RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പിന്നെയും - film review


ലോകപ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ ആണു പിന്നെയും.  ദിലീപ്, കാവ്യ എന്നിവരാണു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അടൂർ തന്നെ രചന  നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ എം ജി രാധാകൃഷ്ണനാണു. ഇന്ദ്രൻസ് , ശൃദ്ധ , നെടുമുടി വേണു, വിജയരാഘവൻ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. 

കഥ

പ്രണയവിവാഹം കഴിച്ചവരാണു  പുരുഷോത്തമൻ നായരും ഭാര്യ ദേവിയും. അവർക്ക് ഒരു മകളുമുണ്ട്. പുരുഷോത്തമൻ നായർക്ക് ഇതു വരെ ഒരു സ്ഥിരവരുമാനം ഉള്ള ജോലി കിട്ടിയിട്ടില്ല. അതിന്റെ എല്ലാത്തരം വിഷമതകളും അയാളുടെ കുടുംബത്തിനുണ്ട്. അങ്ങനെയിരിക്കെ പുരുഷോത്തമൻ നായർക്ക് ഗൾഫിലേക്ക് പോകാനായിട്ട് ഒരു വിസ ലഭിക്കുന്നു. ഇനിയങ്ങോട്ട് കഥയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നത് രസചരട് പൊട്ടിക്കും എന്നതിനാൽ അതിനു മുതിരുന്നില്ല. പ്രത്യേകിച്ച് ഈ സിനിമയുടെ പ്രചോദനം സുകുമാരക്കുറുപ്പിന്റെ തിരോധാനമാണു എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ...!!!


വിശകലനം

സ്വയംവരം മുതലുള്ള അടൂർ സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം ഒരു അടൂർ സിനിമ എങ്ങനെ ആയിരിക്കും എന്ന്.ഇനി അടൂർ സിനിമകൾ കണ്ടിട്ടില്ലാത്തവരും കോമഡി സ്കിറ്റുകൾ പോലുള്ള പ്രോഗ്രാം വഴി സമാന്താര സിനിമകളുടെ  സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണു. കഴിഞ്ഞ 50 വർഷത്തെ സിനിമ ജീവിതത്തിനിടയ്ക്ക് 12 സിനിമകളാണു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ 11 എണ്ണവും രാജ്യാന്തര പ്രശസ്തി നേടിയവയാണു. എന്നാൽ ഇവയൊന്നും തിയറ്ററുകളിൽ വിജയം കണ്ടിട്ടില്ലാത്തവയാണു. 

തന്റെ സിനിമകൾക്ക് നല്ല വിതരണക്കാരെ കിട്ടാത്തത് കൊണ്ടാണു തന്റെ സിനിമകൾ ജനങ്ങൾ കാണാഞ്ഞത് എന്നും 70 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന പിന്നെയും എന്ന സിനിമയാണു തന്റെ ഏറ്റവും മികച്ച സിനിമ എന്നും ഇത് തിയറ്ററിൽ നന്നായി ഓടും എന്നുമൊക്കെ സാക്ഷാൽ അടൂർ ഗോപാല കൃഷ്ണൻ തന്നെ പറയുമ്പോൾ അവിടെയാണു ഒരു കച്ചവട സിനിമ എന്ന നിലയിൽ ഈ സിനിമയെ വിശകലനം ചെയ്യുന്നതിലുള്ള പ്രസക്തി. അല്ലായിരുന്നെങ്കിൽ അടൂർ സിനിമ ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തലുകൾക്ക് അപ്രാപ്യമായിരുന്നല്ലോ..!!  

വെറുമൊരു പ്രണയകഥയല്ല പിന്നെയും എന്നാണു സിനിമയുടെ ടാഗ് ലൈൻ. ശരിയാണു പിന്നെയും വെറുമൊരു പ്രണയകഥ മാത്രമല്ല. കാലഘട്ടം പരാമർശിക്കാതെ പറയുന്ന ഈ കഥയിൽ മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിലെ വിവിധ വികാരങ്ങളെ ആവിഷ്ക്കരിച്ചിരിക്കുന്നു.

