സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നു. തിരകഥ രൺജി പണിക്കർ. സുരേഷ് ഗോപി വീണ്ടും പോലീസ് കമ്മീഷണറുടെ വേഷത്തിൽ..! സിനിമയുടെ പേരു "The Ultimate War". പോസ്റ്ററായ പോസ്റ്റർ മുഴുവൻ സുരേഷ് ഗോപി തോക്കും പിടിച്ചു നില്ക്കുന്നു. അങ്ങിനെ പടം റിലീസ് ആയി. ഈ സിനിമ കാണാൻ ആളുകൾ ഇടിച്ചു കയറും. എന്നാൽ ആ സിനിമ ഒരു ആക്ഷൻ രംഗം പോലുമില്ലാത്ത ഒരു പ്രണയ കഥയാണു എന്ന് വെക്കുക്ക. സിനിമ മുഴുവൻ പ്രണയലോലുപനായി സുരേഷ് ഗോപി കാമുകിയുടെ പിന്നാലെ..! എന്തായിരിക്കും സംഭവിക്കുക..? അത് തന്നെയാണു ഈ ഫോർ ഫ്രണ്ട്സിനും സംഭവിച്ചത്.
100 ദിവസങ്ങൾ പോസ്റ്റർ മാജിക്കിന്റെയും തിയറ്ററുകാരുടെ കാരുണ്യം കൊണ്ടല്ലാതെയും നല്ല അന്തസ്സായി ഓടിയ ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബന്റ്സ് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം സജി സുരേന്ദ്രൻ - കൃഷ്ണൻ പൂജപ്പുര ടീം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ പുതിയ സിനിമയാണു ഫോർ ഫ്രണ്ട്സ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് നാലു സുഹൃത്തുക്കളുടെ കഥയാണു. വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരിക്കലും കണ്ട് മുട്ടാൻ സാധ്യതയില്ലാത്ത നാലു പേർ തമ്മിൽ കണ്ടു മുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ പ്രമേയം. റോയ് തോമസ്, അമീർ, സൂര്യ, ഗൗരി എന്നിവരാണു ഈ നാലു പേർ. ജയറാം, ജയസൂര്യ, കുഞ്ചാക്കോ, മീരാജാസ്മിൻ എന്നിവരാണു ഈ നാലു പേരെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പോക്കിരി രാജ എന്ന വിജയ ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകു പാടം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കമലഹാസൻ ചാണക്യൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നു.
വിജയ പാതയിലുള്ള സംവിധായകനും നായകരും നിർമാതാവും. ഒപ്പം താരതിളക്കത്തിനു മാറ്റു കൂട്ടാൻ സാക്ഷാൽ ഉലകനായകനും. ഇത്രയുമൊക്കെ ഉണ്ടായിട്ടും ഫോർ ഫ്രണ്ട്സ് എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നത് എന്തു കൊണ്ടാണു എന്ന് ചിന്തിച്ചാൽ ഉത്തരം ലളിതമാണു. സാധാരണ വലിയ തോതിൽ പ്രേക്ഷകരുടെ അപ്രീതി പിടിച്ചു പറ്റുന്ന സിനിമകൾ ആസ്വാദന നിലവാരത്തിനു നേരെ കൊഞ്ഞനം കുത്തുന്നവയായിരിക്കും. എന്നാൽ ഈ സിനിമയിൽ സംഭവിച്ചത് അതല്ല. ഇതിലെ നായകന്മാരായ ജയറാമിനും കുഞ്ചാക്കോക്കും ജയസൂര്യയ്ക്കുമൊന്നും മറ്റൊരു സിനിമയിൽ അഭിനയിച്ചിട്ടും കിട്ടാത്ത ഇനീഷ്യൽ ആണു ഈ സിനിമക്ക് കിട്ടിയത്.ഹാപ്പി ഹസ്ബന്റ്സ്, ഇവർ വിവാഹിതരായാൽ എന്നീ സിനിമകളുടെ Impact ൽ ആണു ആദ്യ ദിവസം ജനം തിയറ്ററുകളിലേക്ക് എത്തിയത്. അത്തരത്തിൽ ഒരു Impact ഉണ്ടാക്കാൻ മാത്രം ഈ സിനിമകൾ ഒട്ടും മഹത്തരങ്ങളായിരുന്നില്ല എന്നത് വേറെ വശം. കോമഡി സിനിമകളോടുള്ള പ്രേക്ഷകരുടെ ഇന്നത്തെ ആഭിമുഖ്യമാണു ഇതിനു പിന്നിൽ. എന്നാൽ 100% ചിരിപ്പിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചെത്തിയവരെ സജി സുരേന്ദ്രൻ നിരാശപ്പെടുത്തുകയാണു ചെയ്തത്.
