RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

2011 ന്റെ താരങ്ങൾ


ഒരോന്നിനും ഒരോ സമയമുണ്ട് വിതയ്ക്കാനൊരു സമയം, കൊയ്യാനൊരു സമയം, സന്തോഷിക്കാനൊരു സമയം ദുഃഖിക്കാനൊരു സമയം. അതു പോലെ തന്നെയാണു സിനിമയിലും. മമ്മൂട്ടിക്കൊരു സമയം മോഹൻലാലിനു മറ്റൊരു സമയം. അതെ.. 2011 മോഹൻലാലിന്റെ സമയമാണു.

2010 ലുണ്ടായ അതി ദയനീയ പരാജയങ്ങളുടെ ഓർമകൾ കഴുകി കളഞ്ഞു കൊണ്ട് മലയാളികളുടെ സ്വന്തം ലാലേട്ടൻ തിളങ്ങി നിന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. 2010 ൽ സൂപ്പർ ഹിറ്റുകളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ അഭിനയിച്ചും പ്രേക്ഷകരെ ഹരം കൊള്ളിച്ച മമ്മൂട്ടി പക്ഷെ മറക്കാനാഗ്രഹിക്കുന്ന വർഷമായിരിക്കും 2011.

ഇതിൽ ഒരു താരത്തിന്റെയും ആരാധകർ കൂടുതലായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ വേണ്ട. കാരണം നടന്മാർ എന്ന നിലയിൽ നിന്ന് താരങ്ങളായി ഈ രണ്ട് പേരും വളർന്നതിൽ പിന്നെ മലയാള സിനിമയുടെ അച്ചുതണ്ട് കറങ്ങുന്നത് ഇവരിലൂടെ തന്നെയാണു. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ അതു മനസ്സിലാക്കാം.

ഒരു വർഷം ലാലാണു തിളങ്ങുന്നതെങ്കിൽ ആ വർഷം മമ്മൂട്ടി നിറം മങ്ങിയിരിക്കും. മമ്മൂട്ടിയാണെങ്കിൽ തിരിച്ചു ലാലും. ഇതിങ്ങനെ മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അതിനിടയിൽ എത്ര പേരു വന്നു പോയി. പക്ഷെ ഈ വന്മരങ്ങൾ ഇപ്പോഴും തളരാതെ തലയുർത്തി നിൽക്കുന്നു.

മോഹൻലാൽ വളരെ ശ്രദ്ധയോടെയാണു 2011 ആരംഭിച്ചത്. സത്യൻ അന്തിക്കാട്, ബ്ലസ്സി, റാഫി മെക്കാർട്ടിൻ, ജോഷി, പ്രിയദർശൻ എന്നീ സംവിധായകരോടൊപ്പം ചേർന്ന് സിനിമകൾ ചെയ്യുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലാലിനു ലക്ഷ്യമുണ്ടായിരുന്നില്ല. ഈ കോബിനേഷനുകൾ നൽകുന്ന പ്രതീക്ഷ തിയറ്ററിൽ ആൾക്കൂട്ടമായി മാറിയപ്പോൾ അത് മോഹൻലാലിനെ 2011 ലെ വിജയ താരമാക്കി മാറ്റി.

എന്നാൽ പ്രണയം എന്ന ഒരു ചിത്രം ഒഴിച്ചു നിർത്തിയാൽ നിലവാരമുള്ള ഒരു ചിത്രം പോലും ലാലിൽ നിന്നുണ്ടായില്ല എന്നതാണു സത്യം. പക്ഷെ താരപദവി ഉറപ്പിക്കാൻ വിജയ ചിത്രങ്ങൾ ആവശ്യമുള്ളത് കൊണ്ട് തന്നെ ചിത്രങ്ങളുടെ നിലവാരമില്ലായ്മ ന്യായീകരിക്കാവുന്നതേ ഉള്ളു. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ കാണാൻ തയ്യാറാവുന്നത് കൊണ്ടാണല്ലോ അത്തരം ചിത്രങ്ങൾ ഉണ്ടാവുന്നതും.

കോമേഴ്സ്യൽ വിജയങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻലാൽ 2011 ലെ താരമാകുമ്പോൾ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ച ദേശീയ പുർസ്കാരമാണു സലീം കുമാറിനെ ശ്രദ്ധേയനാക്കുന്നത്. ഒരു കോമഡി താരത്തിനു ലഭിച്ച ഈ ദേശീയ അവാർഡ് മലയാള സിനിമയിലെ പലരുടെയും മുൻധാരണകൾക്കേറ്റ തിരിച്ചടിയായിരുന്നു.

നെറ്റിലൂടെയും sms കളിലൂടെയും കടുത്ത വിമർശനത്തിനും കളിയാക്കലുകൾക്കും വിധേയമാകേണ്ടി വന്നെങ്കിലും അതെല്ലാം അത്തരക്കാരുടെ അഴുകിയ സംസ്ക്കാരത്തിന്റെ ബാക്കി പത്രം മാത്രമാണെന്ന് തെളിയിച്ച് കൊണ്ട് ഒരേ സമയം കോമേഴ്സ്യൽ വിജയങ്ങളുടെയും നിരൂപ പ്രശംസ നേടിയ ചിത്രങ്ങളുടെയും ഭാഗമാകുക എന്ന ഭാഗ്യം ലഭിച്ച പൃഥ്വിരാജാണു 2011 ലെ മറ്റൊരു താരം.