 ദിലീപ് എന്ന നടൻ ആദ്യമായി അടൂർ സിനിമയിൽ എന്ന് കേൾക്കുമ്പോളുള്ള കൗതുകം കഥാവശേഷൻ പോലെ അവാർഡ് ലക്ഷ്യമിട്ട് സ്വയം നിർമ്മിച്ച് അപഹാസ്യനായ ഒരു നടന്റെ അഭിനയ ജീവിതത്തിലെ ശക്തമായ വെല്ലുവിളി കാണാനുള്ളത് കൂടിയാണെന്നിരിക്കെ പോസ്റ്ററുകളിലും പ്രോമോഷനുകളില്ലും നിറഞ്ഞ് നിന്ന ദിലീപ് സിനിമയിൽ തീരെ ചെറുതായി പോയി എന്ന് എടുത്ത് പറയേണ്ടതാണു.

 ദൈന്യത നിറഞ്ഞ കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ അഭിനയകാലം തുടങ്ങിയ അന്നു മുതല്ക്കേ ഉള്ള സ്ഥായി മുഖഭാവം കൈമുതലാക്കി പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു. നാളെ ചരിത്രത്തിൽ അടൂർ സിനിമയിൽ അഭിനയിച്ചു എന്ന് ഒന്ന് രേഖപ്പെടുത്തി വെക്കാം എന്നല്ലാതെ ഈ കഥാപാത്രം ദിലീപിനു ഒരു ഗുണവും ചെയ്യുന്നില്ല. 

അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം ശക്തമായ ഒരു അവതരണ രീതിയുണ്ട്. ഇവിടെയും കാവ്യ മാധവൻ അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മുൻ അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ പോലെ മികച്ച് നിന്നു. വിജയരാഘവൻ , നെടുമുടി വേണു , ഇന്ദ്രൻസ് തുടങ്ങിയ വലിയ നടന്മാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇന്ദ്രൻസിന്റെ കഥാപാത്രം മാത്രമായിരുന്നു. അടൂർ സിനിമകളിൽ പ്രതീക്ഷിക്കാവുന്ന ശാന്തത ഈ സിനിമയിലും കാണാം. എം ജി രാധാകൃഷന്റെ ഫ്രയിമുകളുടെ കൃത്യത സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. 

ആദ്യമായി ഒരു കോമേഴ്സ്യൽ സിനിമ ചെയ്യുന്നതിന്റെ പരിചയക്കുറവ് എന്ന് 50 വർഷം സിനിമയിൽ അനുഭവ സമ്പത്തുള്ള അടൂരിനെ കുറിച്ച് പറയുന്നത് ശരിയല്ല എന്നറിയാം എങ്കിലും പൊതു ജനം കാണുക എന്ന ലക്ഷ്യത്തോടെ ആണു അങ്ങ് ഈ സിനിമ എടുത്തിരിക്കുന്നതെങ്കിൽ ആ ഉദ്യമത്തിൽ അങ്ങ് പരാജിതനായിരിക്കുന്നു എന്ന് കൂടി പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കുന്നു.. !!

പ്രേക്ഷക പ്രതികരണം

അടൂർ സിനിമ തിയറ്ററിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയിൽ നിന്ന് എന്താവും പ്രതികരണം..??

ബോക്സോഫീസ് സാധ്യത

അങ്ങ് തലസ്ഥാനത്ത് ഈ സിനിമ ഹൗസ് ഫുൾ. ഇങ്ങ് ഈ തിയറ്ററിൽ 8 പേരു.

റേറ്റിംഗ്: അടൂർ സിനിമയ്ക്ക് ഒക്കെ റേറ്റിംഗ് ഇടാൻ നമ്മളില്ലേ...

അടിക്കുറിപ്പ്: മനസ്സിലാവാത്തതിനെ മഹത്തരം എന്ന് പറഞ്ഞ് നടക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.. !! 

1 comments:

സുധി അറയ്ക്കൽ said...

വായിച്ചു കേട്ടോ!!ബ്ലോഗ്‌ ഷെയർ ചെയ്തിട്ടുണ്ട്‌!!!.

Followers

 
Copyright 2009 b Studio. All rights reserved.