RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ക്ഷമിക്കൂ... ആ തെറ്റ് എന്റേതാണു..!


അവസാനം അത് സംഭവിച്ചു. അഹങ്കാരിയും തന്റേടിയും താൻപ്രമാണിത്തവും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തവനും സഹതാരങ്ങളോട് പുച്ഛമനോഭാവവും വെച്ചു പുലർത്തുന്ന പൊതു ജനം രാജപ്പൻ എന്നും സ്വയം സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്ന പൃഥ്വിരാജ് മാപ്പ് പറഞ്ഞിരിക്കുന്നു. കളി മലയാളികളോടോ..?? പൃഥ്വിരാജിനൊക്കൊണ്ടെന്നല്ല മരിച്ചു പോയ സുകുമാരനെ കൊണ്ട് വരെ മലയാളികൾ മാപ്പ് പറയിക്കും.. നമ്മളോടാ കൊച്ചന്റെ കളി.

തനിക്കെതിരെ സൈബർ ലോകത്ത്നടക്കുന്ന ആക്രമണങ്ങളിൽ മനം നൊന്താണു പൃഥിരാജ് ഇങ്ങനെയൊരു ക്ഷമ പറച്ചിൽ നടത്തിയത്. താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു എന്നാണു പൃഥ്വിപറഞ്ഞത്. അവസാനം നമ്മുടെ ലക്ഷ്യം നിറവേറ്റിയിരിക്കുന്നു. കഷ്ടപ്പെട്ട് SMS ഉണ്ടാക്കുന്നവർക്കുംവീഡിയോ എഡിറ്റിംഗ് നടത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ കമന്റ്സ് വായിച്ചു നിർവൃതിഅടഞ്ഞവർക്കും ഇനി വിശ്രമിക്കാം. നമ്മുടെ എതിരാളി പരാജയം സമ്മതിച്ചിരിക്കുന്നു. കാത്തിരിക്കാംഇനി അടുത്ത ഇരയ്ക്കായ്..!!!

തുടർച്ചയായി രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണോ പൃഥ്വിയുടെ മനം മാറ്റത്തിനു കാരണം എന്ന് സംശയം തോന്നാം. അതിനിനി ക്ഷമ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. എന്തായാലും പൃഥ്വിരാജ് ഒന്നോർക്കണമായിരുന്നു, ബിഗ് ബഡ്ജറ്റ് സിനിമകൾ എന്ന് പറയുമ്പോൾ ഒന്ന് വിഖ്യാത സംവിധായകൻ ശ്രീ റോഷൻആൻഡ്രൂസ് സാറിന്റെതാണു.ഉദയനാണു താരം എന്ന ആദ്യചിത്രത്തിനു ശേഷം നോട്ട് ബുക്ക്, ഇവിടംസ്വർഗ്ഗമാണു എന്നീ പടുകൂറ്റൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. ഏതൊരു നടനും കൊതിക്കും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുവാൻ. അപ്പോഴാണു പൃഥ്വിരാജ് ഡേറ്റ്ക്ലാഷ് എന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിവാവുന്നത് അഹമ്മതി അല്ലാതെന്താ..! പിന്നെ അടുത്ത പടംമല്ലുസിംഗ്.കുഞ്ചാക്കോ, മനോജ് കെ ജയൻ ബിജുമേനോൻ എന്നീ താരങ്ങളോടൊപ്പം ഒരു മൾട്ടി സ്റ്റാർചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നതുല്യമായ അവസരമാണു പൃഥ്വി നഷ്ടപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും വിനാശകാലേ വിപരീത ബുദ്ധി. പക്ഷെ ക്ഷമ ചോദിച്ചത് കൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ വെറുതെ വിടുന്നു.

ഇതിൽ ഏറ്റവും വലിയ തമാശ മലയാളത്തിലെ രണ്ട് ഷുവർ സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ചു കൊണ്ട് പൃഥ്വിരാജ് അഭിനയിക്കാൻ പോയിരിക്കുന്നത് ഹിന്ദിയിൽ ഒരു സിനിമയിൽ അഭിനയിക്കാനാണു. അതും ഏതോ ഒരു അനുരാഗ് കശ്യപ് നിർമ്മിക്കുന്ന സിനിമയിൽ.. അല്ല ആരാണീ അനുരാഗ് കശ്യപ്?? അദ്ദേഹം കരൺ ജോഹറിനെ പോലെ അല്ലെങ്കിൽ യാഷ് ചോപ്രയെ പോലെ അതുമല്ലങ്കിൽ രകേഷ് റോഷനെ പോലെ പ്രശ്സതനായ ഒരാളാണോ..?? ഏതോ ഒരു ബ്ലാക്ക് ഫ്രൈഡേയോ മറ്റോ ചെയ്തിട്ടുണ്ട് പോലും.. അപ്പോൾ ഈ ആനമണ്ടത്തരത്തിനു തലവെച്ച് കൊടുത്തിട്ട് തേജാബായ് എന്ന സിനിമ എനിക്ക് പറ്റിയ പിഴവാണു എന്റെ നിഗമനം തെറ്റി പോയി അതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനി ഹിന്ദി സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഫിലിം ഫെയർ മാഗസിനിൽ കവർ ചിത്രം അടക്കം ആർട്ടിക്കിൾ വരുന്നതൊക്കെ വലിയ സംഭവമാണു എന്ന് പൃഥ്വി കരുതുന്നെങ്കിൽ പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഞങ്ങൾ മലയാളികൾ നാന, ചിത്രഭൂമി, ഫയർ, വെള്ളിനക്ഷത്രം ഇതൊക്കെയാണു വാങ്ങിക്കാറുള്ളതും വായിക്കാറുള്ളതും അപ്പോഴാണു ഒരു ഫിലിം ഫെയർ..!

