RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മേക്കപ്പ്മാന്റെ റേസും ഗദാമയുടെ പയ്യൻസും.
ടൈറ്റിൽ കണ്ട് തെറ്റിദ്ധരിക്കണ്ട. അടുത്തിടെ കണ്ട സിനിമകളുടെ അഭിപ്രായങ്ങൾ കണ്ട ഉടൻ ഇടാൻ കഴിഞ്ഞില്ല. അതു കൊണ്ട് ഒറ്റ പോസ്റ്റിൽ 4 സിനിമകളുടെയും കൂടി ഒരുമിച്ച് ഇടുകയാണ്.

ഗദാമ.

കാവ്യാ മാധവൻ അനുഭവിച്ച ജീവിതം അഭിനയിച്ചു കാണിക്കുന്ന സിനിമ എന്ന പരസ്യം കണ്ടതാണു ഈ സിനിമ താല്പര്യപൂർവ്വം കാണാനുള്ള കാരണം. കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ കാണുന്നതു പോലെയൊക്കെ കാവ്യ ശരിക്കും അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവരെ മുക്കാലിക്കിട്ട് അടിക്കണം എന്നു തോന്നുക സ്വാഭാവികം.

സിനിമയിലേക്ക് വരാം. കുടുമ്പ പ്രരാബ്ദ്ധം മൂലം സൗദി അറേബ്യയിലേക്ക് വീട്ടു ജോലിക്കാരി (അവിടെ അതിനു പറയുന്ന പേരാണു ഗദാമ) യായി പോകുന്ന അശ്വതി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി അവിടെ ചെന്നെത്തി കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണു ഗദാമ. അശ്വതിയുടെ കഥ പറയുന്നതിനേടൊപ്പം തന്നെ മറ്റു പലരുടെയും പ്രവാസ ജീവിതം ഇതിലൂടെ അവതരിപ്പിക്കുന്നു.

പെരുമഴക്കാലം എന്ന സിനിമയിൽ അനുഭവപ്പെട്ടിരുന്ന ഇഴച്ചിൽ ഒഴിവാക്കി കൊണ്ട് അതേ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല സിനിമ ഒരുക്കാൻ കഴിഞ്ഞതിൽ കമലിനു അഭിമാനിക്കാം. കാവ്യയുടെ മികച്ച അഭിനയത്തോടൊപ്പം തന്നെ ശ്രീനിവാസന്റെ റസാക്ക് എന്ന സാമൂഹ്യ പ്രവർത്തകന്റെ വേഷവും സുരാജിന്റെ വില്ലൻ ടച്ച് ഉള്ള വേഷവും ശ്രദ്ധിക്കപ്പെടുന്നതാണു. മികച്ച ഛായാഗ്രഹണവും എഡിറ്റിഗും ഈ നല്ല തിരക്കഥയുള്ള സിനിമക്ക് കൂടുതൽ മിഴിവേകി. ഗ്രാഫിക്സ് ഉൾപ്പെട്ട ചില സീനുകളിൽ സംഭവിച്ച പാളിച്ചകൾ ഒഴുച്ചു നിർത്തിയാൽ ഗദാമയിൽ പറയത്തക്ക മറ്റ് കുറവുകൾ ഒന്നും തന്നെയില്ല.

*ചുമന്ന സാരി ഉടുത്ത് "ഞാൻ ദുബായിൽ വീട്ടു ജോലി ചെയ്യുന്നു പരമ സുഖം" എന്നു പരസ്യത്തില്‍ പറയുന്ന നടിയും ഗദാമയിലെ കാവ്യയുടെ വീട്ടു ജോലിക്കാരിയും തമ്മിൽ യാതൊരു തരത്തിലും ഒത്തു പോകുന്നില്ല...!

