RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അയ്യോ... യക്ഷി..!!



മലയാള സിനിമയിൽ വിനയൻ എന്നും ഒരു ഒറ്റയാനായിരുന്നു. ആരുടെയും അസിസ്റ്റന്റ് പോലുമാകാതെ ആദ്യമായി സിനിമ എടുത്ത ആ ഒരു നിശ്ചയദാർഡ്യം തന്നെയാണു വിനയനെ ഇന്നും മലയാള സിനിമയിൽ നില നിർത്തുന്നത്. സ്വന്തം കൂട്ടത്തിലൊരുത്തന്റെ ആത്മാഭിമാനത്തിനു മുറിവേറ്റപ്പോൾ മുന്നും പിന്നും ആലോചിക്കാതെ ഇവിടത്തെ മേലാളന്മാർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചതും ഈ തന്റേടം ഒന്നു കൊണ്ട് മാത്രമാണു. എന്നാൽ താൻ വളർത്തി വലുതാക്കി ജനപ്രിയ നടനായി മാറിയ അതേ നടന്റെ കുടില തന്ത്രങ്ങൾ മൂലം കൂടെ നിന്നവർ വരെ തള്ളി പറഞ്ഞപ്പോഴും വിനയൻ തളർന്നില്ല. മലയാള സിനിമയിലെ ദുഷ് പ്രവണതകൾക്കെതിരെ ശബ്ദമുയർത്തികൊണ്ട് സിനിമയിലെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന വെള്ളി വെളിച്ചത്തിന്റെ ഗ്ലാമർ ഏല്ക്കാത്ത തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി വിനയൻ നില കൊണ്ടു. വിവാദങ്ങളുണ്ടായപ്പോൾ പ്രമാണി ചമഞ്ഞ സംവിധായകന്റെയും എതിരാളിയുടെ ബോഡി ഗാർഡായി നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ ഉള്ളു കൊണ്ട് വിനയൻ സന്തോഷിച്ചിരിക്കാം. സിനിമയിലാതെ കടന്നു പോയ 3 വർഷങ്ങൾ ആണു ഈ വിവാദങ്ങൾ വിനയനു സമ്മാനിച്ചത്. സൂപ്പർ താരങ്ങൾക്കെതിരെ ശബ്ദമുയർത്തി വിലക്കേറ്റുവാങ്ങിയ തിലകൻ വിനയനുമായി ചേർന്നത് സ്വഭാവികം മാത്രം. ഇനി വിനയൻ ഒരു മലയാള സിനിമ ചെയ്യില്ല അല്ലെങ്കിൽ ചെയ്യിക്കില്ല എന്ന് പരസ്യമായും രഹസ്യമായും പറഞ്ഞ് നടന്ന മലയാള സിനിമയിലെ പ്രഭുക്കന്മാരുടെ മുഖത്തേറ്റ കനത്ത അടിയാണു വിനയന്റെ പുതിയ സിനിമ.റാൻ മൂളികൾക്കും കാലു തിരുമലുകാർക്കും മാത്രമല്ല ഇവിടെ സിനിമ എടുക്കാൻ സാധിക്കുക്ക എന്ന് വിനയൻ തെളിയിച്ചിരിക്കുന്നു. റിലീസ് ചെയ്യാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിനയന്റെ യക്ഷി ഇന്ന് തിയറ്ററുകളിലെത്തി.
യക്ഷിയും ഞാനും.
പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു യക്ഷി കഥയാണു. ആകാശഗംഗയിലൂടെയും വെള്ളി നക്ഷത്രത്തിലൂടെയുമൊക്കെ യക്ഷി കഥകൾ പറഞ്ഞിട്ടുള്ള വിനയൻ പക്ഷെ ഇവിടെ കരുതി വെച്ചിരിക്കുന്നത്. കാഴ്ചയുടെ വിസ്മയമാണു. ഗ്രാഫിക്സിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു മനോഹര ചിത്രം വിനയൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. പട കൂട്ടിയവർക്കും മറുവശത്ത് ആയുധമെടുത്തവർക്കും ഇനി മടങ്ങാം. തങ്ങളുടെ സിനിമകൾ കളിക്കുന്ന ആളില്ലാ തിയറ്ററുകളുടെ മുന്നിൽ പോയി നിന്ന് ലജ്ജിച്ച് തലതാഴ്ത്താം. യക്ഷിയും ഞാനും കളിക്കുന്നിടങ്ങളിലെ ജനസമുദ്രം കണ്ട് നെടുവീർപ്പിടാം. ചാനൽ ചർച്ചകളിൽ പങ്കെടുത്ത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് ഈ സിനിമയെ വിമർശിക്കാം. ഈ സിനിമ കൂവി തോല്പ്പിക്കാൻ വേണ്ടി ആളെ ഇറക്കാം. പോസ്റ്ററുകൾ വലിച്ച് കീറാം. ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ലല്ലോ..! അതെ വിനയൻ അത് തെളിയിച്ചിരിക്കുന്നു. വിവാദങ്ങളിലും പ്രതിസന്ധികളിലും തളരാതെ കരുത്തുറ്റ സിനിമയുമായി വിനയൻ മലയാള സിനിമയുടെ മുൻ നിരയിൽ വീണ്ടും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണു.
ഈ സിനിമയ്ക്ക് ഒരുപാട് പോരായ്മകളുമുണ്ട്. പുതുമുഖങ്ങൾ കൊണ്ട് നിറഞ്ഞ ഇതിലെ പല കഥാപാത്രങ്ങളുടെ അഭിനയവും തികച്ചും അസഹനീയമായിരുന്നു. എന്നാല്‍ വിനയൻ ടച്ച് എന്ന് വിശേഷിപ്പിക്കുന്ന സവിശേഷത നായികയെ കൊണ്ട് അവതരിപ്പിച്ച് പല ഭാഗങ്ങളിലും വിനയൻ കൈയ്യടി നേടുന്നു. തിലകൻ തന്റെ ട്രേഡ് മാർക്ക് കഥാപാത്രവും കൊണ്ട് തന്നെ ആണു ഇത്തവണയും വന്നിരിക്കുന്നത്. ഒരു സമൂഹം മുഴുവനായും എതിരായി നില്ക്കുമ്പോൾ അഭിനയിക്കാൻ പുതുമുഖങ്ങളെ തിരഞ്ഞെടുക്കാൻ നിർബന്ധിതനായ വിനയന്റെ ഗതികേടിനെ ഓർത്ത് നമ്മുക്ക് ഈ കുറ്റങ്ങളും കുറവുകളും ക്ഷമിക്കാം. യക്ഷികഥകളിൽ വ്യത്യസ്ത കൈവരിക്കാൻ ഗ്രാഫിക്സിന്റെ സഹായം മാത്രമല്ല ശക്തമായ ഒരു തിരകഥ കൂടി വേണമായിരുന്നു എന്ന് വിനയനു തോന്നിയിരുന്നെങ്കിൽ സൂപ്പർ താരങ്ങളോട് ഏറ്റുമുട്ടിയാൽ പോലും വിജയം വരിക്കുമായിരുന്ന ഒരു സിനിമ മലയാളത്തിൽ പിറന്നേനെ. എന്തായാലും വിനയന്റെ ഈ തിരിച്ച് വരവ് നമ്മുക്ക് ആഘോഷിക്കാം കാരണം ഇത് ചതിയിലൂടെ രാജ്യം നഷടപ്പെട്ട ഒരു രാജാവിന്റെ നിലനില്പിനു വേണ്ടിയുള്ള ഒരു ഒറ്റയാൻ പോരാട്ടമാണു. അതിൽ നമ്മുക്കും പങ്കു ചേരാം. കേരളത്തിലെ മഹാന്മാരായ സിനിമാക്കാരുടെ രാത്രികൾ നിദ്രാവിഹീനമാക്കി കൊണ്ട് ഈ യക്ഷി ഇവിടെ കുറച്ച് നാൾ കാണുക തന്നെ ചെയ്യും...!

