RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വിവരമില്ലായ്മയോ നിലവാരമില്ലായ്മയോ ..?


മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരുൺ. പ്രശസ്തൻ എന്നു പറയുമ്പോള്‍ ആരെ പോലെ ഷാജി കൈലാസിനെപ്പോലെയോ, ജോഷിയെപ്പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷകർ ചോദിച്ചേക്കാം. അതിൽ പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ അതിപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തതാണു. ശരിക്കു പറഞ്ഞാൽ മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നിൽ തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരുൺ. ഒരു സംവിധായകൻ എന്നതോടൊപ്പം ഒരു മികച്ച ഛായാഗ്രാഹകൻ കൂടിയാണു ഷാജി N കരുൺ. നിരവധി ഷോർട്ട് ഫിലിമുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് എന്നിവയാണു ഷാജി N കരുൺ സംവിധാനം ചെയ്ത സിനിമകൾ. ഇതിൽ ഏറ്റവും ഒടുവിൽ ആയി ചെയ്ത കുട്ടി സ്രാങ്ക് ജുലൈ 23നു കേരളത്തിൽ റിലീസ് ചെയ്യുകയാണു. റിലയൻസ് ലിമിറ്റഡ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണു കുട്ടി സ്രാങ്ക്. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാനുള്ള അനുമതി ഷാജി N കരുണിനു റിലയൻസിൽ നിന്നും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ വളരെ വലിയ ബഡ്ജറ്റിൽ ആണു ഈ സിനിമ ഒരുങ്ങിയത്. മമ്മൂട്ടി 3 വ്യത്യസ്ഥ കാലഘട്ടങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയെപ്പറ്റി സ്വാഭവികമായും ഉയർന്ന പ്രതീക്ഷകളാണു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ഈ ചിത്രം അവാർഡുകൾ വാരിക്കൂട്ടുമെന്നും റിലീസ് ചെയ്താൽ പ്രദർശനശാലകളെ ജനസാഗരങ്ങൾ ആക്കി കൊണ്ട് റിലയൻസിനു വമ്പൻ ലാഭം നേടികൊടുക്കും എന്നൊക്കെ ചിലർ കണക്കു കൂട്ടി. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ വർഷത്തെ സംസ്ഥാന അവാർഡിൽ കുട്ടി സ്രാങ്ക് തഴയപ്പെട്ടു. ഷാജി N കരുൺ സംവിധായകൻ എന്ന നിലക്ക് ഏറേ പിന്നോട്ട് പോയി എന്നാണു ജൂറി അഭിപ്രായപ്പെട്ടത്.സിനിമ എന്ന നിലയിൽ കുട്ടി സ്രാങ്ക് ഒട്ടും നിലവാരമിലാതെ ആയി പോയത് കൊണ്ടാണു അവാർഡുകൾ ലഭിക്കാഞ്ഞതത്രെ.. 2008 ലെ ദേശിയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ ആയിരുന്ന ഷാജി N കരുൺ 2009ൽ തന്റെ സിനിമക്ക് അവാർഡ് കിട്ടാന്‍ വേണ്ടി മലയാള സിനിമയെ തഴഞ്ഞ് ഉത്തരേന്ത്യൻ സിനിമാ ലോബിയെ സഹായിച്ചു എന്നും അതിന്റെ പ്രതികാരമായിട്ടാണു സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിരിച്ച് പണി കൊടുത്തത് എന്നൊക്കെയുള്ള കിംവന്ദന്തികൾ അന്നു കേട്ടിരുന്നു. ജൂറിക്ക് വിവരമില്ല എന്നാണു ഷാജി N കരുൺ ഈ കാര്യത്തിൽ പ്രതികരിച്ചത്. എന്തായാലും ജൂലൈ 23 വരെ നമ്മുക്ക് കാത്തിരിക്കാം അന്ന് കുട്ടി സ്രാങ്ക് റിലീസ് ചെയ്ത് സിനിമ കണ്ടതിനു ശേഷം നമ്മുക്ക് തിരുമാനിക്കാം ആർക്കാണു വിവരമില്ലാത്തതെന്നും ആർക്കാണു നിലവാരമില്ലത്തെതെന്നും...!

*പാലേരി മാണിക്യം മികച്ച സിനിമയും ഹരിഹരൻ മികച്ച സംവിധായകനും ഇവിടം സ്വർഗമാണു മികച്ച ജനപ്രിയ സിനിമയും ആയി തിരഞ്ഞെടുത്ത ജൂറിക്ക് വിവരമില്ലെന്നോ.. എന്താ കഥ...!!!

25 comments:

shaji.k said...

ഇറങ്ങുന്നതിനു മുന്‍പ് പൊളിയുന്ന സിനിമയില്‍ ഇതും പെടുമോ?

അവാര്‍ഡില്‍ എന്തിരിക്കുന്നു,നമുക്ക് കാത്തിരിക്കാം.

(കൊലുസ്) said...

ചുമ്മാ.. വായിച്ചു കേട്ടോ.

b Studio said...

@shajiqatar
അവാർഡിൽ കാര്യമൊന്നുമില്ല. പക്ഷെ അവാർഡിനു വേണ്ടി മാത്രം സിനിമ എടുക്കുന്ന ഷാജി N കരുണിനെ പോലുള്ളവരുടെ കാര്യമാണു പറഞ്ഞത്.ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്.അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. എന്നു പറഞ്ഞ ജോൺ എബ്രഹാമിന്റെ നാട്ടിൽ നിന്നു തന്നെയാണു ഈ ലോകപ്രശസ്ത സംവിധായകനും എന്ന് ഓർക്കണം.
@($nOwf@ll)
ചുമ്മാതെയാണേല്ലും വായിച്ചല്ലോ. താങ്ക്സ്

Unknown said...

ജോണ് എബ്രഹാം അങ്ങിനെ പറഞ്ഞോ, എങ്കില്‍ അങ്ങേരും പരാചയപ്പെട്ടു എന്നുവേണം കരുതാന്‍.

b Studio said...

@തെച്ചിക്കോടന്‍
അതെ ജോൺ എബ്രഹാം അത് പറഞ്ഞിട്ടുള്ളതാണു. അങ്ങിനെ പറയാൻ ചങ്കൂറ്റമുള്ള ഒരു ജോൺ എബ്രഹാമെ നമ്മുക്ക് ഉണ്ടായിട്ടുള്ളു.
കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു കലാകാരൻ ആയിരുന്നല്ലോ അദ്ദേഹം. . പക്ഷെ ഇന്നത്തെ ബുദ്ധി ജീവി സിനിമാക്കാരൊ സാധാരണക്കാരനു ഗ്രഹിക്കാൻ കഴിയാത്ത സിനിമകൾ എടുത്ത് ലോകമഹാസംഭവങ്ങൾ എന്ന നിലക്ക് കൊട്ടിഘോഷിക്കുന്നു.മലയാളികൾക്ക് കാണാൻ വേണ്ടിയല്ലങ്കിൽ ഇവരൊക്കെ മലയാളത്തിൽ സിനിമ എടുക്കുന്നത് എന്തിനാണു. ആംഗലേയ ഭാഷയിൽ തന്നെ എടുത്താൽ പോരെ

ശ്രീ said...

അവാര്‍ഡിനെ കാര്യമാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ചിത്രമിറങ്ങട്ടെ.

Roby said...

പാലേരി മാണിക്യത്തിനു അവാര്‍ഡു കൊടുത്തതുകൊണ്ടു തന്നെ പറയാം, ഈ വര്‍ഷത്തെ അവാര്‍ഡു ജൂറിയ്ക് വിവരമില്ല എന്ന്.

പക്ഷെ ഇന്നത്തെ ബുദ്ധി ജീവി സിനിമാക്കാരൊ സാധാരണക്കാരനു ഗ്രഹിക്കാൻ കഴിയാത്ത സിനിമകൾ എടുത്ത് ലോകമഹാസംഭവങ്ങൾ എന്ന നിലക്ക് കൊട്ടിഘോഷിക്കുന്നു.

ആരാണാവോ ഈ സാധാരണക്കാര്‍

മലയാളികൾക്ക് കാണാൻ വേണ്ടിയല്ലങ്കിൽ ഇവരൊക്കെ മലയാളത്തിൽ സിനിമ എടുക്കുന്നത് എന്തിനാണു.

