RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കിംഗ് & ദി കമ്മീഷ്ണർ


പൗരുഷത്തിന്റെ പൂർണ്ണ രൂപം ജോസഫ് അലക്സ് ഐ എ എസ്, പോലീസ് വേഷത്തിലെ അവസാന വാക്ക് ഭരത് ചന്ദ്രൻ ഐ പി എസ്, തീപാറുന്ന സംഭാഷണങ്ങളുമായി രൺജി പണിക്കർ, അതിനു ഷാജി കൈലാസ് എന്ന ഷോമാന്റെ അവിസ്മരണീയ സംവിധാന മികവ്..! ഇതെല്ലാം കൂടി ചേരുമ്പോൾ മലയാള സിനിമ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ സ്ഥാനം പിടിക്കുന്ന ഒരു അനിതസാധാരണമഹാഹിറ്റ്..! അതെ
ദിഗന്തങ്ങൾ നടുങ്ങും..!

കടലേഴായ് പിളരും..!!

കേരളം കോരി തരിക്കും..!!

അങ്ങനെ അങ്ങനെ എന്തെല്ലാമൊക്കെയായിരുന്നു പുകിലു..!!! പക്ഷെ..!!!അവസാനം കാത്ത് കാത്തിരുന്നു പടം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ സച്ചിൻ സെഞ്ച്വുറി അടിച്ചു, കളി കോഹ്ലി ജയിപ്പിച്ചു പക്ഷെ ഫൈനലിൽ എത്താൻ പറ്റിയില്ല എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ..! ഇനി സിനിമയിലേക്ക്..!

കിംഗ് & ദി കമ്മീഷ്ണർ..! കാലം കുറെയായി ഈ സിനിമയുടെ വിശേഷങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട്. ആദ്യം കമ്മീഷ്ണറായി സുരേഷ് ഗോപി അഭിനയിക്കാൻ വിസമ്മതിക്കുകയും പിന്നീട് പൃഥ്വിരാജ് ആ സ്ഥാനത്തേക്ക് പരിഗണിക്കുകയും അവസാനം എല്ലാ പിണക്കങ്ങളും പറഞ്ഞ് തീർത്ത് ഭരത് ചന്ദ്രനും ജോസഫ് അലക്സും ഒന്നിക്കുകയും പടം ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

ഇത്തവണ കളി കൊച്ചിയിലോ തലസ്ഥാനത്തോ കോഴിക്കോട്ടോ ഒന്നുമല്ല അങ്ങ് കേന്ദ്രത്തിലാണു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും അളിഞ്ഞ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന ഡൽഹി..! ഇവിടെയാണു കിംഗ് & ദി കമ്മീഷ്ണറുടെ കഥ.. സോറി സിനിമ ആരംഭിക്കുന്നത്.

രൺജി പണിക്കരുടെ തിരകഥയിലുള്ള ഒരു സിനിമയിൽ കഥ എന്താണെന്ന് തിരയുന്നതും ആകാശത്തിൽ നക്ഷത്രങ്ങൾ എണ്ണുന്നതും ഒരേ പോലെ ബുദ്ധിമുട്ടുള്ള കാര്യമാണു എന്ന് പട്ടിക്കും പൂച്ചക്കും വരെ അറിയാം(എന്നിട്ടും ചിലർക്ക് അത് അറിയത്തില്ല കഷ്ടം) അത് കൊണ്ട് കഥയുടെ കാര്യം വിടാം. ഇനി പെർഫോമൻസിലേക്ക് വരാം. ജോസഫ് അലക്സ് ആയി മമ്മൂട്ടി വളരെ നന്നായി അഭിനയിച്ചു. ജോസഫ് അലക്സിന്റെ ആദ്യ വരവ് കഴിഞ്ഞ് ഇപ്പോൾ വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരുപാട് വെള്ളം ഭാരതപുഴയിലൂടെ ഒഴുകി പോയി. അന്ന് ഒന്നാം ക്ലാസ്സിൽ പടിച്ചിരുന്നവരൊക്കെ ഇപ്പോൾ കോളേജ് വിദ്യാർത്ഥികളും കോളേജിൽ പഠിച്ചിരുന്നവർ കുട്ടികളുടെ അഛന്മാരും വിവാഹിതർ മധ്യവയസ്കരും മധ്യവയസ്കർ പെൻഷനേഴ്സും പെൻഷനേഴ്സിൽ പലരും കാലയവനികക്ക് ഉള്ളിൽ മറയുംകയും ചെയ്തു. മാറ്റം സകല മേഖലകളിലും സംഭവിച്ചു, മാറാതെ നിന്നത് ഒന്നു മാത്രം.. മമ്മൂട്ടിയും മമ്മൂട്ടിയുടെ ഗ്ലാമറും,.!