*അഭിനയിക്കാൻ അറിയുന്നവർ അഭിനയിക്കാൻ തയ്യാറാവാത്തത് കൊണ്ടാണു പുതുമുഖങ്ങളെ അഭിനയിപ്പിച്ചതെന്ന് വിനയൻ...!!

**മലർവാടിയിൽ അഭിനയിച്ചതും പുതുമുഖങ്ങൾ ആയിരുന്നു..!!!

***ടൈറ്റിൽ കണ്ട് ആരും തെറ്റിദ്ധരിക്കരുതേ അയ്യേ എന്നല്ല അയ്യോ.. കയ്യോ യുടെ യ്യോ..!!!
!



6 comments:

Vinu said...

***ടൈറ്റിൽ കണ്ട് ആരും തെറ്റിദ്ധരിക്കരുതേ അയ്യേ എന്നല്ല അയ്യോ.. കയ്യോ യുടെ യ്യോ..!!!!

ഒരു തെറ്റിധാരണയും ഇല്ല. ടൈറ്റില്‍ കണ്ടപോഴേ കാര്യം പിടികിട്ടി. കാശ് പോയ വിഷമം എഴുതി തീര്‍ത്തതാണ് അല്ലേ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

യക്ഷി വികലാംഗയാണോ? എന്തായാലും വിനയനെ സമ്മതിക്കണം.

Villagemaan/വില്ലേജ്മാന്‍ said...

. മലയാള സിനിമയിലെ ചിലര്‍ക്ക് ഉത്തരം നല്കാന്‍ മാത്രമയിട്ടെങ്കിലും ഈ ചിത്രം വിജയിച്ചേ തീരു..

പണി എടുത്തു ജീവിക്കാന്‍ ഉള്ള അവകാശം..അത് എല്ലാവര്ക്കും ഉണ്ട് എന്നാ സത്യം ഈ കൂട്ടര്‍ അങ്ങനെ എങ്കിലും മനസിലാക്കട്ടെ

noufi said...

ഇത് സൂപ്പര്‍ ഹിറ്റ്‌ ആകണേ എന്റെ മാട...., മറുതേ......, കാളി........
കൂടോത്രം ചെയ്തെങ്ങിലും സൂപ്പര്‍ ഹിറ്റ്‌ ആകണേ .

Anonymous said...

എന്റെ പൈസയും സമയവും നഷ്ടം.പൊട്ടപ്പടം.ഇത്രയും ബോറാക്കരുതായിരുന്നു.വിനയന്റെ ഏറ്റവും തല്ലിപ്പൊളിപ്പടം.

vipin said...

കൂ കൂ കൂ ...ക്ഷമിക്കണം ഇങ്ങനെയല്ലാതെ ഈ പടത്തിനെ പറ്റി പറയാന്‍ പറ്റില്ല . മലയാള സിനിമയിലെ നെറി കെട്ട പ്രവണതകളെ എതിര്‍ക്കാന്‍ വിനയന്റെ പടം കാണണം എന്നൊക്കെ പറഞ്ഞാണ് കൂട്ടുകാരെയും കൂട്ടി പടം കാണാന്‍ പോയത് , അവര്‍ പറഞ്ഞ തെറിക്കു കണക്കില്ല !! മക്കളെ, വിനയന്‍ ഒരു പുലി തന്നെയാണ് വെറും പുലിയല്ല ഒരു സിങ്കം !!! ... എന്തായാലും പടം കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഒക്കെ തോന്നുന്നുണ്ട്, ഒരു ഷക്കീലപടം കണ്ട പോലെ ..കഥയെല്ലാം അത് പോലെ തന്നെ .

Followers

 
Copyright 2009 b Studio. All rights reserved.