2010 ലെ ദുരന്ത താരം എന്ന വിശേഷണത്തിനു പൃഥ്വിരാജ് മറുപടി നൽകിയത് അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി, നിരൂപകരുടെ അഭിനന്ദനങ്ങൾക്ക് അർഹമായ ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളുടെ വിജയങ്ങളിലൂടെയാണു. മേക്കപ് മാൻ ,മനുഷ്യ മൃഗം എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ് മാണിക്യകല്ല് എന്ന ചിത്രത്തിലൂടെ ലാളിത്യമുള്ള കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

അവതരണത്തിലെ പാളിച്ച കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ സിറ്റി ഓഫ് ഗോഡ്, അർജുനൻ സാക്ഷി എന്നീ ചിത്രങ്ങൾ കൂടി വിജയിച്ചിരുന്നെങ്കിൽ പൃഥ്വിരാജിന്റെതു മാത്രമാകുമായിരുന്നു ഈ വർഷം. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലൂടെ നല്ല ചിത്രങ്ങളുടെ ഭാഗമാകാനും പൃഥ്വിരാജിനു കഴിഞ്ഞു. തേജാബായ് എന്ന ചിത്രം തനിക്ക് പറ്റിയ പാളിച്ചയാണെന്ന് സ്വയം സമ്മതിച്ച പൃഥ്വിരാജ് പുതിയ വർഷത്തിൽ കൂടുതൽ കരുതലോടെ നീങ്ങുമെന്ന് കരുതാം.

യുവതാരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആസിഫ് അലിയാണു. ട്രാഫിക്ക്, സാൾട്ട് & പെപ്പർ സെവൻസ് എന്നീ ചിത്രങ്ങളിലൂടെ ഏറ്റവും കൂടുതൽ കയ്യടി നേടിയ ആസിഫ് അലി പക്ഷെ തനിക്ക് ലഭിച്ച കയ്യടി തന്നോടുള്ള ആരാധന കൊണ്ട് മാത്രമാണോ അതോ വേറെയെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന് സ്വയം പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

നല്ല സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത് മികച്ച അഭിനേതാവെന്ന പേരെടുത്ത് മുന്നോട്ട് നീങ്ങിയാൽ ഈ നടന്റെ ഭാവി ശോഭനമായിരിക്കും അതല്ല തിയറ്ററുകളുടെ മുന്നിൽ കാണുന്ന ഫാൻസ് അസോസിയേഷൻ ഫ്ലക്സുകൾ കണ്ട് ആരാധകരെ ആവേശഭരിതരാക്കാനുള്ള സിനിമകളിൽ അഭിനയിക്കാം എന്ന തിരുമാനമെടുത്ത് മുന്നേറുകയാണെങ്കിൽ ഇരിക്കുന്നതിനു മുൻപ് കാലു നീട്ടിയ മറ്റ് പലരെയും പോലെയായിരിക്കും അവസ്ഥ.

കാരണം ആസിഫ് അലി എന്ന നടനു ചെയ്യാൻ കഴിയുന്ന വേഷങ്ങൾക്ക് ഒരു പരിമിതിയുണ്ട്.ആ പരിമിതി ഫലപ്രദമായി പരമാവധി ചൂഷണം ചെയ്ത് അഭിനയിക്കാൻ കഴിയുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ യുവതാരങ്ങളിൽ ആസിഫിനു എന്നും ഒന്നാം സ്ഥാനം നില നിർത്താം.

നല്ല സിനിമകൾ നിർമ്മിക്കപ്പെടുകയും അത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത വർഷമാണു കടന്നു പോയത്.പ്രേക്ഷകരുടെ ഈ ആവേശം തിരിച്ചറിഞ്ഞ് കൊണ്ട് നല്ല സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ നമ്മുടെ താരങ്ങൾ തയ്യാറാവട്ടെ എന്ന് നമ്മുക്ക് ആഗ്രഹിക്കാം.കാരണം നമ്മൾ പ്രേക്ഷകർക്ക് എന്നും ആഗ്രഹിക്കാനല്ലേ പറ്റു..!!!

4 comments:

jobin elanthoor, by gods grace said...

christian brothers kandu vijayippichavanmare thallikollanam. dileepinte pachappil anu aa padam odiyathu..

binoj joseph said...

സിനിമ സംവിധായകര്‍ ആകണം എന്ന ആഗ്രഹുവുമായി നടക്കുന്ന നിങ്ങള്‍ 2011-ലെ താരത്തെ തിരിച്ചറിയാതെ പോയി എന്നെ ഞാന്‍ പറയു, കാരണം സലിം അഹമ്മദ് എന്നൊരു പ്രതിഭയെ ഓര്‍ക്കാതെയും പറയാതെയും പ്രോത്സാഹിപ്പിക്കതെയും 2011-ലെ താരങ്ങള്‍ എന്നൊരു പോസ്റ്റിനു ഒരു അര്‍ത്ഥവുമില്ല .
dassantelokam.blogspot.com

b Studio said...

@ binoj സിനിമകളുടെയും താരങ്ങളുടെയും വിലയിരുത്തലുകളെ കഴിഞ്ഞിട്ടുള്ളു. സംവിധായകരുടെയും മറ്റ് അണിയറപ്രവർത്തകരുടേയും പ്രകടനങ്ങൾ വിശകലനം ചെയ്യുന്ന പോസ്റ്റ് പിന്നാലെ വരുന്നുണ്ട്

Devu Wayanad said...

പേരിന്റെ സാമ്യമാണ് ആകര്‍ഷിച്ചത്. ചിലതൊക്കെ വായിച്ചു. ഇനിയും വായിക്കാം . ഹാപ്പി ന്യൂ ഇയര്‍ .............

Followers

 
Copyright 2009 b Studio. All rights reserved.