പകൽ നക്ഷത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരകഥ എഴുതിയ ചിത്രം എന്ന നിലക്കാണു കോക്ക്ടെയിൽ ആദ്യ ദിവസം തന്നെ കാണാം എന്ന് വെച്ചത്. സംവിധായകന്റെ പേരിനേക്കാൾ വലുപ്പത്തിൽ മിലൻ ജലീൽ എന്ന നിർമ്മാതാവിന്റെ പേരു തെളിഞ്ഞു കാണുന്ന പോസ്റ്റർ ഉള്ള ഒരു സിനിമ കാണണമെങ്കിൽ എന്തെങ്കിലുമൊക്കെ ഒരു കാരണം വേണ്ടെ അതാണു അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങളിൽ മികച്ചതല്ലങ്കിൽ കൂടി ഒരു വ്യത്യസ്ഥത കൊണ്ടു വരാൻ അനൂപിനു കഴിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ കോക്ക്ടെയിൽ നിരാശപ്പെടുത്തില്ല എന്നാണു കരുതിയിരുന്നത്. പക്ഷെ സിനിമ തുടങ്ങി ആദ്യത്തെ 5 മിനുട്ടിൽ തന്നെ കാര്യം പിടി കിട്ടി. സംഗതി ചൂണ്ടിയതാണു ഹോളിവുഡിൽ നിന്നും. അതോടെ പടം കാണുന്നതിലെ താല്പര്യം നശിച്ചു. കാരണം സീൻ ബൈ സീൻ യാതൊരു മാറ്റവുമില്ലാതെ എടുത്ത് വെച്ചിരിക്കുകയാണു. ക്ലൈമാക്സും അതിലെ ട്വിസ്റ്റുമൊക്കെ നേരത്തെ തന്നെ അറിയാവുന്നത് കൊണ്ട് എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ മതി എന്ന അവസ്ഥയായിരുന്നു. മലയാള സിനിമയിലെ ആശയദാരിദ്രം കൊണ്ടാണു എന്ന് തോന്നുന്നു മിക്ക സംവിധായകരും ഇപ്പോൾ പാശ്ചാത്യ സിനിമകളുടെ അനുകരണങ്ങളിലേക്ക് തിരിയുന്നത്.
അനൂപ് മേനോൻ മലയാള സിനിമയിൽ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചു തുടങ്ങുന്നതിന്റെ ഒരു ആരംഭം ആയിരിക്കും കോക്ക്ടെയിൽ. അടുത്ത കാലത്തായി അഭിനയ സാധ്യത ഒട്ടും ഇല്ലാത്ത വേഷങ്ങൾ ചെയ്യേണ്ടി വന്ന ജയസൂര്യക്ക് ഒരു ആശ്വാസം തന്നെയാണു കോക്ക്ടെയിലിലെ വില്ലൻ ടച്ച് ഉള്ള വേഷം. ജനുവരിയിൽ പുറത്തിറങ്ങിയ ഹാപ്പി ഹസ്ബന്റിനു ശേഷം ഇപ്പോഴാണു സംവൃത സുനിലിന്റെ ഒരു പടം തിയറ്ററുകളിൽ എത്തുന്നത്. ഈ നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ച് വരവ് സംവൃത മികച്ചതാക്കി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രിയദർശൻ സിനിമകളുടെ സ്ഥിരം എഡിറ്റർ അരുൺ കുമാർ ആണു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഗുരുവിന്റെ പാത പിന്തുടർന്നു ശിഷ്യനും കോപ്പിയടിച്ച് ഒരു പരീക്ഷണം നടത്തി. എന്തായാലും പരീക്ഷണത്തിൽ സംവിധായകനും കൂട്ടരും വിജയിച്ചു എന്ന് വേണം പറയാൻ. ആ ഹോളിവുഡ് പടത്തിന്റെ പേരു കളയാത്ത രീതിയിൽ തന്നെ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ഛായഗ്രാഹകൻ പ്രദീപ് കുമാർ തന്റെ ഒരോ ഫ്രെയ്മിലും ഒരു freshness കൊണ്ടു വരുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഗാനങ്ങൾ ബോറടിപ്പിക്കാത്തവയാണു. എല്ലാം കൊണ്ടും ഒരു നല്ല പ്രമേയം മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ഇതിന്റെ അണിയറക്കാർക്ക് സാധിച്ചു. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ സംസ്കാര സമ്പന്നരായ വളരെയധികം മാന്യന്മാരായ നമ്മൾ മലയാളികൾക്ക് ദഹിക്കുമോ എന്നത് മാത്രമേ ഒരു സംശയമുള്ളു.
