RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Karikkunam 6s - Film Review


ഫയർമാൻ എന്ന ചിത്രത്തിനു ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ നായികയായെത്തുന്ന ചിത്രമാണു കരിങ്കുന്നം സിക്സസ്. നായിക പ്രാധാന്യമുള്ള ഈ സിനിമയിൽ അനൂപ് മേനോൻ, സുരാജ്, സുധീർ കരമന ,ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.  വേട്ട്, ഹാപ്പി ജേർണി തുടങ്ങിയ ചിത്രങ്ങൾക്ക് തിരകഥയൊരുക്കിയ അരുൺലാൽ രാമചന്ദ്രനാണു ചിത്രത്തിന്റെ രചയിതാവ്. മലയാളത്തിൽ അധികമാരും കൈവെച്ചിട്ടില്ലാത്ത സ്പോർട്സ് പ്രമേയമാക്കിയിട്ടാണു സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്. 

കഥ

കരിങ്കുന്നം സിക്സസ് ഒരു വോളിബോൾ ടീം ആണു. വോളിബോൾ കളിയിൽ സ്പിരിറ്റ് കയറി അബി  എന്ന ചെറുപ്പക്കാരൻ നടത്തുന്നതാണു ആ ടീം. പുള്ളിക്കാരൻ പാലയിലെ വലിയ ഒരു കോടീശ്വരന്റെ മകനാണു. പക്ഷെ റെയിൽവേയിലെ ജോലിക്കാരിയായിരുന്ന വന്ദനയുമായി ഇഷ്ട്ടത്തിലായി കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതാണു. 

വോളിബോളിനു കേരളത്തിൽ ഒരു മുന്നേറ്റം നടത്താൻ വോളിബോൾ പ്രീമിയർ ലീഗ് എന്ന ഒരു ഐഡിയ അബി മുകുൾ ദാസ് എന്ന ഒരു ബിസിനസുകാരനോട് പങ്കു വെയ്ക്കുന്നു. അത്തരമൊരു ലീഗ് നടത്താൻ അവർ തയ്യാറാവുന്നു പക്ഷെ ലീഗിൽ കളിക്കിടെ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുമെന്ന് അവർ അബിയോട് പറയുന്നു. എന്നാൽ അബി അതിനു തയ്യാറാവുന്നില്ല. അബിയുടെ ടീമിലെ കളിക്കാരെ അവർ അബിക്കെതിരെ തിരിയ്ക്കുന്നു. അബിയെ അയാളുടെ ടീമിലെ അംഗങ്ങൾ തന്നെ കയ്യേറ്റം ചെയ്യുന്നു. അതു മൂലം അരയ്ക്ക് കീഴെ അബിയുടെ ചലനശേഷി താല്ക്കാലികമായി നഷ്ട്ടപ്പെടുന്നു. 

ലീഗിൽ കളിക്കേണ്ടിയിരുന്ന കരിങ്കുന്നത്തിന്റെ ടീമംഗങ്ങൾ വേറെയൊരു ടീമിലേക്ക് മാറുകയും ചെയ്തു. അതു കൊണ്ട് തന്നെ ഇത്തവണ കരിങ്കുന്നത്തിനു ടീമില്ല.എന്നാൽ അബി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കരിങ്കുന്നത്തെ ഒരു  വർഷത്തേക്ക് ലീസിനെടുക്കാം എന്ന ഓഫറുകളെല്ലാം അവഗണിച്ച് വന്ദനയെ കൊണ്ട് മറ്റൊരു ടീമിനെ കണ്ട് പിടിക്കാൻ എബി നിർദ്ദേശിക്കുന്നു. വന്ദന ഒരു പുതിയ ടീമിനെ കണ്ടെത്തുന്നുവെങ്കിലും അവരും കൂറുമാറി ശത്രുപക്ഷത്തേക്ക് പോകുന്നു. പടക്കളത്തിൽ വന്ദന ഒറ്റയ്ക്കാവുന്നു.

 ലീഗിന്റെ ഷോമാച്ചിന്റെ അന്ന് നടന്ന ഈ കൂറുമാറ്റം നേരിൽ കണ്ട ഉദ്ഘാടക ജയിൽ ഐ ജി വന്ദനയെ ജയിലിലെ വോളിബോൾ ടീമിന്റെ കോച്ചാവാൻ ക്ഷണിക്കുന്നു. ജയിലിലെ വോളിബോൾ കളിക്കാരിൽ നിന്ന് തന്റെ ടീമിലേക്കുള്ളവരെ  തിരഞ്ഞെടുക്കാം എന്ന ലക്ഷ്യത്തോടെ വന്ദന സെണ്ട്രൽ ജയിലിലേക്കെത്തുന്നു..!!!!

വിശകലനം.

വൺലൈനിൽ ആരോടെങ്കിലും കഥ പറഞ്ഞാൽ കേൾക്കുന്നവൻ സൂപ്പർ എന്ന് പറയുന്ന കഥയാണു കരിങ്കുന്നം 6 ന്റെത്. ഇനി കുറച്ച് ഡീറ്റെയ്‌ല്ഡ് ആയി പറഞ്ഞാലും സ്പോർട്സ്മാൻ സ്പിരിറ്റോടെ കേട്ടിരിക്കാൻ കഴിയും ഈ കഥ. ജയിൽ നിന്ന് ഒരു വോളിബോൾ ടീം അതിന്റെ പരിശീലക ഒരു സ്ത്രീ. എന്നൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന ഒരു കൗതുകമുണ്ടല്ലോ സിനിമയുടെ ആദ്യ ദിവസം തന്നെ തിയറ്ററിലേക്കെത്തുവാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകം ഇതെല്ലാം ഈ സിനിമയ്ക്കുണ്ട്. ഇത്രയധികം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും അതെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്ത് ഒരു മികച്ച സിനിമ ഒരുക്കാൻ കഴിയാതെ പോയ ഒരു സംവിധായകനും ഈ സിനിമയ്ക്കുണ്ട്. 

