RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

യന്തിരന്‍ - ഇതൊരു സാധാരണ മഹാത്ഭുതം..!ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണു ശങ്കർ. രജനി കാന്താകട്ടെ സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാറും.ഈ രണ്ട് പ്രതിഭാസങ്ങളും ശിവാജി എന്ന വമ്പൻ ഹിറ്റിനു (?) ശേഷം വീണ്ടും ഒന്നിച്ചപ്പോൾ അതും ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണവും കൂടിയായപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന ഒരു സിനിമയാണു. എല്ലാ കലക്ഷൻ റിക്കാർഡുകളും തകർത്തെറിയുന്ന ഒരു പടു കൂറ്റൻ ഹിറ്റ്. എന്നാൽ എവിടെയും ഒന്നും സംഭവിപ്പിക്കാൻ യന്തിരനു കഴിയില്ല, നാഴികക്കല്ലായി മാറും എന്ന് കരുതുന്ന സിനിമ പക്ഷെ ആരാധകർക്ക് കല്ല് കടിയായി തീരും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമ എന്ന നിലയിൽ യന്തിരൻ ഒരു പരാജയമാകും എന്ന നിലയിലുള്ള പ്രചാരണങ്ങൾ സിനിമ റിലീസിനു മുൻപേ തന്നെ തുടങ്ങിയിരുന്നു.തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ഇപ്പോൾ പൊതുവിൽ കഷ്ടകാലം ആണല്ലോ. ആദ്യം കന്തസ്വാമി, പിന്നെ രാവണൻ, ഇപ്പോളിതാ സാക്ഷാൽ സ്റ്റൈൽ മന്നന്റെ യന്തിരനും..! പക്ഷെ ഇതെല്ലാം ഒക്ടോബർ ഒന്നിനു ആദ്യ ഷോ തുടങ്ങി അവസാനിച്ചു കഴിഞ്ഞപ്പോൾ വെറും ജല്പനങ്ങൾ ആയി മാറി. അതെ യന്തിരൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് എന്ന പദവിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. രജനികാന്തിന്റെ ഒരു ചിത്രം പരാജയപ്പെടുക എന്ന കാര്യം ചിന്തിക്കാൻ പോലും ഒരുപാട് കാലം ഉഴിച്ചിലും പിഴിച്ചിലും നടത്തേണ്ടി വരുന്ന തമിഴ് സിനിമ ലോകവും ഒപ്പം മറ്റിടങ്ങളിലെ രജനിയുടെ ആരാധക വൃന്ദവും വൻ ആവേശതിമർപ്പിലാണു. വളരെ നാളുകളായി ശങ്കർ മനസ്സിൽ കൊണ്ട് നടന്ന ഒരു സ്വപ്ന പദ്ധതിയാണു യന്തിരൻ. ഷാരുഖ് ഖാനെയും പിന്നീട് കമൽ ഹാസനെയും വെച്ച് പ്ലാൻ ചെയ്ത ഈ സിനിമ അവസാനം രജനികാന്തിൽ എത്തി ചേരുകയായിരുന്നു. അതൊരു പക്ഷെ കാലത്തിന്റെ അനിവാര്യത ആയിരിക്കാം. കാരണം യന്തിരനിലെ പല സീനുകളും കാണുമ്പോൾ അത് പ്രേക്ഷകർക്ക് ദഹിക്കുന്നത് അവതരിപ്പിക്കുന്നത് രജനികാന്ത് ആണു എന്നത് കൊണ്ട് മാത്രം ആണു. യന്തിരന്റെ കഥ ഇങ്ങനെയാണു. ലോകത്തിലെ ഏറ്റവും മികച്ച ഒരു റോബോർട്ടിനെ ഉണ്ടാക്കുക എന്നതാണു ശാസ്ത്രഞ്ജനായ വാസിഗരയുടെ (രജനി) ആഗ്രഹം. എന്തും ചെയ്യാൻ കഴിവുള്ള ഒരു റോബോർട്ട്. വാസിയുടെ കാമുകിയാണു സന (ആഷ്). അങ്ങിനെ വാസി തന്റെ സ്വരൂപത്തിൽ ഒരു റോബോർട്ടിനെ സൃഷ്ടിക്കുന്നു. അതിനു ചിട്ടി എന്ന് പേരിടുന്നു. അതും രജനികാന്ത്. പക്ഷെ നമ്മളുടെ പഴയ പെരുന്തച്ചൻ കോപ്ലക്സ് അവിടെ ഉടലെടുക്കുന്നു. വാസിയുടെ ബോസ് ആയ പ്രൊഫസർ (ഡാനി) ആണു ഇവിടെ തിലകൻ. ശിഷ്യൻ തന്നെക്കാൾ കേമൻ ആവുമോ എന്ന ഭയന്ന് വാസീക്കെതിരെ കരുനീക്കം നടത്തുന്ന ഡാനി. അതിനെ ചെറുക്കുന്ന വാസീ.. അവസാനം വാസീ തന്നെ ജയിക്കുന്നു തന്റെ സൃഷ്ടി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് പേരും പ്രസക്തിയും നേടുന്നു. ശിഷ്ടക്കാലം സനയുമായി സുഖമായി ജീവിക്കുന്നു....ഇങ്ങനെയൊക്കെ ആവുമായിരുന്നു ഈ സിനിമ, ഇത് സംവിധാനം ചെയ്തത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ.! പക്ഷെ ഇതിന്റെ സംവിധായകൻ ശങ്കർ ആണു. ആ പേരിൽ തന്നെ അടങ്ങിയിരിക്കുന്നു എല്ലാം. അതു കൊണ്ട് തന്നെയാണു വാസീ ഉണ്ടാക്കിയ റോബോർട്ടിനെ മാനുഷിക വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാവുന്നതാക്കി മാറ്റുന്ന രംഗം കണ്ടിട്ടും ഒരാൾ പോലും കൂവാതിരുന്നത്. മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന റോബോർട്ട്. അതായി മാറി ചിട്ടി. മനുഷ്യനായാൽ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളിൽ ഒന്നാണു പ്രേമം. അത് കൊണ്ട് തന്നെ അതി സുന്ദരിയായ സനയോട് ചിട്ടിക്ക് പ്രേമം തോന്നിയതിൽ തെറ്റു പറയാനാവില്ല. പക്ഷെ ആ പ്രേമം തന്റെ സൃഷ്ടാവിനോട് തുറന്ന് പറഞ്ഞ ചിട്ടിക്ക് തെറ്റി. കണ്ണിൽ ചോരയില്ലാത്ത വസീ പാവം ചിട്ടിയെ തുണ്ടം തുണ്ടമാക്കി മുറിച്ചു കളഞ്ഞു. അവിടെ നമ്മുടെ വില്ലൻ വീണ്ടും രംഗ പ്രവേശനം ചെയ്യുന്നു. ചിട്ടിയെ തന്റെ വരുതിയിലാക്കിയ ഡാനി സത്യസന്ധനും സൽസ്വഭാവിയും നിഷ്കളങ്കനും സർവ്വോപരി സുന്ദരനുമായ ചിട്ടിയെ ശുദ്ധ വഷളനും ആഭാസനും തെമ്മാടിയും പെണു പിടിയനുമാക്കുന്നു. അങ്ങനെ ചിട്ടി പെണ്ണിനെ പിടിക്കാൻ ഇറങ്ങി തിരിക്കുന്നു. അയ്യേ അതല്ല അതല്ല. തന്റെ കാമുകിയെ കൈക്കലാക്കാൻ എന്നാ ഉദ്ദേശിച്ചത്. അവിടെ വസീ ഇവിടെ ചിട്ടി. അങ്ങനെ പോരാട്ടം ആരംഭിക്കുന്നു. ഇനിയങ്ങോട്ട് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണു. അതും തിയറ്ററിൽ തന്നെ ഇരുന്നു ആസ്വദിക്കേണ്ടവ.