ഒരു കാൻസർ രോഗി ഉള്ള സിനിമ വരെ സഹിക്കാൻ പാടു പെടുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിൽ സിനിമയിലെ നാലു പ്രധാന കഥാപാത്രങ്ങളെയും കാൻസർ രോഗികളാക്കി കഥ പറയുമ്പോൾ അത് കണ്ടു കൊണ്ടിരിക്കുന്ന ഹതഭാഗ്യരായ പ്രേക്ഷകരുടെ ഗതികേട്..! വൈകാരിക മുഹൂർത്തങ്ങളിൽ പ്രേക്ഷകരുടെ കണ്ണുകൾ നനയുമെന്നും അത് സിനിമയെ വൻ വിജയത്തിലേക്കെത്തിക്കുമെന്നും സജി സുരേന്ദ്രനും കൃഷണൻ പൂജപ്പുരയും കണക്ക് കൂട്ടി. പക്ഷെ സംഗതി ഏറ്റില്ല.ഷോലെയിലെ ദോസ്തി എന്ന ഗാനത്തിന്റെ റിമിക്സ് അടക്കം നല്ല ഗാനങ്ങളും മനോഹരമായ ചിത്രീകരണവും ഫോർ ഫ്രണ്ട്സിൽ ഉണ്ട്. കണ്ണീർ പടമാണെങ്കിലും സലീം കുമാറിനെയും സുരാജിനെയും സംവിധായകൻ കൈ വിട്ടട്ടില്ല. കമലഹാസൻ നടൻ കമലഹാസനായി തന്നെയാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുടെ പബ്ലിസിറ്റിക്ക് ഗുണം ചെയ്യും എന്നതിൽ കവിഞ്ഞ് മറ്റൊരു റോളും കമലഹാസനു ഈ സിനിമയിൽ ഇല്ല. നാലു കൂട്ടുകാരിൽ ഏറ്റവും മികച്ചു നിന്നത് ജയസൂര്യയുടെ അമീർ ആണു. ഹാപ്പി ഹസ്ബന്റിസിൽ ഒതുക്കപ്പെട്ടതിന്റെ വിഷമം മുഴുവൻ ജയസൂര്യ ഇതിൽ തീർത്തിട്ടുണ്ട്. ജയറാമിനും കുഞ്ചാക്കോക്കും തങ്ങൾ പതിവായി ചെയ്തു കൊണ്ടിരിക്കുന്ന വേഷങ്ങളിൽ കാഴ്ച്ച വെക്കുന്ന അഭിനയത്തിൽ കൂടുതലൊന്നും ഈ സിനിമയിൽ ചെയ്യേണ്ടി വന്നിട്ടില്ല. മീര ജാസ്മിന്റെ ഗൗരിയും തരക്കേടിലായിരുന്നു.
ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് സിനിമയുടെ സാദൃശ്യം ഫോർ ഫ്രണ്ട്സിൽ കാണാം. പക്ഷെ ബക്കറ്റ് ലിസ്റ്റ് കൃഷണൻ പൂജപ്പുര അടിച്ചു മാറ്റിയതാണു എന്ന് പറയാൻ പറ്റില്ല. കാരണം ഹോളിവുഡ് സിനിമയൊക്കെ കോപ്പി അടിക്കാൻ തക്ക വിവരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ഇന്ന്അദ്ദേഹം ആരായിരുന്നേനെ..! ഇത് മിക്കവാറും ബക്കറ്റ് ലിസ്റ്റ് തമിഴിൽ എടുത്ത ഏതെങ്കിലും സിനിമകളുടെ അനുകരണം ആയിരിക്കാൻ ആണു സാധ്യത.
മറ്റൊരു തരത്തിൽ പറഞ്ഞാൽ സജി സുരേന്ദ്രൻ ചെയ്തിരിക്കുന്നത് ശരിയായ ഒരു കാര്യമാണു. ആദ്യ ചിത്രങ്ങളെ പോലെ തന്നെ ഇതുമൊരു കോമഡി സിനിമയായിരുന്നെങ്കിൽ അത്തരം ചവറു കോമഡികളുടെ സംവിധായകനായി അദ്ദേഹത്തെ മലയാള സിനിമ ബ്രാൻഡ് ചെയ്യുമായിരുന്നു. കോമേഴ്സ്യൽ വിജയങ്ങളുടെ വ്യാകരണമറിയാവുന്ന ഒരു സംവിധായകനും തിരകഥകൃത്തും തങ്ങൾക്ക് കല്പിച്ചു നല്കിയ ഇമേജിൽ നിന്നും പുറത്തു കിടക്കാൻ നടത്തിയ ബോധപൂർവ്വമായ ഈ ശ്രമത്തെ ഇന്നത്തെ പ്രേക്ഷകർ തള്ളി കളഞ്ഞെങ്കിലും ഈ ധീരമായ പരീക്ഷണം ശരിയായിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കില്ല...!