ദീപു കരുണാകരൻ അത്രവലിയ പ്രഗത്ഭ സംവിധായകൻ ഒന്നുമല്ല. എന്നിരുന്നാലും മലയാളികൾക്ക് അത്ര  കണ്ട് പരിചിതമായിട്ടില്ലാത്ത അത്ലറ്റിക്സ് , ഗെയിംസ് മേഖലയിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കാമായിരുന്ന സുവർണ്ണാവസരം പഴാക്കി കളഞ്ഞിരിക്കുകയാണു കരിങ്കുന്നം 6 എസിൽ. നായിക പ്രാധാന്യം എന്ന് പറയുന്നുണ്ടെങ്കിലും മഞ്ജുവാര്യർക്ക് ഈ സിനിമയിൽ കാര്യമായ റോളൊന്നുമില്ല. അനൂപ് മേനോനിൽ തുടങ്ങി ബാബു ആന്റ്ണി , ബൈജു , സുധീർ കരമന മുതൽ മേജർ രവിയിൽ വരെ വന്നു നില്ക്കുന്ന ഒരു നീണ്ട പുരുഷ നിര തന്നെ ചിത്രത്തിലുണ്ട്. ഇതിനിടയിൽ കയ്യടി നേടുന്ന  സുരാജിന്റെ നെൽസനും. 

ഒരു സ്പോർട്സ് സിനിമയ്ക്ക് വേണ്ട ആവേശോജ്വലമായ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും അത് എവിടെ എങ്ങനെ ഏത് അളവിൽ ഉപയോഗിക്കണം എന്ന ധാരണയില്ലായ്മ ചിത്രത്തിന്റെ മാറ്റ് കുറയ്ക്കുന്നു.  ക്ലൈമാക്സിലെ ആശയക്കുഴപ്പം ഒഴിവാക്കിയിരുന്നെങ്കിൽ ശരാശരിയിലും മുകളിലെത്തിയേനെ സിനിമ. 
ഒരു കോച്ചിന്റെ ശരീര ഭാഷ ഉപയോഗിക്കുന്നതിൽ അനൂപ് മേനോൻ വിജയമായിരുന്നുവെങ്കിലും മഞ്ജുവിന്റെത് അത്ര  കണ്ട് ഏറ്റില്ല. ജയിൽ പുള്ളികളായി അഭിനയിച്ച  എല്ലാവരും മികച്ച് നിന്നു. സന്ദർഭോചിതമായ ഗാനങ്ങൾ ചിത്രത്തിനു സഹായകരമായി. 

മഞ്ജുവാര്യർ എന്ന നടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണു ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരും ഈ സിനിമ കാണാൻ ആദ്യ ദിവസം തിയറ്ററുകളിലേക്കെത്തുന്നത്. എന്നാൽ മഞ്ജുവിന്റെ അഭിനയ പ്രതിഭ മാറ്റുരയ്ക്കാൻ തക്കവണ്ണമൊന്നും ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുമില്ല. ഹോളിവുഡിലെയും ബോളിവുഡിലേയും കോളിവുഡിലേയുമൊക്കെ സ്പോർട്സ് സിനിമകൾ കണ്ട് ശീലിച്ചവർക്ക് യാതൊരു ചലനവും ഈ സിനിമ സൃഷ്ടിക്കുന്നില്ല. അല്ലാത്തവർക്ക് ഇതൊരു ശരാശരി ചിത്രം മാത്രം.

പ്രേക്ഷക പ്രതികരണം.

പ്രതീക്ഷകളിലാതെ വന്നവർ നിരാശരാവാതെ കടന്നു പോയി.

ബോക്സോഫീസ് സാധ്യത.

ശക്തമായ ഫാമിലി സപ്പോർട്ടുണ്ടെങ്കിൽ ഹിറ്റ് സ്റ്റാറ്റസ് നേടാം.

റേറ്റിംഗ്: 2.5/5 അടിക്കുറിപ്പ്: മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് സിനിമകളിൽ ഒന്ന്, ശക്തമായ് സ്ത്രീ കേന്ദ്രീകൃത സിനിമ, അവസാനം നിമിഷം വരെ ശ്വാസം വിടാതെ കണ്ടിരിക്കുന്ന എന്നൊക്കെ പറയണമെങ്കിലേ കണ്ണു പൊട്ടനായിരിക്കണം.

1 comments:

സുധി അറയ്ക്കൽ said...

നിങ്ങളുടേ വിശകലനം വായിച്ചിട്ടാണു സിനിമ കണ്ടത്‌.ഒരു മലയാളസിനിമയിൽ അത്യാവശ്യം വേണ്ടതൊക്കെ ഇതിലുണ്ട്‌.വിമർശ്ശിയ്ക്കാനായി വിമർശ്ശിക്കരുത്‌.

Followers

 
Copyright 2009 b Studio. All rights reserved.