സ്പോട്ട് ലൈറ്റ് വിഷൻസിന്റെ ബാനറിൽ നവാഗതനായ ബോബൻ സാമുവേൽ സംവിധാനം ചെയ്ത സിനിമയാണു ജനപ്രിയൻ. കൃഷ്ണൻ പൂജപ്പുരയാണു ജയസൂര്യ നായകനായ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ,സരയു,ജഗതി,സലീം കുമാർ,ലാലു അലക്സ്, ദേവൻ എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ.
താലൂക്ക് ഓഫീസ് ജീവനക്കാരനായ വൈശാഖൻ (മനോജ് കെ ജയൻ) ഒരു സിനിമ ഭ്രാന്തനാണു. സംവിധായകൻ ആവുക എന്നതാണു അയാളുടെ അഭിലാഷം. അഛന്റെ മരണ സമയത്തെ ആഗ്രഹം പ്രകാരം മാത്രമാണു അയാൾ ഒട്ടും താല്പര്യമില്ലാതെ സർക്കാർ ജോലി ചെയ്യുന്നത്. തന്റെ മഹത്തായ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ച് സിനിമ തുടങ്ങാൻ വേണ്ടി പ്രൊഡ്യൂസറായ അച്ചായന്റെ(ജഗതി) പിന്നാലെ നടക്കുകയാണു കക്ഷിയുടെ മുഖ്യ ജോലി. ഇതു മൂലം ഓഫീസിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് വൈശാഖനോട് 5 വർഷം ലീവിൽ പ്രവേശിക്കാൻ തഹസിൽ ദാർ (ലാലു അലക്സ്) ആവശ്യപ്പെടുന്നു. 5 വർഷം കൊണ്ട് ഒരു പ്രൊഡ്യൂസറെ സംഘടിപ്പിച്ച് സിനിമ ചെയ്യാൻ കഴിയും എന്ന പ്രത്യാശയിൽ വൈശാഖൻ ലീവെടുക്കുന്നു.
വൈശാഖന്റെ ഒഴിവിലേയ്ക്ക് താൽക്കാലിക ജീവനക്കാരനായി എത്തുന്നതാണു നമ്മുടെ കഥയിലെ നായകൻ പ്രിയദർശൻ(ജയസൂര്യ).തൊടുപുഴയിലെ ഒരു ഗ്രാമത്തിൽ നിന്നാണു പുള്ളിക്കാരന്റെ വരവ്. എന്ത് കൊണ്ട് ഈ സിനിമക്ക് ജനപ്രിയൻ എന്നു പേരിട്ടു എന്നു ചോദിച്ചാൽ ഇതിലെ നായകൻ ഒരു ജനപ്രിയൻ ആയതു കൊണ്ട് തന്നെയാണു. റബ്ബർ വെട്ട്, ജീപ്പോടിക്കൽ, പാരലൽ കോളേജിൽ ക്ലാസ്സെടുക്കൽ, സൊസൈറ്റിയിലെ ഫയൽ എഴുത്ത് എന്നു വേണ്ട ആ ഗ്രാമത്തിലെ മുഴുവൻ ജോലിയും ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ആളാണു നമ്മുടെ നായകൻ പ്രിയദർശൻ.
നിർത്താതെയുള്ള സംസാരമാണു പ്രിയന്റെ പ്രത്യേകത. പട്ടണത്തിൽ ജോലിയ്ക്കായി എത്തുന്ന പ്രിയൻ താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടടുത്തുള്ള വലിയ വീട്ടിലെ ജോലിക്കാരിയാണെന്ന് കരുതി മീരയെ (ഭാമ) പ്രേമിക്കുന്നതും, പ്രൊഡ്യൂസറെ കിട്ടാത്ത നിരാശയിൽ ജോലിയിൽ തിരികെയെത്തുന്ന വൈശാഖനു വേണ്ടി തന്റെ ജോലി പോകാതിരിക്കാൻ പ്രൊഡ്യൂസറെ അന്വേഷിച്ച് പ്രിയൻ നടക്കുന്നതും ആണു ജനപ്രിയന്റെ തുടർന്നുള്ള കഥ.
ആദ്യ പകുതി വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖത്തിന്റെ പാളിച്ചകൾ ഒന്നും അധികം പുറത്ത് കാണിക്കാതെ സംവിധാനം നിർവ്വഹിക്കാൻ ബോബൻ സാമുവേലിനു കഴിഞ്ഞിട്ടുണ്ട്. പ്രിയൻ എന്ന് നിഷ്കളങ്കനായ ചെറുപ്പക്കാരനായി ജയസൂര്യ തകർത്തു. തെക്കൻ ഭാഷ മനോഹരമായി ജയസൂര്യ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ജയസൂര്യയുടെ അത്ര തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണു മനോജിന്റെത്. തന്റെ കഥാപാത്രം മോശമാക്കിയിലെങ്കിലും സീനിയേഴ്സിലെ റഷീദ് മുന്നയിൽ നിന്ന് മനോജ് കെ ജയൻ പൂർണ്ണമായും മോചനം നേടിയിട്ടില്ല എന്നു തോന്നിപ്പിക്കുന്നു പലയിടത്തും. ദേശീയ സംസ്ഥാന അവാർഡ് നേടിയത് കൊണ്ടാവണം കൈയ്യടി നേടിയ മറ്റൊരു താരം സലീം കുമാറാണു.
ഭാമ, സരയു എന്നീ രണ്ട് നായികമാർ ഉണ്ടെങ്കിലും ഡ്യുയറ്റിൽ നായകന്മാരോടൊപ്പം നൃത്തം ചവിട്ടുക എന്നതിൽ കവിഞ്ഞ് ഒരു വലിയ പ്രാധാന്യം ഇല്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കഥ കോമഡി ട്രാക്കിൽ നിന്ന് സീരിയസിലേയ്ക്ക് കടക്കുന്നതോടെയാണു കാര്യങ്ങൾ കൈവിട്ടു പോകുന്നത്. തന്റെ കഥാപാത്രത്തിന്റെ സങ്കടങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാനുള്ളത്ര കഴിവ് ജയസൂര്യക്ക് ഇല്ല എന്നത് കൊണ്ടാണു പ്രിയൻ എന്ന നായകൻ കാണിച്ച കോമഡികൾ കണ്ട് ചിരിച്ച പ്രേക്ഷകർക്ക് സെന്റിമെൻസ് സീൻസ് വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാതിരുന്നത്. ഇത്തരം സീനുകൾ കൈകാര്യം ചെയ്യാനുള്ള കൃഷ്ണൻ പൂജപ്പുരയുടെ പരിചയകുറവും ഇവിടെ തിരിച്ചടിയായി.
ആദ്യപകുതിയിൽ പ്രിയദർശനോടൊപ്പം സഞ്ചരിക്കുന്ന കാണികൾക്ക് അതിനു ശേഷം വിരസത അനുഭവപ്പെടുന്നതും ഇതു കൊണ്ട് തന്നെ. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല. കുറച്ചു കൂടി നന്നായി ഹോം വർക്ക് ചെയ്തിരുന്നെങ്കിൽ വലിയ വിജയം നേടുമായിരുന്ന ഈ ചിത്രം പക്ഷെ ഒരു തവണ കണ്ടാലും കാശ് പോയ വിഷമം വല്ലാതെ അങ്ങ് തോന്നുകയില്ല.
Subscribe to:
Post Comments (Atom)
2 comments:
എന്തൊക്കെ പറഞ്ഞാലും ജയസൂര്യക്ക് എന്തൊക്കെയോ കഴിവുകളുണ്ട്.
കൊള്ളാാം
Post a Comment