RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒപ്പം - Film Review


മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശൻ മോഹൻലാൽ ഗീതാഞ്ജലിക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണു ഒപ്പം. ആന്റണി പെരുബാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിനു തിരകഥ പ്രിയദർശൻ തന്നെയാണു ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു , അനുശ്രീ , വിമലരാമൻ, ബേബി മീനാക്ഷി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ

ഒപ്പം ജന്മനാ അന്ധനായ ജയരാമൻ എന്ന മദ്ധ്യവയസിലേക്ക് കടക്കുന്ന ഒരു യുവാവിന്റെ കഥയാണു. അന്ധത കാരണം താൻ മറ്റുള്ളവർക്ക് ഒരു ഭാരമായി തീരരുത് എന്ന് നിർബന്ധ ബുദ്ധി ഉള്ളത് കൊണ്ട് സ്പർശനം കൊണ്ടും സാമീപ്യം കൊണ്ടും മണം കൊണ്ടുമെല്ലാം കാഴ്ച്ചയുള്ളവരെക്കാൾ നന്നായി തിരിച്ചറിവ് ഉണ്ടാക്കാൻ ജയരാമൻ ചെറുപ്പം മുതലേ പരിശ്രമിച്ച് അതിൽ വിജയം കണ്ടെത്തിയ ആളാണു. ഇപ്പോൾ പുള്ളിക്കാരൻ ഒരു ലിഫ്റ്റ് ഓപ്പറേറ്ററായാണു ജോലി ചെയ്യുന്നത്.

 അങ്ങനെയിരിക്കെ ആ ഫ്ലാറ്റിലെ ഒരു കൊലപാതകത്തിനു ജയരാമനു സാക്ഷിയാകേണ്ടി വരുന്നു. കാഴ്ച്ചയില്ലാത്ത ജയരാമൻ എങ്ങനെ സാക്ഷിയാകും എന്ന സംശയം ഉയർന്നു വന്നേക്കാം എന്നുള്ളത് കൊണ്ട് കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന പൊതു തത്വം പ്രകാരം സംശയത്തിന്റെ മുന ജയരാമനിലേക്ക് നീളുന്നു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ മാത്രം ആവശ്യമായത് കൊണ്ട് കണ്ണില്ലാത്ത ജയരാമൻ കണ്ടിട്ടില്ലാത്ത കൊലയാളിയെ കണ്ടു പിടിക്കാനായി ഇറങ്ങുകയാണു. അതെ എന്റെ ഒപ്പം എല്ലാവരുമുണ്ട് , അവന്റെ ഒപ്പം ഞാനുമുണ്ട്..!!!!!!

വിശകലനം. 

ഒരിക്കലും മടുക്കില്ലാത്ത ഒരുപിടി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുമ്പോൾ വലിയ ഒരു വിജയം സിനിമ ലോകം പ്രതീക്ഷിക്കുന്നതാണു പതിവ്. എന്നാൽ പ്രിയദർശൻ എന്ന സംവിധായകന്റെ അവസാനത്തെ പടങ്ങളുടെ ഒരു നിലവാരം വെച്ച് അളക്കപ്പെടുമ്പോൾ അങ്ങനെയൊരു മിഥ്യാധാരണ സാമാന്യ ബുദ്ധി ഉള്ള ഒരു പ്രേക്ഷകൻ വെച്ചു പുലർത്തില്ല എന്നതാണു സത്യം. 19 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചന്ദ്രലേഖയാണു ഈ കൂട്ടുകെട്ടിൽ രസിപ്പിച്ച അവസാനത്തെ സിനിമ എന്നുള്ളപ്പോൾ പ്രത്യേകിച്ചും..! 

എന്നാൽ അപ്രതീക്ഷിതം എന്ന് പറയട്ടെ അവിചാരിതം എന്ന് പറയട്ടെ എല്ലാ മുൻ വിധികളെയും തകിടം മറിച്ചു കൊണ്ട് ഒപ്പം ഒരു നല്ല സിനിമ ആയി മാറുകയാണു ഉണ്ടായത്. ഒരു ഓണക്കാലത്ത് വെക്കേഷൻ അടിച്ചു പൊളിക്കാൻ കുട്ടികളും കുടുബങ്ങളുമൊക്കെയായെത്തി കോമഡി കണ്ട് ആർത്തുലസിച്ച് കാണാവുന്ന സിനിമ അല്ല ഒപ്പം. ഇതൊരു സസ്പെൻസ് ത്രില്ലർ ആണു. കോമഡിയുടെ ആധിക്യമിലാതെ തന്നെ സസ്പെൻസ് ചേരുവകൾ വേണ്ട രീതിയിൽ ഉപയോഗിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒപ്പത്തിനു സാധിക്കുന്നു. മോഹൻ ലാൽ എന്ന നടന്റെ പ്രകടനം അന്യഭാഷ മൊഴി മാറ്റ ചിത്രങ്ങളിൽ കണ്ട് നിർവൃതി അടയാൻ വിധിക്കപ്പെട്ട ആരാധകർക്ക് ഒരു ആഘോഷം തന്നെയാണു ഈ സിനിമ. 