തീര്‍ച്ചയായും ഷാജിയുടെ സിനിമയുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് മലയാളികള്‍ മാത്രമല്ല. പ്രേക്ഷകന്റെ ഭാഷയും സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല (ഹോളിവുഡിലല്ലാതെ). മലയാളികള്‍ക്കും കൂടി കാണാനാണ് ഈ സിനിമകളൊക്കെ എങ്കിലും മലയാളികള്‍ കാണുന്നില്ലെങ്കില്‍ അത് സംവിധായകന്റെ പരാജയമാകുന്നതെങ്ങനെ?

മോഹൻലാൽ said...

ഭ്രമരം വിശ്വാസയോഗ്യമല്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് മമ്മൂട്ടിക്ക് അവാർഡ് കൊടുത്ത ജൂറി കേമന്മാർ തന്നെ

b Studio said...

@ശ്രീ
അതെ ചിത്രമിറങ്ങുന്നവരെ കാത്തിരിക്കാം
@റോബി
സാധാരണക്കാരനായ സിനിമാ പ്രേക്ഷകരും ഉണ്ട് മാഷേ ഈ കൊച്ചു കേരളത്തിൽ. എല്ലാവരും ലോക സിനിമയുടെ വർത്തമാനം മാത്രം പറഞ്ഞാൽ പോരല്ലോ മലയാള സിനിമക്ക് വേണ്ടി വർത്തമാനിക്കാനും ആരെങ്കിലും വേണ്ടേ.
ഷാജി N കരുണിന്റെ ഓഡിയൻസ് ആരായാലും ശരി അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ള മലയാളികൾ വളരെ കുറവാണു. ചിലപ്പോൾ ആ ഒരു നിലവാരത്തിലേക്ക് എത്താൻ സാധാരണക്കാരനു കഴിയാത്തതാവാം.
സിനിമ പ്രേക്ഷകനു കാണാൻ വേണ്ടി ഉണ്ടാക്കുന്നത് ആണു എന്നാണു ഞങ്ങളുടെ വിശ്വാസം. അത് പ്രേക്ഷകൻ കാണുന്നില്ല എങ്കിൽ അതു തന്നെയാണു ഒരു സംവിധായകന്റെ ഏറ്റവും വലിയ പരാജയം. അത് ഷാജി N കരുൺ ആയാലും ശരി AT ജോയ് ആയാലും ശരി

@Mohanlal
അത് വളരെ വളരെ ശരിയാണു..

Roby said...

സാധാരണക്കാരനായ സിനിമാ പ്രേക്ഷകരും ഉണ്ട് മാഷേ ഈ കൊച്ചു കേരളത്തിൽ.

ഈ സാധാരണക്കാരന്‍ എന്നത് നെയിം ടാഗോടെ വരുന്ന ഒന്നാണോ? ഇവരെ എങ്ങനെയാണു തിരിച്ചറിയുക? തിരിച്ചറിഞ്ഞുകഴിഞ്ഞല്ലേ ക്ലാസിഫിക്കേഷന്‍ വരുന്നത്?

ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല.
ഈ വാചകം നിങ്ങള്‍ തന്നെ മുന്‍പ് ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതാണ്. ഇതല്ലാതെ മറ്റു പലയവസരത്തിലും മലയാളസിനിമയുടെ അധോഗതിയെപ്പറ്റി നിങ്ങള്‍ പരിഹസിച്ചിട്ടുമുണ്ട്. എന്നിട്ടും, വ്യത്യസ്തമെന്നു പറയാവുന്ന സിനിമയെടുക്കുന്ന ചിലരെ ‘അവാര്‍ഡിനു വേണ്ടി സിനിമയെടുക്കുന്നവര്‍’ എന്നു നിങ്ങള്‍ പരിഹസിക്കുന്നു.

ഷാജി എന്‍.കരുണ്‍ അവാര്‍ഡിനുവേണ്ടിയാണു സിനിമയെടുക്കുന്നത് എന്നത് നിങ്ങളുടെ ജഡ്‌ജ്‌മെന്റാണ്. സംവിധായകന്‍ പ്രതീഷിക്കുന്ന റിട്ടേണ്‍ എന്തെന്ന് പ്രെഡിക്ട് ചെയ്ത് അതിനനുസരിച്ച് ക്ലാസിഫൈ ചെയ്യുന്ന രീതിയൊക്കെ എന്തുമാത്രം അടിസ്ഥാനമുള്ളതായിരിക്കും?

‘ആളുകള്‍ കാണാനാണു സിനിമയെടുക്കുന്നത്’ എന്ന സ്റ്റേറ്റ്മെന്റിനോടും വിയോജിപ്പുണ്ട്. (ആളുകള്‍ക്ക് പല്ലുതേക്കാനാണു ടൂത്ത്പേസ്റ്റുണ്ടാക്കുന്നത് എന്ന വാചകത്തോട് എതിര്‍പ്പില്ല താനും) ആളുകള്‍ കാണാനായി സിനിമയെടുക്കുമ്പോഴാണു ‘താന്തോന്നി’യും ‘പോക്കിരി രാജ’യുമൊക്കെ ഉണ്ടാകുന്നത്.
സിനിമ ടൂത്ത്പേസ്റ്റ് പോലെ ഒരു പ്രോഡക്ടാണൊ എന്നതാണു വിഷയം. ആണെങ്കില്‍ ഇതുപോലുള്ള നിരൂപണങ്ങള്‍ക്കും വിമര്‍ശനത്തിനുമൊന്നും ഒരു അര്‍ത്ഥവുമില്ലല്ലോ.

നിങ്ങളുടെ പ്രൊഫൈലില്‍ പറയുന്നു, സിനിമയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന്. നിങ്ങളെടുക്കുന്ന സിനിമ അവാര്‍ഡിനുവേണ്ടിയാവുമോ അത് കാശിനുവേണ്ടിയാവുമോ?
സാമ്പത്തികലാഭം, അംഗീകാരം എന്നതിലൊക്കെയുപരി, ആശയാവിഷ്കാരം, വിനോദം തുടങ്ങിയ ചില സാധ്യതകള്‍ കൂടിയുണ്ട് സിനിമയ്ക്ക്. അതു തിരിച്ചറിയുന്നില്ലെങ്കില്‍, ഖേദപൂര്‍വ്വം പറയട്ടെ, നിങ്ങളും കൂടി സിനിമയെടുക്കാതിരിക്കുന്നതാണു നല്ലത്.

b Studio said...

@റോബി
സാധാരണക്കാരനായ പ്രേക്ഷകനെ തിരിച്ചറിയുന്നിടത്താണു നല്ല സിനിമകൾ തുടങ്ങുന്നത്.അതിനു നെയിം ടാഗിന്റെ ആവശ്യമൊന്നുമില്ല സുഹൃത്തെ വല്ലപ്പോഴും തിയറ്ററുകളിൽ വന്നാൽ മതി. പിന്നെ സിനിമ പ്രേക്ഷകനു കാണാൻ വേണ്ടിയാണു എന്നത് ഞങ്ങളുടെ വിശ്വാസമാണു. എല്ലാവർക്കും അങ്ങിനെ ആവണമെന്നിലല്ലോ. ഞങ്ങൾക്ക് സിനിമ എടുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത് ഈ പറഞ്ഞ സാധാരണക്കാരനായ പ്രേക്ഷകനു വേണ്ടി തന്നെ ആയിരിക്കും.

Roby said...

അപ്പോള്‍ ലോജിക്കലി, ഞാനും സാധാരണ പ്രേക്ഷകന്‍ തന്നെ. കാരണം ഞാനും തിയറ്ററില്‍ പോകാറുണ്ട്...:)

സാധാരണക്കാരനായ പ്രേക്ഷകനെ തിരിച്ചറിയുന്നിടത്താണു നല്ല സിനിമകള്‍ തുടങ്ങുന്നത്.

ഇവിടെ ആരാണു സാധാരണക്കാരനായ പ്രേക്ഷകനെ തിരിച്ചറിയുന്നത്? സംവിധായകനോ, അതോ നിര്‍മ്മാതാവോ? സിനിമ ഏതായാലും സാധാരണക്കാരനായ പ്രേക്ഷകനെ തിരിച്ചറിയുകയില്ലല്ലോ.
അങ്ങനെയുള്ള ചില നല്ല സിനിമകളുടെ പേരു കൂടി പറയാമോ?

b Studio said...

