RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഉറുമി - ഇതിഹാസത്തിന്റെ പുതിയ മുഖംതാന്തോന്നി അവരുടെ ആഘോഷങ്ങളുടെ തുടക്കമായിരുന്നു. പോക്കിരി രാജ അവർക്ക് ഒരല്പ്പം ക്ഷീണം നൽകിയെങ്കിലും രാവണനിലൂടെ അവരത് പലിശയടക്കം തീർത്തു. അൻവർ ആദ്യ ദിവസം അവരെ ഒന്നു പരിഭ്രാന്തരാക്കിയെങ്കിലും മൂന്നാം ദിവസം മുതൽ അവരെ സന്തോഷത്തിന്റെ കൊടുമുടികളിലെത്തിച്ചു. ത്രില്ലർ വന്നതും പോയതും അധികമാരും അറിഞ്ഞിലെങ്കിലും അവരെ സംബന്ധിച്ച് ഒരു വൻ നേട്ടം തന്നെയായിരുന്നു.

അർജുനൻ സാക്ഷിയിൽ എത്തിയപ്പോൾ ഇതൊരു പതിവായി മാറി എന്ന് കണ്ടതോടെ ആഘോഷങ്ങൾ ഒരു ചടങ്ങ് പോലെയാക്കാൻ അവർ തിരുമാനിച്ചു. പക്ഷെ എല്ലാത്തിനും മറുപടിയുമായി കാലം കാത്തിരിക്കുകയായിരുന്നു. അവരുടെ കഷ്ടകാലം അവസാനം ഉറുമിയുടെ രൂപത്തിലാണു വന്നത്. ഉറുമി റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞതോടെ സ്വസ്ഥത നഷ്ടപ്പെട്ട അവർ തങ്ങളാലാവും വിധം ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും ഫലം കാണാത്ത നിരാശയിൽപെട്ട് ഉഴലുകയാണു.. അവർ ?

അതെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഒരു നടനെതിരെയും ഈ പറഞ്ഞ കൂട്ടം ഉണ്ടായതായി കാണാൻ കഴിയില്ല. ഒരു നടന്റെ സിനിമകൾക്കെതിരെ അയാളുടെ എതിരാളിയായ നടന്റെ ആരാധകർ പ്രവർത്തിക്കുന്നത് ശരിയെന്നു വെയ്ക്കാം. പക്ഷെ ഇവിടെ ഇക്കാലമൊക്കയും പൃഥ്വിരാജ് എന്ന നടന്റെ സിനിമകൾക്ക് നേരെ പ്രവർത്തിച്ചിരുന്നത് പൃഥ്വിരാജിനെ എതിരാളിയായി കാണുന്ന നടന്റെ ആരാധകർ മാത്രമല്ല, പൃഥ്വിരാജ് ഹേറ്റേഴ്സ് എന്ന് സ്വയം ഒരു ഓമന പേരുമിട്ടു കൊണ്ട് ഉണ്ടാക്കിയ കുറച്ചു പേരും കൂടിയാണു.

മലയാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഇത്തരം ഒരു കൂട്ടായ്മയിൽ പ്രവർത്തിക്കുന്നവരും അതിനു നേതൃത്വം കൊടുക്കുന്നവരും എന്തു മാത്രം അധഃപതിച്ച ,തീർത്തും തരം താണ ഒരു സംസ്കാരത്തിൽ നിന്ന് ഉടലെടുത്തവരായിരിക്കും എന്ന് നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്താനും പൃഥ്വിരാജിന്റെ വ്യക്തിജീവിതത്തിൽ കരിവാരി തേക്കുന്നതിനും പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചിരുന്ന ഈ കൂട്ടത്തെ ഇനി എന്നന്നേക്കുമായി മറക്കാം. കാരണം എല്ലാവർക്കും എല്ലാത്തിനുമുള്ള മറുപടി ഉറുമി നൽകി കഴിഞ്ഞിരിക്കുന്നു

മലയാളത്തിലെ ആദ്യത്തെ ഗ്ലോബൽ സിനിമ..! ഇതായിരുന്നു ഉറുമിയുടെ നിർമ്മാണത്തിനു മുൻപ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിച്ചിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന, മലയാളിക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം ഇതായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സ്വപ്നം. ഇത് സാക്ഷാൽക്കരിക്കപ്പെട്ടു എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. മറ്റ് ഭാഷകളിൽ ഇത് റിലീസ് ചെയ്ത് കാണികളെ വിസ്മയിപ്പിക്കുമ്പോൾ ഇത് ഞങ്ങളുടെ ഭാഷയിൽ ഉണ്ടായ സിനിമയാണു എന്ന് ഏത് മലയാളിക്കും വിളിച്ചു പറയാൻ ധൈര്യം നൽകുന്ന സിനിമ. ഉറുമി..!

