RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഈ അടുത്ത കാലത്ത്


ജീവിതം 43,252,003,274,489,856,000 വ്യത്യസ്ത വഴികളുള്ള ഒരു രൂബിക്സ് ക്യൂബ് പോലെയാണു.അതിൽ എണ്ണമറ്റ ട്വിസ്റ്റുകളും വഴിത്തിരിവുകളും ഉണ്ടായെന്നുവരാം. പക്ഷെ ഒരിക്കൽ അത് ശരിയായ രൂപത്തിൽ എത്തിയാൽ പിന്നെ ഏത് കോണിൽ നിന്ന് നോക്കിയാലും അതിനു പൂർണ്ണതയുടെ രൂപം തന്നെയായിരിക്കും..!

രസികൻ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി രചന നിർവ്വഹിച്ച കോക്ക്ടെയില് ഫെയിം അരുൺ കുമാർ സംവിധാനം ചെയ്ത ചിത്രമാണു ഈ അടുത്ത കാലത്ത്. ഇന്ദ്രജിത്ത്, മൈഥിലി, ലെന, തനുശ്രീ ഘോഷ്, നിഷാൻ പിന്നെ വളരെ ചെറിയ ഒരു റോളിൽ അനൂപ് മേനോനും (പോസ്റ്ററിൽ തല വലിയതാണെങ്കിലും) ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്ഥായിയായ വില്ലൻ നായകൻ പരിവേഷങ്ങളൊന്നും ഈ ചിത്രത്തിലില്ല. തിരുവനന്തപുരം നഗരത്തിലെ വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് മനുഷ്യരുടെ ജീവിതത്തിൽ ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളാണു സിനിമയുടെ കഥാതന്തു. സംഗതി സിനിമാറ്റിക് ആയത് കൊണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലെ ആളുകൾ തമ്മിൽ ബന്ധപ്പെടും എന്നത് ഉറപ്പാണല്ലോ. അല്ലെങ്കിൽ പിന്നെ എന്തോന്ന് മലയാള സിനിമ..

ചവറുകൂനയിൽ നിന്ന് സാധനങ്ങൾ പെറുക്കി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന വെട്ട് വിഷ്ണു(ഇന്ദ്രജിത്ത്)വാണു ഈ കഥയിലെ മുഖ്യ കഥാപാത്രം. വെട്ട് വിഷ്ണു എന്ന വിളിപേരു ക്വട്ടേഷൻ സംഘത്തിൽ ചേർന്നത് കൊണ്ടുണ്ടായതല്ല, ക്രിക്കറ്റ് കളിയിൽ സിക്സർ മാത്രം അടിക്കുന്നത് കൊണ്ട് വീണപേരാണു. ടൈം പാസിനുള്ള ക്രിക്കറ്റ് കളിയല്ല വിഷ്ണുവിന്റെത് വയറ്റിപിഴപ്പുകൂടിയാണത്. വിഷ്ണുവിനു ഭാര്യ(മൈഥിലി) അമ്മ രണ്ട് മക്കൾ. താമസം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു ബ്രാഹമണ കോളനിയിൽ..

ഇതേ നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നടത്തുന്ന അജയ്കുര്യനും(മുരളി ഗോപി) അദ്ദേഹത്തിന്റെ ഭാര്യ മാധുരിയും(തനുശ്രീ) മകനും. അജയ് കുര്യൻ ഒരല്പം മെന്റലാണു. വളരെ സുന്ദരിയും സെക്സിയുമായ ഭാര്യ ഉണ്ടായിട്ടും അവരെ കഴിഞ്ഞ 7 വർഷമായി അദ്ദേഹം ഒന്ന് തൊട്ടിട്ടു പോലുമില്ലത്രെ. മാധുരി ചെറുപ്പത്തിലെ തന്റെ അഛന്റെ നിർബന്ധ പ്രകാരം ബി ഗ്രേഡ് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ക്ലിപ്പുകളെല്ലം ഇന്ന് യൂ ട്യൂബിൽ സുലഭം.

പെൺകുട്ടികളെ ഫോണിലൂടെ വളച്ച് അവരുടെ സെക്സ് ക്ലിപ്പുകൾ എടുത്ത് നെറ്റിൽ അപ്ലോഡ് ചെയ്യുന്ന വൻറാക്കറ്റിന്റെ കണ്ണിയായ നോർത്ത് ഇന്ത്യൻ പയ്യൻ രുസ്തൻ (നിഷാൻ),പലിശക്കാരനും ക്വട്ടേഷൻ തലവനുമായ ഡിക്സൻ , മാധുരിയുടെ കൂട്ടുകാരിയും ജേർണലിസ്റ്റും പുരുഷവിരോധിയുമായ രൂപ (ലെന), നഗരത്തിൽ വയസ്സന്മാരെ മാത്രം കൊല ചെയ്ത് പണം തട്ടുന്ന ഒരു സീരിയൽ കില്ലറെ പിടിക്കാൻ പാടു പെടുന്ന സിറ്റി പോലീസ് കമ്മീഷ്ണർ ടോം ചെറിയാൻ( അനൂപ് മേനോൻ).

