RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മമ്മൂക്കാ ഒരു ഹിറ്റ്..!!




ഇന്ത്യൻ
ടീമിലെ സച്ചിന്റെ അവസ്ഥ പോലെയാണു മലയാള സിനിമയിൽ ഇപ്പോൾ മമ്മൂട്ടി എന്ന മഹാനടന്റെ സ്ഥാനം. സച്ചിൻ എന്ന അത്യുല്യ പ്രതിഭയുമായി താരതമ്യത്തിനു പ്രസക്തിയില്ലെങ്കിലും സച്ചിന്റെ നൂറാം സെഞ്ചുറിക്ക് വേണ്ടി ലോകമെമ്പാടുമുള്ള ആരാധകരും ഒരു ശരാശരി ഹിറ്റ് എന്ന പ്രതീക്ഷയുമായി മമ്മൂട്ടി ആരാധകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു.

തിയറ്ററുകളെ ഇളക്കി മറിച്ച ഒരു മെഗാഹിറ്റ് അവസാനമായി മമ്മൂട്ടിക്ക് ഉണ്ടായത് പോക്കിരിരാജയിലൂടെ 2010ല് ആണു. പ്രാഞ്ചിയേട്ടൻ എന്ന ക്ലാസിക്കൽ ഹിറ്റും കുട്ടിസ്രാങ്കുമൊക്കെയായി 2010ലെ താരം എന്ന പദവി വരെ നേടിയ മമ്മൂട്ടിയുടെ കരിയറിലെ കറുത്ത ഏടാണു 2011 സമ്മാനിച്ചത്. സൂപ്പർതാരങ്ങളുടെ കാലം കഴിഞ്ഞു ഇനി മലയാള സിനിമയിൽ പുത്തൻ പരീക്ഷണങ്ങളുടെയും പുതുതാരങ്ങളുടെയുമൊക്കെ കാലമാണു എന്ന് ശക്തിയുക്തം വാദിക്കുന്നവർക്ക് ശക്തിപകരുന്നതാണു മമ്മൂട്ടിയുടെ തുടർച്ചയായ 6 പരാജയങ്ങൾ.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ നടൻ എന്ന് വിമർശകർ വരെ വാഴ്ത്തിയ മമ്മൂട്ടിക്ക് പക്ഷെ ഈ 6 ചിത്രങ്ങളിൽ എന്താണു സംഭവിച്ചത്..? അദ്ദേഹത്തിന്റെ തിരുമാനങ്ങൾ തെറ്റായിരുന്നോ നമ്മുക്ക് പരിശോധിക്കാം.

2010 അവസാനം പുറത്തിറങ്ങി കഷ്ടിച്ച് രക്ഷപ്പെട്ട ബെസ്റ്റ് ആക്ടറിനു ശേഷമാണു ഈ നടന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പ്രാഞ്ചിയേട്ടന്റെയും പോക്കിരിരാജയുടെയും ഗ്ലാമറിലിങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ഷാജി കൈലാസിനു ആഗസ്റ്റ് 15നു ഡേറ്റ് കൊടുത്ത വാർത്ത കേട്ട് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ എസ് എൻ സ്വാമി എന്ന പഴയ സിംഹത്തിന്റെ തിരകഥയിൽ വിശ്വാസം അർപ്പിച്ച്, ദ്രോണയിലുണ്ടായ നഷ്ടം അരോമ മണിക്ക് നികത്തി കൊടുക്കാം എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ചെയ്തത് പക്ഷെ ഫലം കണ്ടില്ല. ക്യാമറകൾ കൊണ്ട് ഗിമ്മുക്കുകൾ കാണിക്കുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പഞ്ച് കുറഞ്ഞ ചിത്രം എന്ന പദവി ആഗസ്റ്റ് 15 കരസ്ഥമാക്കി.