സാധാരണ പ്രേക്ഷകൻ എന്നാൽ സിനിമയെക്കുറിച്ച് ഒന്നും അറിയാത്തവൻ എന്നല്ല. സിനിമ കാണുന്നത് വിനോദത്തിനു വേണ്ടിയാണു എന്ന് കരുതുന്നവർ ആണു. അത് പലതരത്തിൽ ആകാം സെന്റിമെന്റ്സ് ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം, കോമഡി ഇഷ്ടമുള്ളവർ ഉണ്ടാകാം ആക്ഷൻ സിനിമകൾ താല്പര്യമുള്ളവർ ഉണ്ടാകാം ഇങ്ങനെ എല്ലാ തരത്തിലുള്ള അഭിരുചിയും ഉള്ളവരെയും തൃപ്തിപെടുത്തുന്ന സിനിമ എടുക്കാൻ കഴിയുമ്പോഴാണു ഒരു സംവിധായകൻ വിജയിക്കുന്നത്. അങ്ങിനെയുള്ള എത്രയൊ സിനിമകൾ മലയാളത്തിൽ വന്നിട്ടില്ലേ. നാടോടിക്കാറ്റ്, കിരീടം, മൂന്നാം പക്കം, തനിയാവർത്തനം, ക്ലാസ്മേറ്റ്സ്, അറബികഥ, കഥ പറയുമ്പോൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അങ്ങിനെ ഒരുപാട്..
ആത്യന്തികമായി സിനിമയുടെ ലക്ഷ്യം വിനോദം തന്നെയാണു. പിന്നെ ഒരു പ്രൊഡക്റ്റ് എന്ന രീതിയിൽ സിനിമയെ കാണണമ്മോ എന്ന കാര്യം. കാശ് കൊടുത്ത് നമ്മൾ വാങ്ങുന്ന ഒരു സാധനം മോശമാണെങ്കിൽ കൺസ്യൂമർ കോടതിയിൽ പരാതി കൊടുക്കാം പക്ഷെ ഒരു പ്രൊഡക്റ്റ് അല്ലാത്തത് കൊണ്ട് തന്നെ സിനിമയുടെ കാര്യത്തിൽ ഇത് നടപ്പില്ല. അതു കൊണ്ട് തന്നെയാണു അതു പ്രേക്ഷകനു വേണ്ടിയാകണം എന്ന് ഞങ്ങൾ കരുതുന്നത്. ആ തീരുമാനം ആദ്യം ഉണ്ടാകെണ്ടത് സംവിധായകന്റെ മനസിൽ ആണു.

പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകളെ പ്രേക്ഷകനും തിരിച്ചറിയാറില്ല.

Roby said...

സാധാരണ പ്രേക്ഷകന്‍ എന്നാല്‍ സിനിമയെക്കുറിച്ച് ഒന്നും അറിയാത്തവന്‍ എന്നാണെന്ന് ഇവിടെയാരും പറഞ്ഞില്ലല്ലോ.

സിനിമയുടെ ആദ്യത്തെ ലക്ഷ്യം വിനോദം തന്നെയാണെന്നാണു ഞാനും കരുതുന്നത്. എന്നാല്‍ മറ്റു ലക്ഷ്യങ്ങളും ഉണ്ടാകാം. സിനിമ പൊളിറ്റിക്കല്‍ ആക്ടിവിസം ആകാം, ഡോകുമെന്റേഷന്‍ ആകാം...തികച്ചും പേഴ്സണല്‍ സിനിമ എടുക്കുന്നവരുമുണ്ട്. 'വിനോദം' എന്നതിനെ എങ്ങനെ ഡിഫൈന്‍ ചെയ്യണമെന്നത് അവിടെ നില്ക്കട്ടെ.

വ്യത്യസ്ഥ അഭിരുചികള്‍ ഉള്ളവരെ ത്രൃപ്തിപ്പെടുത്തുന്ന സിനിമകള്‍ എടുക്കുമ്പോഴാണു സംവിധായകന്‍ വിജയിക്കുന്നത് എന്നു നിങ്ങള്‍ പറഞ്ഞു. (അതായത് ചേരുവകള്‍ എല്ലാം ഉണ്ടായിരിക്കുമ്പോഴാണ് എന്ന്) കുറച്ച് സിനിമകളുടെ ലിസ്റ്റും തന്നു. ഇതില്‍ തനിയാവര്‍ത്തനം, മൂന്നാംപക്കം തുടങ്ങിയ സിനിമകള്‍ കോമഡിയും ആക്ഷനും ഇഷ്ടപ്പെടുന്നവരെ ത്രൃപ്തിപ്പെടുത്തുന്നതായിരുന്നോ എന്ന് സംശയമുണ്ട്. അതുപോലെ, ക്ലാസ്മേറ്റ്സ്, അറബികഥ, കഥ പറയുമ്പോള്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷനെപ്പറ്റിയും കോമഡിയെപ്പറ്റിയും ഇതുപോലെ സംശയങ്ങളുണ്ട്. നിങ്ങള്‍ മുകളില്‍ പറഞ്ഞ ചിത്രങ്ങളേക്കാള്‍ ചേരുവകള്‍ ചേര്‍ന്ന പടങ്ങള്‍ വേറെയുമുണ്ട്.യോദ്ധ, മിഥുനം ഒക്കെ ഉദാഹരണം. അവയില്‍ പലതിനെയും പ്രേക്ഷകര്‍ തിരസ്കരിച്ചു. എന്തായിരിക്കും കാരണം?

മുന്‍പൊരു കമന്റില്‍ നിങ്ങള്‍ പറഞ്ഞു, സംവിധായകന്‍ സാധാരണപ്രേക്ഷകനെ തിരിച്ചറിയുമ്പോഴാണു നല്ല സിനിമയുടെ തുടക്കമെന്ന്. ഇവിടെ നിങ്ങള്‍ തന്ന ലിസ്റ്റിലുള്ള 'നല്ല സിനിമകളെടുത്ത' (സാധാരണപ്രേക്ഷകരെ തിരിച്ചറിഞ്ഞ) സംവിധായകര്‍ സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, സിബി മലയില്‍ എന്നിവര്‍ അതിനു ശേഷവും സിനിമയെടുത്തിട്ടുണ്ട്. അതില്‍ പലതും പ്രേക്ഷകര്‍ തിരസ്കരിച്ചിട്ടുമുണ്ട്. അതിനര്‍ത്ഥം ഈ സംവിധായകര്‍ക്ക് ഈ തിരിച്ചറിവ് നഷ്ടപ്പെട്ടു എന്നാണോ? അതോ ഈ തിരിച്ചറിവ് എന്നത് ഓരോ സിനിമയ്ക്കും മുന്‍പ് ഫ്രെഷായി ഉണ്ടാക്കണോ? അതായത്, ഓരോ സിനിമയ്ക്കും ശേഷം ഇവരുടെ തിരിച്ചറിവ് നഷ്ടപ്പെടുമോ?

പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകളെ പ്രേക്ഷകനും തിരിച്ചറിയാറില്ല.

ഇതൊരു പ്രശ്നം ഉണ്ടാക്കുന്ന വാചകം തന്നെ. ഇപ്പറഞ്ഞതുപോലെ പ്രേക്ഷകനെ തിരിച്ചറിഞ്ഞ സിനിമയ്ക്ക് ഉദാഹരണം പറയാമോ? നിങ്ങള്‍ മുകളിലെ ലിസ്റ്റില്‍ തന്ന കിരീടം, അത് പ്രേക്ഷകനെ തിരിച്ചറിഞ്ഞ സിനിമയായിരുന്നോ? ആ സിനിമ പ്രേക്ഷകനെ തിരിച്ചറിഞ്ഞു എന്ന് എങ്ങനെയാണു നമ്മളറിയുക?

b Studio said...

സിനിമയുടെ ലക്ഷ്യം വിനോദമാണു എന്നത് ഞങ്ങളുടെ അഭിപ്രായമാണു. ചുമ്മാ വീട്ടിൽ ഇരുന്ന് കാണാനും പേർസണലായി സിനിമ എടുക്കുന്നവരും ഉണ്ടാകും സുഹൃത്തെ. പക്ഷെ നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് പ്രേക്ഷകൻ കാണുന്ന സിനിമകളെ കുറിച്ചാണല്ലോ. അല്ലെങ്കിൽ അന്ധനോട് ആനയെ പറ്റി പറയുന്ന പോലെ ആവില്ലേ.