ഇത്രയുമാണു ഈ അടുത്ത കാലത്തിലുള്ളത്. ഇനി ഇവരുടെ ജീവിതത്തിൽ ഈ അടുത്തകാലത്ത് എന്ത് സംഭവിച്ചു എന്നറിയാൻ ആകാംക്ഷയുള്ളവർക്ക് ഈ സിനിമ ധൈര്യമായി കാണാം. രസികൻ എന്ന സിനിമയിൽ നിന്ന് ഈ ചിത്രത്തിലേയ്ക്കെത്തുമ്പോൾ ശക്തമായ ഒരു മുന്നേറ്റമാണു നടൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും മുരളി ഗോപി നടത്തിയിരിക്കുന്നത്. ഒരു തരത്തിലും മുഷിപ്പിക്കാത്ത കഥയുടെ ആദ്യാവസാനം ത്രില്ലിംഗ് ആയി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഈ തിരകഥ മികച്ചരീതിയിൽ തന്നെ അരുൺ കുമാർ സംവിധാനം ചെയ്തിരിക്കുന്നു.

ഇന്ദ്രജിത്ത് എന്ന നടൻ ഇന്ന്
അഭിനയത്തിൽ മലയാളത്തിലെ മറ്റെത് യുവതാരത്തേക്കാളും പരിഗണന അർഹിക്കുന്ന ഒരാളാണു താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വിഷ്ണു എന്ന കഥാപാത്രത്തിന്റെ സ്വാഭാവികതക്ക് 100ല് നൂറു മാർക്ക്. വിഷ്ണുവിന്റെ ഭാര്യയായി മൈഥിലിയും ചെറുതെങ്കിലും മനോഹരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. തനുശ്രീ ഘോഷിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം മോശമല്ലെങ്കിലും ചില സീനുകളിലെ ലിപ്സ് മൂവ്മെന്റുകളും ഭാവാഭിനയത്തിന്റെ ഭാരവുമെല്ലാം കല്ലുകടിയാകുമെങ്കിലും തിരകഥയുടെ മികവ് കൊണ്ട് ഇതെല്ലാം മറികടക്കപ്പെടുന്നു.

നിഷാന്റെ ഒരല്പം വില്ലൻ ടച്ചുള്ള വേഷം ഈ നടനു മലയാളത്തിൽ നൽകാൻ പോകുന്ന മൈലേജ് കുറച്ചൊന്നുമായിരിക്കില്ല. ബൈജുവിന്റെ ഡിക്സൻ, ലെനയുടെ രൂപ, അനൂപ് മേനോന്റെ കമ്മീഷണർ എന്നീ കഥാപാത്രങ്ങൾക്ക് അമിതപ്രാധാന്യമില്ലെങ്കിലും സിനിമയുടെ ശുഭാന്ത്യത്തിനു വേണ്ടിയുള്ള പല ഘട്ടങ്ങളിലും ഇവർ വഴിത്തിരിവുകളാകുന്നുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണു മറ്റൊരു എടുത്തു പറയേണ്ടുന്ന പ്ലസ് പോയിന്റ്. പോസിറ്റീവുകൾ അങ്ങനെ ഒരുപാടുണ്ടെങ്കിലും ഈ ചിത്രത്തെ ഒരു ഇമിറ്റേഷൻ ചിത്രമെന്ന (കോപ്പിയടിയല്ല ഉദ്ദേശിച്ചത്) നിലയിൽ നിന്ന് ഒരു പരീക്ഷണ ചിത്രത്തിലേയ്ക്ക് ഉയർത്താൻ കഴിയാതെ പോയത് അരുൺകുമാർ എന്ന സംവിധായകന്റെ പോരായ്മ തന്നെയാണു.

