RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പാട്ടിന്റെ പാലാഴി.


പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സംഗീത സാന്ദ്രമാണു ഈ ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മീരാ ജാസ്മിനും പ്രശസ്ത സംവിധായകൻ രാജീവ് അഞ്ചലും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത് സ്ഫടികം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരകഥകൃത്തായ രാജേന്ദ്ര ബാബുവാണു. സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു യുവതിയുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയുമൊക്കെ കഥയാണു രാജീവ് അഞ്ചൽ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഭാര്യയുടെ വളർച്ചയിൽ അസ്വസ്ഥനാവുന്ന ഭർത്താവ് എന്ന ഫോർമുലയിലുള്ള കഥകൾ പല തരത്തിൽ പല രൂപത്തിൽ മലയാള സിനിമയുടെ ആരംഭ കാലം മുതൽക്കേ ഇവിടെ പറഞ്ഞ് പറഞ്ഞ് പഴകി പോയതിനാൽ ഈ സിനിമക്ക് ഒരു കാലിക പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. അനവസരത്തിൽ ആവശ്യത്തിൽ കൂടുതൽ ഭാവം ചില സമയങ്ങളിൽ പ്രകടിപ്പിക്കുന്നത് ഒഴിച്ച് നിർത്തിയാൽ വീണ എന്ന നായിക കഥാപാത്രത്തെ മീര ഗംഭീരമാക്കി. സ്വഭാവ നടനായും വില്ലനായും ഒരു പോലെ തിളങ്ങാന്‍ കഴിവുള്ള മനോജ് കെ ജയന്റെ കൈയ്യിൽ മീരയുടെ ഭർത്താവ് വേഷം ഭദ്രമായിരുന്നു. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിയും നെടുമുടിയും ജഗതിയുമെല്ലാം തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. ഒ എൻ വി രചിച്ച് സുരേഷ് മണിമല ഈണമിട്ട ഇതിലെ ഗാനങ്ങൾ പാട്ടിന്റെ പാലാഴി തീർക്കുന്നവ തന്നെയാണു. അഴകപ്പന്റെ ഛായഗ്രഹണം എടുത്തു പറയേണ്ട മറ്റൊന്നാണു. പക്ഷെ ഇത്രയും അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും ഈ സിനിമ പ്രേക്ഷകർക്ക് ആസ്വാദകരമാക്കി മാറ്റുന്നതിൽ രാജീവ് അഞ്ചൽ പരാജയപ്പെട്ടു. ഗുരു എന്ന സിനിമയാണു തന്റെ മാസ്റ്റർ പീസ് എന്നു വിശ്വസിക്കുന്നത് കൊണ്ടാവും അതിനേക്കാൾ മികച്ച ഒരു സൃഷ്ടി ഉണ്ടാക്കുന്നതിനുള്ള ശ്രമം രാജീവ് അഞ്ചലിൽ നിന്ന് കാണാത്തത്. അദ്ദേഹത്തിന്റെ ഗുരുവും ഋഷി വംശവും മെയ്ഡ് ഇൻ യു എസ് എ യും മെല്ലാം ഇഷ്ടപ്പെട്ടവർക്ക് ഈ സിനിമ തിയറ്ററിൽ കണ്ടിരിക്കാം. ബട്ടർഫ്ലൈസും കാഷ്മീരവുമെല്ലാം എടുത്ത സംവിധായകനല്ലേ എന്ന് കരുതി പോയാൽ പൈലറ്റ്സ് കണ്ട ദുരനുഭവം ആയിരിക്കും ഉണ്ടാവുക..!


*ഇത്തരം സിനിമകൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ തണുപ്പൻ പ്രതികരണമാണു ലഭിക്കുന്നത്..!

**സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് മാത്രമേ കേരളത്തിൽ ഇനീഷ്യൻ കളക്ഷൻ ലഭിക്കുകയുള്ളു എന്ന്..!!

***അപ്പോൾ വിനയൻ ചിത്രത്തിനു ലഭിക്കുന്നതോ..? വിനയനും സൂപ്പർ സ്റ്റാറോ..!!!

2 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വേറെ നല്ല പടങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ഓടുമായിരിക്കും.

Vinu said...

ഇത് വളരെ സ്ലോ മൂവി ആണ്. ഓണം മൂഡില്‍ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമ അല്ല

Followers

 
Copyright 2009 b Studio. All rights reserved.