ഞങ്ങൾ ലിസ്റ്റ് ചെയ്ത സിനിമകളിൽ 100% കറക്റ്റ് ആയി എല്ലാം ഉണ്ടായി എന്നു വന്നെക്കില്ല. ഒരു പരീക്ഷയിൽ ഫസ്റ്റ് റാങ്കോ സെക്കന്റ് റാങ്കോ കിട്ടാൻ എല്ലാ ഉത്തരവും ശരിയാകണം എന്നില്ലല്ലോ. ജയിച്ച മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് കിട്ടിയാൽ മാത്രം പോരെ.

ഞങ്ങൾ ഒരു സംവിധായകനെയും പൊക്കുകയോ താഴ്ത്തുകയോ ചെയ്യാറില്ല. ഒരൊരുത്തരെയും അവരുടെ സിനിമകളുടെ വെളിച്ചത്തിൽ ആണു വിലയിരുത്തുന്നത്. ക്ലാസ്മേറ്റ്സ് എടുത്ത ലാൽ ജോസ് ഇനി ഒരു നിലവാരമില്ലാത്ത പടം ചെയ്താൽ ഞങ്ങൾ വിമർശിക്കും. ആന പുറത്തിരുന്നവനു അതിന്റെ തഴമ്പ് ജീവിത കാലം മുഴുവൻ ഉണ്ടാകുമെന്ന് ചിന്തിക്കുന്ന വീക്ഷണമല്ല ഞങ്ങൾക്കുള്ളതെന്ന് മറ്റ് പോസ്റ്റുകൾ കൂടി വായിച്ചാൽ മനസിലാവും.
അതായത് താങ്കൾ പറയുന്ന ഈ തിരിച്ചറിവ് ഈ സംവിധായകർക്ക് വരും ചിത്രങ്ങളിൽ നഷ്ടപ്പെട്ടു എന്ന് ഞങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ അത് വ്യക്തമായി എഴുതും ഞങ്ങൾക്ക് മുന്വിധികളില്ല.


പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകളെ പ്രേക്ഷകനും തിരിച്ചറിയാറില്ല.
ഇതൊരു പ്രശ്നവും ഉണ്ടാക്കുന്ന വാക്കല്ല..

ഷാജി N കരുണിന്റെ എത്ര സിനിമകൾ കേരളത്തിലെ പ്രേക്ഷകർ കണ്ടിട്ടുണ്ട് അല്ലെങ്കിൽ കേട്ടിണ്ട് എന്ന് ചിന്തിച്ചാൽ താങ്കൾക്ക് മനസിലാവും മേൽ പറഞ്ഞതിന്റെ അർഥം. പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകൾ ആയിരുന്നു അതെല്ലാം അതു കൊണ്ട് അവയെ ഒന്നും പ്രേക്ഷകനും തിരിച്ചറിഞ്ഞില്ല.
(സാധാരണ പ്രേക്ഷകൻ എന്നാണു ഉദ്ദേശിച്ചത് കേട്ടൊ എല്ലാവർക്കും സിനിമയെക്കുറിച്ച ഗഹനമായ അവഗാഹം കാണുകയില്ലല്ലോ.)

Vinu said...

ഈ സംവിധായകന്റെ സിനിമകളിൽ വാനപ്രസ്ഥം ഞാൻ കണ്ടിട്ടുണ്ട്. കുട്ടി സ്രാങ്കിനെയും പിറവിയെയും പറ്റി കേട്ടിട്ടുണ്ട്.മറ്റു സിനിമകളെ പറ്റി ആദ്യമായിട്ടാണു കേൾക്കുന്നത് തന്നെ. ചിലപ്പോൾ എനിക്ക് സിനിമയെ പറ്റി ഗഹനമായ അറിവ് ഇല്ലാത്തത് കൊണ്ടാകാം. പ്രാക്ടിക്കലി ഞാനൊരു സാധാരണ പ്രെക്ഷകനാണല്ലോ.

നിങ്ങൾ പറഞ്ഞ ലിസ്റ്റിൽ സിദിഖ് ലാൽ സിനിമകൾ കൂടി ഉണ്ട്. റാംജിറാവു, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി ഇതൊക്കെ ഇഷ്ടപ്പെടാത്ത ഏത് പ്രേക്ഷകനാണു ഉള്ളത്

Roby said...

സിനിമയുടെ ആദ്യലക്ഷ്യം വിനോദമാണെന്നാണു എന്റെയും അഭിപ്രായമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തുതരം വിനോദം എന്നൊരു ചോദ്യം വരും. കാരണം വിനോദം പലതരത്തിലുണ്ടല്ലോ.

മറ്റൊന്ന്, വിനോദിപ്പിക്കുന്ന എല്ലാ പടങ്ങളും നല്ല സിനിമകളാണോ?
‘കിന്നാരത്തുമ്പികള്‍’ ഒരുപാടു പേരെ വിനോദിപ്പിച്ചിരുന്നു. അത് നല്ല സിനിമയായിരുന്നോ? ഈ ചോദ്യത്തിന്, അത് ഇക്കിളി വിനോദമായിരുന്നു എന്ന് നമ്മള്‍ പെട്ടെന്ന് മറുപടി പറയും. നിങ്ങല്‍ ലിസ്റ്റ് തന്ന സിനിമകളും വൈകാരിക-ഇക്കിളി സിനിമകള്‍ തന്നെയായിരുന്നു.

പരീക്ഷയില്‍ റാങ്കു നേടുന്നതിന്റെ അനാലജി അത്രയ്ക്കങ്ങട് മനസ്സിലായില്ല. അതിവിടെ ശരിയാവുന്നില്ല.

അതായത് താങ്കൾ പറയുന്ന ഈ തിരിച്ചറിവ് ഈ സംവിധായകർക്ക് വരും ചിത്രങ്ങളിൽ നഷ്ടപ്പെട്ടു എന്ന് ഞങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ അത് വ്യക്തമായി എഴുതും.

അതായത് ഞങ്ങളുടെ തോന്നലാണിവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, അല്ലേ? അതല്ലാതെ മറ്റു മാനദണ്ഡങ്ങളൊന്നുമില്ല. (വിമര്‍ശനത്തിന്റെ രീതിശാസ്ത്രം വെളിപ്പെടുത്തിയതിനു നന്ദി.) മറ്റൊന്ന്, ഇവിടെ തിരിച്ചറിവിന്റെ വിഷയം കൊണ്ടുവന്നത് നിങ്ങളാണ്. ഞാനല്ല. ഞാനിവിടെ ഒരു തിരിച്ചറിവിനെപ്പറ്റിയും പറഞ്ഞിട്ടില്ല.

പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകളെ പ്രേക്ഷകനും തിരിച്ചറിയാറില്ല.

ഈ വാചകത്തിലെ പ്രശ്നത്തെപ്പറ്റി ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞിരുന്നു. പ്രശ്നമില്ല എന്നങ്ങു കണ്ണടയ്ക്കുകയാണെളുപ്പമെങ്കില്‍, അങ്ങനെ.

ഷാജി N കരുണിന്റെ എത്ര സിനിമകൾ കേരളത്തിലെ പ്രേക്ഷകർ കണ്ടിട്ടുണ്ട് അല്ലെങ്കിൽ കേട്ടിണ്ട് എന്ന് ചിന്തിച്ചാൽ താങ്കൾക്ക് മനസിലാവും മേൽ പറഞ്ഞതിന്റെ അർഥം.

ചുരുങ്ങിയത് 3. നിഷാദ് ഹിന്ദിയിലായിരുന്നു. മറ്റൊന്ന് ഡോകുമെന്ററിയായിരുന്നു. സിനിമയുടെ എണ്ണത്തില്‍ നിന്നും എന്താണു മനസ്സിലാക്കേണ്ടത്? (സിനിമയുടെ എണ്ണത്തിലാണോ കാര്യം?)

പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകൾ ആയിരുന്നു അതെല്ലാം അതു കൊണ്ട് അവയെ ഒന്നും പ്രേക്ഷകനും തിരിച്ചറിഞ്ഞില്ല.