*മുളകുപാടത്തിന്റെ ഒന്നു രണ്ട് കോടി രൂപ പോയാൽ എന്താ..രണ്ട് പേരുടെയും ഇമേജ് മാറി കിട്ടിയല്ലോ..!!
*പറയുന്നത് കേട്ടാൽ തോന്നും തൊമിച്ചന്റെ പടം ആദ്യമായാണു പൊളിയുന്നത് എന്ന്. ഒന്നും മറക്കരുത് രാമാ...!!!
Subscribe to:
Post Comments (Atom)
5 comments:
ചുരുക്കി പറഞ്ഞാല്‍ ഇറങ്ങുന്ന മലയാള പടം എല്ലാം പൊളിയാണെന്ന്....
ഈ മീരാ ജാസ്മിനെ പൊക്കി എടുക്കുന്നതെന്തിനാ? നമ്മടെ റീമാ കല്ലിങ്ങല്‍ എവിടെ പോയി? ആ സുന്ദരി കിളവി ആകുന്നതിനു മുന്‍പ് നല്ല രണ്ട് പടം പോരട്ടേ? കാന്സറ് സിനിമയുടെ ഒക്കെ കാലം കഴിഞ്ഞില്ലേ ? ഇപ്പോള്‍ ആറ്ക്കാ കരയാന്‍ സമയം അതിനു കണ്ണീറ് സീരിയല്‍ ഉണ്ടല്ലോ? ടോമിച്ചന് ഇനി മുളകു പാടവുമായി നടന്നാല്‍ മതി അല്ലേ? സുരാജിണ്റ്റെ തറ വളിപ്പൊക്കെയാണിപ്പോള് മലയാളസിനിമയുടെ വിജയഘടകം , അതിറ്റെടക്കാ ഒരു ട്റാജഡി?!
സജി സുരേന്ദ്രന് ഒരു വെത്യസ്തത കൊണ്ടുവന്നത് ആര്‍ക്കും പിടിച്ചില്ല ..... പക്ഷെ ഈ വെത്യസ്തത അല്പം കടന്നുപോയി അല്ലേ...
ഒരു "വിനയന് ടച്ച്" ഉണ്ട്. പക്ഷെ എടുത്തത് നന്നായിട്ടുണ്ട്. ചിരി പ്രതീക്ഷിചെതുന്ന പ്രേക്ഷകര്‍ നിരാശരാകുന്നത് സംവിധായകന്റെ കുഴപ്പമല്ലല്ലോ. പിന്നെ എല്ലാരും എന്തിനാ സുരാജിന്റെ പുറത്തു കുതിര കയറുന്നത്? വേറെ ആരുണ്ട് മലയാളത്തില്‍ ഇപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഹാസ്യനടന്?
‘ഇവർ വിവാഹിതരായാൽ അറ്റ്ലീസ്റ്റ് കണ്ടുകൊണ്ടിരിക്കാം..ഹാപ്പി ഹസ്ബെൻസ് ഈയടുത്ത് കാസറ്റിൽ കണ്ടിരുന്നു..തമാശ കണ്ട് കണ്ണുനിറഞ്ഞുപോയി...എന്തു കണ്ടിട്ടാണ് ഈ തറപ്പടത്തിന് ആളു കേറിയത് എന്നത് അനന്തം അഞാതം..മദ്ധ്യവയസ്കന്മാർ അതും ഒരു മീഡിയ ബോസ് സ്പൈക്ക് ചെയ്ത് ഫാൻസി വെയറുകൾ ഇട്ടുനടക്കുന്നത് ഏത് കേരളത്തിലാണ് കാണാനാകുനത്..അൺസഹിക്കബ്ബിൽ പടം തന്നെയത്..ഹിന്ദിക്കാരു പോലും ഇത്തരം പുളിച്ച വിറ്റുകൾ കൈവിട്ടിട്ട് നാളേറെയായി..
ബക്കറ്റ്ലിസ്റ്റ് ഒന്നൊനര പടം തന്നെ ..അല്ലേലും മോർഗൻ ഫ്രീമാന്റേം നിക്കോൾസന്റേം അഭിനയം കണ്ടാൽ അത് കോപ്പിയടിക്കാനും ഒരു ധൈര്യം വേണം..
Post a Comment