വർഷം പതിനഞ്ച് കഴിഞ്ഞിട്ടും പണ്ടത്തേക്കാളും ചെറുപ്പമാണു മെഗാസ്റ്റാർ..! പറഞ്ഞ് വന്നത് പെർഫോമൻസിന്റെ കാര്യമാണല്ലോ.. കിംഗിലെ പെർഫോമൻസുമായി ഒരു താരതമ്യം ശരിയല്ല എന്നറിയാം എങ്കിലും അത്തരം ഒരു താരതമ്യത്തിനു മുതിർന്നാൽ ശരാശരിയ്ക്കും താഴെയാണു ഈ ജോസഫ് അലക്സ്. ഒരുപക്ഷെ സമാനതകളില്ലാത്ത പ്രകടനവുമായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചത് കൊണ്ടായിരിക്കാം. ഇനി ഭരത് ചന്ദ്രൻ. പെർഫോമൻസും സുരേഷ് ഗോപിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. അതു കൊണ്ട് തന്നെ ഡയലോഗ് ഡെലിവറിക്ക് മാത്രം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭരത് ചന്ദ്രന്റെ മൂന്നാം വരവ് കസറിയിട്ടുണ്ട് എന്നു തന്നെ പറയാം.

ഇനി വില്ലന്മാരുടെ വിശേഷങ്ങളിലേയ്ക്ക് കോഴിക്കോട്ടങ്ങാടിയിലെ പച്ചക്കറി മാർക്കറ്റ് പോലെയാണു ഇതിലെ വില്ലന്മാർ. മുക്കിനും മൂലയ്ക്കുമൊക്കെ വില്ലന്മാർ മലയാള സിനിമയിൽ ഇത്രയും വില്ലന്മാരുണ്ടായിട്ടുള്ള ഒരു സിനിമ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. വില്ലരിൽ വില്ലനായ സായ്കുമാറാകട്ടെ കരിയറിലെ ഏറ്റവും മോശം വില്ലൻ വേഷമാണു ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്..! പിന്നെ ഇതൊരു മെഗാബഡ്ജറ്റ് ചിത്രമായത് കൊണ്ട് സ്ക്രീൻ നിറയെ കഥാപാത്രങ്ങളാണു. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് പേരു..! സംവൃത സുനിലിനിയൊക്കെ ഈ സിനിമയിൽ അഭിനയിപ്പിച്ചത് ആരാണാവോ..! ആദ്യ ഭാഗത്തിലും ഇതിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ചവെച്ചത് കെ പി എ സി ലളിത മാത്രം..!

ഒരു സിനിമയുടെ നട്ടെല്ല് അതിന്റ തിരകഥയാണു പക്ഷെ രൺജി ചിത്രങ്ങളിൽ സംഭാഷണങ്ങളാണു കരുത്ത് എന്നത് കൊണ്ട് കിടിലൻ സംഭാഷണങ്ങളാണു പ്രേക്ഷകർ പ്രതീക്ഷിച്ചത്. പ്രതീക്ഷിക്കാൻ കാശൊന്നും കൊടുക്കണ്ടല്ലോ. പക്ഷെ ആ പല്ലിന്റെ ശൗര്യം പണ്ടത്തെ പോലെ ഫലിക്കുന്നില്ല എന്നത് രൗദ്രത്തിലും ഭരതചന്ദ്രൻ ഐ പി എസിലും നമ്മൾ കണ്ടതാണു. ആളുകൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു ഒരേ രീതിയിലുള്ള ഈ രൺജി സ്റ്റൈയിൽ..!

