മലയാള സിനിമ ചരിത്രത്തിൽ തിളക്കമാർന്ന അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ സിനിമയാണു യവനിക. മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക്കുകളിൽ ഒന്നു. വന്ദേമാതരം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം തമിഴിലും മലയാളത്തിലും ആയി ഒരുങ്ങുന്നു എന്ന വാർത്ത ആരാധകരിൽ വൻ പ്രതീക്ഷകൾ ഉണ്ടാക്കിയത് യവനികയുടെ നിർമാതാവ് ആയ ഹെന്റ്രി ആണു വന്ദേമാതരവും നിർമ്മിക്കുന്നത് എന്നത് കൊണ്ട് തന്നെയാണു. യവനികക്ക് ശേഷം പങ്കജ് പ്രൊഡക്ഷൻസിന്റെ പേരിൽ നിരവധി തമിഴ് ചിത്രങ്ങൾ ഹെന്റ്രി നിർമ്മിച്ചിട്ടുണ്ട്. അവയിൽ ചിലത് വൻ വിജയം നേടിയിട്ടുമുണ്ട്. എന്നാൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മലയാള ചിത്രം നിർമ്മിക്കുമ്പോൾ യവനികയുടെ നിർമ്മാതാവ് വീണ്ടും എന്ന വിശേഷണം മാധ്യമങ്ങളിൽ നിറയുമ്പോഴാണു യവനിക എന്ന സിനിമ പ്രേക്ഷകരിൽ എത്രമാത്രം സ്വാധീനം ചെലുത്തിയ ഒന്നാണു എന്ന് മനസ്സിലാകുക. അങ്ങനെ ആർപ്പുവിളികളോടെയും ആഘോഷങ്ങളോടെയും വന്ദേമാതരം ഷൂട്ടിംഗ് തുടങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയും ആക്ഷൻ കിംഗ് അർജുനും ആദ്യമായി ഒന്നിക്കുന്ന സിനിമ. നായിക സ്നേഹ. സിനിമ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് കാർത്തി എന്ന ആളായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. പക്ഷെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ കാർത്തിയെ മാറ്റി ടി അരവിന്ദ് എന്ന സംവിധായകനായി. ഇത്രയും ബിഗ് ബഡ്ജറ്റ് സിനിമ ആയത് കൊണ്ട് തിരകഥ മോശമായി എന്ന കാരണം കൊണ്ട് പടം വിജയിക്കാതിരിക്കണ്ട എന്ന് കരുതിയിട്ടാവണം ഈ സിനിമയുടെ കഥയും തിരകഥയും സംഭാഷണവുമെല്ലാം ശ്രീ ഹെന്റ്രി തന്നങ്ങ് എഴുതി. എന്തൊരു ആത്മാർത്ഥ അല്ലേ. നിർമ്മാതാക്കളായാൽ ഇങ്ങനെ തന്നെ വേണം. അല്ലെങ്കിലും ഒരു സിനിമ വിജയിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരേ ഒരാൾ അതിന്റെ നിർമ്മാതാവ് മാത്രമാണല്ലോ..! അങ്ങിനെ ഗംഭീരമായി ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരുന്നു. ബിഗ് ബഡ്ജറ്റ് ആയത് കൊണ്ട് കൂറെക്കാലം ഷൂട്ടിംഗ് ഉണ്ടാവുമല്ലോ അത് കൊണ്ട് ആരാധകർ ക്ഷമയോടെ കാത്തിരുന്നു. പക്ഷെ പതിയെ പതിയെ വന്ദേമാതരത്തിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. ഈ സിനിമ ഉപേക്ഷിച്ചോ എന്ന് ആളുകൾ സംശയിച്ചു തുടങ്ങിയ സമയത്താണു ഹെന്റ്രി ഏറ്റവും പുതിയ വാർത്തയുമായി വരുന്നത്. വന്ദേമാതരം ഷൂട്ടിംഗ് 90% പൂർത്തിയായി ഇനി ക്ലൈമാക്സ് രംഗങ്ങൾ കൂടിയേ ബാക്കിയുള്ളു. ഇന്ത്യൻ സിനിമ ഇതു വരെ കണ്ടിട്ടില്ലാത്ത അത്ര ത്രില്ലിംഗ് ക്ലൈമാക്സ് ആയിരിക്കും ഇതിനു. അവസാന ഭാഗങ്ങൾക്ക് വേണ്ടി മാത്രം 5 കോടി ചിലവ് പ്രതീക്ഷിക്കുന്നു. ആരാധകർ വീണ്ടും ആവേശതിമർപ്പിൽ.
