RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അവതാളമായ അവതാരം.


അസാമാന്യമായ സംവിധാന മികവ് കൊണ്ട് പ്രേക്ഷകരെ പലവട്ടം അമ്പരിപ്പിച്ചിട്ടുള്ള മഹാനായ സംവിധായകൻ ജോഷി, ബോക്സോഫീസിൽ ബ്ലോക്ക് ബസ്റ്ററുകൾ മാത്രം സൃഷ്ടിക്കുന്ന മലയാളത്തിലെ ഇപ്പോഴത്തെ നമ്പർ വൺ താരം ശ്രീ ദിലീപ്, നിർമ്മാതാക്കളായി ഹിറ്റ് തിരകഥാകൃത്തുക്കൾ ഉദയ്-സിബിയും. കോടികൾ വാരുന്ന ഒരു സിനിമ സൃഷ്ടിക്കാൻ ഈ ഒരു കൂട്ട് കെട്ട് മതി പക്ഷെ ഇതിൽ ചെറിയ ഒരു കല്ലുകടി തിരകഥാകൃത്തായ വ്യാസൻ ഇടവനക്കാട് ആണു. കക്ഷി പക്ഷെ മോശക്കാരനൊന്നുമല്ല കേട്ടോ ടെലിവിഷൻ ബ്ലോക്ക് ബസ്റ്ററുകളായ ഇന്ദ്രിയം, മെട്രോ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെതായുണ്ട്. സദസ്സിൽ പറയുമ്പോൾ മറ്റ് മൂന്ന് പേരുടെ ഒരു ഗ്ലാമറില്ലാ എന്നേ ഉള്ളു. അങ്ങനെ ഇവരെല്ലാം കൂടി ചേർന്നുണ്ടാക്കിയ സിനിമയാണു അവതാരം.

കഥ

കസ്റ്റംസ് ഉദ്യേഗസ്ഥനായ തന്റെ ചേട്ടന്റെ മരണത്തെ തുടർന്ന് നാട്ടിൻ പുറത്തുകാരനായ, സാധാരണക്കാരനായ മാധവനു കൊച്ചിയിൽ എത്തേണ്ടി വരുന്നു. കൊച്ചിയിൽ എത്തി സാധാരണക്കാരനായ മാധവൻ ചേട്ടന്റെ ഭാര്യയുടെയും മകളുടെയും കാര്യങ്ങൾ നോക്കുകയും ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴാണു ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. തന്റെ ചേട്ടൻ വെറുതെ മരിച്ചതല്ല. ചേട്ടനെ കൊന്നു കളഞ്ഞതാണു. ഇതറിയുന്ന സാധാരണക്കാരനായ മാധവൻ പ്രതികാര ദാഹിയായി മാറുന്നു. തന്റെ ചേട്ടനെ കൊന്നവരോട് ഒന്നൊന്നായി പ്രതികാരം ചെയ്യാൻ മാധവൻ തിരുമാനിക്കുന്നു. ഗാംഗ്സ്റ്ററിലെ അക്ബർ അലിയെ പോലെ നരസിംഹത്തിലെ ഇന്ദു ചൂഡനെ പോലെ ലേലത്തിലെ ചാക്കോച്ചിയെ പോലെ മാധവനും ഇറങ്ങുന്നു. പക്ഷെ ഇവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത മാധവനുണ്ടായിരുന്നു. മാധവൻ ഒരു സാധാരണക്കാരനായിരുന്നു. ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്നും സാധാരണക്കാരനാണു വെറും സാധാരണക്കാരൻ അത് മറക്കരുത് മറന്നു പോകരുത്. ഇതാണു അവതാരത്തിന്റെ ആഗമനോദേശ്യം.

ചിന്ത

1. മലയാള സിനിമ ഉണ്ടായ കാലം മുതൽക്കുള്ള കഥ എന്ന സ്ഥിരം ക്ലീഷേ ഈ സിനിമ അർഹിക്കുന്നു. ന്യൂജനറേഷൻ കാലഘട്ടത്തിൽ എടുത്ത ഈ സിനിമയിലെ ന്യൂജനറേഷൻ ടെക്നിക്കുകൾ കാണുമ്പോൾ തിരകഥാകൃത്ത് പഴയകാല ഹിന്ദി പടങ്ങൾ മാത്രമേ കാണാറുള്ളു എന്ന് സംശയം തോന്നാം.
2. പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന് പറഞ്ഞപ്പോലെ ചിത്രത്തിന്റെ 2.40 മിനുറ്റ് ദൈർഘ്യം പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുന്നു.
3. കുറച്ച് ലൗട്രാക്കിനു പാട്ടിനുമൊക്കെ വേണ്ടി നായികയെ കൊണ്ട് വന്ന് സമയം മെനക്കെടുത്തെണ്ടായിരുന്നു.
4. ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ ക്യാരക്ടർ ഡാൻസ് സീനിൽ സ്മോക്ക് ഇടാൻ പറയുന്നത് പോലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് നമിച്ചു അണ്ണാ.
5. തിരകഥ വ്യാസൻ ഇടവനക്കാട് - ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