രൺജി പണിക്കരിന്റെ തിരകഥ ഇല്ലാത്തതാണു ഷാജി കൈലാസ് ക്ലച്ച് പിടിക്കാത്തത് എന്നാണു പൊതുവിൽ പറഞ്ഞിരുന്നത്. തുടർച്ചയായി വൻപരാജയങ്ങൾ നേരിട്ട് ക്ഷീണിതനായ ഷാജി കോമ്പ്ലാൻ കുടിച്ച കുട്ടിയെ പോലെ രൺജിയുടെ തിരകഥയുമായി ഒരു വരവ് വരും എന്നൊക്കെ വിചാരിച്ചവർക്ക് തെറ്റി.. (അങ്ങനെ അധികമാരും വിചാരിച്ചിരുന്നില്ല എന്നതാണു സത്യം) രൺജി പണിക്കരുടെതല്ല ഇനി സാക്ഷാൽ സ്റ്റീഫൻ സ്പിൽബർഗിന്റെ തിരകഥ കിട്ടിയാൽ പോലും ഷാജി ഇനി നേരെ ചെവ്വെ പടം പിടിക്കും എന്ന് തോന്നുന്നില്ല.ത്രില്ലടിപ്പിക്കുന്ന രംഗങ്ങളൊരുക്കി കാണികളെ ആദ്യാവസാനം പിടിച്ചിരുത്തുന്നതിൽ ഷാജി കൈലാസ് അമ്പേ പരാജയമായി. ശ്രീപത്മനാഭാ സിംഹാസനത്തെ കാത്തോളണേ..!

കാതടപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ ചിലപ്പോഴെക്കെ പ്രേക്ഷകനെ മുഷിപ്പിക്കുന്നു. ആക്ഷൻ സ്വീക്വൻസുകളുടെ ആധിക്യം പക്ഷെ ഈ ജനുസ്സിൽ പെട്ട പടം കാണാൻ വരുന്ന പ്രേക്ഷകരെ രസിപ്പിക്കും. നെഗറ്റീവുകൾ ഒരുപാടുണ്ടെങ്കിലും മമ്മൂട്ടിക്ക് ഒരു ഹിറ്റ് ഈ ചിത്രം സമ്മാനിക്കും എന്നത് തീർച്ചയാണു കാരണം ജോസഫ് അലക്സിനെയും ഭരത് ചന്ദ്രനെയും നമ്മൾ മലയാളികൾ ഒരുപാടിഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ..!!

6 comments:

Luttu said...

ആശ്വാസം....:)

riyaas said...

പർഞ്ഞത് നന്നായി ... ഡിവിഡി വരെട്ടെ എന്നിട്ട് ഒന്ന് കണ്ടേക്കാം ..ന്ത്യേ..

Pony Boy said...

സന്തോഷം...

പ്രവീണ said...

കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ സിനിമ കണ്ടു. രണ്ടു വാക്ക് പറയാതെ വയ്യ !!മൂന്നു മണിക്കൂര്‍ കഷ്ടപ്പെട്ട് സഹിച്ചു എന്ന് വേണം പറയാന്‍.!!/ഒരു കമ്പ്യൂട്ടര്‍ വെച്ച് പാക് ഭീകരരുടെ സാട്ലൈറ്റ് വീഡിയോ സംഭാഷണം ഇന്ടര്സെപ്റ്റ്‌ ചെയ്യുന്നിടത്ത് തുടങ്ങുന്ന സിനിമ, പിന്നെ അങ്ങ് ഒരുപ്പോക്ക് പോവുകയാണ് !!ഐ പി എസ് ഉദ്യോഗസ്ഥന്‍ മുതല്‍ മേലോട്ടുള്ള സകലരെയും കരണ കുറ്റിക്ക് അടിക്കുന്ന മമ്മൂട്ടി യും , മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും എതിരെ പിടിച്ചു നിക്കണ്ടേ എന്നോര്‍ത് മാത്രം കുത്തി തിരുകിയ അസന്ഘ്യം വില്ലന്മാരും, മുന്‍പില്‍ കാണുന്ന എല്ലാരേയും (ഏതാണ്ട് 15 പേരെ ) വെടി വെച്ച് കൊല്ലുന്ന, ഭീകരത വരാന്‍ എപോളും മുഖം വക്രിച്ചു പിടിക്കുന്ന,കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വെച്ച്, കണ്ടാല്‍ ചിരി വരുന്ന ഒരു പാക് കമാണ്ടറും ഒക്കെ കൂടി ആകെ ജഗ പുകയാണ്.ഒരുപാട് ക്ലീഷേ ഡയലോഗുകളും ...പിന്നെ വെടിയും പുകയും..ഇതാണ് സിനിമ..പോസിറ്റീവ് ആയി പറയാന്‍ സുരേഷ്ഗോപി നന്നായിട്ടുണ്ട്, അതുപോലെ സീരിയലുകളില്‍ വില്ലനായി അഭിനയിച്ച അജയനും വല്യ തരക്കേടില്ല..സുരേഷ് ഗോപിക്ക് മിക ടയലോഗിനും കൈയ്യടി ഉണ്ടായിരുന്നു...ബട്ട്‌ ബാകി അല്മോസ്റ്റ് ഫുള്‍ ടൈം കൂവലോട് കൂവല്‍ ആരുന്നു..എന്താണ് നടക്കുന്നതെന്ന് പോലും കണ്ടിരിക്കുന്നവന് മനസിലാവാത്ത അവസ്തയിലാരുന്നു ഭൂരിഭാഗം സമയവും.മമ്മൂട്ടി ടയലോഗോക്കെ ക്ലാസ്സ്‌ ആക്കിയെങ്ങിലും, പെര്‍ഫോമന്‍സ് വളരെ മോശമാരുന്നു..ഏതായാലും പാക് അതിര്‍ത്തിക്കടുത്തുള്ള, പാക് ഭീകരന്മാരുടെ രഹസ്യ സന്ഗേതത്തില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും കൂടെ ചെന്ന് , എല്ലാ ഭീകരരെയും വെടി വെച്ച് കൊന്നിട്ട്, പാക് കമന്ടരെ ഇടിച്ചു പപ്പടമാക്കിയതിന്‍ ശേഷം,മുക്കാല്‍ ഭാഗം മലയാളത്തിലും, ബാകി ഹിന്ദിയിലും എന്തൊക്കെയോ പറഞ്ഞിട്ട്, പിന്നെ ഒരു 6 വെടി ദേഹമാസകലം വെച്ചിട്ട്, ഭരത് മാതാ കി ജയ്‌ പറയിപിച്ചശേഷം പാക് കോടി കുത്തിയിറക്കി കൊല്ലുന്നിടത് പടം പൂര്‍ണമാകുന്നു.. സംവൃതക്ക് മമ്മൂട്ടിയോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ കാണിക്കുന്നുണ്ടെങ്കിലും, സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ ലാല്‍ ചെയ്തത് പോലെ ഒരു പാട്ട് കൂടെ ചേര്‍ത്ത് ചളമാക്കാഞ്ഞത് വല്യ സഹായം ആയി.അത് കൂടെ ഉണ്ടാരുന്നേല്‍ , സുരേഷ് ഗോപിയുടെ കൈയ്യിലിരുന്ന തോക്ക് തട്ടി പറിച്ചു വാങ്ങി പ്രേക്ഷകന്‍ സ്വയം വെടിവെച്ചു മരിച്ചേനെ.My Rating 1/5!!

ശ്രീ said...

ഫാന്‍സ് കാരണം ഈ ചിത്രം വിജയിച്ചേക്കുമെന്ന് തോന്നുന്നു, അല്ലേ?

Anonymous said...

ഈ ബ്ലോഗിലെങ്കിലും ഇതിനെ പറ്റി നാലു നല്ല വാക്ക് പറയും എന്ന് കരുതിയതാ അപ്പോൾ പടം കക്കൂതറ ആണല്ലേ. :)

Followers

 
Copyright 2009 b Studio. All rights reserved.