എന്നാൽ ക്ലൈമാക്സ് ചിത്രീകരണത്തിനു നാവിക സേന അനുമതി നല്കിയില്ല എന്ന് പറഞ്ഞ് വീണ്ടും സിനിമ നീണ്ടു. അവസാനം വന്ദേമാതരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച്ച ചിത്രം തിയറ്ററുകളിൽ എത്തും. ഒരു മികച്ച ആക്ഷൻ ത്രില്ലർ സിനിമ കാണാൻ എല്ലാവരും കാത്തിരുന്നു. അങ്ങിനെ വെള്ളിയാഴ്ച്ച വന്നെത്തി. പക്ഷെ വന്ദേമാതരം വന്നില്ല. പിന്നെയും ഒരുപാട് വെള്ളിയ്യാഴ്ച്ചകൾ കടന്നു പോയി. കാത്തിരുന്ന പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപലകയും അതിന്റെ അപ്പുറവും കടന്നു. എന്നിട്ടും വന്ദേമാതരം വന്നില്ല. ഒടുവിൽ അതു സംഭവിച്ചു. റംസാൻ റിലീസാവും എന്ന് പറഞ്ഞെങ്കിലും വന്ദേമാതരം ആയത് കൊണ്ട് ആരും അതത്ര കാര്യമാക്കിയില്ല. വന്നാൽ വന്നു അത്ര തന്നെ. അതു പോലെ തന്നെ സംഭവിച്ചു. സിനിമ റംസാനു റിലീസ് ആയില്ല. വീണ്ടും ഒരാഴ്ച്ച കൂടി കഴിഞ്ഞ് 17 നു പടം തിയറ്ററുകളിൽ എത്തി. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ പ്രാഞ്ചിയേട്ടൻ നല്ല അഭിപ്രായം നേടി തിയറ്ററുകളിൽ ആദ്യ വാരം തികയ്ക്കുന്നതിനിടയിൽ ആണു വന്ദേമാതരത്തിന്റെ റില്ലീസ്.വൈകുന്ന സിനിമകൾ തകരും എന്ന മലയാള സിനിമയിലെ പ്രതിഭാസം ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു റിലീസ് ദിവസം തന്നെ വന്ദേമാതരത്തിനു ലഭിച്ച തണുത്ത പ്രതികരണം. അനുദിനം ടെക്നോളജി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു വർഷം പെട്ടിയിലിരുന്ന ടെക്നോളജിയുമായി ഇറങ്ങിയാൽ എന്ത് സംഭവിക്കും അത് തന്നെ വന്ദേമാതരത്തിനും സംഭവിച്ചു. പിന്നെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത ഇത് തമിഴ് പ്രേക്ഷകരെ ലക്ഷ്യമിട്ട് കൊണ്ട് ഇറക്കിയ സിനിമയാണു. 15 കോടി ബഡ്ജറ്റ് ഉള്ള സിനിമ കേരളത്തിൽ വിതരണക്കാരനു വിറ്റത് 1.5 കോടിക്കാണു എന്നതിൽ നിന്നു തന്നെ ഇത് വ്യക്തമാണു. ഇംഗ്ലീഷ് സിനിമ തമിഴിൽ ഡബ്ബ് ചെയ്ത് കാണുന്ന തമിഴർക്ക് ഇതൊരു പക്ഷെ അത്ഭുതമായേക്കാം. പക്ഷെ മലയാളികളെ സംബന്ധിച്ചിടത്തോളം വന്ദേമാതരം തിയറ്ററിനുള്ളിൽ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഒരു സിനിമയാണു. ബ്രഹമാണ്ഡ ചിത്രം എന്ന് വിശേഷിപ്പിച്ച് ഇറക്കിയ ഈ സിനിമയിൽ മമ്മൂട്ടിയും അർജുനും തുല്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. തമിഴ് പ്രേക്ഷകരെ കൈയ്യിലിടുക്കേണ്ടത് കൊണ്ടാവാം അർജുനു ഒരല്പം മുൻ തൂക്കം കൊടുത്തിട്ടുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയായ തീവ്രവാദം തന്നെയാണു ഈ സിനിമയുടെയും വിഷയം. രാജ്യ സ്നേഹം മുതലെടുത്ത് കൊണ്ട് ഹിറ്റുകളായ ഒരു പാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. സൈന്യത്തിലെ നെഞ്ചിൽ ഇടനെഞ്ചിൽ എന്ന് തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ ദേശഭക്തി ഉണരാത്ത ആരാണുള്ളുത്..? റോജയിൽ ഇന്ത്യൻ പതാക കത്തിക്കുമ്പോൾ അരവിന്ദ് സ്വാമി അത് കെടുത്തുന്ന രംഗം കണ്ട് രക്തം തിളക്കാത്തതായി ആരെങ്കിലുമുണ്ടോ..? ഇനിയുമുണ്ട് നിരവധി ഉദാഹരണങ്ങൾ. ഇത്രയും കോടി മുടക്കി ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോൾ ഇത്തരത്തിൽ ഒരു സീൻ എങ്കിലും ഈ സിനിമയിൽ ഉണ്ടാകേണ്ടതായിരുന്നു.