വീണ്ടുമൊരു സിനിമ സമരം മലയാളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുകയാണു. മലയാളികൾക്ക് മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ശീലം പോലെ എന്നും തിയറ്ററിൽ പോയി സിനിമ കാണുന്ന ഒരു ശീലമുണ്ട് എന്ന് ഞങ്ങൾക്കറിയാം. അത് കൊണ്ട് ഈ സമരം കേരളത്തിലെ സാധാരണക്കാരെ മുഴുവൻ ആകമാനം ബാധിക്കും എന്ന് സാരം. വിലവർദ്ധനവിലും പാചകവാതസിലിണ്ടർ നിയന്ത്രണത്തിലുമൊക്കെ വീർപ്പ് മുട്ടുന്ന കേരള ജനത തിയറ്ററുകൾ അടച്ചിട്ടതോട് കൂടി വലിയ ഒരു പ്രതിസന്ധിയെ കൂടി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണു. തിയറ്ററിലെ മൂട്ട കടി കൊള്ളാത്തത് കൊണ്ട് അസ്വസ്ഥരാകുന്ന യുവജനങ്ങളുടെ വിഷമം വേറെ.
എന്തായാലും സർക്കാരിനോട് ഒരു ചർച്ചയുമില്ല എന്ന നിലാടിൽ ഉറച്ച് നിന്ന് കൊണ്ട് ഒരു നോട്ടീസ് പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിടാനുള്ള ഞങ്ങളുടെ നീക്കം കേരളം ഒട്ടാകെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനോട് ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല എന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഗണേശ് കുമാർ സിനിമ മന്ത്രിയായിട്ട് കൂടി ഞങ്ങൾ തിയറ്ററുകാരുടെ ദുരിതം പരിഹരിക്കാനാവുന്നില്ലെങ്കിൽ സമരം തന്നെ ശരണം. ഇനി എന്തൊക്കെയാണു സമരത്തിന്റെ കാരണങ്ങൾ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞങ്ങളുടെ നേതാവ് ലിബർട്ടി ബഷീറിക്കാക്ക് ചുട്ട മറുപടിയുണ്ട്. അത് എല്ലാവരും ഇന്ത്യാവിഷനിൽ നേരിട്ട് കണ്ടതുമാണു.
സമരം കൊണ്ട് സിനിമ കാണാൻ പറ്റാതെ വലയുന്ന പ്രേക്ഷകരെ പോലെ നഷ്ടം സഹിക്കേണ്ടി വരുന്ന വേറൊരു വിഭാഗം കൂടിയുണ്ട് എന്ന് വാദിക്കുന്ന ചിലരുണ്ട്. ഇപ്പോൾ തിയറ്ററിൽ നല്ല രീതിയിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾ ആണു ആ കൂട്ടർ. ഇതിൽ, കൂടുതൽ നഷ്ടം അയാളും ഞാനും എന്ന സിനിമയുടെ നിർമ്മാതാവിനാണു സംഭവിക്കുക്ക എന്നാണു ചിലരുടെ വിഷമം. ഗംഭീര അഭിപ്രായവും നല്ല കളക്ഷനുമായി പടം മുന്നേറി കൊണ്ടിരിക്കുമ്പോഴാണത്രെ ഇങ്ങനെയൊരു സമരം. അത് എന്തായാലും ആരെയും ബാധിക്കുന്ന പ്രശ്നമല്ല. കാരണം ഈ സിനിമ പൊളിഞ്ഞിരുന്നെങ്കിലും നിർമ്മാതാവ് നഷ്ടം സഹിക്കേണ്ടി വന്നേനെ. അതു കൊണ്ട് ജവാൻ ഓഫ് വെള്ളിമലയുടെ നിർമ്മാതാവിനെ പോലെ സിനിമ പൊളിഞ്ഞു എന്ന് വിചാരിച്ചാൽ പ്രേം പ്രകാശിന്റെ വിഷമം മാറികിട്ടും.
ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റു. തിയറ്റർ നില നിന്നാലെ സിനിമ റിലീസ് ചെയ്യാൻ പറ്റു. അത് കൊണ്ട് സമരം തന്നെ ശരണം. ഇനി സമരം എന്ന് അവസാനിക്കും എന്ന് ചോദിച്ചാൽ നവംബർ 9 നു തുപ്പാക്കി റിലീസ് ചെയ്യും. അപ്പോൾ എന്തായാലും അതിനു മുമ്പ് തന്നെ ഒരു പരിഹാരം സർക്കാർ ഉണ്ടാക്കും. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിൽ ഞങ്ങൾ വീണ്ടും തിയറ്റർ അടച്ചിട്ട് സമരം ചെയ്യും. പക്ഷെ ഞങ്ങൾക്കും മനസാക്ഷിയുണ്ട്. ഈ ഒരാഴ്ച്ചകാലം തിയറ്റർ അടച്ചിട്ടതിന്റെ നഷ്ടം തിയറ്റർ ഉടമകൾക്ക് നികത്താൻ വേണ്ടി തുപ്പാക്കി ഈ അടച്ചിട്ട 300 തിയറ്ററിലും റിലീസ് ചെയ്യും.
കുറച്ച് കാലം സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമം തുപ്പാക്കി കണ്ട് പ്രേക്ഷകർ മാറ്റട്ടെ. ഇനി തുപ്പാക്കി വൻ തുക കൊടുത്ത് വിതരണത്തിനെടുത്ത വിതരണക്കാരനെ സഹായിക്കാനാണു ഇങ്ങനെയൊരു സമരം എന്ന് ആരെങ്കിലും പറഞ്ഞാൽ ശുദ്ധ അസംബന്ധമെന്നേ മറുപടിയുള്ളു. കാരണം ഞങ്ങൾ നവംബർ 9 നു തിയറ്ററുകൾ വീണ്ടും തുറന്ന് ഒരു മൂന്ന് ആഴ്ച്ച കൂടിയേ കാക്കു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരം തന്നെ ശരണം. എന്തായാലും സമരം നടക്കട്ടെ അത് കഴിഞ്ഞ് തുപ്പാക്കി റിലീസ് ചെയ്യട്ടെ.. എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീണാൽ വാഴട്ടെ..!!!
spoof
0 comments:
Post a Comment