പെരുമാൾ എന്ന ഗംഭീര പോലീസ് ഓഫീസർ കഥാപാത്രത്തെ വളരെ നിസ്സാരമായി സംവിധായകനും തിരകഥാകൃത്തും കൂടി നശിപ്പിച്ചു കളഞ്ഞു. നവാഗത സംവിധായകനായ സോഹൻ സീനു ലാലിന്റെ ഡബിൾസിൽ മമ്മൂട്ടി എന്തിനു തലവെച്ച് കൊടുത്തു എന്നത് ഇനിയും ഒരുപാട് പേർക്ക് ഉത്തരം കിട്ടാത്ത സമസ്യയാണു. ജയരാജിന്റെ ട്രെയിനിൽ അഭിനയിച്ചതിനു മമ്മൂട്ടിക്ക് ന്യായീകരണങ്ങളുണ്ടാകാം. ജയരാജ് ആയത് കൊണ്ട് ഇതിലും വലുത് എന്തോ വരാനിരുന്നത് ട്രെയിനിന്റെ രൂപത്തിൽ വന്നു പോയി എന്ന് ആശ്വസിക്കാം.

യുവതിരകഥാകൃത്തുക്കളിൽ ശക്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായ ബാബു ജനാർദ്ദനൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമായിരുന്നു ബോംബെ മാർച്ച്. ഇതിനോടകം ഹാട്രിക്ക് അടിച്ചു കഴിഞ്ഞതിനാൽ ഒരു വലിയ ഹിറ്റൊന്നുമിലെങ്കിലും മുഖം രക്ഷിക്കാൻ ഒരു ആവറേജ് എങ്കിലും കിട്ടിയാൽ മതി എന്നായിരുന്നു മമ്മൂട്ടി ക്യാപിന്റെ പ്രതീക്ഷ. എന്നാൽ എല്ലാം തച്ചുടച്ച് കൊണ്ട് മറ്റൊരു ഫോട്ടോഗ്രാഫറും മറ്റൊരു രജ്ഞൻ പ്രമോദും പുനർസൃഷ്ടിക്കപ്പെട്ടു.

എല്ലാ പരാജയങ്ങൾക്കും അവസാനം കുറിച്ച് കൊണ്ട് മമ്മൂട്ടി ഇതാ തിരിച്ചു വരാൻ പോകുന്നു എന്ന കോലാഹളവുമായി സൂപ്പർഹിറ്റ് സംവിധായകൻ ഷാഫിയും ഹിറ്റ് തിരകഥാകൃത്ത് ജയിംസ് ആൽബർട്ടും ചേർന്നൊരുക്കിയ വെനീസിലെ വ്യാപാരി തന്റെ ശനിദശയ്ക്ക് അവസാനം കുറിക്കും എന്ന് മമ്മൂട്ടി ആഗ്രഹിച്ചെങ്കിലും വ്യാപാരിക്ക് കച്ചവടം മോശമായതിനെ തുടർന്ന് ആദ്യ ആഴ്ച്ചയിൽ തന്നെ കട പൂട്ടേണ്ടി വന്നു. ഇതിനിടക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചവനെ പോലെ കന്നഡ-മലയാളം സിനിമ ശിക്കാരി റിലീസ് ആവുകയും മമ്മൂട്ടി ഡബിൾ ഹാട്രിക്ക് നേടുകയും ചെയ്തു.

എത്ര വലിയ താരമാണെങ്കിലും അഞ്ചാറു പടങ്ങൾ അടുപ്പിച്ച് പൊളിഞ്ഞാൽ പിന്നെ ആദ്യ ഷോ കാണാൻ ആളുണ്ടാവില്ല പക്ഷെ ഈ ഒരു കാര്യത്തിൽ മമ്മൂട്ടി രക്ഷപ്പെട്ടു. മെഗാസ്റ്റാറിന്റെ അടുത്ത റിലീസ് കിംഗ് & കമ്മീഷ്ണറാണു. ഈ സിനിമയുടെ റിലീസ് മലയാള സിനിമയുടെ എല്ലാ ഇനീഷ്യൽ കളക്ഷൻ റിക്കാർഡുകളും തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിക്കുമെന്നാണു സിനിമ ലോകത്തെ കണക്കു കൂട്ടൽ. പക്ഷെ ഖേദകരമെന്ന് പറയട്ടെ ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലർ അമിത പ്രതീക്ഷകൾ വേണ്ട എന്ന സൂചനകളാണു നൽകുന്നത്. ഒരു പക്ഷെ ട്രെയിലർ ഇത്രയും മതി യഥാർത്ഥ കളി സിനിമയിൽ എന്നു അണിയറ പ്രവർത്തകർ തിരുമാനിച്ചിരിക്കാം. എന്തായാലും കിംഗിനു ശേഷം കോബ്ര, താപ്പാന തുടങ്ങി പ്രൊജക്ടുകൾ ഒരുപാടുള്ളത് കൊണ്ട് ആ ഒരു ഹിറ്റ്.. ഒരേ ഒരു ഹിറ്റ് ഈ വർഷമെങ്കിലും സംഭവിക്കും എന്ന് കരുതി സമാധാനിക്കാം..!

