RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സൗണ്ട് തോമ


ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നൽകാൻ കഴിവുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു. അത് നടൻ ദിലീപാണു. 2006 - 2009 വർഷങ്ങളിൽ ഒരല്പം മങ്ങി പോയെങ്കിലും 2010 ല് കാര്യസ്ഥന്റെ വമ്പൻ വിജയവുമായി വന്ന് പിന്നീടിങ്ങോട്ട് ഇന്നിതുവരെ മലയാള സിനിമ ബോക്സ് ഓഫീസ് ഭരിക്കുന്നത് ദിലീപാണെന്നുള്ള സത്യം സൂപ്പർ മെഗാ താരങ്ങളുടെ ആരാധകർക്ക് അംഗീകരിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അതാണു സത്യം. പരമമായ സത്യം.

തന്റെ വലിയ വിജയങ്ങൾ തന്റെ മാത്രം കഴിവ് കൊണ്ടാണു എന്ന് കൊട്ടി ഘോഷിക്കാൻ തയ്യാറാവാതിരിക്കുകയും വളരെ കൃത്യമായും സൂക്ഷമതയോടും കൂടി തന്റെ സിനിമകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലാണു ദിലീപ് എന്ന നടന്റെ വിജയ ഫോർമുല. തന്നിൽ നിന്ന് പ്രേക്ഷകർ എന്താണു പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയും അത് അതേ അളവിൽ നൽകുകയും ചെയ്ത് പോന്നത് കൊണ്ടാണു ഗോപാലകൃഷ്ണൻ എന്ന മിമിക്രിക്കാരൻ പയ്യൻ 3.5 കോടി പ്രതിഫലം വാങ്ങിക്കുന്ന മലയാളത്തിലെ മുൻ നിരതാരമായ ദിലീപ് ആയി മാറിയത്.

ദിലീപിന്റെ വിശേഷങ്ങൾ അവിടെ നിൽക്കട്ടെ. പറഞ്ഞ് വന്നത് ദിലീപിന്റെതായി പുറത്തിറങ്ങിയ സൗണ്ട് തോമ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണു. തന്റെ ആദ്യ ചിത്രമായ പോക്കിരി രാജ മുതൽ മല്ലു സിംഗ് വരെ മാസ് മസാല രസക്കൂട്ടുകളുമായി കാണികളെ ഹരം കൊള്ളിച്ച സംവിധായകൻ വൈശാഖും കല്യാണരാമൻ, അണ്ണൻ തമ്പി, ചാന്ത് പൊട്ട്, തൊമ്മനും മക്കളും, കുഞ്ഞാട് പോലെയുള്ള സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ബെന്നി പി നായരമ്പലവും ചേർന്നൊരുക്കിയ ചിത്രമാണു സൗണ്ട് തോമ.

 മുറിച്ചുണ്ടനായ തോമാച്ചനായാണു ദിലീപ് ഇതിൽ വേഷമിടുന്നത്. സിനിമയുടെ ഹൈലൈറ്റ് തന്നെ ദിലീപ് മുറിച്ചുണ്ടൻ ആകുന്നു എന്നതാണു. മുറിച്ചുണ്ട് ഇന്ന് ഒരു വൈകല്യമല്ല. കാരണം അതിനു വളരെ ലളിതമായ ഒരു ഓപ്പറേഷനുണ്ട് അത് വഴി അത് മാറ്റാവുന്നതാണു. അതു കൊണ്ട് തന്നെ ഇന്ന് ആർക്കും ഇത്തരമൊരു പ്രശ്നം നിലവില്ല. പക്ഷെ തോമാക്ക് മുറിച്ചുണ്ട് ഉണ്ട്. കാരണം തോമയുടെ  അറുപിശുക്കനായ അപ്പൻ പൗലോ ആണു. മകന്റെ വൈകല്യം ചികിത്സിച്ച് ഭേദമാക്കാൻ കാശ് ചിലവഴിക്കാനുള്ള മടി തോമായെ മുറിച്ചുണ്ടനാക്കി. അല്ലെങ്കിൽ സൗണ്ട് തോമയും ഇങ്ങനെ ഒരു സിനിമയും ഉണ്ടാവിലായിരുന്നു. ദൈവത്തിനു സ്തുതി.

നായകനു പ്രേമിക്കാനായി സുന്ദരിയായ ഒരു നായികയും ചിത്രത്തിലുണ്ട്. പുതിയ തീരങ്ങളിലൂടെ എത്തിയ നമിത പ്രമോദാണു ആ വേഷം വളരെയധികം ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത്. സ്ഥിരം കോമഡി ചിത്രങ്ങൾക്ക് തിരകഥയെഴുതി മടുത്തതിനാലാകണം ഇത്തവണ സംഗതി ഒരല്പം സീരിയസ് കൂടി ചേർക്കാൻ ബെന്നി തിരുമാനിച്ചത്. ഒരോ ചിരിയ്ക്കു പിന്നിലും കരയുന്ന ഒരു മനസ്സുണ്ട് എന്ന പരസ്യവാചകം അന്വർത്ഥമാക്കുന്ന കഥാമുഹൂർത്തങ്ങൾ,വൈകാരിക നിമിഷങ്ങൾ, വേദനകൾ ,ഇടയ്ക്കിടക്ക് നുറുങ്ങു നർമ്മങ്ങൾ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമായ ഒരു സിനിമ. നാടക രചയിതാവായ ബെന്നി പി നായരമ്പലം തിരകഥയെഴുതിയ സിനിമകൾക്കൊന്നും അത്തരത്തിലൊരു  സ്വാധീനം വന്നതായി തോന്നിയിട്ടില്ല. എന്നാൽ സൗണ്ട് തോമയിലേക്കെത്തുമ്പോൾ ബെന്നി ഗതകാലസ്മരണകൾ അയവിറക്കുന്നുണ്ടോ എന്നൊരു സംശയം. വൈശാഖിനാകട്ടെ നായകൻ രാജാധി രാജയാണെങ്കിലും ഹരീന്ദർ എന്ന മല്ലു സിംഗ് ആണെങ്കിലും ഇനി പാവം സൗണ്ട് തോമയാണെങ്കിലും പൊടി പാറി അടി നിർബന്ധമാണു.

കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും ഗാനങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. മുകേഷ്, സുരാജ്, ഷാജോൺ അങ്ങനെ നിരവധി താരങ്ങൾ തങ്ങളുടേതായ കർത്തവ്യങ്ങൾ നിർവ്വഹിക്കാനായി സൗണ്ട് തോമയിലുണ്ട്. അവർ വരുന്നു അത് നടത്തുന്നു. പോകുന്നു. ദിലീപിന്റെ മുറുച്ചുണ്ടാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുമ്പോൾ തന്നെ അത് മാത്രമാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് കൂടി പറയേണ്ടി വരും എന്നതാണു ഒരു പ്രത്യേകത. എന്നാൽ അത് ഒരിക്കലും ഒരു ന്യൂനതയല്ല. കാരണം ആ ന്യൂനതയാണു പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കാനുള്ള പ്രധാന ഘടകം. തന്റെ രണ്ട് മുൻ ചിത്രങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നതിന്റെ ക്ഷീണം ദിലീപ് സൗണ്ട് തോമയിലൂടെ തീർക്കും. കാരണം ഇത് തൊമ്മൻ സ്റ്റൈയിൽ..!!!!

1 comments:

ശ്രീ said...

"തോമാ സ്റ്റൈല്‍" പാട്ടു ഇഷ്ടമായി

Followers

 
Copyright 2009 b Studio. All rights reserved.