ഒരു ചെറിയ പിഴവു പോലും വരുത്താതെ പ്രേക്ഷകനു ഇത്തരത്തിലുള്ള സിനിമകൾ കണ്ടിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങൾ സിനിമയിലൂടെ തന്നെ നൽകി സിനിമ അവസാനിക്കുമ്പോൾ ഒരു പക്ഷെ ഒരു സാധാരണ പ്രേക്ഷകൻ ചോദിച്ചേക്കാവുന്ന ചോദ്യം ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്നതായിരിക്കും...! അതിനുള്ള ഉത്തരത്തിനായി ബെന്യാമിന്റെ ആടുജീവിതത്തിലെ വരികൾ കടമെടുക്കുന്നു. "നമ്മളറിയാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണു"

*സിനിമ തുടങ്ങുന്നതിനു മുൻപ് തിയറ്ററിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ അനൂപ് മേനോൻ കീ ജയ് വിളികൾ മുഴുങ്ങുന്നുണ്ടായിരുന്നു..!

**ഫാൻസ് അസോസിയേഷനുകൾ മലയാള സിനിമയ്ക്ക് ഭാരം - അനൂപ് മേനോൻ..!!

**അത് സൂപ്പർ താരങ്ങളുടെ കാര്യത്തിൽ, ഇങ്ങേരുടെ സ്ഥാനം അതിനേക്കാളൊക്കെ വളരെ വളരെ മുകളില്ലല്ലേ...!!!

2 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അപ്പൊ കൊള്ളാം അല്ലെ?
ഫാന്‍സിനെ വേഷം കെട്ടിച്ചത് അനൂപ്‌ മേനോന്‍ അല്ലെങ്കില്‍ പിന്നെ ശാപം ആകില്ല... :)
നിശാന്റെ മുഖത്തെ ഒട്ടിച്ചു വെച്ച പോലെയുള്ള സ്ഥായീഭാവം ഇടക്കൊന്നു മാറ്റിയിരുന്നെന്കില്‍ എന്തെങ്കിലും പ്രതീക്ഷിക്കാമായിരുനു. വില്ലന്‍ ടച് അപൂര്‍വരാഗതിലും കണ്ടതാണല്ലോ...
എന്തായാലും കണ്ടേക്കാം...

Anonymous said...

അനൂപ്‌ മേനോന്‍ ഒരു മോഹന്‍ ലാല്‍ ആവാനുള്ള കളി ഒക്കെ കളിക്കുന്നുണ്ട്, അനൂപ്‌ മേനോനെക്കാള്‍ ആ പടത്തില്‍ ബ്ലൂ ഫിലിം നിര്‍മ്മ്മിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുന്ന പയ്യന്‍ ഏതാണ്ട് ൨ മിനിറ്റ് വരും ചിത്രത്തില്‍ അവന്റെ വേഷം അവന്റെ ഫാന്‍സ്‌ ബോര്‍ഡും കാണുകയുണ്ടായി ഇങ്ങിനെ രണ്ടു മിനിറ്റ് അഭിനയിച്ചവരും കാശ് മുടക്കി ഫ്ലക്സ് വെയ്ക്കുന്ന കാലമാണ് , ഇതിന്റെ ഒരു ഗുണം ഇന്ന് കേരളത്തില്‍ ഇതു തെണ്ടിക്കും ബന്ദ്‌ നടത്താം എന്നപോലെ ഇതു കൂറ നടനും ഫാന്‍സും ആകാം എന്നതാണ് , സൂപ്പര്‍ സ്ടാരുകള്‍ കട്ട ഔട്ടില്‍ എന്ന് പാലോഴിക്കാന്‍ തുടങ്ങിയോ അന്നുമുതല്‍ അവരുടെ പടങ്ങള്‍ വരി വരിയായി പൊട്ടുകയാണ്‌ , മുരളി ഗോപിക്കാണ് ഫാന്‍സ്‌ വേണ്ടത് കുറെ നല്ല ഡയലോഗുകള്‍ ഒരു ലൈന്‍ വിറ്റുകള്‍ ഒക്കെ ഈ പടത്തില്‍ നിരന്തരം എഴുത്ത് ചേര്‍ത്തു അതുമല്ല സമൂഹത്തില്‍ മൊബൈല്‍ വന്ന ശേഷം ഉള്ള മാറ്റം സദാചാര പോലീസിന്റെ ഒക്കെ കണ്ണ് വെട്ടിച്ചു കേരളം എങ്ങോട്ട സഞ്ചരിക്കുന്നു എന്നതിലേക്ക് ചേര്‍ത്തു പിടിച്ച ഒരു കണ്ണാടി ഇതിനൊക്കെ മുരളി ഗോപി അഭിനന്ദനം അര്‍ഹിക്കുന്നു നായിക തനു ഒരു ഐറ്റം ഗേള്‍ മാത്രമായിരുന്നു അവളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍

Followers

 
Copyright 2009 b Studio. All rights reserved.