പൃഥ്വിരാജിനോട് വളരെയധികം വെറുപ്പുള്ള ഞങ്ങൾ മലയാളി സിനിമ പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളു. ഇതു പോലെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ മലയാള സിനിമ ഒഴിവാക്കുക എന്നിട്ട് വല്ല ഹിന്ദിയിലോ തെലുങ്കിലോ ഒക്കെ പോയി അഭിനയിക്കുക ഇനി മലയാളത്തിൽ അഭിനയിച്ചേ തീരു എന്ന് വാശിയുണ്ടെങ്കിൽ ഇടയ്ക്ക് ഇന്ത്യൻ റുപ്പീ പോലുള്ള തല്ലിപൊളി സിനിമകളിൽ അഭിനയിക്കുക. ഇൻഡ്രൊഡക്ഷൻ സീനിൽ കൂവിയാലും ഇടയ്ക്കൊക്കെ ഞങ്ങൾ കയ്യടിക്കാം. എന്നിട്ട് ഉടനെ സ്റ്റാൻഡ് വിടുക. ഞങ്ങളുടെ മലയാളം ചാനലുകളിൽ വന്നിരുന്നു മലയാള സിനിമയെയും പ്രവർത്തകരെയും വിമർശിച്ച് സംസാരിക്കാതിരിക്കുക..

അവിടെ ബോളിവുഡിൽ പോയി എന്ത് വിടുവായത്തവും പറഞ്ഞോ, മലയാള സിനിമ നടന്മാരിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമേ അവർ അറിയു.അത് കൊണ്ട് ആദ്യമൊക്കെ അവർ ക്ഷമിച്ചു തന്നെന്നിരിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ സൈബർ ആക്രമണം ഞങ്ങളും കുറയ്ക്കാം. ഞങ്ങൾക്കിവിടെ മലയാള സിനിമയിൽ മാത്രം അഭിനയിക്കാൻ അറിയാവുന്ന നടന്മാർ മതി അതിനിവിടെ ദിലീപും ആസിഫ് അലിയുമൊക്കെ ഉണ്ട്...!!!

3 comments:

Anonymous said...

തിലകന്റെ ഇന്റര്‍വ്യൂവും കൂട്ടി വായിക്കുക അദ്ദേഹം സത്യം പറഞ്ഞു രാജും കൂളിംഗ് ഗ്ലാസ്‌ വച്ച് കളിയ്ക്കാന്‍ തുടങ്ങി എന്ന് , താങ്കളുടെ ലേഖനം കൊണ്ടൊന്നും രാജപ്പന്റെ ഇമേജു തിരിച്ചു കിട്ടാന്‍ പോകുന്നില്ല അനുരാഗ് കശ്യപ് സിനിമകളില്‍ ഭാര്യ കാക്കി കൊച്ച്ലെയിന്‍ അല്ലാതെ മറ്റു ആക്റെര്സിനു പ്രാധാന്യം ഒന്നുമില്ല , നാവടക്കൂ പണി എടുക്കൂ എന്നാണു പ്രത്ഹ്വിരാജ് തീരുമാനിക്കേണ്ടത് , അപ്പോള്‍ അര്‍ഹിക്കെണ്ടത് കിട്ടുക തന്നെ ചെയ്യും , മുഖത്തുള്ള സ്ഥായിയായ പുശ്ചഭാവാം മാറ്റി എടുക്കുകയാണ് ആദ്യം വേണ്ടത്

Elakkadan said...

അനുരാഗ് കശ്യപ്‌ മികച്ച ഒരു സംവിധായകനാണ്. ദേവ ഡി കണ്ടവരാരും അത് മറക്കില്ല."സാറേ സാറിന്റെ മനസ്സില് ലഡ്ഡു പൊട്ടി" - ഈ പരസ്യത്തില്‍ ആശാനാണ്. അദ്ദേഹത്തിന്റെ പടത്തിലെ അവസരം രാജപ്പന്റെ ഭാഗ്യം തന്നെ,,,

Sirajudheen said...

അതും ഏതോ ഒരു അനുരാഗ് കശ്യപ് നിർമ്മിക്കുന്ന സിനിമയിൽ.. അല്ല ആരാണീ അനുരാഗ് കശ്യപ്??

അനുരാഗ് കശ്യപ് ആരാണെന്നു അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടാൽ മതി.. തീർച്ചയായും ബ്ലാക്ക്‌ ഫ്രൈഡേ ഒരു മാസ്റ്റർ പീസ് ചലച്ചിത്രം തന്നെയാന്നു...
റോമൻസും കോമഡിയും ഫൈറ്റും കണ്ടു ശീലിച്ച ബോളിവൂടിൽ സാമൂഹിക പ്രസക്തിയുള്ള ഒരു പറ്റം ചിത്രങ്ങൾ സംവിധാനം ചെയ്തും , തിരകഥ എഴുതിയും , നിർമ്മിച്ചും കശ്യപ് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു...


ഗ്യാങ്ങ്സ് ഓഫ് വാസേപൂർ ,ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് ,മുംബൈ കട്ടിങ്ങ്സ് ,ഗുലാൽ, ദേവ് ഡി,റിട്ടേൺ ഓഫ് ഹനുമാൻ, നോ സ്മോക്കിങ്ങ് , ഉഡാൻ ,വാട്ടർ,ശൈത്താൻ, ആമിർ...

Followers

 
Copyright 2009 b Studio. All rights reserved.