RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വെള്ളരിപ്രാവിന്റെ ചങ്ങാതി.


1970 ൽ ചിത്രീകരിച്ച പെട്ടിയിലിരുന്നു പോയ ഒരു സിനിമ 2011 ൽ റിലീസായാൽ എന്ത് സംഭവിക്കും. അത് അറിയണമെന്നുണ്ടെങ്കിൽ ഈ ചിത്രം കാണണം. . മികച്ച അഭിനേതാക്കളും മികച്ച ഷോട്ടുകളും മികച്ച പാട്ടുകളും ഉണ്ടെങ്കിൽ ഒരു നല്ല സിനിമയുണ്ടാകില്ല. അതിനു ഒരു നല്ല തിരകഥ വേണം അതീ സിനിമയിലുണ്ട്. വിജയിക്കുന്നവരെ മാത്രം വാഴ്ത്തുന്ന സിനിമ ലോകത്തിലെ ആരും കാണാത്ത പരാജിതരുടെ കഥ പറയുകയാണു ഈ സിനിമയിൽ. സിനിമക്കുള്ളിലെ സിനിമ കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങളെല്ലാം മലയാള സിനിമ പ്രേക്ഷകർ കൗതുകപൂർവ്വം കണ്ടിട്ടുള്ളവയാണു. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ ചിത്രം കൂടി വെള്ളരി പ്രാവിന്റെ ചങ്ങാതി..!

41 വർഷങ്ങൾക്കു മുൻപ് അഗസ്റ്റിൻ ജോസഫ് എന്ന സംവിധായകൻ മുഴുവനായും പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ അന്ന് സാമ്പത്തിക പരാധീനം മൂലം റിലീസ് ചെയ്യാനാവാതെ പെട്ടിയിലാവുകയും തുടർന്ന് കടംകയറി നിർമാതാവ് കൂടിയായ സംവിധായകൻ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ജോലി തേടി ഫിലിം ലാബിലെത്തുന്ന അദ്ദേഹത്തിന്റെ മകൻ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) യാദൃശ്ചികമായി തന്റെ അപ്പന്റെ സിനിമ കാണുകയും അത് റിലീസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണു.

രണ്ട് അന്യമതത്തിൽ പെട്ടവരുടെ പ്രണയകഥ പറയുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ നായകനും നായികയുമാണു ഷാജഹാനും(ദിലീപ്) മേരി വർഗ്ഗീസും (കാവ്യ) ചിത്രത്തിലെ വില്ലനായി കണ്ണനും (മനോജ് കെ ജയനും) വേഷമിടുന്നു. ഇനിയുള്ള കഥ പറഞ്ഞാൽ ചിത്രത്തിലെ രസം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് അതിനു മുതിരുന്നില്ല. 2011 മലയാള സിനിമയുടെ വസന്ത കാലമാണു. ട്രാഫിക്ക്, ഉറുമി, മേൽവിലാസം, ചാപ്പ കുരിശ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ പോലെയുള്ള നല്ല ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷം. അതിന്റെ ഇടയിലേക്ക് ഇതാ ഈ വെള്ളരിപ്രാവും ചങ്ങാതിയും കൂടി...!

വെറുതെ ഒരു ഭാര്യക്ക് ശേഷം വന്ന കാണക്കണ്മണി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അക്കു അക്ബർ എന്ന സംവിധായകൻ വീണ്ടും ഒരു മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ചിരിക്കുകയാണു. അനിൽ ജി സ് എന്ന തിരകഥാകൃത്ത് ഇവിടെ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും ദൃശ്യങ്ങൾ മനോഹരമായി പകർത്തിയെടുത്തിരിക്കുന്നു. ചിത്രത്തിൽ സംഗീത വിഭാഗമാണു ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത്. പതിനേഴിന്റെ എന്നു തുടങ്ങുന്ന ഗാനം ചിത്രം കണ്ടവർ പെട്ടെന്ന് മറക്കും എന്ന് തോന്നുന്നില്ല.

നായകനായി വേഷമിടുന്ന ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഒരു ശക്തമായ കഥാപാത്രമാണു ഇതിലെ ഷാജഹാൻ. കോമഡി താരം എന്നറിയപ്പെടുന്ന ഈ നടൻ അത്തരത്തിലുള്ള ഒരു രംഗം പോലുമില്ലാതെ കാണികളുടെ കയ്യടി നേടുകയാണു. വ്യത്യസ്ഥതയുള്ള വേഷങ്ങൾ തേടി ജനപ്രിയ നായകനും യാത്ര തുടങ്ങിയിരിക്കുന്നു നല്ലത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന മനോജ് കെ ജയനും തന്റെ റോൾ മികവുറ്റതാക്കി. കാവ്യയും മോശമാക്കിയില്ല. കുറച്ചെയുള്ളുവെങ്കിലും ഇന്ദ്രജിത്തും മാണിക്കുഞ്ഞിനെ നന്നാക്കി.

രണ്ട് തരം പ്രേക്ഷകരുണ്ട് ഒന്ന് സിനിമ ഇഷ്ടപ്പെടുന്നവർ രണ്ടാമത്തേത് സിനിമയെ ഇഷ്ടപ്പെടുന്നവർ. രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണു താങ്കളെങ്കിൽ ആൾക്കുട്ടത്തിന്റെ ആരവങ്ങൾക്ക് മാത്രമുള്ളതാണു സിനിമ എന്ന് കരുതാത്ത ഒരാളാണു നിങ്ങളെങ്കിൽ ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഈ സിനിമയെ കുറിച്ച് വരുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്ത് ഈ സിനിമ നിങ്ങൾ കാണാതിരിക്കുകയാണെങ്കിൽ 2011 ലെ നല്ല സിനിമകളിൽ ഒന്ന് നിങ്ങൾക്ക് നഷ്ടപ്പെടും..!!

1 comments:

നൗഷാദ് അകമ്പാടം said...

തീര്‍ച്ചയായും ഇത്തരം നല്ല സിനിമകള്‍ക്ക് നേരെ ബോധപൂര്‍‌വ്വം ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളെ വീഴ്ത്താന്‍ താങ്കളുടെ അവസാന വരികള്‍ നിര്‍ബന്ധമാണ്...
നല്ല സിനിമ എങ്കിലത് പ്രേക്ഷനിലേക്കെത്തിക്കുക തന്നെ വേണം...

Followers

 
Copyright 2009 b Studio. All rights reserved.