** അത് ദുഫായ്.. ഇത് സൗദിയാ സൗദി...അല്ലേ...!!

മേക്കപ്പ് മാൻ

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന മെഗാ ഹിറ്റുനു ശേഷം ഷാഫിയുടെതായി പുറത്തിറങ്ങിയ ജയറാം നായകനായ ചിത്രമാണു മേക്കപ്പ് മാൻ. രജപുത്ര വിഷ്വൽസിന്റെ ബാനറിൽ രഞ്ജിത്ത് ആണു ഇതിന്റെ നിർമ്മാതാവ്. മേരിയുടെ കുഞ്ഞാടിനു മുൻപേ റിലീസ് ചെയ്യേണ്ട സിനിമ ആയിരുന്നു മേക്കപ്പ് മാൻ. പക്ഷെ ഇതിന്റെ ഷൂട്ടിംഗ് പകുതി വഴിക്ക് നിർത്തി വെച്ചാണു ഷാഫി കുഞ്ഞാട് എടുക്കാൻ പോയത്. സംവിധായകൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് എന്ത് കൊണ്ടാണു എന്ന് ഈ സിനിമ കാണുമ്പോൾ നമ്മുക്ക് വ്യക്തമാകുന്നതാണു. സച്ചി - സേതു ടീം ആണു ഇതിന്റെ തിരകഥ രചിച്ചിരിക്കുന്നത്.

ജയറാമിന്റെ നായിക ആയി എത്തുന്നത് ഷീല (മായാബസാർ) ആണു. ജയറാം അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രവും ഷീല അവതരിപ്പിക്കുന്ന അനാമിക എന്ന കഥാപാത്രവും പ്രണയത്തിലാണു. ഇവർ ഒളിച്ചോടുകയും യാദൃശ്ഛികമായി അതേ തികച്ചും യാദൃശ്ഛികമായി അനാമിക സിനിമ നടിയാവുകയും ജയറാം അനാമികയുടെ മേക്കപ്പ് മാൻ ആവുകയും ചെയ്യേണ്ടി വരുന്നു. ഇവർ വിവാഹിതരാണെന്ന് അറിയുന്നത് സുരാജിന്റെ കഥാപാത്രത്തിനു മാത്രം. അനാമിക നായികയാകുന്ന സിനിമയുടെ സംവിധായകനായ സിദിഖിനു അനാമികയോട് തോന്നുന്ന ഇഷ്ടവും പിന്നെ അനാമികയും ബാലുവും തമ്മിലുള്ള പ്രശ്നങളുമൊക്കെയായി സിനിമ അങ്ങു കൊഴുക്കുന്നു.

സുരാജ്, സലീ കുമാർ, ജഗദീഷ് ഇവരെല്ലാം കോമഡി പറയുക എന്ന തങ്ങളുടെ ഭാഗം വൃത്തിയായി നിർവ്വഹിച്ചു. ഈ കാര്യത്തിൽ പണ്ടേ മിടുക്കനായ ജയറാം ആകട്ടെ ഉഗ്രൻ പെർഫോമൻസാണു കാഴ്ച്ച വച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പടം കൈവിട്ടു പോയെങ്കിലും സബ്ജക്ട് കോമഡിയായതു കൊണ്ട് അതൊന്നും കാര്യമാക്കേണ്ടതില്ല.കുഞ്ചാക്കോ, പൃഥ്വി എന്നിവർ അതിഥി വേഷത്തിൽ ഉണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൊത്തത്തിൽ മേക്കപ്പ്മാൻ ഇപ്പൊഴത്തെ ട്രെൻഡിലെ കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽ ഒന്നു കൂടി.

*ഈ സിനിമ ഒരു സൂപ്പർ ഹിറ്റ് ആവേണ്ടതാണു..!

** ഇനി അഥവ അങ്ങിനെ ആയില്ലെങ്കിൽ അതിനു കാരണം നല്ല നിലവാരമുള്ളതോ, ഒട്ടും നിലവാരമില്ലാതതോ ആയ കോമഡികൾ ഈ സിനിമയിൽ ഇല്ല എന്നതു കൊണ്ട് മാത്രമാകണം..!!

റേസ്.

