RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Central Theater - Film Review


കേരളത്തിലെ 217 തിയറ്ററുകളിലും ഒരു സിനിമ റിലീസ് ചെയ്യുന്നു. അതും മലയാളം സിനിമ അല്ല. ഒരു തമിഴ് സിനിമ. എന്നു വെച്ചാൽ കേരളത്തിലെ 80% തിയറ്ററുകളിലും ഒരേ സിനിമ. അതു കാണാൻ പ്രേക്ഷകരും. ഈ വമ്പൻ റിലീസിനിടയിൽ ആരോരുമറിയാതെ റിലീസ് ചെയ്ത ഒരു മലയാള സിനിമ ആണു സെണ്ട്രൽ തിയറ്റർ. ഹേമന്ത് നായകനായ ഈ സിനിമക്ക് എറണാംകുളം പോലെ ഉള്ള ഒരു സിറ്റിയിൽ പോലും ഉച്ചപടങ്ങൾ റിലീസ് ചെയ്യുന്ന കാനൂസ് തിയറ്റർ മാത്രമേ കിട്ടിയുള്ളു എന്ന് അറിയുമ്പോഴാണു തമിഴ് സിനിമ ഭീകരത എത്രമാത്രം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക.

 ചെറിയ തിയറ്ററിൽ റിലീസ് ചെയ്തു എന്ന കാരണം കൊണ്ട്, വലിയ താരങ്ങളോ അണിയറപ്രവർത്തകരോ ഇല്ലാത്ത കാരണം കൊണ്ട്, മികച്ച ഒരു സിനിമ ആയിരുന്നിട്ടു കൂടി അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോവുന്ന ഒരു സിനിമ ആയിരിക്കുമോ ഇത് എന്നറിയാൻ വേണ്ടിയാണു ഈ സിനിമ കളിക്കുന്ന തിയറ്ററിലേക്ക് പോയത്. നവാഗതരായ ഒരു കൂട്ടം പ്രതിഭകൾ അണിയിച്ചൊരുക്കിയ സിനിമ. അവരുടെ പ്രതീക്ഷകളാലും നീണ്ട നാളത്തെ സ്വപ്നങ്ങളിലും നെയ്തെടുത്ത ഈ സിനിമ റിലീസി ചെയ്യുന്നത് കഴിഞ്ഞ വർഷം സന്തോഷ് പണ്ടിറ്റിന്റെ മിനി മോളുടെ അച്ചൻ എന്ന സിനിമ റിലീസ് ചെയ്ത അതേ തിയറ്ററില്.

കേരളത്തിലെ തിയറ്ററുകളെ വിഴുങ്ങിയ തമിഴ് സിനിമയോടുള്ള പ്രതിക്ഷേധത്തിൽ പങ്ക് ചേരാനെന്നവണ്ണം പിന്നെയും ഒരു 10-15 പേര്. ശരിക്കും അഭിമാനം തോന്നിയ നിമിഷം. സുനാമിയിലും പിടിച്ചു നിന്ന പുൽക്കെടി പോലെ ഈ സിനിമയ്ക്കും പ്രേക്ഷകർ അതിൽ ഒരു ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ആത്മഹർഷം കൊണ്ട് പുളകിതമായി അങ്ങനെ ഇരിയ്ക്കുമ്പോൾ സിനിമ തുടങ്ങി. നായകനായ ഹേമന്തിനു കിട്ടുന്ന ഒരു മുഖമടച്ചുള്ള അടിയിലൂടെയാണു സിനിമ തുടങ്ങുന്നത്. മരണ വെപ്രാളത്തിലും നായകൻ ആത്മഗതം നടത്തുകയാണു. അന്ന് പകൽ തന്റെ ഭാര്യയുടെ പ്രസവത്തിനായി ജോലി സ്ഥലത്തു നിന്ന് നാട്ടിലേയ്ക്ക് വരുന്ന ക്രൈംബ്രാഞ്ച് എസ് ഐ സിദ്ധാർത്ഥ്. ട്രെയിനിൽ വെച്ച് അയാൾ ബിടെക്ക് ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളായ രണ്ട് പേരെ പരിചയപ്പെടുന്നു. അന്ന് വൈകുന്നേരം ആ ബിടെക്ക് വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ഒരു സഹായത്തിനായി വിളിക്കുന്നു. അവരിലൊരാൾ വീട്ടിലെ കുട്ടികളുമായി സിനിമയ്ക്ക് പോയപ്പോൾ അതിലൊരു കുട്ടിയെ സിനിമ തിയറ്ററിലെ ടോയ്ലെറ്റിൽ വെച്ച് കാണാതാവുന്നു. സിദ്ദാർത്ഥൻ സ്ഥലത്തെത്തി കുട്ടിയെ തട്ടി കൊണ്ട് പോയ ആളെ ട്രെയ്സ് ചെയ്ത് അയാളുടെ വീട്ടിലെത്തുന്നു. എന്തിനാണയാൾ കുട്ടിയെ തട്ടി കൊണ്ട് പോയത്. എന്താണയാളുടെ ഉദ്ദേശം എന്നൊക്കെ ക്ലൈമാക്സ് ആവുന്നതിനു മുൻപേ സംവിധായകൻ നമുക്ക് കാട്ടി തരുന്നുണ്ട്. പിന്നെ എന്താണു ഇതിന്റെ സസ്പെൻസ് എന്ന് ചോദിച്ചാൽ ആദ്യ രംഗത്തിലെ മുഖമടിച്ചുള്ള അടിയിൽ നായകൻ മരിക്കുമോ ഇല്ലയോ എന്നതാവും എന്നാണു തോന്നുന്നത്.

മലയാള സിനിമയെ ഉദ്ധരിക്കാൻ ഇറങ്ങി പുറപ്പെട്ട നേരത്ത് ആ തമിഴ് സിനിമ ഒരു പ്രാവശ്യം കൂടി കണ്ടിരുന്നെങ്കിൽ പോലും ഇത്രയും ദയനീയമാവില്ലായിരുന്നു എന്ന സങ്കടത്തോടെ തിയറ്റർ വിട്ടിറങ്ങേണ്ടി വന്നു എന്നതാണു കഥയുടെ ബാക്കി പത്രം. സംവിധാനം ചെയ്ത് പഠിക്കാൻ വേണ്ടി എടുക്കുന്ന ഇത്തരം സിനിമകൾ ഇങ്ങനെ ഇറങ്ങി അത് കാണേണ്ടി വരുന്ന ഹതഭാഗ്യരായ പ്രേക്ഷകർ നാളെ ചെറിയ സെറ്റപ്പിൽ നല്ലൊരു സിനിമ വന്നാൽതിയറ്റർ പരിസരത്തേക്ക് അടുക്കില്ല എന്നതാണു ഇതു പോലെയുള്ള സിനിമകൾ കൊണ്ടുള്ള ഗുണം. റാഷമോൺ ടെക്നിക്കൊക്കെ പ്രയോഗിച്ച് ഒരു പരുവമാക്കുന്ന ഈ സിനിമ ഒരു അംഗീകാരമാണു  ശ്രീ സന്തോഷ് പണ്ടിറ്റിൻ.. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.