അശോക എന്ന പാളിപ്പോയ ശ്രമത്തിന്റെ സംവിധായകൻ, സാധാരണ പ്രേക്ഷകനു തരിമ്പും മനസ്സിലാകാതെ പോയ ഐലൻഡ് എക്സ്പ്രസ്സ് എന്ന സിനിമയുമായി വന്ന തിരകഥകൃത്ത്. റിലീസിന്റെ അന്നത്തെ ആദ്യ ഷോ പോലും ഹൗസ്ഫുൾ ആക്കാൻ കഴിയാത്ത അർജുനൻ സാക്ഷിയിൽ എത്തി നിൽക്കുന്ന താരമൂല്യമുള്ള നായകൻ. ഇവർ മൂന്നും പേരും കൂടി ചേർന്ന് 20 കോടിയോളം മുതൽ മുടക്കിൽ ഒരു സിനിമ ചെയ്യുന്നു എന്ന് കേൾക്കുമ്പോഴെ പലരുടെയും നെറ്റി ചുളിഞ്ഞതാണു.അശോകയിൽ സംഭവിച്ചത് സന്തോഷ് ശിവൻ വീണ്ടും ആവർത്തിക്കും എന്നാണു മിക്കവരും കരുതിയത്. എന്നാൽ ഒരേ അബന്ധം ഒന്നിൽ കൂടുതൽ തവണ വിണ്ഢികൾ മാത്രമേ ആവർത്തിക്കാറുള്ളു എന്നത് വിധിയെഴുത്തുകാർ മറന്നു പോയി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി ഒരു ഗംഭീര സിനിമ. ഇതിഹാസത്തിന്റെ പുതിയമുഖം.

വാസ്കോഡഗാമ ഇന്ത്യ സന്ദർശിച്ച കാലത്തെ സംഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ആണെങ്കിലും പൂർണമായും ഒരു ചരിത്ര സിനിമ അല്ല ഇത്. ചരിത്രവും സമകാലീനതയും കൂട്ടിയിണക്കി കൊണ്ട് ഒരു ട്രീറ്റ്മെന്റ് ആണു സിനിമയിൽ. വാസ്കോഡഗാമയ്ക്കെതിരെ കേരളത്തിൽ നടക്കുന്ന പോരാട്ടങ്ങളാണു പ്രമേയം. കഥയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സിനിമയുടെ രസം കളയും എന്നതിനാൽ അതിലേയ്ക്ക് കടക്കുന്നില്ല. ചിറയ്ക്കൽ കേളു നായർ എന്ന നായക കഥാപാത്രത്തെ പൃഥ്വിരാജ് മികച്ചതാക്കി. പ്രഭുദേവ, നായികയായി അഭിനയിച്ച ജെനലീയ, ഗസ്റ്റ് റോളിൽ വരുന്ന ആര്യ, വാസ്കോഡഗാമയായി അഭിനയിച്ച നടൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ നന്നാക്കി.

എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം ജഗതിയുടെതാണു. വിദ്യാബാലന്റെ കഥാപാത്രത്തിനു പെർഫോമൻസിനു വകുപ്പൊന്നുമില്ലെങ്കിലും, എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നിറവേറ്റിയിട്ടുണ്ട്. താബു ഒരു പാട്ടിൽ മാത്രമായി വന്നു പോയി. ഛായാഗ്രഹണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.പശ്ചാത്തല സംഗീതവും സംഘട്ടനരംഗങ്ങളുടെ മികവുമെല്ലാം ഈ മലയാള സിനിമയെ ചിലപ്പോഴൊക്കെ ഒരു ഹോളിവുഡ് തലത്തിൽ എത്തിക്കുന്നുണ്ട്.പഴയകാലത്തെ വീണ്ടും സൃഷ്ടിക്കുന്നതിൽ ഇതിന്റെ കലാസംവിധായകനും വസ്ത്രാലങ്കാര വിഭാഗവും വിജയിച്ചിട്ടുണ്ട്. മൊത്തത്തിൽ ഉറുമി വളരെ മികച്ച സിനിമയാണു. നിങ്ങളുടെ കാശിനു സംതൃപ്തി നൽകുന്ന ഒരു ചിത്രം.

പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഗംഭീര സിനിമ എന്ന നിലയിൽ നിന്ന് മഹത്തരമായ സിനിമ എന്ന നിലയിൽ വാഴ്ത്തപ്പെടുമായിരുന്ന ഒന്നായിരുന്നു ഉറുമി. ശങ്കർ രാമകൃഷ്ണൻ എന്ന തിരകഥകൃത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇത്തരമൊരു വലിയ സിനിമ ഒരുക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനായിട്ടില്ല എന്നത് തിരകഥയിൽ പലയിടങ്ങളിൽ സംഭവിച്ചിരിക്കുന്ന പാളിച്ചകൾ നമുക്ക് മനസ്സിലാക്കിതരുന്നു. പക്ഷെ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്നതാണു ഇത്തരം ഗംഭീര സിനിമകളെങ്കിലും എന്നുള്ളത് കൊണ്ട് ഈ കുറവുകളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം.

പഴശ്ശിരാജയുമായും വടക്കൻ വീരഗാഥയുമായും ഈ സിനിമയെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കാരണം ചരിത്രം ഒരിക്കലും ആവർത്തിക്കില്ല. ഇനി ആവർത്തിക്കുന്നുവെങ്കിൽ അത് ആദ്യത്തേതിന്റെ പ്രഹസനം മാത്രമായിരിക്കും..! മലയാള സിനിമയിൽ സിനിമ സംസ്കാരത്തിന്റെ ഒരു പുതിയ ചരിത്രം എഴുതി ചേർക്കുകയാണു ഉറുമി..!

*സൂരാജും സലീം കുമാറും ഇല്ല എന്നത് ഒരു ന്യൂനതയായി തോന്നുന്ന ചിലർക്ക് ഈ സിനിമ ഒരു പൊളി പടം,നിരാശപ്പെടുത്തി, വെറും വിഷ്വൽ ട്രീറ്റ് മാത്രം, കാശ് പോയി എന്നൊക്കെ തോന്നാം. അവരോടെല്ലാം കൂടി ഒരൊറ്റവാക്കേ പറയാനുള്ളു..!!

**കഷ്ടം..!!!


10 comments:

കുഞ്ഞ്മോൻ said...

നല്ലൊരു സിനിമ പ്രതീക്ഷിക്കുനു

Anonymous said...

രാജു മോൻ ഇതിലെങ്കിലും രക്ഷപെടുമോ അത് അറിഞ്ഞാൽ മതി

Anonymous said...

എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നിറവേറ്റിയിട്ടുണ്ട്.
സന്തോഷ്‌ ശിവന്‍ ഉദ്ദേശിച്ചത്‌ എന്താണെന്നു താങ്കള്‍ക്ക്‌ എങ്ങിനെ അറിയാം?

അശോകയിലെ കരീനാ കപൂറ്‍ മുതല്‍ ഇപ്പോള്‍ ജനേലിയ ടബു വിദ്യാ ബാലന്‍ വരെ മാര്‍ കഞ്ചുകമിട്ട്‌ കക്ഷം വയര്‍ പ്രദര്‍ശിപ്പിക്കുന്നതാണു സന്തോഷ്‌ ശിവന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു

പടത്തെ പറ്റി നിരൂപിക്കുമ്പോള്‍ പ്ര്‍ഥ്വിരാജിണ്റ്റെ വിമര്‍ശകരുടെ തോളില്‍ കയറാന്‍ വരുന്നതെന്തിനു?

ഇതിലും പ്ര്‍ഥിരാജ്‌ പ്ര്‍ഥ്വിരാജയി തന്നെ നില്‍ക്കുന്നു എന്നാണറിഞ്ഞത്‌, രാജു മോന്‍ ഞെക്കി പഴുപ്പിച്ച മാങ്ങ ആണു ചില സ്ഥിരം ഭാവങ്ങള്‍ ആല്ലാതെ മറ്റൊന്നുമില്ല

മറ്റു പല നിരൂപകരും പ്രഭു ദേവ ജഗതി എന്നിവരെ പ്രശംസിച്ചപ്പോള്‍ രാജു മോനെ ഇനിയും നന്നാവാനുണ്ട്‌ എന്നേ പറഞ്ഞിട്ടുള്ളു, പിന്നെ എന്തിനാണു താങ്കള്‍ അയാളുടെ അഭിനയത്തെ വിമര്‍ശിക്കുന്നവരുടെ തോളില്‍ കയറാന്‍ വരുന്നത്‌ ?

