ട്രാഫിക്ക് - Unblocked
Posted in
Labels:
സിനിമ
Saturday, January 8, 2011
പരീക്ഷണാടിസ്ഥാനത്തിൽ സിനിമ എടുക്കാൻ മലയാള സിനിമയിലെ സംവിധായകർക്ക് ഭയമാണു. കാരണം എത്ര വലിയ സംവിധായകൻ ആയാലും എത്ര വലിയ നടൻ ആയാലും സീരിയസ് പ്രമേയങ്ങൾക്കു നേരെ പ്രേക്ഷകർ ആദ്യ ദിവസങ്ങളിൽ വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ കോമഡിയുമായിട്ടാണു വരവെങ്കിലോ അത് എന്തു മാത്രം തരം താണതാണെങ്കിലും ആയിരം വട്ടം കണ്ടു മടുത്തതാണെങ്കിലും തിയറ്ററിലേക്ക് ഇടിച്ചു കയറാനും പടം സൂപ്പർ ഹിറ്റാക്കാനും ജനം തയ്യാറാണു. മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ.
എന്നിരുന്നാലും വെല്ലു വിളികൾ ഏറ്റെടുക്കാൻ ചിലർ തയ്യാറാവാറുണ്ട്. Different ആയ Attempt ആണു എന്ന അവകാശ വാദവുമായി വരുന്നതിൽ ഭൂരിപക്ഷവും പഴയ വീഞ്ഞു തന്നെയാണെങ്കിലും പ്രാഞ്ചിയേട്ടനും,പാസഞ്ചറുമൊക്കെ പോലെ ചിലതെങ്കിലും വർഷത്തിൽ ഒരിക്കൽ ഉണ്ടാകാറുണ്ട്. രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ പോലും ക്ലിക്ക് ആയി മാറാൻ 25 ദിവസങ്ങൾ വേണ്ടി വന്നു എന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിടെയാണു ട്രാഫിക്ക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നത്. മലയാള സിനിമയിൽ ഒരു ധീരമായ പരീക്ഷണം തന്നെയാണു ഇവർ നടത്തിയിരിക്കുന്നത് എന്നു മാത്രമല്ല ഒരു വലിയ പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.
ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, റഹ്മാൻ,സായ്കുമാർ തുടങ്ങിയ നടന്മാരുടെ നിരയും, റോമ, രമ്യ, കാതൽ സന്ധ്യ എന്നിവരടങ്ങുന്ന നടിന്മാരും ചേർന്നു ഒരു വലിയ നിര ഈ സിനിമയിലുണ്ട്. താരപരിവേഷമില്ലാത്ത നടന്മാർ അഭിനയിക്കുന്ന സിനിമയായതു കൊണ്ട് തന്നെ ഒരോ കഥാപാത്രത്തിനും ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രമല്ല. തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും മികച്ചതാക്കുകയും ചെയ്തു.
ഒരു റോഡ് മൂവി ശൈലിയിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിലുള്ളതാണു ട്രാഫിക്കിന്റെ കഥാതന്തു. അതു കൊണ്ട് തന്നെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ രസചരടു പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിൽ സിനിമ ഒരുക്കിയിടത്താണു സംവിധായകന്റെ വിജയം. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം തന്റെ പിഴവുകൾ തിരുത്തിയ ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ മികവ് ഈ ചിത്രത്തിൽ കാണാം.
ചിത്രത്തിന്റെ കഥാഗതിക്ക് ഒട്ടും കോട്ടം വരാത്ത രീതിയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ക്യാമറാമാനും ട്രാഫിക്ക് ഒരു നല്ല അനുഭവം ആക്കുന്നതിൽ പങ്കു വഹിക്കുന്നു.മെജോ ജോസഫ് എന്ന യുവ സംഗീത സംവിധായകന്റെ മികച്ച വർക്ക് ഈ സിനിമയുടെ മറ്റൊരു മേന്മയാണു. ഇന്നത്തെ മലയാള സിനിമകളിൽ ട്വിസ്റ്റ് ഒരു അനിവാര്യ ഘടകമായതു കൊണ്ടാവം ഈ സിനിമയിലും ഒരു ട്വിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വിസ്റ്റുകൾ ഇല്ലാതെ എങ്ങനെ കഥ പറയാം എന്നതിനെ പറ്റി തിരകഥാകൃത്തുക്കൾ ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
നല്ല സിനിമകൾക്ക് തിരകഥ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അത്ര മമത ഇല്ലാത്ത തിരകഥാകൃത്തുക്കളാണു സഞ്ജയ് - ബോബി ടീം. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മസാല സിനിമകൾ എഴുതാത്തതാവാം ഒരു പക്ഷെ പ്രേക്ഷകർക്ക് ഇവരോടുള്ള താല്പര്യ കുറവ്. ട്രാഫിക്കിനു മുൻപ് ഇവർ എഴുതിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം നേടിയവയായിരുന്നു. ട്രാഫിക്കിന്റെ രചനയും വിഭിന്നമല്ല.
