RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഊതിവീർപ്പിച്ച ബാഗ്ലൂർ ഡേയ്സ്


പ്രതീക്ഷകൾ
മഞ്ചാടിക്കുരുവിന്റെ സംവിധായകയും ഉസ്താദ് ഹോട്ടലിന്റെ രചയിതാവുമായ അഞ്ജലി മേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന നിലയ്ക്ക് ബാംഗ്ലൂർ ഡേയ്സ് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണു. യുവതാരനിരയിലെ പ്രമുഖ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ , ദുൽക്കർ എന്നിവർ ആദ്യമായി ഒരുമിക്കുകയും ആ ചിത്രം സാക്ഷാൽ അൻവർ റഷീദ് നിർമ്മിക്കുക കൂടി ചെയ്യുന്നതോടെ പ്രതീക്ഷകൾ അങ്ങ് വാനോളമെത്തി നിൽക്കുന്നു.

കഥ

അർജുൻ എന്ന അജു, കൃഷ്ണൻ കുട്ടി എന്ന കുട്ടൻ ദിവ്യ എന്ന കുഞ്ചി ഇവർ മൂന്നു പേരും കസിൻസ് ആണു. ഇതിൽ കുട്ടൻ വീട്ടുകാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പഠിച്ച് എഞ്ചിനീയറിംഗ് പാസായി ബാംഗ്ലൂരിൽ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്നു. കക്ഷിക്ക് പക്ഷെ താല്പര്യം നമ്മുടെ നാടിന്റെ പച്ചപ്പും മനോഹാരിതയുമൊക്കെയാണു. ദിവ്യ എം ബി എ പാസായി ഒരു വലിയ കമ്പനി തുടങ്ങി അവിടെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കണം എന്നെക്കെയാണു ആഗ്രഹമെങ്കിലും ജോത്സ്യത്തിൽ അമിത വിശ്വാസമുള്ള വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ദാസിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലേക്ക് പോകുന്നു. അജു. ആദ്യത്തെ രണ്ട് പേരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണു പുള്ളി.12 ക്ലാസിൽ വെച്ച് പഠിത്തം നിർത്തി നാട് വിട്ട അജുവിനു കമ്പം ബൈക്ക് റേസിംഗിനോടാണു. സ്ഥിരമായൊരു സ്ഥലമോ ജോലിയോ ഒന്നും അജുവിനില്ല. ചുരുക്കി പറഞ്ഞാൽ ഒരു ന്യൂജനറേഷൻ നാടോടി. ദിവ്യയും കുട്ടനും ബാംഗ്ലൂരിൽ താമസമാക്കിയതോടെ അജുവും ബാംഗ്ലൂരിലേക്ക് വരുന്നു. ദിവ്യയുടെ ഭർത്താവായ ദാസ് ആകട്ടെ തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നെന്നും ആ പ്രേമ ബന്ധത്തിൽ നിന്ന് വിമുക്തനായി വരുന്നതേ ഉള്ളു എന്നും ദിവ്യയോട് ആദ്യമേ സമ്മതിച്ചതായിരുന്നെങ്കിലും തികച്ചും റിസർവഡ് ആയ ഒരു പെരുമാറ്റ രീതിയാണു കൈക്കൊള്ളുന്നത്. ആ വിരസതയിൽ നിന്നും ദിവ്യ മോചനം നേടിയിരുന്നത് അജുവും കുട്ടനുമായുള്ള അടിച്ചു പൊളികളിലൂടെ ആയിരുന്നു. ഇതിനിടയിൽ കുട്ടൻ മീനാക്ഷി എന്ന ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിലാവുന്നു. എന്നാൽ അതൊരു ഹാപ്പി അവർ ആഫറ്ററിനപ്പുറത്തേക്ക് നീങ്ങുന്നില്ല. അങ്ങനെയിരിക്കെ അജു യാദൃശ്ചികമായി എഫ് എം മിലൂടെ ഒരു പ്രോഗ്രാം കേൾക്കുന്നു. അതിലെ ജോക്കിയായ സൈറയുടെ വാചകങ്ങൾ അജുവിനെ സ്വാധീനിക്കുകയും അജു സൈറയുടെ ആരാധകനാവുകയും ചെയ്യുന്നു. സൈറയെ നേരിൽ കണ്ട് ഒരു സർപ്രൈസ് കൊടുക്കാൻ എത്തുന്ന അജു വീൽചെയർ തള്ളി നീങ്ങുന്ന സൈറയെ ആണു കാണുന്നത്. അവിടെ ഇന്റർ വെൽ
അജു- സൈറ ബന്ധം എന്താകും ?? കുട്ടനു നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റുമോ ? എന്താണു ദിവ്യയുടെ ഭർത്താവ് ദാസിന്റെ പ്രശ്നം തുടങ്ങിയ കാര്യങ്ങളാണു രണ്ട് മണിക്കൂർ 55 മിനുറ്റ് കൊണ്ട് ബാംഗ്ലൂർ ഡേയ്സ് കൈകാര്യം ചെയ്യുന്നത്