സ്ളോ മോഷന്‍ വധം ആയി എന്നു താങ്കളുടെ നിരൂപണത്തില്‍ നിന്നും ഊഹിച്ചെടുക്കാം, പാട്ടും കൊള്ളില്ല അധികം ആയിപ്പോയി പടാം നീളം കൂടുതല്‍ തിരക്കഥ അത്ര ശരിയായില്ല ഇങ്ങിനെ ഒക്കെ അവിടവിടെ പറയുന്നുണ്ട്‌ അതിനര്‍ഥം പടം മോശം എന്നാണു ബുധിയുള്ളവര്‍ മനസ്സിലാക്കേണ്ടത്‌

ജനേലിയ തകര്‍ത്തു എന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ചുരുക്കത്തില്‍ പടം അത്ര കേമം അല്ല

ഗോകുലം ഗോപാലനും മുടക്കിയ കാശു കിട്ടാത്തയിടത്ത്‌ ഈ പടാം എങ്ങിനെ ഇരുപത്തി മൂന്നു കോടി തിരിച്ചു പിടിക്കും?

Anu said...

അല്ല മാഷേ, പ്രിത്വിരാജിനേ കുറ്റം പറഞ്ഞ് കൂടേ (ഈ പറയുന്ന സാർ തന്നെ, മമ്മൂട്ടി മോഹൻലാൽ എന്നിവരെ കുറ്റം പറഞ്ഞ് എത്ര പോസ്റ്റിട്ടിട്ടുണ്ട്, അവർക്കെല്ലാം മുകളിലാണൊ ഈ പറഞ്ഞ നായകൻ)???നല്ല രീതിയിൽ അഭിനയിച്ചാൽ അങ്ങേരെ രണ്ട് കൈയും നീട്ടിതന്നെ മലയാളികൾ സ്വീകരിക്കും. പിന്നെ മുകളിൽ പറഞ്ഞ ചിത്രങ്ങൾ (താന്തോന്നി,പോക്കിരി രാജാ,രാവൺ, അൻവർ എന്നിവ ഒന്നു വിട്ട് പോയി ലോലി പോപ്പ്)ലോക ക്ലാസിക്കുകളല്ലേ, അതിൽ അദ്ദേഹത്തിന്റെ അഭിനയം പിന്നെ പറയുകയും വേണ്ടാ എല്ലാറ്റിലും ഒരു അവാർഡ് കൊടുത്താൽ പോര ഒരു ഒന്ന് ഒന്നര അവാർഡെങ്കിലും കൊടുക്കണം. ഉറുമിയെങ്കിലും നന്നാവട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു (അത് ഇത്ര റിസ്കിയായി വലിയൊരു തുക അതിൽ മുടക്കിയത് കൊണ്ട് മാത്രം). അദ്ദേഹത്തിനെ പ്രശ്നം ഈ ചെറു പ്രായത്തിൽ തന്നെ ആവശ്യത്തിൽ അധികം പബ്ലിസിറ്റിയും പിന്നെ വലിയ ബാനറുകളും കിട്ടിയത് അദ്ദേഹത്തിന്റെ കഴിവു കൊണ്ടാണു എന്ന തോന്നൽ ഉള്ളതാണു. ഭാവിയിലെങ്കിലും (ഉറുമി ഇതു വരെ കണ്ടിട്ടില്ല) അദ്ദേഹത്തിന്റെ നല്ല ഒരു സിനിമ കാണാൻ ഭാഗ്യം (എനിക്ക്) ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ;;)

Anonymous said...

above average movie

b Studio said...

/പടത്തെ പറ്റി നിരൂപിക്കുമ്പോള്‍ പ്ര്‍ഥ്വിരാജിണ്റ്റെ വിമര്‍ശകരുടെ തോളില്‍ കയറാന്‍ വരുന്നതെന്തിനു?/

