RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആരംഭം


ആരാധകർ സ്നേഹപൂർവ്വം തല എന്ന് വിളിക്കുന്ന അജിത്തിന്റെ ദീപാവലി ചിത്രമാണു വിഷ്ണുവർധൻ സംവിധാനം ചെയ്ത ആരംഭം. അജിത്തിനെ കൂടാതെ നയൻ താര, ആര്യ തപസി എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ. തെലുങ്കിലെ നായക നടന്മാരിൽ ഒരാളായ റാണ ദഗ്ബദിയും ഇതിൽ അതിഥി വേഷത്തിൽ എത്തുന്നു. മുബൈയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രതികാര കഥയാണു ആരംഭത്തിലെ പ്രമേയം.

 സിനിമ ഉണ്ടായ കാലം മുതൽക്കേ ലോകത്തിലെ എല്ലാ ഭാഷകളിലും പറഞ്ഞ് പഴകിച്ച ഒരു കഥ വീണ്ടും പുതിയ കുപ്പിയിൽ അവതരിപ്പിക്കുകയാണു ആരംഭത്തിലൂടെ വിഷ്ണുവർധൻ ചെയ്യുന്നത്. എന്നാൽ അത് പ്രേക്ഷകർക്ക് വല്ലാതെ മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. മുബൈ നഗരത്തിൽ 3 മാളുകളിൽ ഒരേ സമയം ബോബ് സ്ഫോടനം നടക്കുന്നു. ഇത് ചെയ്യുന്നത് എ കെ എന്ന അശോക് ആണു. ഇതിന്റെ പിന്നാലെ അർജുൻ എന്ന മിടുക്കനായ ഐടി പ്രൊഫഷണലിനെ തട്ടികൊണ്ട് വന്ന് ദിവസം 300 കോടി വരുമാനമുള്ള ഫ്ലാഷ് ടിവിയുടെ നെറ്റ്വർക്ക് തകർക്കുന്നു. ഈ ടിവി ചാനലും മാളുകളും ഒരാളുടെ ഉടമസ്ഥതയിൽ ഉള്ളതാണു. അയാളുടെ ഫിനാഷ്യൽ അഡ്വൈസറെ അശോക് കൊല്ലുന്നു. ഇതെല്ലാം അശോക് എന്തിനു ചെയ്യുന്നു എന്നതാണു അല്ലെങ്കിൽ എന്നതാവണമല്ലോ സിനിമയുടെ ബാക്കി പത്രം. അതു തന്നെയാണു ആരംഭം.

 അശോക് എന്ന എകെ ആയി ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ അജിത്ത് തകർത്തു. അജിത്ത് സിനിമകളിൽ കാണുന്ന സ്ലോമോഷൻ നടപ്പുകളും ശാന്തമായുള്ള പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനുകളും അജിത്തിന്റെതായ ഡാൻസ് സ്റ്റെപ്പുകളുമെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന അളവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആര്യ പതിവുരീതിയിലുള്ള തന്റെ ശൈലികളുമായി കയ്യടി നേടി. തപസിക്ക് വളരെ നാളുകൾക്ക് ശേഷമുള്ള ഒരു നല്ല കഥാപാത്രമാണു ആരംഭത്തിൽ ലഭിച്ചിരിക്കുന്നത്. നായിക എന്ന് പറയാൻ കഴിയില്ലെങ്കിലും അജിത്തിന്റെ കൂട്ടാളിയായുള്ള വേഷം നയൻസ് മികച്ചതാക്കി. അതിഥി വേഷത്തിൽ എത്തുന്ന റാണയ്ക്ക് ആകട്ടെ കാര്യമായി ഒന്നും ചെയ്യാനില്ല.

വിഷ്ണുവർധൻ ബില്ലയിൽ ആവിഷ്കരിച്ച ഒരു റിച്ച്നെസ് ആരംഭത്തിലും ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ല. . യുവൻശങ്കർ രാജയുടെ സംഗീതം സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാൻ പോകുന്നില്ല. മങ്കാത്ത പോലെ ഒരു ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ആരംഭം തെല്ലൊന്നു നിരാശപ്പെടുത്തുമെങ്കിലും ഒരു തവണ കാണുവാനുള്ള വകുപ്പെല്ലാം  സാധാരണ മസാല തമിഴ് ചിത്രങ്ങളുടെ യാതൊരു ചേരുവകളുമില്ലാത്ത തലയുടെ ആരംഭത്തിലുണ്ട്. അതു കൊണ്ട് തന്നെ ധൈര്യമായി ഇതിനു തല വെയ്ക്കാം..

സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു പോസ്റ്റർ രസകരമായി തോന്നി.. "സ്വന്തം ഫാൻസ് അസോസിയേഷനുകൾ പിരിച്ച് വിട്ട് , സ്വന്തം സിനിമയുടെ പ്രമോഷനു പോവാതെ , ടിവി അഭിമുഖങ്ങൾ കൊടുക്കാതെ താരനിശകളിൽ പങ്കെടുക്കാതെ, പരസ്യങ്ങളിൽ അഭിനയിക്കാതെ ഒരു പടം വിജയിപ്പിക്കാൻ നട്ടെല്ലുള്ള എത്ര നടന്മാരുണ്ട് ഇന്ത്യൻ സിനിമയിൽ...???? ഞങ്ങൾ വെല്ലു വിളിക്കുന്നു. നടക്കില്ല എന്ന് ഞങ്ങൾക്കറിയാം....!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.