ഈ തിരിച്ചറിവു പറയുന്നതിന്റെ മാനദണ്ഡമാണു ഞാന്‍ ചോദിച്ചത്.
മറ്റൊന്ന്, നിങ്ങളുടെ ലിസ്റ്റിലുള്ള പടങ്ങള്‍ കണ്ടവരുടെയും ഷാജിയുടെ സിനിമകള്‍ കണ്ടവരുടെയും കൃത്യമായ എണ്ണമോ സ്റ്റാറ്റിസ്റ്റിക്സോ കൈയിലുണ്ടോ? ഇല്ലാതെ എങ്ങനെയാണു പ്രേക്ഷകന്‍ തിരിച്ചറിഞ്ഞില്ല എന്നൊക്കെ നിങ്ങള്‍ ഇത്ര കൃത്യമായി തീരുമാനിക്കുന്നത്?

കേരളത്തിലെ കാ‍ണികളെ മാത്രമേ നിങ്ങള്‍ പരിഗണിക്കുകയുള്ളോ? കേരളത്തിനു വെളിയിലും പ്രേക്ഷകരുണ്ട്. അവര്‍ കാണുന്നത് നിങ്ങളുടെ പരിഗണനയില്‍ വരില്ലേ?
ഷാജിയുടെ സിനിമകള്‍ കേരളത്തിനു വെളിയില്‍ യൂറോപ്പില്‍ തിയറ്ററുകളിലും പല ഫെസ്റ്റിവലുകളിലും വന്നിട്ടുണ്ട്. (ആളുകള്‍ കണ്ടിട്ടുണ്ട്). വടക്കേ അമേരിക്കയില്‍ ഡിവിഡി ആയും ചിലത് റിലീസ് ചെയ്തിരുന്നു. ഇന്നും ആമസോണില്‍ കിട്ടുന്ന മൂന്ന് മലയാളം സിനിമകളില്‍ ഒന്ന് വാനപ്രസ്ഥമാണ്. ഷാജിയുടെ സിനിമകള്‍ക്ക് ഈ പ്രദേശങ്ങളിലൊക്കെ കുറഞ്ഞ തോതിലാണെങ്കിലും പ്രേക്ഷകരുണ്ട് എന്നതാണു വസ്തുത. അവരൊന്നും നിങ്ങളുടെ പരിഗണനയില്‍ സാധാരണക്കാരല്ലാത്ത (വാലും കൊമ്പുമുള്ള) പ്രേക്ഷകരാണോ?

നിങ്ങള്‍ ലിസ്റ്റ് തന്ന സിനിമകള്‍ കേരളം എന്ന സാംസ്കാരികപരിസരത്തിലുള്ളവര്‍ക്കു മാത്രം തിരിച്ചറിയാവുന്ന സിനിമകളായിരുന്നുവെങ്കില്‍ ഷാജിയുടെ സിനിമകള്‍ക്ക് ഈ പരിമിതിയില്ല എന്നതാണോ അവയുടെ ന്യൂനത?

b Studio said...

@വിനു.
ചിലപ്പോൾ എനിക്ക് സിനിമയെ പറ്റി ഗഹനമായ അറിവ് ഇല്ലാത്തത് കൊണ്ടാകാം. പ്രാക്ടിക്കലി ഞാനൊരു സാധാരണ പ്രെക്ഷകനാണല്ലോ.
തീർച്ചയായും സിദ്ദിഖ് ലാൽ സിനിമകളും അതിൽ ഉണ്ട്....:)

b Studio said...

@റോബി
സിനിമയുടെ ആദ്യ ലക്ഷ്യം വിനോദമാണെന്നു താങ്കളും സമ്മതിച്ചു കഴിഞ്ഞലോ.സന്തോഷം.
“കിന്നാരതുമ്പി വിനോദിപ്പിച്ചിരുന്നു ആ സിനിമ നല്ല സിനിമയാണോ?”
തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ ഈ കിന്നാരതുമ്പി‘ കണ്ടിട്ടു താങ്കൾക്ക് ഉണ്ടായ വിനോദമല്ലല്ലോ താങ്കൾ സിനിമയുടെ ലക്ഷ്യമായ വിനോദത്തിലൂടെ ഉദേശിക്കുന്നതു എന്നിരിക്കെ പിന്നെ എന്തിനു ഇങ്ങനെയൊരു ചോദ്യം?മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്.’ഉറങ്ങുന്നവരെ ഉണർത്താം പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല‘ എന്നു. ഒരുപക്ഷെ താങ്കളുടെ അടുത്ത കമ്മന്റിൽ ചോദിക്കും ’ആരാണു ഇവിടെ ഉറക്കം നടികുന്നതു എന്നു‘. അതു തന്നെയാണു ആ ചോദ്യത്തിനുള്ള ഉത്തരവും :-)

“പരീക്ഷയിൽ റാങ്ക് നേടുന്നതിന്റെ അനാലജി പിടികിട്ടിയില്ല”

അതിൽ ഇത്ര explain ചെയ്യാൻ എന്തിരിക്കുന്നു. പഠിച്ച ക്ലാസ്സുകളിൽ എല്ലാം Grading system ആയിരുന്നോ? എങ്കിലും വ്യക്തമാക്കാൻ ആവശ്യപ്പെട്ടത് കൊണ്ട് പറയാം. സിനിമയുടെ ചേരുവകൾ എല്ലം നന്നായി ഉൾപ്പെടുത്തിയ സിനിമകളാണു ഞങ്ങൾ ലിസ്റ്റ് ചെയ്തത്. ഒരോ ചേരുവകളും ഒരോ സബ്ജക്റ്റുകളായി കണക്കാകുകയാണെങ്കിൽ ഓരോ വിഷയത്തിലും മുഴുവൻ മാർക്ക് നേടിയില്ലെങ്കിലും.. എല്ലാ വിഷയങ്ങളിലും കൂടി കൂടുതൽ മാർക്ക് നേടുന്ന ആൾക്കാണല്ലോ ഫസ്റ്റ് റാങ്ക്. അപ്പോൾ അതിൽ ലിസ്റ്റ് ചെയ്ത ചില സിനിമകളിൽ കോമഡി കുറവാണെന്നോ ആക്ഷൻ കുറവാണെന്നോ കരുതി അവയുടെ പ്രസ്ക്തി നഷ്ടമാകുന്നില്ല. അതായതു എല്ലാ ചേരുവകൾ ഉണ്ടാവുകയും (=എല്ലാ സബ്ജക്റ്റുകളിലും ജയിക്കുകയും) ടോട്ടൽ മാർക്ക് കൂടുതൽ ആവുകയും ചെയ്താൽ മതി. ഇതിൽ ഇനി മാർക്ക് ആരു ഇടും, പ്രോഗ്രസ് കാർഡ് ഉണ്ടാവുമോ, ഉണ്ടെങ്കിൽ തന്നെ ആരു അത് sign ചെയ്യും അതിൽ സംവിധായകനാണോ അതോ പ്രേക്ഷകനാണോ പേരന്റിന്റെ സ്ഥാനത്ത് തുടങ്ങിയ രസകരമായ ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു.

അതായത് താങ്കൾ പറയുന്ന ഈ തിരിച്ചറിവ് ഈ സംവിധായകർക്ക് വരും ചിത്രങ്ങളിൽ നഷ്ടപ്പെട്ടു എന്ന് ഞങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ അത് വ്യക്തമായി എഴുതും.


തീർച്ചയായും ആ നില്പാടിൽ മാറ്റമില്ല. ഈ ബ്ലോഗിൽ എഴുതുന്നത് ഞങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ആണു. അതു അങ്ങിനെ തന്നെയായിരിക്കുകയും ചെയ്യും. താങ്കളുടെ ബ്ലോഗിൽ ’ലോക സിനിമകളെ‘ കുറിച്ച് പോസ്റ്റ് ഇടുമ്പോൾ (വർത്തമാനം പറയുമ്പോൾ) ആ പടം കണ്ടിറങ്ങിയ എല്ലാവരോടും അഭിപ്രായ സർവ്വേ നടത്താറുണ്ടോ?? ഉണ്ടെങ്കിൽ എങ്ങിനെ എന്നു കൂടി വ്യക്തമാക്കണം. പ്രാക്ടിക്കൽ ആണെങ്കിൽ ഞങ്ങളും ഒന്നു ശ്രമിക്കാം.

b Studio said...

@റോബി
പിന്നെ തിരിച്ചറിവിന്റെ വിഷയം കൊണ്ട് വന്നത് ഞങ്ങൾ ആണെങ്കിൽ അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
പ്രേക്ഷകനെ തിരിച്ചറിയാത്ത സിനിമകളെ പ്രേക്ഷകനും തിരിച്ചറിയാറില്ല.