മലയാളത്തിൽ ഈയിടെ ഇറങ്ങിയ ട്രാഫിക്ക്, കോക്ക്ടെയിൽ പോലുള്ള സിനിമകളുടെ ഗണത്തിൽ പെടുന്നതാണു കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത റേസ്. വീരാളിപ്പട്ട് എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരെ നായകന്മരാക്കിയാണു റേസ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ ന്യൂനത ഇതിന്റെ പേരു തന്നെയാണു. റേസ് എന്ന പേരിൽ ഒരു കിടിലൻ ചേസ് / ഫാസ്റ്റ് മൂവി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് കാണേണ്ടി വരുന്നത് വല്ലാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു സിനിമയാണു.

കോക്ക്ടെയിലിനോട് സാദൃശ്യം പുലർത്തുന്നതാണു റേസിന്റെ കഥാപശ്ഛാത്തലവും. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ആണു ഡോ. എബി. (കുഞ്ചാക്കോ). എബിയുടെ ഭാര്യ നിയയും(മമത) മകളും അടങ്ങിയതാണു അദ്ദേഹത്തിന്റെ കുടുംബം. മികച്ച കാർഡിയോളജിസ്റ്റിന്റെ അവാർഡ് വാങ്ങാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോകുന്നതിനിടയിലാണു തന്റെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ട വിവരം എബി അറിയുന്നത്. നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്നൊരാളാണു ഈ കിഡ്നാപ്പിനു പിന്നിൽ. കുട്ടിയെ മോചിപ്പിക്കുന്നതിനായി അയാൾ വൻ തുക ആവശ്യപ്പെടുന്നു.

ആരാണു നിരഞ്ജന്‍.? എന്താണു അയാളുടെ ലക്ഷ്യം എന്നിവയൊക്കെയാണു പിന്നീടുള്ള രംഗങ്ങളിൽ. ഇന്ദ്രജിത്തിന്റെ അഭിനയമാണു ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നു. കാണികളെ ത്രിൽ അടിപ്പിക്കുന്ന വിധം സിനിമ ഒരുക്കുന്നതിൽ കുക്കു സുരേന്ദ്രൻ പാടെ പരാജയപ്പെട്ടിരിക്കുന്നു. കുഞ്ചാക്കോയും മമതയും ജഗതിയും ഗൗരിയുമെല്ലാം തങ്ങളാലാവുന്ന വിധത്തിൽ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വളരെ കുറച്ചു കഥാപാത്രങ്ങളെ ഈ സിനിമയിലുള്ളു. ഒരു നല്ല സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ഒരു ഉദ്ദേശം ഈ സിനിമയ്ക്കുണ്ടായിരുന്നുവെങ്കിലും അതിനു കഴിയാൻ അണിയറക്കാർക്ക് സാധിച്ചില്ല. പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടിയായപ്പോൾ പ്രേക്ഷകർക്ക് തിയറ്ററിനു പുറത്തേക്കുള്ള റേസ് ആയി ഈ സിനിമ മാറി.

* സംഭാഷണ രചയിതാവായി റോബിൻ തിരുമലയുടെ പേരു കണ്ടപ്പോഴെ ഇതിന്റെ ഭാവി ഊഹിച്ചതാണു. പക്ഷെ രാജേഷ് പിള്ളയുടെ അനുഭവം ഉള്ളത് കൊണ്ട് കാണാമെന്ന് വെച്ചു..!

** എവിടുന്ന്.. ഇത് പന്തിരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും പഴയ പോലെ തന്നെ...!!

പയ്യൻസ്.

യൂത്ത് ഐക്കൺ, അപ്കമിംഗ് സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണു പയ്യൻസ്. പച്ചമരത്തണലിൽ എന്ന ചിത്രത്തിനു ശേഷം ലിയോ തദേവൂസ് ആണു ഈ സിനിമ തിരകഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങാടി തെരു ഫെയിം അഞ്ജലി ആണു ഇതിൽ ജയസൂര്യയുടെ നായിക. ഇന്നത്തെ യുവത്വത്തിന്റെ ഉത്തരവാദിത്തമിലായ്മയിലേക്ക് ആണു ഈ ചിത്രം വിരൽ ചൂണ്ടുന്നത്. വളരെ പുതുമയുള്ള സബ്ജക്ട് അല്ലേ..