മറുചിന്ത

1. ദിലീപ് എന്ന നടൻ തന്റെ സ്ഥിരം വേഷങ്ങളിൽ നിന്ന് ചുവടുമാറി ചെയ്ത മാധവൻ എന്ന കഥാപാത്രത്തെ തന്നാലാവും വിധം ഭംഗിയാക്കി അവതരിപ്പിക്കാൻ ദിലീപിനു കഴിഞ്ഞിട്ടുണ്ട്. ഹ്യൂമറിനു പ്രധാന്യമില്ലാത്ത പ്രമേയത്തിലും ചില നുറുങ്ങുകൾ പ്രദർശിപ്പിക്കാൻ ദിലീപ് ശ്രദ്ധിച്ചിട്ടുണ്ട്

2. അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിയുടെ പേരു ശശികുട്ടൻ എന്നാണു എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാതിരുന്നതിനു ഈ സിനിമയുടെ അണിയറപ്രവർത്തകർ സംവിധായകൻ ജോഷിയോട് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും വ്യാസൻ ഇടവനക്കാടദ്ദേഹം.എത്ര ദുർബലമായ സ്ക്രിപ്റ്റ് ആണെങ്കിലും അതിനെ മികച്ച സിനിമ ആക്കി മാറ്റുമായിരുന്ന പഴയ ജോഷിയുടെ നിഴൽ മാത്രമാണു ഇപ്പോൾ. ആ പരിമിതിയ്ക്കുള്ളിൽ നിന്ന് കൊണ്ട് ഈ സിനിമ നന്നാക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.


പ്രേക്ഷകപ്രതികരണം.

ദിലീപ് സിനിമകൾ പ്രേക്ഷക പ്രതികരണങ്ങൾക്ക് അതീതമാണു എന്നത് കൊണ്ട് പടം കഴിഞ്ഞ് പ്രതികരിക്കാൻ ആരും മെനക്കെട്ടില്ല.

ബോക്സോഫീസ് സാധ്യത.

എത്ര മോശം അഭിപ്രായം വരുന്നോ അത്രയും വലിയ വിജയമാവുക എന്നതാണു ദിലീപ് സിനിമകളുടെ ഒരു സ്വഭാവം. അത് കൊണ്ട് തന്നെ ഈ സിനിമ ഹിറ്റ് ആവുമോ , മെഗാഹിറ്റ് ആവുമോ അതോ മൂക്കും കുത്തി വീഴുമോ എന്നൊക്കെ പോൾ നീരാളിയ്ക്ക് പോലും പ്രവചിക്കാൻ കഴിയില്ല.

റേറ്റിംഗ് 2.25 / 5

അടിക്കുറിപ്പ്: സലാം കാഷ്മീരിൽ നിന്ന് പുറപ്പെടുകയും JULY 4ൽ പോലും എത്താതിരിക്കുകയും ചെയ്ത ഒരു ജോഷി ചിത്രം. ജോഷിയുടെ ആരാധകർക്ക് നൊസ്റ്റാൾജിയ അനുഭവിക്കാൻ വേണ്ടി വേണമെങ്കിൽ ഒരുവട്ടം കാണാം. അങ്ങേർക്കും ജീവിക്കണ്ടേ..!!

1 comments:

ശ്രീ said...

ദിലീപും ഉദയകൃഷ്ണ-സിബി കെ തോമസും (തിരക്കഥ) ഒരുമിച്ചാല്‍ പേടിയ്ക്കേണ്ട അവസ്ഥയാണ് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍. അങ്ങനെ അല്ലല്ലോ എന്ന സമാധാനത്തോടെ ഇരിയ്ക്കുകയായിരുന്നു. എന്നിട്ടും വല്യ മാറ്റമൊന്നുമില്ലല്ലേ?

Followers

 
Copyright 2009 b Studio. All rights reserved.