4 comments:

ഷൈജു.എ.എച്ച് said...

ഒരു ഹിറ്റ്.. ഒരേ ഒരു ഹിറ്റ് ഈ വർഷമെങ്കിലും സംഭവിക്കും എന്ന് കരുതി സമാധാനിക്കാം..!
ആശിക്കാം...!!!

നല്ല വിലയിരുത്തല്‍... അഭിനന്ദനങ്ങള്‍...

www.ettavattam.blogspot.com

Anonymous said...

തിരക്കഥയുടെ അഭാവം ആണ് പ്രശ്നം , മമൂട്ടി ഇപ്പോള്‍ അഭ്മുഖീകരിക്കുന്നത് പറ്റിയ കഥ എഴുതാന്‍ ആളില്ല , കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ വലിയ പ്രതീക്ഷ വേണ്ട കാരണം രണ്‍ജി പണിക്കരുടെ ഗ്യാസ് തീര്‍ന്നു , പണിക്കരുടെ കഥയെല്ലാം ഒരു അച്ചു തന്നെ അല്ലെ, അവസാനം ഒരു കത്തിക്കലും , ഇടയ്ക്കു ചില കൊണ്ട്രവേര്സികളും , മമ്മൂട്ടി ഒരു പാട് യുവ സംവിധായകരെ കൊണ്ട് വന്നു സോഹന്‍ സീനുലാല്‍ ഫ്ലോപ്പായി , ആ സ്ടോരി തന്നെ ഫ്ലോപ്പ് , പുതിയ എഴുത്തുകാരെ വന്നെ പറ്റു അല്ലെങ്കില്‍ അവരെ കണ്ടെത്തണം , അമ്മ തിരക്കഥ വര്‍ക്ക് ഷോപ്പുകള്‍ നടത്തട്ടെ, പ്രതിഭകള്‍ വരട്ടെ, അതുപോലെ ഈ സൂപ്പര്‍ സ്റ്റാര്‍ ഓരോ സീനിലും നിറഞ്ഞു നിന്ന് കളിക്കുന്ന കളി ജനത്തിന് മടുത്തു , വില്ലനും സഹ നടനും നടിക്കും ഒക്കെ സീനുകള്‍ നല്‍കാന്‍ മമ്മൂട്ടി ശ്രദ്ധിക്കണം , താന്‍ മാത്രം ഷയിന്‍ ചെയ്യണം ഓരോ സീനും എന്നാ ശാട്ട്യം കളയണം ഇല്ലെങ്കില്‍ ദുല്‍ക്കരിന്റെ ആന്റണി പെരുമ്പാവൂര്‍ ആയി മാറിപ്പോകും ഭാവിയില്‍

Anonymous said...

Elam cooling glass flops :)

Pheonix said...

സച്ചിനും മമ്മൂക്കയും ലാലും എല്ലാം വീട്ടിലിരുന്നു മറ്റു ബിസിനസ്സുകള്‍ ചെയ്യട്ടെ. പണ്ട് രാജപ്പന്‍ പറഞ്ഞത്‌ എത്ര ശരി! അന്നത്തെ ഓസ്ട്രേലിയന്‍ ടീമിന്റെ അവസ്ഥയാണ് മലയാള സിനിമക്ക്‌ എന്ന്!

Followers

 
Copyright 2009 b Studio. All rights reserved.