ഈ സിനിമയിലെ ആനിമട്രോണിക്സ് അതി ഗംഭീരമാണു. പക്ഷെ ഇതേ ദൃശ്യങ്ങൾ ഒരു ഹോളിവുഡ് സിനിമയിൽ ആണു കാണിക്കുന്നതെങ്കിൽ സായിപ്പിന്റെ കഴിവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്ന നമ്മൾ പ്രേക്ഷകർ യന്തിരനിലെ സീനുകൾ കണ്ടപ്പോൾ നെറ്റി ചുളിക്കുന്ന മനോഭാവം മാറ്റണ്ടതു തന്നെയാണു. റഹ്മാന്റെ സംഗീതം നന്നായിട്ടുണ്ടെങ്കിലും ഈ എല്ലാ ഗാനങ്ങളും സിനിമയിൽ ആവശ്യമുണ്ടോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു. സംഘട്ടന രംഗങ്ങളിൽ അണ്ണന്റെ ഡ്യൂപ്പ് കസറി. ഇതെല്ലാം സമന്യയിപ്പിച്ചു കൊണ്ട് കാണികൾക്ക് കാഴ്ച്ചയുടെ ഒരു ഉത്സവം തന്നെ ശങ്കർ ഒരുക്കിയിട്ടുണ്ടെങ്കിലും തിരകഥകൃത്ത് എന്ന നിലയിൽ പാസ് മാർക്ക് മാത്രമേ നേടിയുള്ളു. ബലഹീനമായ ഒരു തിരകഥ തന്നെയാണു യന്തിരന്റെ ഏറ്റവും വലിയ ന്യൂനത. കോമൺ സെൻസിനു നിരക്കാത്തതും ലോജിക്കില്ലാത്തതുമായ പല രംഗങ്ങളും ഈ സിനിമയിലുണ്ട്.പക്ഷെ ടെക്നോളജി സിനിമയെ വിഴുങ്ങുന്നേ എന്ന് പറഞ്ഞ് വിലപിക്കുന്നവർ ഓർക്കുക ഇത് ഒരു രജനി കാന്ത് ചിത്രം. 200 കോടി മുടക്കി ഈ സിനിമ എടുക്കാൻ നിർമ്മാതാവ് തയ്യാറായത് രജനി എന്ന ഇന്ത്യൻ സൂപ്പർ സ്റ്റാറിലുള്ള വിശ്വാസം കൊണ്ടു മാത്രമാണു. ആദ്യ ദിവസം ആർത്തിരമ്പി വരുന്ന ലക്ഷകണക്കിനു ആരാധകർ ഒരു രജനി സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണു എന്ന് ശങ്കറിനു നന്നായി അറിയാം. അതു കൊണ്ടാണല്ലോ ശിവാജിയിലെ ഒരു ഗാന രംഗം രജനി ആരാധകർക്കായി മാറ്റി വെച്ചത്. രജനികാന്തിന്റെ അമാനുഷികത റോബോർട്ടിലൂടെ അവതരിപ്പിച്ചത് ഈ ആരാധകരെ തൃപ്തിപെടുത്താൻ വേണ്ടി തന്നെയാണു. വിശ്വസിക്കാൻ പ്രയാസമുള്ള രംഗങ്ങൾ ഒന്നുമില്ലെങ്കിൽ പിന്നെന്ത് രജനി സിനിമ.അതു കൊണ്ട് ഒരു ടോട്ടൽ സിനിമ എന്ന നിലയിൽ യന്തിരൻ ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളുവെങ്കിലും മലയാള സിനിമകളെ തമിഴ് സിനിമകളോടും തമിഴിനെ ബോളിവുഡിനോടും ബോളിവുഡിനെ ഹോളിവുഡ് സിനിമകളോടും താരതമ്യം ചെയ്ത് വാചകമടിച്ചു നില്ക്കാതെ ഇന്ത്യൻ സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം മഹാത്ഭുതങ്ങളുടെ ഭാഗമായ യന്തിരൻ മാനിയായിൽ നമ്മുക്കും പങ്കു ചേരാം...!


