അല്ലെങ്കിലും മലയാളികൾ ഇങ്ങനെയാ.. ഒരു ചെറിയ കാര്യം ചെയ്താൽ മതി പിന്നെ വല്ലാണ്ടങ്ങ് പ്രതീക്ഷിച്ച് കളയും. എന്നിട്ട് ആ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ നടന്നില്ലെങ്കിലോ പിന്നെ ലോകത്തെങ്ങും കേൾക്കാത്ത മുട്ടൻ തെറിയും വിളിച്ചു പറയും സംസ്കാര സമ്പന്നത കൊണ്ട് നിറഞ്ഞ മലയാളി സമൂഹം. അല്ലെങ്കിൽ പിന്നെ ഉദയനാണു താരം എന്ന ആദ്യ ചിത്രത്തിനു ശേഷം നിലവാരമുള്ള ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു സംവിധായകനും, ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രത്തിൽ മാത്രം തങ്ങളുടെ രചന വൈഭവം നല്ല രീതിയിൽ പ്രകടിപ്പിച്ചിട്ടുള്ള തിരകഥാകൃത്തുക്കളും ഒരുമിക്കുന്ന ഒരു സിനിമ ലോക നിലവാരത്തിലുള്ളതായിരിക്കും എന്ന് ചുമ്മാതെ അങ്ങ് പ്രതീക്ഷിച്ച് പോയിട്ട് പടം ഒരു സാദാ തെലുങ്ക് സിനിമയോട് പോലും കിടപിടിക്കില്ല എന്ന് വരുമ്പോൾ ആരാണു കുറ്റക്കാർ..? തീർച്ചയായും അത് പ്രേക്ഷകരായ നമ്മൾ തന്നെയാണു. കാരണം നമ്മളോട് വെറുതെ പ്രതീക്ഷിക്കാൻ ആരാ പറഞ്ഞത്..??
കാസനോവ.. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം. ഏകദേശം 33 കോടി രൂപയാണു 4 വർഷം ചിത്രീകരണം നടത്തി പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. സംശയമുള്ളവർ റോഷൻ സാറിനോട് ചോദിച്ചാൽ മതി. മെഴുകുതിരി വാങ്ങിച്ചതിന്റെയും മൊട്ടുസൂചി വാങ്ങിച്ചതിന്റെയുമൊക്കെ കണക്ക് കിറുകൃത്യം അങ്ങേരുടെ കയ്യിലുണ്ട്. മോഹൻലാലിനിപ്പോ നാട്ടിലെ ലൊക്കേഷനുകളൊക്കെ മടുത്തു എന്ന് തോന്നുന്നു. ഇപ്പോൾ എല്ലാം മലേഷ്യ ദുബായ്, വിയന്ന തുടങ്ങി ഇന്റർനാഷ്ണൽ സെറ്റപ്പുകളോടാണു താല്പര്യം.പണം മുടക്കാൻ മന്ദബുദ്ധികളായ പ്രൊഡ്യൂസർമാർ ഉണ്ടെങ്കിൽ കുട്ടനാട്ടിൽ വെച്ച് ഷൂട്ട് ചെയ്യേണ്ട സീൻ അങ്ങ് കാലിഫോർണിയയിൽ വരെ വെച്ച് എടുക്കാം അല്ല പിന്നെ..!
കാസനോവ വെറും കാസനോവ അല്ല കോൺഫിഡന്റ് കാസനോവ ആണു. പടം കണ്ട് കഴിഞ്ഞാൽ റോയിച്ചൻ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല എന്ന കോൺഫിഡന്റ് പ്രേക്ഷകർക്കുണ്ടാകും അത്രയ്ക്ക് മനോഹരമാണു ഈ ചിത്രം. കിടിലൻ ഫൈറ്റ് സീനുകളും കാണികളെ ത്രസിപ്പിക്കുന്ന ഫ്രീ റണ്ണിംഗ് സ്വീക്വൻസുകളും, നയനമനോഹരങ്ങളായ ലൊക്കേഷനുകളും അങ്ങനെ നീളുന്നു റിലീസിനു മുൻപ് ഈ ചിത്രത്തെ കുറിച്ച് റോഷൻ സാർ പറഞ്ഞതും പിന്നെ പൊടിപ്പും തൊങ്ങലും വെച്ച് ആരാധകർ പ്രചരിപ്പിച്ചതുമായ കാസനോവയുടെ വീരവാദങ്ങൾ.. ആകാശത്തോളം വാഴ്ത്തി ഇറങ്ങിയ ഈ ചിത്രം കണ്ട് കഴിഞ്ഞ് ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നു തോന്നുന്നുവെങ്കിൽ നിങ്ങൾ ഒരു മഹാനായ വ്യക്തിയാണു എന്നർത്ഥം.