നിർമ്മാതാവും രചയിതാവും കൂടിയായ ഹെന്റ്രി അത് തീർച്ചയായും ശ്രദ്ധിക്കണമായിരുന്നു. സാധാരണ ഈ വക കാര്യങ്ങൾ നോക്കേണ്ടത് സംവിധായകനാണു. പക്ഷെ സംവിധാനം എന്താണു എന്ന് വന്ദേമാതരം ചെയ്തു മനസ്സിലാക്കിയ ടി അരവിന്ദിനെ ഈകാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. അർജുൻ ഈ സിനിമയിൽ നല്ല പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. കേരളത്തിലെ പ്രേക്ഷകർ കൂവുമെങ്കിലും തമിഴ് നാട്ടിൽ കൈയ്യടി നേടാനുള്ള ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. മമ്മൂട്ടി എന്ന നടന്റെ ബിഗ് ബഡ്ജറ്റ് സിനിമ എന്ന് കരുതി കാണാൻ പോകുന്ന അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടി ഒന്നും തന്നെ ഈ സിനിമയിൽ കരുതി വെച്ചിട്ടില്ല. കുറ്റവാളിയെ കൊണ്ട് സത്യം പറയിക്കുന്നതിനു വേണ്ടി ഒരു രസകരമായ പരീക്ഷണം ഈ സിനിമയിൽ നടത്തുന്നുണ്ട്. ആ ഭാഗങ്ങൾ മാത്രമാണു കുറച്ചെങ്കിലും നിലവാരം പുലർത്തുന്നത്. ദുബായ് പോലുള്ള അനുഭവങ്ങളുള്ള മമ്മൂട്ടി ഇനിയെങ്കിലും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ ഇതു പോലുള്ള വൻ ബോക്സ് ഓഫീസ് ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. എന്തായാലും യവനിക എടുത്ത ഹെന്റ്രി എന്ന പേരുമാറി വന്ദേമാതരം ഹെന്റ്രി എന്ന പേരിൽ ആയിരിക്കും ഹെന്റ്രി ഇനി അറിയപ്പെടുക. കാരണം വൻ വിജയങ്ങളും വൻ പരാജയങ്ങളും എന്നും ഓർമ്മിക്കപ്പെടും. അങ്ങനെ മലയാള സിനിമ എന്ന മുങ്ങി കൊണ്ടിരിക്കുന്ന പായ്ക്കപ്പലിലേക്ക് ഒരംഗം കൂടി..!
*ഒറ്റവാക്കിൽ കൂതറ എന്ന് എഴുതി അവസാനിപ്പിക്കേണ്ട ആവശ്യമേ ഉള്ളു. പക്ഷെ നമ്മള് ഭാരതീയർ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന ഒരു വാക്കാണു ഈ സിനിമയുടെ പേരു എന്നത് കൊണ്ടു മാത്രം ഇത്രയും എഴുതി..!!
Subscribe to:
Post Comments (Atom)
5 comments:
"ഒറ്റവാക്കിൽ കൂതറ എന്ന് എഴുതി അവസാനിപ്പിക്കേണ്ട ആവശ്യമേ ഉള്ളു"
ഈ സിനിമ ടിവിയിൽ വന്നാൽ പോലും ഇനി കാണുന്ന പ്രശ്നമില്ല. മമ്മൂട്ടി ഫാൻസിന്റെ ബ്ലോഗിൽ തന്നെ ഇങ്ങനെയാണു അഭിപ്രായം എങ്കിൽ എന്തായിരിക്കും ആ സിനിമയുടെ ശരിക്കുമുള്ള അവസ്ത
aashamsakal.......
ഒറ്റവാക്കിൽ കൂതറ എന്ന് എഴുതി അവസാനിപ്പിക്കേണ്ട ആവശ്യമേ ഉള്ളു. പക്ഷെ നമ്മള് ഭാരതീയർ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന ഒരു വാക്കാണു ഈ സിനിമയുടെ പേരു എന്നത് കൊണ്ടു മാത്രം ഇത്രയും എഴുതി..!!
റംസാൻ പോരാട്ടം എന്ന പോസ്റ്റിൽ ഞാൻ പ്രവചിച്ച പോലെ തന്നെ അവസാനം വന്നു..
1.ശിക്കാർ
2.എൽസമ്മ എന്ന ആൺകുട്ടി
3.പ്രാഞ്ചിയേട്ടൻ
4.വന്ദേമാതരം
സിൽസില ഹോ സിൽസിലാ ഹോയ് ഹോയ്....
കഷ്ടം അല്ലെ.
പുതിയ പോസ്റ്റ് വായിക്കാന് വന്നതാ അവിടെ കണ്ടു ഈ സിനിമ കാണാത്തവര് മുന്പുള്ള പോസ്റ്റ് വായിക്കുക എന്നു വായിച്ചു. ഇനി ഏഷ്യനെറ്റിലോ കൈരളിയിലോ വരുമ്പോള് കാണാം അല്ല അതിനു കാശ് മുടക്കൊന്നുമില്ലല്ലോ. ചുമ്മാ ഇരുന്നു കൊടുത്താല് മതി
Post a Comment