RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അഭിനവ പത്മരാജൻ...!


മുണ്ട് മടക്കിയിടുത്ത് മീശ പിരിച്ചു കൊണ്ട് വില്ലന്റെ അടുത്തേക്ക് ഡയലോഗുകളുമായി നടന്നടുക്കുന്ന ഫ്യൂഡൽ തമ്പുരാക്കന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച എഴുത്തുകാരന്‍ ആണു രഞ്ജിത്ത്. പെരുവണാപുരത്തെ വിശേഷവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തുമൊക്കെ എഴുതിയ അതേ കൈകൾ തന്നെ ആണു മംഗലശേരി നീലകണ്ഠ്നെയും ആറാം തമ്പുരാനെയും നരസിംഹത്തേയും വല്യേട്ടനെയുമൊക്കെ സൃഷ്ടിച്ചത്. രഞ്ജിത്ത് വെട്ടിയിട്ട വഴിയിലൂടെ പിന്നീട് പലരും സഞ്ചരിച്ച് നോക്കിയെങ്കിലും അവർക്കാർക്കും ഈ പറഞ്ഞ അമാനുഷികത എത്തിപിടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായില്ല, എന്ന് മാത്രമല്ല സ്വയം പരിഹാസ്യരാവുന്ന അവസ്ഥയിൽ എത്തി ചേരുകയും ചെയ്തു. എന്നാൽ എഴുത്തുകാരനിൽ നിന്ന് സംവിധായകനിലേക്കുള്ള കൂടുമാറ്റത്തിൽ രഞ്ജിത്ത് തിരഞ്ഞെടുത്തത് ദേവാസുര യുദ്ധകഥയുടെ രണ്ടാം ഭാഗമായിരുന്നു. പ്രണയത്തിന്റെ പകയുടെ പ്രതികാരത്തിന്റെ പുതിയ കാല കഥ പറഞ്ഞ രാവണപ്രഭു മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ഏതൊരു നവാഗത സംവിധായകനും കൊതിക്കുന്ന സ്വപ്ന സമാനമായ തുടക്കം. രാവണപ്രഭുവിന്റെ ചുവട് പിടിച്ച് അതേ അച്ചിൽ വാർത്ത ഒരുപാട് സിനിമകൾ രഞ്ജിത്തിനു ചെയ്യാമായിരുന്നു. പക്ഷെ അതിനു പകരം നല്ല സിനിമകളിലേക്ക് തിരിയുകയാണു ഈ കലാകാരൻ ചെയ്തത്. നല്ല സിനിമകളുടെ വക്താവാവണം എന്ന ആഗ്രഹം മാത്രമല്ല ഈ ചുവടുമാറ്റത്തിനു പിന്നിൽ. രാവണപ്രഭുവിൽ ഉണ്ടാക്കിയതിനേക്കാൾ അമാനുഷികത ഉണ്ടാക്കാൻ തല്കാലം തന്റെ തൂലികക്ക് ശേഷിയില്ല എന്ന ബുദ്ധിപരമായ തിരിച്ചറിവാണു സത്യത്തിൽ കാരണം. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്ന പത്മരാജന്റെ സിംഹാസനത്തിലേക്ക് നടന്നു കയറാനുള്ള ബോധപൂർവ്വമായോ അതോ അല്ലാതെയോ ഉള്ള ഒരു ശ്രമം രഞ്ജിത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകുന്നതായി കാണാം . പക്ഷെ അത് ഫലത്തിൽ വരുന്നില്ല എന്നതാണു സത്യം. പ്രത്വിരാജ് എന്ന നടനെ മലയാള സിനിമക്ക് സമ്മാനിച്ച നന്ദനം ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ രഞ്ജിത്തിന്റെ ഒരു സിനിമ പോലും വിജയിച്ചിട്ടില്ല എന്നതാണു വാസ്തവം. പാലേരിമാണിക്യവും, കൈയൊപ്പും തിരകഥയുമെല്ലാം നിരൂപക ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിൽ പരാജയപ്പെട്ടു. രഞ്ജിത്ത് ചുക്കാൻ പിടിച്ച കേരള കഫെയ്ക്കും സംഭവിച്ചത് ഇതു തന്നെ. ഇതിനിടയിൽ കോമേഴ്സ്യൽ ചേരുവകൾ നിറച്ച് കൊണ്ട് ഇറക്കിയ ചന്ദ്രോൽസവം, പ്രജാപതി, റോക്ക് n റോൾ, ബ്ലാക്ക് എന്നിവ ദയനീയ പരാജയമടയുകയും ചെയ്തു. ചുരുക്കത്തിൽ കലാമൂല്യമുള്ള സിനിമ എടുക്കുകയും അത് സാമ്പത്തിക വിജയം നേടുകയും ചെയ്യുന്ന പത്മരാജൻ സിനിമകളുടെ ശ്രേണിയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന ഒരു സിനിമ പോലും രഞ്ജിത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അതിനുള്ള ശ്രമങ്ങളിൽ നിന്ന് രഞ്ജിത്ത് പിന്മാറുന്നില്ല എന്നതാണു സന്തോഷകരമായ കാര്യം. രഞ്ജിത്തിന്റെ ക്യാപ്പിറ്റോൾ തിയറ്റർ നിർമ്മിക്കുന്ന പുതിയ ചിത്രമായ പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് എന്ന സിനിമ മുന്നോട്ട് വെക്കുന്നതും സാമൂഹ്യപ്രസക്തിയുള്ള കലാമൂല്യം നിറഞ്ഞ ഒരു വിജയ ചിത്രം എന്ന ആശയം തന്നെയാണു. മമ്മൂട്ടി തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകത കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട ഈ സിനിമ ഒരു വിജയ ചിത്രമായി തീരട്ടെ എന്ന് നമ്മുക്കാശംസിക്കാം. അത് കാലത്തിന്റെ ആവശ്യമാണു. കാരണം പത്മരാജൻ സിനിമകളിലെ പോലുള്ള സൗന്ദര്യം പുതിയ തലമുറകൾക്ക് പകർന്നു നല്കാൻ രഞ്ജിത്തിനെ പോലുള്ള എഴുത്തുകാർക്കെ കഴിയു..!


*ഇനിയൊരു മീശ പിരിപ്പൻ കഥാപാത്രത്തെ താൻ എഴുതിലെന്ന് രഞ്ജിത്ത്..!!

**എഴുതിയാ പിന്നങ്ങ്...!!!

1 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

രഞ്ജിത്ത് തീര്‍ച്ചയായും മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. സിനിമ വിജയിക്കാത്തത് മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നമാണെന്ന് കരുതിയാല്‍ മതി. കമേര്‍ഷ്യല്‍ ചിത്രങ്ങള്‍ പോലും കലാപരമായ ഉയര്‍ന്ന നിലവാരത്തില്‍ എടുക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

Followers

 
Copyright 2009 b Studio. All rights reserved.