നല്ലൊരു പ്രമേയം കൊമേഴ്സ്യൽ ചേരുവകൾക്കു മുന്നിൽ വിട്ടു വീഴ്ച്ചകൾ ചെയ്യാതെ എഴുതാൻ തയ്യാറായത് പ്രശംസനീയം തന്നെ. ആരാധകരുടെ സ്വീകര്യത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടോ എന്തോ കാസിനോവ, മുംബൈ പോലീസ് തുടങ്ങിയ സിനിമകളുടെ തിരകഥകൾ തയ്യാറാക്കുന്ന വഴി മറ്റൊരു ഉദയ് കൃഷ്ണ സിബി കെ തോമസ് ആയി ഇവർ മാറിയാൽ ആത്യന്തികമായി നഷ്ടം മലയാള സിനിമക്ക് തന്നെയാണു.
സൂപ്പർ ഹിറ്റ്, മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ എന്നിങ്ങനെ ഈയിടെ വിശേഷിപ്പിക്കപ്പെട്ട സിനിമകളിൽ നിന്നും ട്രാഫിക്ക് വേറിട്ട് നില്ക്കുന്നത് ഈ സിനിമകൾ അടിപൊളി, നല്ലത് എന്നു പറയുന്നത് അതിൽ നായകനായി അഭിനയിച്ച താരങ്ങളുടെ ഫാൻസുകാർ മാത്രമാണു എന്നത് കൊണ്ടാണു. ഇത്തരത്തിൽ ആരാധകർ എന്ന ആൾക്കൂട്ടം പിന്നിലില്ലാത്ത ഒരു പറ്റം നടന്മാരാണു ഈ സിനിമയിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമ കഴിഞ്ഞ് കൈയ്യടിച്ച് കൊണ്ട് സംതൃപ്തരായി പുറത്തേക്ക് വരുന്നവർ ഈ സിനിമ കൊള്ളം എന്ന് പറയുന്നെങ്കിൽ അത് ആത്മാർഥമായി തന്നെയാണു.
ഇന്ന് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ താങ്ങി നിർത്തുന്നത് കോമഡി സിനിമകളും അത് നിർമ്മിക്കുന്നവരും അതിൽ അഭിനയിക്കുന്നവരുമാണു. നഷ്ടത്തിൽ ഓടി കൊണ്ടിരിക്കുന്ന മലയാള സിനിമക്ക് മെഗാ വിജയങ്ങളിലൂടെ ആശ്വാസം നല്ക്കുന്ന ഈ വിഭാഗത്തിനോട് സിനിമ ലോകം എന്നും കടപ്പെട്ടിരിക്കും.
പക്ഷെ കോമഡി എന്ന പേരിൽ അഴകി ദ്രവിച്ച് ചീഞ്ഞു നാറിയ വിഭവം വീണ്ടും വീണ്ടും നിർബന്ധിച്ച് പ്രേക്ഷകരെ തീറ്റിപ്പിക്കുന്നതിൽ നിന്നും സാവധാനമെങ്കിലും പിന്മാറാൻ ഇത്തരം സിനിമകൾ ഒരുക്കുന്നവർ തയ്യാറായില്ലെങ്കിൽ നല്ല സിനിമകളും മികച്ച സിനിമകളും എന്നന്നേക്കുമായി മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും.ഹാ കിടിലൻ അതി ഗംഭീരം എന്ന് പറഞ്ഞ് കയ്യടിക്കാൻ തമിഴന്റെ സിനിമ മാത്രം കാണേണ്ടി വരുന്ന അവസ്ഥ അങ്ങിനെയെങ്കിൽ അതി വിദൂരമാവില്ല...!
*കോമഡിയെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട കഴിഞ്ഞ വർഷത്തെ ആദ്യത്തെ സോളോ മെഗാഹിറ്റ് ഒരു കോമഡി സിനിമയാണു അതു ആരും മറക്കണ്ട...!!
*അത് ശരിയാണല്ലോ. സുരാജിന്റെ ടൈം നല്ല ബെസ്റ്റ് ടൈം..!!!
Subscribe to:
Post Comments (Atom)
4 comments:
ഇപ്പോ സ്റ്റാൻഡേർഡ് കോമഡി കാണണമെങ്കിൽ പുതിയ തമിഴ്പടങ്ങൾ കണ്ടാൽമതി..സരോജയേപ്പോലുള്ള ചിത്രങ്ങൾ..
മലയാള സിനിമാലോകത്ത് ചുണക്കുട്ടികള്‍ ഉണ്ടെന്നു തെളിയിക്കുന്ന ചിത്രം ..ചത്ത കുതിരകളെ ഏറ്റി നടക്കേണ്ട ഗതികേടില്‍ നിന്നു മലയാള പ്രേക്ഷകര്‍ക്ക് മോചനമുണ്ടാവുമെന്നു പ്രതീക്ഷിക്കാം !!!!!.
ഇപ്പോഴത്തെ കോമഡി സിനിമകൾ കണ്ടാൽ ടിപ്പർ ലോറി ഓടുന്ന റോഡിന്റെ സൈഡിലുള്ള ബസ്റ്റോപ്പിൽ പോയി നിന്ന് ചത്തുകളയാൻ തോന്നും! :(
വ്യത്യസ്ഥ പ്രമേയങളുമായി വരുന്നവരുടെ സിനിമകൾ വിജയിപ്പിക്കാൻ പ്രേക്ഷകർക്ക് നല്ല മനസ്സുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
nice artical unblocked 66
Post a Comment