തന്റെ കൈയിലെ സ്റ്റോക്ക് തീർന്നു എന്ന വിമർശനങ്ങൾക്ക് തകർപ്പൻ മറുപടിയുമായി പ്രിയദർശൻ തിരിച്ചു വന്നിരിക്കുന്നു. പ്രിയദർശന്റെ മെഗാഹിറ്റ് സിനിമകൾ പരിശോധിച്ചാൽ തിരകഥ രചിച്ചിരിക്കുന്നത് മറ്റ് പലരുമാണു എന്ന് മനസ്സിലാക്കാം. എന്നാൽ തന്റെ സംവിധാന മികവ് കൊണ്ട് ആ ക്രെഡിറ്റും കൂടി സ്വന്തം പേരിലാക്കാൻ കഴിവുണ്ടായിരുന്ന ആ വലിയ സംവിധായകൻ പിന്നീട് ബോളിവുഡിലേക്ക്  ചേക്കേറി മലയാളത്തിൽ നിന്ന് കോപ്പിയടിച്ച് ഹിന്ദിയിൽ കൊണ്ട് പോയി അവിടെ നിന്ന് ഇങ്ങോട്ട് കോപ്പി ചെയ്ത് അങ്ങനെ അഴകൊഴമ്പ് പരുവമാക്കിയ നിരവധി സിനിമകളുണ്ട്. അതു കൊണ്ട് തന്നെയാണു തിരകഥ എഴുതുന്നത് പ്രിയദർശൻ ആയത് കൊണ്ട് സംശയ ദൃഷ്ടിയോടെ എല്ലാവരും വീക്ഷിച്ചത്. എന്നാൽ ഒപ്പം സിനിമയുടെ തിരകഥ വേറെ ഏതെങ്കിലും സിനിമയുടെ അടിച്ചുമാറ്റൽ ആണെന്ന് തെളിയിക്കപ്പെടുന്നത് വരെയെങ്കിലും ഇതൊരു നല്ല സൃഷ്ടി തന്നെയാണു.

 മനോഹരമായ ദൃശ്യങ്ങളും ഗാനങ്ങളും എന്നും പ്രിയദർശൻ സിനിമകളുടെ മുതൽ കൂട്ടായിരുന്നു ഒപ്പത്തിൽ അത് ആവർത്തിക്കപ്പെട്ടു. ട്രെയിലർ എഡിറ്റ് ചെയ്തത് അല്ഫോൺസ് പുത്രൻ ആയത് കൊണ്ട് സിനിമയും അല്ഫോൺസ് ആയിരിക്കും എന്ന് കരുതുന്നവർ ആ ധാരണ തിരുത്തുക. സിനിമയുടെ എഡിറ്റിംഗ് വൃത്തിയായി അയ്യപൻ നായർ ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ കരിയറിൽ ഒരു മുതല്കൂട്ടാവാനുള്ള അഭിനയ സാധ്യത ഒന്നും ഒപ്പത്തിലില്ല എങ്കിലും തന്റെ പേരിൽ ഒരു സൂപ്പർ ഹിറ്റ് എഴുതി ചേർക്കാൻ ഒപ്പത്തിലൂടെ ലാലിനു കഴിഞ്ഞു. സഹനടന്മാരുടെ ശക്തമായ സപ്പോർട്ട് ഒപ്പത്തിനെ മികച്ചതാക്കുന്നു.  പ്രത്യക്ഷത്തിൽ എടുത്ത് പറയേണ്ടതായ ന്യൂനതകളൊന്നും ചിത്രത്തിനില്ല എങ്കിലും ഒരു മഹത്തായ ത്രില്ലർ സിനിമ ആയില്ല എന്ന് വിലപിക്കേണ്ടവർക്ക് അങ്ങനെയും ആവാം..!!

പ്രേക്ഷക പ്രതികരണം

ആമയും മുലയും ഗീതാഞ്ജലിയുമൊക്കെ കണ്ട് ഹൃദയം തകർന്ന പ്രേക്ഷകർ ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു

ബോക്സോഫീസ് സാധ്യത

ഈ ഓണം ലാലേട്ടനോടൊപ്പം

റേറ്റിംഗ് : 3.5 / 5 

അടിക്കുറുപ്പ്: കുട്ടികൾ , കുടുബം, പഴതൊലി തമാശ, പൊട്ടിച്ചിരി അതാണുദ്ദേശമെങ്കിൽ കുറച്ചങ്ങോട്ട് മാറി നില്ക്കുക.. !!! 

1 comments:

സുധി അറയ്ക്കൽ said...

വിഭാഗീയത കാണാത്ത നല്ല അഭിപ്രായം.

Followers

 
Copyright 2009 b Studio. All rights reserved.