RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കുട്ടി സ്രാങ്ക് ഹൃദയങ്ങളുടെ നാവികന്‍ !!!


രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രമായ കയ്യൊപ്പിന്റെ പരസ്യങ്ങളിൽ ശ്രദ്ദേയമായ ഒരു വാചകമുണ്ട്.മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ ആരാധകരോട് ഒരപേക്ഷ ഇത് നിങ്ങൾ കാണേണ്ട സിനിമയല്ല. മമ്മൂട്ടി എന്ന മഹാ നടന്റെ ആരാധകരോട് ഒരു അഭ്യർത്ഥന ഇത് നിങ്ങൾ തീർച്ചയായും പലവട്ടം കാണേണ്ട സിനിമ. ഇത്തരത്തിലുള്ള ഒരു പരസ്യവാചകം അന്വർത്ഥമാകുന്ന തരത്തിലുള്ള ഒരു മമ്മൂട്ടി സിനിമ ഇനിയും ഇറങ്ങിയിട്ടില്ലെങ്കിലും കുട്ടി സ്രാങ്ക് കണ്ടിരുന്നപ്പോൾ തോന്നിയത് ഇത് മമ്മൂട്ടി എന്ന നല്ല നടനെ സ്നേഹിക്കുന്ന പ്രേക്ഷകർ ഒരു വട്ടം എങ്കിലും കാണേണ്ട ഒരു സിനിമയാണു എന്നാണു. കോമാളി വേഷങ്ങളും കാമ്പില്ലാത്ത നായക കഥാപാത്രങ്ങളും കെട്ടിയാടുന്നതിനിടയിൽ ഈ നടനു തന്റെ അഭിനയ ചാതുര്യം മാറ്റുരയ്ക്കാൻ ലഭിച്ച ഒരു അവസരമാണു കുട്ടി സ്രാങ്ക്. എന്നാൽ ലോക പ്രശസ്ത സംവിധായകൻ ഷാജി N കരുണും മമ്മൂട്ടിയും കൂടി ഒന്നിക്കുമ്പോൾ കലാമൂല്യമുള്ള ഒരു മികച്ച സിനിമ പ്രതീക്ഷിച്ചെത്തുന്നവർക്ക് നിരാശ സമ്മാനിച്ചു കൊണ്ടാണു കുട്ടി സ്രാങ്ക് എന്ന സിനിമ കടന്നു പോകുന്നത്. വാനപ്രസ്ഥം എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട ഇടവേള ഷാജി N കരുൺ എന്ന സംവിധായകന്റെ വളർച്ചക്ക് സഹായകരമായില്ല എന്ന് വേണം കരുതാൻ.

കുട്ടി സ്രാങ്ക് എന്ന കഥാപാത്രത്തെ മൂന്ന് വ്യത്യസ്ത കോണുകളിൽ അവതരിപ്പിക്കുന്നതിലൂടെ മലയാളികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കാൻ ഷാജി N കരുൺ ശ്രമിച്ചെങ്കിലും അത് കാണികളിൽ അനുഭവപ്പിക്കാൻ തക്ക വിധത്തിലുള്ള ഒരു കരുത്ത് ഈ സിനിമക്കില്ല. ഷാജിയുടെ മുൻ സിനിമകളുടെ പിന്നണിയിലെ ചുക്കാൻ ആയിരുന്ന രഘുനാഥ് പാലേരിയുടെ അഭാവം ഈ സിനിമയിൽ മുഴച്ച് നില്ക്കുന്നു. കുട്ടി സ്രാങ്കിനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ഈ വേഷം വലിയൊരു വെല്ലു വിളി ആയിരുന്നില്ല. എന്നാൽ വാനപ്രസ്ത്ഥം എന്ന സിനിമയിൽ മോഹൻലാൽ എന്ന നടനെ ആ കഥാപാത്രത്തിനു വേണ്ടി മുഴുവനായും ചൂഷണം ചെയ്ത ഷാജി N കരുണിനു കുട്ടി സ്രാങ്കിലെത്തിയപ്പോൾ അതിനു 100% കഴിയാതെ പോയി. അത് കൊണ്ട് തന്നെയാണു ചില സമയങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം പ്രേക്ഷകനു വിരസതയുളവാക്കി മാറ്റുന്നത് ആയത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ മികച്ചു തന്നെ നിന്നു. അതിൽ എടുത്ത് പറയേണ്ട അഭിനയം കാഴ്ച്ച വെച്ചത് സുരേഷ് കൃഷ്ണയാണു. ഈ നടനിൽ നിന്നും ഇനിയുമൊരുപാട് മലയാളികൾക്ക് പ്രതീക്ഷിക്കാം എന്നാണു കുട്ടി സ്രാങ്ക് തെളിയിക്കുന്നത്. അഞ്ജലി ശുക്ലയുടെ ഛായഗ്രഹണം 3 ഋതുക്കളുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.6 കോടിയോളം രൂപ മുടക്കി കൊണ്ട് ഒരു നല്ല സിനിമ നിർമ്മിക്കാനും അത് മുപ്പതിൽ പരം തിയറ്ററുകളിൽ പ്രദർശിപ്പിക്കാനും റിലയൻസ് കാണിച്ച താല്പര്യത്തിനു അഭിനന്ദനങ്ങൾ..!. ഹൃദയങ്ങളുടെ നാവികൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് പ്രേക്ഷക ഹൃദയങ്ങളിൽ അത്ര കണ്ട് സ്ഥാനം പിടിക്കാഞ്ഞതിന്റെ കാരണം മനസ്സിലാക്കി ഇനിയുമൊരുപാട് നല്ല സിനിമകൾ ചെയ്യാനും അവയെല്ലാം ലോക പ്രശ്സതി നേടുന്നതിനോടൊപ്പം സാധാരണ പ്രേക്ഷകനു കൂടി ആസ്വദിക്കാൻ കഴിയെട്ടെ എന്നും നമ്മുക്ക് ആശംസിക്കാം. അഞ്ചോളം ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിക്കുകയും പ്രശംസകളേറ്റു വാങ്ങുകയും ചെയ്ത ഈ സിനിമയുടെ നേരെ കേരളത്തിലെ പ്രേക്ഷകർ മുഖം തിരിച്ച് കളഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പോക്കിരി രാജയും പാപ്പി അപ്പച്ചയുമൊക്കെ തിയറ്റർ നിറഞ്ഞ് ഓടുന്നുണ്ടല്ലോ..!