നല്ലത്
.

1. ഈ സിനിമയിലെ ഏറ്റവും പ്രധാന ആകർഷണിയത നസ്രിയ ആണു. 3 നായകന്മാർ ഉണ്ടായിട്ടും അവരേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ശ്രദ്ധ പിടിച്ചു പറ്റിയ ഈ നടിയെ കല്യാണം കഴിച്ച ഉടൻ കരിയർ അവസാനിപ്പിക്കരുതെ എന്ന് ഒരപേക്ഷയുണ്ട്.
2. നിവിൻ പോളി. കുട്ടൻ എന്ന നിഷകളങ്കനായ ചെറുപ്പക്കാരനെ നിവിൻ ഭദ്രമാക്കി. ഈ നടനിൽ മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷകൾ വെയ്ക്കാം.
3. ഹഹദ് ഫാസിൽ തുടക്കത്തിൽ മറ്റൊരു നോർത്ത് 24 കാതമെന്ന് തോന്നിപ്പിക്കുവെങ്കിലും സിനിമ പുരോഗമിക്കും തോറും കഥാപാത്രവും വികസിക്കുകയാണു. ശക്തമായ ഒന്നല്ലെങ്കിലും ബാംഗ്ല്ലൂർ ഡേയ്സിൽ ഫഹദ് മികച്ച് നിൽക്കുന്നു.
4. ദുൽക്കർ ഈ സിനിമയിൽ ഒരല്പം ഹീറോയിസം ഉള്ളത് ദുൽക്കറിന്റെ അജുവിനു മാത്രമാണു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ നല്ല രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തനിക്കു കഴിയും എന്ന് ദുൽക്കർ തെളിയിക്കുന്നു.
5. വളരെ നാളുകൾക്ക് ശേഷം കല്പനയുടെ ഒരു ഹ്യൂമർ വേഷം
6. പാർവ്വതി , ഇഷ തല്വാർ , നിത്യ മേനോൻ എന്നിവർ തങ്ങളുടെ ചെറിയ വേഷങ്ങൾ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
7. തിരകഥാകൃത്ത് എന്ന രീതിയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സംവിധായക എന്ന രീതിയിൽ തന്റെ കർത്തവ്യത്തോട് നീതി പുലർത്താൻ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.
8. സമീർ താഹിറിന്റെ ക്യാമറ, പശ്ചാത്തല സംഗീതം
9.ടൈറ്റിൽ കാർഡിൽ കാണിക്കുന്ന ചിത്രങ്ങൾ

മോശം
പറയാവുന്നവ

1. ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 55 മിനുറ്റ് ആണു അതല്പം ഒന്ന് കുറച്ചിരുന്നെങ്കിൽ.....
2. നിരവധി ഗാനങ്ങളുള്ള ഈ സിനിമയിൽ തുടക്കം മാഗല്യം എന്ന ഗാനം മാത്രമാണു ചുണ്ടിൽ തങ്ങി നിൽകുന്നത് . മറ്റുള്ളവ വഴിയെ ശ്രദ്ധിക്കപ്പെടുമായിരിക്കും
3. ക്ലൈമാക്സ് ക്ലീഷേ. ബൈക്ക് റേസിംഗ് എ എക്സ് എനിൽ ഇതിലും നന്നായി കാണാമല്ലോ.
4. എല്ലാതരം ആളുകളെയും ആകർഷിച്ചിരുത്തുന്ന തിരകഥയുടെ അഭാവം.

