയിട്ടുണ്ട്. കാതൽ എന്ന ഒരു ചിത്രം മാത്രമാണു സന്ധ്യക്ക് കരിയറിൽ എടുത്ത് പറയാനായിട്ടുള്ളത്. അതിനു ശേഷം തമിഴിലും മലയാളത്തിലുമൊക്കെ ഒരു പാട് ചിത്രങ്ങള്‍ ചെയ്തെങ്കിലും എല്ലാം കെട്ട് കാഴ്ച്ചകൾ മാത്രമായി ഒതുങ്ങി പോകുന്നവയായിരുന്നു. അതി ഗംഭീരം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും വ്യത്യസ്ഥ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം കാതൽ സന്ധ്യക്ക് ഗുണം ചെയ്യും എന്ന് തീർച്ചയാണു. ഇവർക്ക് പുറമേ ജഗതി,സുധീഷ്, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി ഒരുപാട് നടീ നടന്മാർ ചിത്രത്തിലുണ്ട്.

രഹസ്യം പോലുള്ള ജനപ്രീതി നേടിയ സീരിയലുകളുടെ സംവിധായകനായ ജനാർദനൻ മഹാസമുദ്രമല്ല തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് എഴുതിയ മികച്ച തിരകഥ അത് അർഹിക്കുന്ന ഗൗരവത്തോടെ തന്നെ ക്യാമറയിലേക്ക് പകർത്താൻ ക്യാമറാമാനു കഴിഞ്ഞിട്ടുണ്ട്. അങ്ങിങ്ങ് ചില ചെറിയ പാളിച്ചകൾ ചിത്രത്തിലുണ്ടെങ്കിലും അതൊന്നും ന്യൂനതയായി എടുത്ത് പറയേണ്ടതല്ല. സുരേഷ് ഗോപിയുടെ ഇന്നത്തെ മാർക്കറ്റ് വാല്യു അറിയാമായിരുന്നിട്ടും ഒരു സിനിമ വിജയിക്കാൻ നല്ലൊരു തിരകഥ മതി എന്ന ആത്മവിശ്വാസത്തിൽ ഈ സിനിമ എടുക്കാൻ തയ്യാറായ നിർമ്മാതാവിനിരിക്കട്ടെ ഇതിന്റെ മുഴുവൻ ക്രെഡിറ്റും...!

*പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും...!
**അപ്പോൾ ഉദയ് - സിബിയും സുരാജുമൊന്നും വേണമെന്നില്ല എന്ന്....!!

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു കേട്ടൊ ഈ അവലോകനം ....

Pony Boy said...

എന്തോ മഹാസമുദ്രം കണ്ടതോടെ ഞാൻ ജനാർദ്ദനനേ വെറുത്തു..ഇതിന്റെ സിഡി ഇവിടെക്കിട്ടുവാണേൽ മേടിക്കാം..

പരചില്‍ക്കാരന്‍ said...

Use this bloges only to praise young super star Prithviraj, these bloddy stars like Sureshgopi should retire and give chance to him. I have read your review on thriller, dear man, if u post a single post against Prithvi again, your blog will vanish within two days

സൂര്യജിത്ത് said...

നല്ല റിവ്യു ..നല്ല എഴുത്ത്.
പിന്നെ, മുകളില്‍ കമന്റ്‌ ഇട്ടിരിക്കുന്ന Ranjith- ന്റെ പ്രശ്നം മനസിലായില്ല...!

Followers

 
Copyright 2009 b Studio. All rights reserved.