ജയസൂര്യയാണു ആ ഉത്തരവാദിത്വം ഇല്ലാത്ത പയ്യൻസിന്റെ വേഷം അഭിനയിച്ച് ഫലിപ്പിക്കുന്നത്. ജയസൂര്യയുടെ അമ്മയായി രോഹിണിയും, അഛനായി ലാലും വേഷമിടുന്നു. സിനിമയുടെ ആദ്യ പകുതി അമ്മ - മകൻ ബന്ധത്തിന്റെ പരിപാവനമായ ചിത്രീകരണം ആണെങ്കിൽ രണ്ടാം പകതി അഛൻ - മകൻ ബന്ധത്തിന്റെ കരുത്ത് വിളിച്ചോതുന്ന സീനുകളാൽ സമ്പന്നമാണു. അവസാനം പയ്യൻസ് തിരിച്ചറിവു നേടുന്നതൊക്കെ കണ്ടാൽ കണ്ണൂ നിറഞ്ഞ് പോകും സത്യം..

പച്ചമരത്തണലിൽ സംഭവിച്ച പിഴവുകൾ ഇനിയും മനസ്സിലാക്കാനോ തിരുത്താനോ ലിയോ തയ്യാറായിട്ടില്ല എന്നതിന്റെ ഉദാഹരണമാണു ഈ സിനിമ. ജയസൂര്യയുടെ ഹെയർ സ്റ്റയിൽ മാറ്റിയത് കൊണ്ടോ കുറേ കളർഫുൾ വസ്ത്രങ്ങൾ ധരിപ്പിച്ചത് കൊണ്ടോ, ഇംഗ്ലീഷ് സ്റ്റയിൽ പാട്ടുകൾ തിരുകി കേറ്റിയതു കൊണ്ടോ പടം യൂത്ത്ഫുൾ ആകില്ല എന്നത് ലിയോ തിരിച്ചറിയണമായിരുന്നു.

ആവശ്യത്തിൽ കൂടുതൽ സെന്റിമെന്റ്സ് സീനുകൾ ഉള്ളത് ഇത്തരം സിനിമളെ ദോഷകരമായെ ബാധിക്കു എന്ന് തിരകഥകൃത്തുക്കളും സംവിധായകരും മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണു. എന്തിനു ഈ സിനിമയിൽ ഒരു നായിക എന്ന് കാണികളെ കൊണ്ട് ചോദിപ്പിക്കാനും തിരകഥാകൃത്ത് കൂടിയായ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ഈ സിനിമ കാണുന്ന ചിലർക്കെങ്കിലും ഇത് തങ്ങളുടെ കഥയല്ലേ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതാണു, അതു മാത്രമാണു ഈ സിനിമയുടെ ഒരേ ഒരു മേന്മ. ഇത് മനസ്സിലാക്കി കുറവുകൾ പരിഹരിച്ച് കൊണ്ട് ഒരു മികച്ച സിനിമയുമായി വരാൻ സംവിധായകൻ ലിയോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

*ആദ്യം നല്ലവനും ഇപ്പോ പയ്യൻസും.. യൂത്ത് അപ്കമിംഗ് സ്റ്റാറും യുവ സൂപ്പർ സ്റ്റാറിന്റെ പാതയിൽ തന്നെ..! **വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ..!!

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വെടിക്ക് നാല് പക്ഷി...!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കുറച്ചു കാലമായി പോസ്റ്റൊന്നും കാണാതായപ്പോള്‍ കരുതി ലാല്‍ ഫാന്‍സ്‌ തല്ലിക്കൊന്നെന്നു. തിരിച്ചുവരവ്‌ ഗംഭീരം.
ഇവിടൊന്നു കയറൂ..
http://rkdrtirur.blogspot.com/2011/02/blog-post_18.html

പഞ്ചാരകുട്ടന്‍ -malarvadiclub said...

കൊള്ളാവുന്ന പടം അപ്പോള്‍ ഒന്നും ഇല്ല അല്ലെ.ഗദാമ കാണാന്‍ എന്തായാലും മേല
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Followers

 
Copyright 2009 b Studio. All rights reserved.