പടത്തെ പറ്റി ഇവിടെ ആരും നിരൂപിച്ചില്ല. അങ്ങനെ മാർക്കിട്ട് നിരൂപണം നടത്തുന്ന പരിപാടിയല്ലല്ലോ ഇവിടെ. സിനിമ കണ്ടപ്പോൾ തോന്നിയ അഭിപ്രായങ്ങൾ എഴുതുകയാണു ചെയ്യുന്നത്. ഈ സിനിമയെ പറ്റി അഭിപ്രായം എഴുതാനിരുന്നപ്പോൾ പൃഥ്വിരാജ് ഹേറ്റേഴ്സ് എന്ന വിഭാഗത്തെ പറ്റി പറയണമെന്ന് തോന്നി. എഴുതി അത്രമാത്രം. പിന്നെ താങ്കൾ വിചാരിക്കുന്ന പോലെ വിമർശകർ അല്ല ഈ പറഞ്ഞ കൂട്ടം ഓർക്കുട്ടിലും ഫേസ്ബുക്കിലും ഒന്ന് കണ്ണോടിച്ചാൽ ഇവരുടെ പ്രവർത്തനങ്ങളെ പറ്റി മനസ്സിലാക്കാവുന്നതാണു.

/ഇതിലും പ്ര്‍ഥിരാജ്‌ പ്ര്‍ഥ്വിരാജയി തന്നെ നില്‍ക്കുന്നു എന്നാണറിഞ്ഞത്‌, രാജു മോന്‍ ഞെക്കി പഴുപ്പിച്ച മാങ്ങ ആണു ചില സ്ഥിരം ഭാവങ്ങള്‍ ആല്ലാതെ മറ്റൊന്നുമില്ല/

പക്ഷെ ഇത്രകാലമായിട്ടും ആ മാങ്ങ എന്താണാവോ ചീയാത്തത്

/ജനേലിയ തകര്‍ത്തു എന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ചുരുക്കത്തില്‍ പടം അത്ര കേമം അല്ല/

മലയാളത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ശ്രമങ്ങളെ ഭൂതക്കണ്ണാടി വെച്ച് അളന്ന് കുറ്റങ്ങൾ കണ്ട് പിടിക്കേണ്ട കാര്യമുണ്ടോ.

/ഗോകുലം ഗോപാലനും മുടക്കിയ കാശു കിട്ടാത്തയിടത്ത്‌ ഈ പടാം എങ്ങിനെ ഇരുപത്തി മൂന്നു കോടി തിരിച്ചു പിടിക്കും?/

ഗോകുലം ഗോപാലന്റെ കൈ വളരെയധികം പൊള്ളിയിരുന്നെങ്കിൽ ഉറുമിയുടെ നിർമാതാക്കൾ ഇതിനു ഇറങ്ങി പുറപ്പെടും മുൻപ് രണ്ടാമത് ഒരുവട്ടം കൂടി ആലോചിക്കുമായിരുന്നു. പഴശിരാജ അന്യഭാഷകളിൽ കൂടി ഇറക്കി ലാഭം നേടാം എന്ന് കരുതിയാണു നിർമ്മിച്ചത്. എന്നാൽ തമിഴിനു പുറമേ മറ്റ് ഭാഷകളിൽ ഒന്നു ഇറക്കാൻ സാധിച്ചില്ല എന്നു മാത്രമല്ല തമിഴിൽ വൻ പരാജയമാവുകയും ചെയ്തു. 12 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്സ് മുടക്ക് മുതൽ പിടിക്കാൻ പാട് പെടുമ്പോൾ 20 കോടിയിലേറെ നിർമ്മാണ ചിലവ് വന്ന ഉറുമി മുടക്ക് മുതൽ കേരളത്തിൽ നിന്ന് മാത്രം തിരിച്ചു പിടിക്കും എന്ന് ചിന്തിക്കാൻ മാത്രം മണ്ടന്മാർ അല്ല ആരും. ഇതും അന്യഭാഷയിലെ റിലീസിനെ ആശ്രയിച്ചാണു ഇരിക്കുന്നത്. അതിനു വേണ്ടിയാണു ആര്യ,ജെനലീയ,പ്രഭുദേവ, വിദ്യബാലൻ തുടങ്ങിയ കാസ്റ്റിംഗ് നടത്തിയിരിക്കുന്നതും.

Villagemaan/വില്ലേജ്മാന്‍ said...

ഇവിടെ പലരും ഒരു പാട് മുന്‍ വിധിയോടെ ആണ് രാജുമോന്റെ പടങ്ങളെ സമീപിക്കുന്നത് എന്ന് തോന്നുന്നു !രാജുമോന്‍ അഭിനയിച്ചാല്‍ ഇങ്ങനെ ആയിരിക്കും, അങ്ങനെ ആയിരിക്കും എന്നുള്ള മുന്‍ വിധി.