ഈ വാക്കുക്കൾ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അതിനർഥം കുറച്ച് കൂടി വ്യക്തമാക്കാം. സിനിമ ഏത് ഭാഷയിൽ ആയാലും പ്രേക്ഷകരിലേക്കെത്താതെ അതിനു പൂർണതയില്ല.അപ്പോൾ അതു പ്രേക്ഷകർ സ്വീകരിക്കണം എന്നു സംവിധായകനും ആഗ്രഹം വേണം (കിന്നാരത്തുമ്പി ഇവിടെ ഉദ്ദേശിച്ചില്ല) ആ സിനിമക്കു അതിനുള്ള മൂല്യം ഉണ്ടാവണം. അപ്പോൾ മാത്രമേ അതിനെ പ്രേക്ഷകനു സ്വീകരിക്കാൻ കഴിയു അല്ലെങ്കിൽ സ്വീകരിക്കു. ഒരു മലയാള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ കാഴ്ച്ചപ്പാടാണിത്. ഒന്നു കൂടി ചോദിച്ചോട്ടെ
ശരിക്കും ഞങ്ങൾ കണ്ണടച്ചു എന്നെഴുതിയത് അർഥം മനസ്സിലാവാഞ്ഞിട്ടോ അതോ ഞങ്ങൾ ആദ്യം പറഞ്ഞ ഉറക്കത്തിന്റെ പ്രശ്നമാണോ..
ഷാജിയുടെ എത്ര സിനിമകൾ പ്രേക്ഷകർ കണ്ടിട്ടൂണ്ട്
ഇവിടെ ഉദ്ദേശിച്ചത് എണ്ണത്തിന്റെ കാര്യമല്ല എന്ന് താങ്കൾക്ക് മനസിലായില്ലേ ? വ്യക്തമാക്കം പ്രേക്ഷകർ സ്വീകരിച്ച എത്ര സിനിമകൾ ഉണ്ടെന്നാണു ചോദ്യം. 3 എന്നാണോ ഇപ്പോഴും ഉത്തരം ? ചിരിപ്പിക്കല്ലേ പ്ലീസ്.

നിങ്ങളുടെ ലിസ്റ്റിൽ ഉള്ള പടങ്ങൾ കണ്ടവരുടെയും ഷാജിയുടെ പടങ്ങൾ കണ്ടവരുടെയും കൃത്യമായ കണക്കോ സ്റ്റാറ്റിസ്റ്റിക്സോ കയ്യിൽ ഉണ്ടോ ഇല്ലാതെ പ്രേക്ഷകൻ തിരിച്ചറിഞ്ഞില്ല എന്നൊക്കെ നിങ്ങൾ എങ്ങനെയാണു തിരുമാനിക്കുന്നത് ..?

കൃത്യമായ കണക്കോ സ്റ്റാറ്റിസ്റ്റിക്സോ പ്രൊഡ്യൂസറുടെ കയ്യിൽ പോലും കാണുകയില്ല.. പിന്നെ ഈ സിനിമകൾ തിയറ്ററിൽ എങ്ങനെ perform ചെയ്തു എന്ന് നോക്കിയാൽ മതി.അല്ലാതെ കണക്ക് ഉണ്ടാക്കേണ്ട കാര്യമില്ല. അപ്പോൾ അടുത്ത ചോദ്യം ഷാജിയുടെ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തിട്ടിലെങ്കിലും ഒരുപാട്പേർ കണ്ടിട്ടുണ്ടെങ്കില്ലോ എന്നാവും. ഉണ്ടാവാം ഉണ്ടാവാതിരിക്കാം. പക്ഷെ സിനിമ നില നിന്നു പോകണമെങ്കിൽ അറ്റ്ഹു തിയറ്ററുകളിൽ റിലീസ് ചെയ്യുകയും പ്രേക്ഷകൻ അതു അവിടെ തന്നെ പോയി കാണുകയും വേണം എന്നു കരുതുന്നവരായതു കൊണ്ട് പറഞ്ഞതാണു. ഈ പറഞ്ഞ ലോക സിനിമാ മേളകളിൽ പോയി കൊമ്പും വാലുമൊന്നുമില്ലാത്ത ഒരു പ്രേക്ഷകനു ഷാജിയുടെ പടങ്ങൾ കാണാൻ സാധിക്കുമ്മോ..?


ആമസോണിൽ കിട്ടുന്ന 3 സിനിമകളിൽ ഒന്നു വാനപ്രസ്ഥം ആണു.

കേട്ടപ്പോൾ കോൾമയിർ കൊണ്ടു പോയി. മൂന്നിൽ ഒന്നു എന്നൊക്കെ പറയുമ്പോൾ പിന്നെ ആരാ ത്രിൽ അടിക്കാത്തത്. ഒരു കൗതുകത്തിനു ആമസോണിൽ കേറി നോക്കി. ഒരുപാട് പടങ്ങൾ വേറേയും അതിലുണ്ട്. വിശ്വസിക്കില്ലെന്നും ഏതൊക്കെയാണെന്നും ചോദിക്കുമെന്നറിയാം. അതു കോണ്ട് ലിസ്റ്റ് ചേർക്കുന്നു. 20 നൂറ്റാണ്ട്, നിറക്കൂട്ട്, ധ്രുവം (പോസ്റ്റർ ജാഗ്രതയുടെ) സ്ഫടികം, മേഘം etc
തുടർന്നും ഇത്തരം കണക്കുകളും സ്റ്റാറ്റിസ്റ്റികളും എഴുതുമ്പോൾ ശ്രദ്ധിക്കണേ..

Roby said...

ആമസോണ്‍ പരാമര്‍ശം എനിക്കു പറ്റിയ തെറ്റാണ്. അതിനെക്കുറിച്ച് ആദ്യം പറയാം.
5-6 മാസം മുന്നെ ഷാജിയുടെ സ്വം-ന്റെ ഡിവിഡിയ്ക്കായി ആമസോണ്‍ അരിച്ചുപെറുക്കിയിട്ടും മൂന്നു സിനിമകളേ കണ്ടുള്ളൂ. വാനപ്രസ്ഥം, എലിപ്പത്തായം, നിഴല്‍ക്കുത്ത്...ആ കമന്റ് പബ്ലിഷ് ചെയ്തതിനു ശേഷം വെറുതെ നോക്കിയപ്പോള്‍ പുതിയതായി കുറെ പടങ്ങളും വനിതയും ഒക്കെ ആഡ് ചെയ്തിരിക്കുന്നതു കണ്ടു. ഒരു തിരുത്ത് ഇടാന്‍ സമയം കിട്ടിയില്ല.

സ്വം (VHS), പിറവി(DVD) എന്നിവ യൂറോപ്പിലെ ഒരു കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആമസോണില്‍ ആദ്യം വന്ന മലയാളം ഫിലിമുകള്‍ വാനപ്രസ്ഥവും നിഴല്‍ക്കുത്തുമാണ്...2004-മുതല്‍ ഇവ അവൈലബിള്‍ ആണ്. (what ever that means..!)

നിങ്ങളുടെ കമന്റിലെ ചില പോയിന്റുകള്‍ക്കു മറുപടി പറഞ്ഞിട്ട് ഞാന്‍ എനിക്കു പറയാനുള്ള വിഷയത്തിലേക്ക് വരാം.

1.നിങ്ങള്‌പറഞ്ഞ പരീക്ഷ-റാന്ക് അനാലജി വെച്ച്‌‌, മൂന്നാംപക്കത്തിനും തനിയാവര്‍ത്തനത്തിനും കോമഡി, ആക്ഷന്‍ എന്നീ വിഷയങ്ങളില്‍ 0 മാര്‍ക്കേ കിട്ടൂ...:)
ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റാലും റാന്ക് കിട്ടുമോ? യെവടെ?