ഹോളിവുഡ് സിനിമയുടെ കോപ്പി എന്നത് മാറ്റി നിർത്തിയാൽ ഇത് പ്രശംസ അർഹിക്കുന്ന ഒരു സിനിമ തന്നെയാണു. കോപ്പി അടിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല. നമ്മുടെ സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ മോഷണമാണു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഈ കഥ ഇത് ആദ്യം എഴുതിയ ആൾക്ക് മാത്രമേ ആലോചിക്കാൻ പറ്റു എന്നൊന്നും ഇല്ലല്ലോ എന്നാണു. ആ പറഞ്ഞ പോലെ ഇംഗ്ലീഷ് സിനിമ കാണുമ്പോൾ നമ്മുടെ മറ്റു സംവിധായകർക്കും ഇതു പോലെ തോന്നി ശ്രീനിവാസനെയും പ്രിയദർശനെയുമൊക്കെ മനസ്സിൽ ധ്യാനിച്ച് സിനിമ എടുക്കാൻ തുടങ്ങുന്നതിൽ എന്ത് കുഴപ്പം. മുൻപേ ഗമിക്കുന്ന എന്തിന്റെയോ പിൻപേ .... എന്നാണല്ലോ. പക്ഷെ ചെയ്യുന്നത് പ്രിയദർശൻ ആണെങ്കിലും അനൂപ് മേനോൻ ആണെങ്കിലും മോഷണമാണു എങ്കിൽ പിന്നെ അതു പ്രിയൻ ചെയ്യുന്ന പോലെ ജനപ്രിയമാക്കി ചെയ്തിരുന്നെങ്കിൽ...! അതിനു ഹോളിവുഡ് മാത്രം കണ്ടാൽ പോരാ, ജാപ്പാനീസ് ചൈനീസ് , അംഗോള ഇവിടത്തെയൊക്കെ സിനിമകൾ കാണണം എന്നാലെ നന്നായി ചുരണ്ടാൻ പറ്റു.
*സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആണു പുറത്ത് ഫ്ലക്സ് ബോർഡ് ശ്രദ്ധിച്ചത്. സംഭാഷണം മാത്രം അനൂപ് മേനോൻ..!
*അങ്ങേരാരാ മോൻ...!!
Subscribe to:
Post Comments (Atom)
3 comments:
തിരക്കഥയിലെ റോളാണ് അനൂപിന്റെ മാസ്റ്റർപീസ്..അതിനപ്പുറം ചെയ്യാനാവുന്ന ജനപ്രിയനായകനൊന്നുമല്ലയാൾ...അടുത്ത ജെനറേഷൻ നായകഗണത്തിൽ പെടുത്താനാവുന്ന ഒരു ആംബിയൻസ് പുള്ളീക്കില്ല..ബട്ട് സഹ റോളുകളിൽ കലക്കും..
ബി-സ്റ്റുഡിയോ പാരഗ്രാഫ് തിരിച്ചെഴുതുക..മറ്റുള്ള നിരൂപണങ്ങളെ അപേക്ഷിച്ച് പ്രേക്ഷ്കന്റെ ഭാഗത്തു നിൽക്കുന്നുണ്ട് ഈ ബ്ലോഗ്..
മാമ്മി&മീ പോലുള്ള സിനിമകൾക്ക് നിരൂപണം ചമയ്ക്കുന്ന ‘പെൺ‘ബ്ലോഗേഴ്സിന്റെ ഗ്ലിറ്ററിങ്ങിൽ പെട്ട് 10-40 കമന്റുകളോളമിടുന്ന വായനാക്കാരുടെ ബൂലോകത്ത് നിങ്ങൾ വ്യത്യസ്ഥനാണ് നിലവാരം കൊണ്ട്..
ഏതു ഹോളിവുഡ് പദത്തിന്റെ കോപി ആണെന്ന് കൂടി പറയാമോ. അത് കണ്ടിട്ടുള്ളത് ആണെങ്കില്‍ പിന്നെ പീഡനം സഹിയ്ക്കണ്ടല്ലോ
Butterfly on a Wheel
Post a Comment