പ്രിത്വി രാജ് , പ്രിത്വി രാജ് ആയിട്ടല്ലാതെ..പിന്നെ ആരായിട്ടു നില്‍ക്കണം? ഒരാളുടെ ഐഡന്റിറ്റി എന്ന് പറയുന്ന ഒരു സാധനം ഉണ്ട് എന്നത് മറക്കാതെ !

ഈ ഞെക്കി പഴുപ്പിച്ചു എന്ന് പറയുന്ന " മാങ്ങ " കൈയില്‍ നിന്നും കാശു മുടക്കി "വരൂ കാണൂ " എന്ന് പറഞ്ഞു ആരെങ്കിലും തീയേറ്ററിന്റെ മുന്‍പില്‍ നിന്നും വിളിച്ചു പറയുന്നുണ്ട് എന്ന് തോന്നുന്നില്ല ! ഇഷ്ടമുള്ളവര്‍ക്ക് കാണാം ! അല്ലെ ? നന്നെങ്കില്‍ ജനം പോയി കാണും ..അത്രേ ഉള്ളു.. സൂപ്പറുകളുടെ "സാധനങ്ങള്‍ " ഇറങ്ങുമ്പോഴും ജനം അങ്ങനെ അല്ലെ ചെയ്യുന്നുള്ളൂ ?

ഗോപാലേട്ടന്‍ ഒരു പടം പിടിച്ചു..അതിനു ? വേറെ ആര്‍കും പീരീഡ്‌ മൂവി പിടിച്ചു കൂടെ ? അതോ ഗോപാലേട്ടന് പണം കിട്ടിയില്ല എന്നുണ്ടെങ്കില്‍ വേറെ ആര്‍ക്കും പണം കിട്ടാതിരിക്കുമോ ? അല്ലെങ്കില്‍ പഴശ്ശി രാജ ആണോ പീരിയഡ് ചിത്രത്തിന്റെ അവസാന വാക്ക് ?

പടം പിടിക്കുന്നവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവും..എങ്ങനെ മുടക്കുമുതല്‍ പിടിക്കാം എന്ന്..അതോര്‍ത്തു മറ്റുള്ള നടന്മാരുടെ ഫാന്‍സിനു എന്തിനു വേവലാതി ?

കേട്ടിടത്തോളം ഉറുമി ഒരു നല്ല അറ്റംറ്റ് ആണ്. അതിനി ആരുടെ കെയറോഫില്‍ ആനെകിലും നല്ല ചിത്രങ്ങള്‍ വിജയിക്കേണ്ടത് ഈ ഒരു മേഖലയുടെ ആവശ്യവും.

രാജുമോന്റെ മേല്‍ എന്തിനു കുതിര കയറുന്നു? എന്തുകൊണ്ട് വിനു മോഹന്റെയും ആസിഫലിയുടെയും പുറത്തു കേറാതെ ഇരിക്കുന്നു ? ഉത്തരം സിമ്പിള്‍..അവരൊന്നും ഇപ്പോള്‍ സൂപ്പര്‍ ആയിരിക്കുന്നവര്‍ക്ക് ഒരു തരത്തിലും ഭീഷണി അല്ലാത്ത കൊണ്ട് !

Anonymous said...

വിലേജ്മാന്റ് അഭിപ്രായത്തോട് യോജിക്കുന്നു. കൈലേഷിനെയും കുഞ്ചാക്കോയേയും ജയസൂര്യയെയുമൊക്കെ വെറുതെ വിടുന്നവർ പൃഥ്വിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. പൃഥ്വിക്ക് എന്താ കൊമ്പുണ്ടോ ?

Anonymous said...

national star eyi ennu parayunna keetu ullathu thanneyano, ato "yeldo ninneyum cinemayil eduthu" ennu paranjathu pole akumo.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പടം കണ്ടിട്ട് അഭിപ്രായം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഇടക്കെന്തോക്കെയോ പോരായ്മകള്‍ തോന്നിയെങ്കിലും മലയാളത്തിനു അഭിമാനിക്കാവുന്ന പടം തന്നെയാണ് ഉറുമി. പ്രിത്വീരാജ് നന്നായി അഭിനയിച്ചു. അനാവശ്യമായി ആ നടനെ വിമര്‍ശിക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യമുന്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായാലും ഇത് പോലെ ഒരു പടമെടുക്കാന്‍ ധൈര്യം വന്നല്ലോ. അത് തന്നെ മതി അദ്ദേഹത്തെ അഭിനന്ദിക്കാന്‍.

Followers

 
Copyright 2009 b Studio. All rights reserved.