2. നിങ്ങള്‍ക്കുണ്ടായ ഒരു തോന്നല്‍ എഴുതുന്നതിലല്ല പ്രശ്‌‌നം. അത് എങ്ങനെ substantiate ചെയ്യുന്നു എന്നതിലാണ്. ഒരു സിനിമ കണ്ടിട്ട് അതു നന്ന് അല്ലെന്കില്‍ കൊള്ളില്ല എന്നു പറയാന്‍ ആര്‍ക്കും സാധിക്കും. അതിനു വ്യക്തിപരമായ ഒരു അഭിപ്രായം എന്നതില്‍ കൂടുതല്‍ പ്രസക്തിയില്ല. സിനിമയെക്കുറിച്ചുള്ള ഡയറക്‌‌ട് എഴുത്തുകളില്‍ ഇത്തരം വിശദീകരണങ്ങള്‍ മിനിമം ഉണ്ടായിരിക്കണം. അല്ലാതെയുള്ള വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്ക്കും യാതൊരു പ്രസക്തിയുമില്ല..(ഞാന്‍ ഏതാണ്ട് സ്ഥിരമായി വായിക്കാറുള്ള ഒരു സിനിമാനിരൂപകന്‍ റോജര്‍ എബര്‍ട്ടാണ്. കക്ഷി അങ്ങേരുടെ സൈറ്റില്‍ എഴുതുന്നതും ഒരു സിനിമ നല്ലതാണോ മോശമാണോ എന്ന plain അഭിപ്രായമാണ്. പക്ഷേ അങ്ങേര്‍ ആ അഭിപ്രായത്തെ വ്യക്തമായി substantiate ചെയ്തിരിക്കും. ഒരു പാരഗ്രാഫ്, സിനിമയെക്കുറിച്ച് പുതിയൊരു ഇന്‍സൈറ്റ് തരുന്നതായിരിക്കും..)

എന്റെ സിനിമാബ്ലോഗില്‍ സിനിമ നല്ലതാണോ മോശമാണോ എന്നരീതിയിലുള്ള ഡിക്ലറേറ്റീവ് വാചകങ്ങള്‍ എഴുതാറില്ല. ഒരു വരിയിലോ മറ്റോ പരാമര്‍ശിക്കപ്പെടുന്ന സിനിമകളെക്കുറിച്ച് 'പാസിംഗ് അഭിപ്രായങ്ങള്‍' എഴുതുകയാണെന്കില്‍, അതിനെ എനിക്ക് substantiate ചെയ്യാന്‍ സാധിക്കും.

Roby said...

സിനിമയുടെ ആദ്യ ലക്ഷ്യം വിനോദമാണെന്നു താങ്കളും സമ്മതിച്ചു കഴിഞ്ഞലോ.
ഇത് ഞാനിപ്പോള്‍ 'സമ്മതിക്കുന്ന' കാര്യമൊന്നുമല്ല. നിങ്ങള്‍ ബ്ലോഗെഴുതാന്‍ തുടങ്ങുന്നതിനും മുന്‍പ് പലയിടത്തും കമന്റുകളില്‍ ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്നെ ഈ കാഴ്ചപ്പാടിലേക്ക് ഞാനെത്തിയിരുന്നു എന്നതാണു വാസ്തവം.

ഈ വാക്കുക്കള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനര്‍ഥം കുറച്ച് കൂടി വ്യക്തമാക്കാം.
നിങ്ങള്‍ ഇതുവരെ എഴുതിയതൊന്നും എന്നെ അലോസരപ്പെടുത്തിയിട്ടില്ല.

സിനിമ ഏത് ഭാഷയില്‍ ആയാലും പ്രേക്ഷകരിലേക്കെത്താതെ അതിനു പൂര്‍ണതയില്ല.
പ്രേക്ഷകര്‍ എപ്പോള്‍ സ്വീകരിക്കുന്നു എന്നൊരു ചോദ്യത്തിനു സാധ്യതയില്ലേ?
കീറ്റ്സിന്റെ കവിതകളും മോബിഡിക്കും ഒക്കെ അവ എഴുതപ്പെട്ട കാലത്ത് ആരും സ്വീകരിച്ചിരുന്നില്ല.സിനിമയിലുമുണ്ട് ഇതുപോലുള്ള ഉദാഹരണങ്ങള്‍. IMDb top 250 എന്ന പോപ്പുലര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഷോഷാന്ക് റിഡംപ്ഷന്‍ തിയറ്ററില്‍ ഫ്ലോപ്പായിരുന്നു.

പത്തോ നൂറോ ആളുകള്‍ അധികം കണ്ടതുകൊണ്ട് സിനിമയ്ക്കു മാറ്റമൊന്നും വരുന്നില്ല. അതായത് 'സിനിമ', എഴുതപ്പെട്ട ടെക്സ്റ്റ് പോലെ അതില്‍ തന്നെ പൂര്‍ണ്ണമാണ്. ഒരുപക്ഷേ നല്ല സിനിമയാണെന്കില്‍ വേറിട്ട വായനകള്‍ വന്നേക്കാം എന്നു മാത്രം.

പ്രേക്ഷകര്‍ സ്വീകരിക്കണം(ഹിറ്റാകണം) എന്ന ആഗ്രഹത്തോടെ സിനിമയെടുക്കുന്ന സംവിധായകര്‍ തന്റെ ദര്‍ശനത്തെക്കാളും പ്രേക്ഷകന്റെ അഭിരുചിയ്ക്കാവും പ്രാധാന്യം കൊടുക്കുക. സിനിമയുടെ ഉദ്ദേശ്യം വ്യവസായനേട്ടമാണെന്കില്‍ അതില്‍ തെറ്റില്ല. പക്ഷേ, അങ്ങനെയല്ലാതുള്ള സംവിധായകരും ഉണ്ട്. അതു മനസ്സിലാക്കാനെന്താണിത്ര മടി?

ഷാജിയുടെ ചിത്രങ്ങളുടെ ജനപ്രീതിയാണു വിഷയമെന്കില്‍, അവ കേരളത്തിനു പുറത്ത് പരിമിതമായ രീതിയിലെന്കിലും സ്വീകരിക്കപ്പെട്ടു എന്നതും, വരും കാലങ്ങളിലും അവയ്ക്കു പ്രേക്ഷകര്‍ ഉണ്ടാവും എന്നതും പരിഗണിക്കണം. അതേ സമയം നിങ്ങളുടെ ലിസ്റ്റിലുള്ളവക്ക് ക്രൃത്യമായ കാല-ദേശ പരിമിതികളുണ്ട് എന്നത് മറക്കരുത്.

Roby said...

എനിക്കു പറയാനുള്ള പോയിന്റിലേക്ക് വരാം.

ക്രൃത്യമായ അളവില്‍ മസാലകളെല്ലാം (കോമഡി, ആക്ഷന്‍, സെന്റിമെന്റ്സ്) ചേര്ത്ത പടങ്ങളാണു 'നല്ല സിനിമ'കളെന്ന നിങ്ങളുടെ ആര്‍ഗുമെന്റിനോടെനിക്കു വിയോജിപ്പുണ്ട്. നിങ്ങള്‍ ഉദാഹരണമായി പറഞ്ഞ പടങ്ങള്‍ (സിനിമകള്‍ എന്നു വിളിക്കപ്പെടാനുള്ള യോഗ്യത അവയില്‍ പലതിനുമില്ല, നിങ്ങള്‍ക്ക് സിനിമ തിരിച്ചറിയന്‍ കഴിവുണ്ടെന്കില്‍ അതു മനസ്സിലാകും) നിങ്ങളുടെ ആര്‍ഗുമെന്റിനെ refute ചെയ്യുന്നു. ചേരുവകളുടെ മിശ്രണം എന്നതിനേക്കാള്‍ ഭേദപ്പെട്ട ഒരു കഥയും അതിനു നല്‍കിയ സാമാന്യം ഭേദപ്പെട്ട ട്രീറ്റ്‌‌മെന്റുമാണ് ഇവയില്‍ പലതും ഹിറ്റാകാന്‍ കാരണം. (നിങ്ങള്‍ തന്ന ലിസ്റ്റില്‍ പലതും തിയറ്ററില്‍ ആവറേജ് മാത്രമായിരുന്നു) എന്നാല്‍ സമീപകാലത്തെ പലഹിറ്റുകളും (സൂപ്പര്‍താരങ്ങളുടേത്) നിങ്ങള്‍ പറഞ്ഞ right blend of everything ആണെന്നു സമ്മതിക്കേണ്ടിവരും. ഹിറ്റുകളായ 'രാജമാണിക്യ'വും 'അണ്ണന്‍ തമ്പി'യും 'ഹലോ'യും ഉദാഹരണം. എന്നാല്‍ ഈ പടങ്ങള്‍ നല്ല സിനിമകളാണെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുമെന്നു തോന്നുന്നില്ല.