*മല പോലെ വന്നത് എലി പോലെ പോകും എന്നായിരുന്നു ചിലരൊക്കെ...!

**ഒരു മലയിൽ നിന്ന് അടുത്ത മലയിലേക്ക് കുതിര വണ്ടി ചാടിച്ച (മുത്തു) തലൈവർക്ക് ഇതൊക്കെ വെറും......!

**അല്ലെങ്കിലും ആന പുറത്തിരിക്കുന്ന നമ്മുടെ അണ്ണനു അങ്ങാടി പട്ടികളെ പേടിക്കണ്ട കാര്യമില്ലല്ലോ..!!!

14 comments:

നൗഷാദ് അകമ്പാടം said...

ഹല്ല! ഇതെവിടെയായിരുന്നു...കുറേയായല്ലോ കണ്ടിട്ട്??

b Studio said...

ഇവിടെയൊക്കെ തന്നെ ഉണ്ട്. നിങ്ങളെ പോലെ ഉള്ളവർക്ക് നമ്മളെയൊന്നും കാണില്ലല്ലോ...

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
നൗഷാദ് അകമ്പാടം said...

അയ്യോ..സോറി
തെറ്റുപറ്റിയത് എനിക്കാ..
അവസാനത്തെ രണ്ടണ്ണം ഞാന്‍ കണ്ടില്ലായിരുന്നു...

(ഞാന്‍ ഓടി!)

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാമ്മല്ലോ ഭായ് ഈ കിഞ്ചനവർത്തമാനം...
എന്തായാലും രജനിയുടേയും,മറ്റും ഇന്ദജാലങ്ങൾ കണ്ട് ഒന്ന് കോരിതരിക്കണം !
പടം ഇവിടെ ലണ്ടനിലും റിലീസ് ചെയ്തിട്ടുണ്ട്,ഇപ്പോ..25 പൌണ്ട് ആണ് ടിക്കറ്റ്,ഇനി കുറ്യും/നമ്മൾ മലയളീസ് അല്ലേ

Vinu said...

എന്തിരന്‍ വന്ന്‍ സകല മലയാള പടങ്ങള്‍ക്കും പണി കൊടുത്തു. എന്നിട്ടും അതിനെ താങ്ങി നടക്കാന്‍ കൂറെ പേര്.കൂടുതല്‍ പണി കിട്ടിയത് മമ്മൂട്ടിക്കാ അത് മറക്കണ്ട

jayanEvoor said...

എന്തായാലും യന്തിരൻ കാണും.

(കേരളത്തിൽ ഉള്ള ഏതു സൂപ്പർ സ്റ്റാർ പടത്തേക്കാളും കൂടുതൽ പ്രിന്റുകൾ യന്തിരന്.... സൂപ്പറുകൾ ഇനി തമിഴ് പടങ്ങൾ റിലീസ് ചെയ്യുന്നതും വൈകിക്കുമോ!)

അനൂപ് :: anoop said...

അല്ലെങ്കിലും ശങ്കറിനൊക്കെ എന്തും ആവാമല്ലൊ! :) extreme exaggeration nte ആശാനല്ലെ.

ശ്രീ said...

എന്തരായാലും എന്തിരന്‍ ഹിറ്റാകുമെന്ന് ഉറപ്പ്, അല്ലേ?

Kalpak S said...

ശങ്കര്‍ ചമ്മിപ്പോയി..! ചുമ്മാ കാശ് ചിലവാക്കി രജനീകാന്തിനെ റോബോട്ട് ഒന്നും ആക്കണ്ടാരുന്നു.. അതല്ലാതെ തന്നെ അങ്ങേര് ഈ കണ്ട പുകിലൊക്കെ കാണിക്കുമാരുന്നു... ഹി ഹി !

ഹംസ said...

സീ.ഡി വരട്ടെ കാണാം

Pony Boy said...

സംഘട്ടന രംഗങ്ങളിൽ അണ്ണന്റെ ഡ്യൂപ്പ് കസറി...അത് കലക്കി..|

ട്രൈലർ കണ്ടിരുന്നു ഐ റോബോട്ട് , ജഡ്ജ്മെന്റ് ഡേ തുടങ്ങിയ ചിത്രങ്ങളോട് ഏറെ സാദ്രിശ്യം തോന്നുന്നു

vinod1377 said...

iRobot അല്ല മാഷേ ഇത് ശരിക്കും Short Circuit എന്ന സിനിമയുടെ അതെ കഥയാണ്‌

Dr.Jishnu Chandran said...

oru kadha orlkke cheyyavu ennondo??????? ore kadha vyathysthamayi avishkarikkate...........

Followers

 
Copyright 2009 b Studio. All rights reserved.