എഴുത്തുകാരി എന്ന നിലയിൽ പല പുതമകളും കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും മലയാള സിനിമയുടെ സ്ഥിരം ചേരുവകളിൽ നിന്നു പൂർണ്ണമായും വഴിമാറി നടക്കാൻ അഞ്ജലി മേനോനു കഴിഞ്ഞിട്ടില്ല. എങ്കിലും അഞ്ജലിയ്ക്ക് അഭിമാനിക്കാം കാരണംഅഞ്ജലിയെ പോലെയുള്ള നവ സംവിധായകരിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഇത്തരം ധീരമായി കാൽവെയ്പ്പുകളാണു.

പ്രേക്ഷക
പ്രതികരണം - യുവത്വത്തിനു വേണ്ടി യുവത്വം ഒരുക്കിയ സിനിമ കാണുന്നത് മുഴുവൻ യുവത്വം. കൈയ്യടികളല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല.

ബോക്സോഫീസ് സാധ്യത - എത്ര നല്ല സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പൊളിയും. എത്ര മോശം സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ട്ടപ്പെട്ടാൽ ഓടും. ഇതാണു മലയാള സിനിമയിലെ കുറെ കാലങ്ങളായുള്ള പ്രതിഭാസം. അതു കൊണ്ട് തന്നെ ഈ ചിത്രം ഫാമിലിയുടെ ദയാദാക്ഷിണ്യത്തിലേക്ക് വിട്ടു കൊടുക്കുന്നു. അവർ തിരുമാനിക്കട്ടെ..

യതാർഥ്യം

ഏത് വീക്ഷണ കോണിലൂടെ നോക്കിയാലും ബാംഗ്ലൂർ ഡേയ്സ് യുവത്വത്തിനു വേണ്ടിയുള്ള സിനിമയാണു. വീട്ടുകാരുടെ പ്രതീക്ഷകളുടെ ഭാരം പേറി ഇഷ്ട്മിലാത്ത ജീവിതം അനുഭവിക്കേണ്ടിവരുന്നവർക്കും സ്വന്തം ജീവിതം സ്വയമിഷ്ടപ്രകാരം ആസ്വദിക്കുന്നവർക്കും ഇനി ഈ രണ്ട് കാറ്റഗറിയിലും പെടാതെ ജീവിക്കുന്നവർക്കുമെല്ലാം കൂടി ഒരുമിച്ചിരുന്നു ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ. ഒരിക്കൽ കൂടി ആദ്യ വാചകം ആവർത്തിക്കുന്നു. ഇത് യുവത്വത്തിനു വേണ്ടി മാത്രമുള്ള സിനിമയാണു.

റേറ്റിംഗ് 3/5

അടിക്കുറിപ്പ്

ഈ സിനിമയെ ഊതിപെരുപ്പിച്ച് ഒരു മഹത്തായ സംഭവമാക്കുന്നവർ ഈ സിനിമ ഇനിയും കാണാത്തവരോട് ഒരു വലിയ ചതിയാണു ചെയ്യുന്നത്. പ്രതീക്ഷകൾ നൽകുന്ന അമിതഭാരം നിരാശ മാത്രമേ സമ്മാനിക്കുകയുള്ളു.

1 comments:

ശ്രീ said...

ചിത്രം കണ്ട സുഹൃത്തുക്കള്‍ക്കെല്ലാം നല്ല അഭിപ്രായമാണ്

Followers

 
Copyright 2009 b Studio. All rights reserved.