താരതമ്യം അണ്ണന്‍ തമ്പിയും മൂന്നാം പക്കവും തമ്മിലാകാം. അണ്ണന്‍ തമ്പിയായിരുന്നു ഈ രണ്ടില്‍ വലിയ ഹിറ്റും ചേരുവകളുടെ മിക്സും. ഇനി നിങ്ങളുടെ തിയറിയനുസരിച്ച് പറയൂ, അണ്ണന്‍ തമ്പിയായിരുന്നോ മൂന്നാം പക്കത്തെക്കാള്‍ നന്ന്?

Roby said...

കൂടുതല്‍ ആളുകള്‍ കണ്ട (ഹിറ്റായ) പടങ്ങളാണു നല്ല സിനിമകളെന്ന നിങ്ങളുടെ വാദം, മണ്ടത്തരത്തിന്റെ കൊടുമുടിയാണ്. ഒരു സിനിമ ഹിറ്റാകുന്നതിന് ഒരു പ്രത്യേക സാമ്സ്കാരിക-ഭൂപ്രദേശത്തെ, ഒരു പ്രത്യേക കാലത്തെ പൊതുബോധത്തെ ആ പടം ത്രൃപ്തിപ്പെടുത്തി എന്നേ അര്‍ത്ഥമുള്ളൂ. എഴുപതുകളില്‍ ഹിറ്റായ(പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ, സ്വീകരിച്ച...:)) ശരപഞ്ജരവും കോളിളക്കവും ഇത്തിക്കരപക്കിയും ഇന്ന് റിലീസ് ചെയ്താല്‍ എത്ര പേര്‍ കാണും? അതേ സമയം യവനികയും കൊടിയേറ്റവും ഇന്നു റിലീസ് ചെയ്താലും ആളുകള്‍ കാണും.

നിങ്ങളുടെ 'ചേരുവകളുടെ ആര്‍ഗുമെന്റും' ഇവിടെ തകരും. ജയന്റെ കാലത്തെ ആക്ഷന്‍ സിനിമകള്‍ ഇന്ന് കോമഡികളായാണു ജനം കാണുന്നത്. 30 കൊല്ലം കഴിയുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും (ഇന്നു ജയനായതുപോലെ) കോമാളികളാവും. അന്ന് ഇവര്‍ ഓര്‍മ്മിക്കപ്പെടുക വാനപ്രസ്ഥത്തിന്റെയും വിധേയന്റെയുമൊക്കെ പേരിലായിരിക്കും.
ഇതേ പ്രശ്നം സംവിധായകര്‍ക്കുമുണ്ട്. ജോഷിയുടെയൊക്കെ ആദ്യകാലത്തെ പടങ്ങള്‍ കണ്ടാല്‍ ഇന്ന് തമാശ തോന്നും. (87-ല്‍ സൂപ്പര്‍ ഹിറ്റായ ന്യൂഡല്‍ഹി കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സാമാന്യം ഭേദപ്പെട്ട കഥ ഉണ്ടായിട്ടും സംവിധാനവും പശ്ചാത്തലസംഗീതവുമൊക്കെ അരോചകമായി തോന്നി.)

അതേ സമയം പിറവി 88-ല്‍ കണ്ടതു പോലെ തന്നെ ഇന്നും കാണാം. ഇനിയൊരു 20 വര്‍ഷം കഴിഞ്ഞലും അതിനു പ്രസക്തി ഉണ്ടാവും.

b Studio said...

@റോബി
താരതമ്യം അണ്ണന്‍ തമ്പിയും മൂന്നാം പക്കവും തമ്മിലാകാം. അണ്ണന്‍ തമ്പിയായിരുന്നു ഈ രണ്ടില്‍ വലിയ ഹിറ്റും ചേരുവകളുടെ മിക്സും. ഇനി നിങ്ങളുടെ തിയറിയനുസരിച്ച് പറയൂ, അണ്ണന്‍ തമ്പിയായിരുന്നോ മൂന്നാം പക്കത്തെക്കാള്‍ നന്ന്?

ഇതിന്റെ ഉത്തരം മുൻപ് പല പോസ്റ്റുകളിലും ഞങ്ങൾ പറഞ്ഞിട്ടുള്ളതാണു. ഒരു നല്ല സിനിമ ഒരു പക്ഷേ വിജയിക്കാതിരുന്നേക്കാം പക്ഷെ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല.. ഇനി അഥവാ പരാജയപ്പെടുന്നു എങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു.
നല്ല സിനിമകൾ ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ള സംവിധായകർ അവരുടെ സിനിമകൾ മികച്ചവ ആക്കാൻ കൂടി ശ്രമിച്ചാൽ തീർച്ചയായും അതെല്ലാം വിജയ ചിത്രങ്ങൾ ആകുക തന്നെ ചെയ്യും.മൂന്നാം പക്കം ഒരു നല്ല സിനിമയാണു അതോടൊപ്പം അത് ഒരു മികച്ച സിനിമയാക്കാൻ പതമരാജനു കഴിഞ്ഞു, അണൻ തമ്പി ഒരു മികച്ച സിനിമയാണു എന്നാൽ അത് ഒരിക്കല്ലും ഒരു നല്ല സിനിമയാണു എന്ന അഭിപ്രായം ഞങ്ങൾക്കില്ല. എന്നാൽ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ഒരു മികച്ച സിനിമയും ഒപ്പം ഒരു നല്ല സിനിമയും കൂടിയാണു. ക്ലാസ്മേറ്റ്സ് എടുക്കാൻ ലാൽ ജോസ് കാണിച്ച ധൈര്യം എന്ന് മറ്റുള്ള സംവിധായകർ കൂടി കാണിക്കുവാൻ തുടങ്ങുന്നുവോ അന്ന് മുതൽ മലയാള സിനിമയ്ക്ക് വസന്തകാലമായിരിക്കും... തീർച്ച.
താങ്കൾക്ക് ഇതിൽ നിന്നും ഞങ്ങൾ ഏതു തരം സിനിമകളുടെ വക്താക്കളാണു എന്നു മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.


കൂടുതല്‍ ആളുകള്‍ കണ്ട (ഹിറ്റായ) പടങ്ങളാണു നല്ല സിനിമകളെന്ന നിങ്ങളുടെ വാദം, മണ്ടത്തരത്തിന്റെ കൊടുമുടിയാണ്.

ഇത്തരത്തിൽ ഒരു വാദം ഞങ്ങൾ ഉന്നയിച്ചിട്ടില്ല
"തിയറ്റർ സംസ്കാരത്തിന്റെ" ഭാഗമായത് കൊണ്ട് സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുകയും അത് ആളുകൾ കാണുകയും ചെയ്യണം എന്ന് കരുതുന്നവരാണു എന്ന് പറഞ്ഞിട്ടുണ്ട്.ഇത് മണ്ടത്തരത്തിന്റെ കൊടുമുടിയാണെന്ന് തോന്നുന്നില്ല
("തിയറ്റർ സംസ്കാരത്തിന്റെ" ഈ വാക്ക് തെറ്റിദ്ധരിക്കരുതെ. സംസ്ക്കാരത്തിന്റെ ഭാഗമാണു തിയറ്റർ എന്നല്ല ഉദ്ദേശിച്ചിരിക്കുന്നത് )

കൂടുതല്‍ ആളുകള്‍ കണ്ട (ഹിറ്റായ) പടങ്ങളാണു നല്ല സിനിമകളെന്ന വാദം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ആദ്യം ലിസ്റ്റിൽ ചേർക്കുമായിരുന്ന സിനിമകൾ T20 യും പോക്കിരി രാജയുമൊക്കെ ആയിരുന്നു.

അതേ സമയം പിറവി 88-ല്‍ കണ്ടതു പോലെ തന്നെ ഇന്നും കാണാം. ഇനിയൊരു 20 വര്‍ഷം കഴിഞ്ഞലും അതിനു പ്രസക്തി ഉണ്ടാവും.

നല്ല സംവിധായകർ ആർട്ട് കോമേഴ്സ്യൽ വ്യത്യാസങ്ങളില്ലാതെ കാലത്തെ അതി ജീവിക്കുന്ന സിനിമകളുമായി വരണം എന്നാണു ഞങ്ങളുടെയും ആഗ്രഹം

Followers

 
Copyright 2009 b Studio. All rights reserved.