*എന്നാലും ഇത്ര നല്ല പടമായിട്ടു പോലും സംസ്ഥാന അവാർഡിൽ കുട്ടി സ്രാങ്കിനെ തഴഞ്ഞത് മോശമായി പോയെന്ന്...!!

**അവാർഡ് പടം എന്നു പറഞ്ഞാൽ അവാർഡ് പടം പോലെ ഇരിക്കണം. അല്ലാതെ പാട്ടും ഡാൻസും ഡയലോഗുമൊക്കെ ഉള്ള സിനിമക്ക് അവാർഡ് കൊടുക്കാൻ ജൂറി എന്താ പൊട്ടന്മാരോ...!!!

4 comments:

മലയാള ഗാനങ്ങള്‍ said...

good one

ശ്രീനാഥന്‍ said...

ഒരു സിനിമാനിരൂപണത്തിന്റെ ഗൗരവം കണ്ടു തുടങ്ങുന്നുണ്ട്! അഭിനന്ദനങ്ങള്‍ !

annanthan said...

കുട്ടി സ്രാങ്കില്‍ മമ്മൂട്ടിയുടെ അഭിനയം വിരസത ഉണ്ടാക്കി എന്ന് പറയുന്നതിന്റെ കാരണമായി ഇവിടെ പറഞ്ഞിരിക്കുന്ന വസ്തുത തെറ്റാണ്. മമ്മൂട്ടിയുടെ അഭിനയം ബോര്‍ ആയി തോന്നുന്നുവെങ്കില്‍ അത് മമ്മൂട്ടിയുടെ കഴിവ് കേടു കൊണ്ട് ആണ്. ഷാജി എന്‍ കരുണിനെ ഇക്കാര്യത്തില്‍ കുറ്റം പറയുന്നത് താങ്കളുടെ അന്ധമായ മമ്മൂട്ടി ആരാധാന കൊണ്ട് മാത്രമാണ്. വാനപ്രസ്ഥത്തില്‍ മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ടെങ്കില്‍ അത് ലാലിന്റെ നൈസര്‍ഗീകമായ കഴിവ് കൊണ്ടാണ്. മമ്മൂട്ടിക്ക് അത് ഇല്ല എന്ന്‍ ഞാന്‍ പറയുന്നില്ല പക്ഷെ ഈ സിനിമയില്‍ മനോഹരമാക്കാമായിരുന്ന ഒരു വേഷം മമ്മൂട്ടി ശരാശരിയില്‍ ഒതുക്കി. അതിന്റെ കാരണക്കാരന്‍ മമ്മൂട്ടി തന്നെ ആണ്.

b Studio said...

താങ്ക്സ് ഫോര്‍ കമന്റ്സ്

@ശ്രീനാഥന്‍
സിനിമ നിരൂപണത്തിന്റെ രീതി എന്നു പറയരുത് മാഷേ. ഒരു സിനിമയുടെയും നിരൂപണം ഞങ്ങള്‍ ഇവിടെ എഴുതിയിട്ടില്ല. ഇവിടെ എഴുതുന്നത്‌ മുഴുവന്‍ സിനിമ കണ്ടതിനു ശേഷം ഞങ്ങളുടെ അഭിപ്രായം മാത്രമാണ്. അല്ലാതെ തലനാരിഴ കീറി മുറിച്ചു സിനിമക്ക് മാര്‍ക്കിടുന്ന പരിപാടിയില്‍ താലപര്യമില്ല.
അങ്ങനെ ചെയ്യാന്‍ അറിയാത്തത് കൊണ്ടും ആവാം കേട്ടോ.

@annanthan
മമ്മൂട്ടി മോശമായാണ് അഭിനയിച്ചതെങ്കില്‍ അതിനു ഉത്തരവാദി സംവിധായകന്‍ കൂടി അല്ലേ. അല്ലെങ്കില്‍ പിന്നെ ലോക പ്രശസ്ത സംവിധായകന്‍ എന്ന്‍ വിളിക്കേണ്ട ആവശ്യം ഇല്ലല്ലോ.

Followers

 
Copyright 2009 b Studio. All rights reserved.