ചിത്രം അറുബോറാണു എന്ന മുൻ ധാരണയോട് കൂടി കണ്ടാൽ പോലും കാസനോവയെ ഇഷ്ടപ്പെടാൻ കഴിയുക പ്രയാസം. വൻ ബഡ്ജറ്റ് മാറ്റി വെച്ചാൽ കൂടി ഇതു പോലെ ഒരു കച്ചവട സിനിമയ്ക്ക് വേണ്ട മിനിമം എന്റർടെയ്ന് വാല്യു പോലും ഈ ചിത്രത്തിലില്ല. കാസനോവ എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്റെ പ്രതികാരത്തിന്റെ കഥ. അതാണു ബോബി - സഞ്ജയ് എന്ന മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ എഴുതി വെച്ചിരിക്കുന്നത്. ഈ തിരകഥ തന്നാൽ കഴിയുന്ന വിധത്തിൽ കുളമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു വെച്ചിട്ടുമുണ്ട്.
ഇതേ കൂട്ടു കെട്ടാണു പണ്ട് നോട്ട് ബുക്ക് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന വമ്പൻ ബാനറിനെ ഒരു അരുകാക്കിയത്. കാസനോവയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കില്ല എന്ന് കരുതാം. കാരണം സിനിമ ഓടി കിട്ടുന്ന കാശു കൊണ്ടല്ല കോൺഫിഡന്റ് ഗ്രൂപ്പുകാർ ഫ്ലാറ്റ് പണിയാൻ മണലു വാങ്ങുന്നത്. റോയിച്ചൻ ഇതൊക്കെ എത്ര കണ്ടതാ..! മോഹൻലാൽ കാസനോവയായി തകർത്ത് അഭിനയിച്ചിരിക്കുന്നു. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ ലാലിന്റെ കാസനോവയല്ലാതെ മറ്റൊരു കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കില്ല എന്തിനു കഥ പോലും നിൽക്കില്ല..
സിനിമ എന്ന പേരിൽ ഇറങ്ങുന്ന ഇത്തരം കെട്ടുകാഴ്ച്ചകൾക്ക് എന്ത് സ്ഥാനമാണോ കൊടുക്കേണ്ടത് അത് അർഹിക്കുന്ന രീതിയിൽ തന്നെ ഈ ചിത്രത്തിനും മലയാള സിനിമ പ്രേക്ഷകർ നൽകും എന്ന് പ്രതീക്ഷിക്കാം. കാരണം കാശ് വാരാൻ സാധ്യതയുള്ള പടങ്ങൾ സ്വയം നിർമ്മിച്ചും അല്ലാത്തവ ഏതെങ്കിലും പാവം പ്രൊഡ്യൂസർമാരുടെ തലയിൽ കെട്ടി വെച്ചും സിനിമ പിടിക്കാൻ ആന്റണി പെരുമ്പാവൂർ ഉള്ളടത്തോളം കാലം മോഹൻലാൽ എന്ന യൂണിവേഴ്സൽ താരം ഇതിനേക്കാൾ ചവറു സിനിമകളിൽ അഭിനയിച്ചെന്നിരിക്കും. അത് അദ്ദേഹത്തിന്റെ കാര്യം.
പക്ഷെ റോഷൻ ആഡ്രൂസുമാരും സഞ്ജയ് ബോബിമാരും ഇത്തരം കോപ്രായങ്ങൾക്ക് കുടപിടിക്കാൻ തുടങ്ങിയാൽ നഷ്ടം മലയാള സിനിമയ്ക്ക് മാത്രമായിരിക്കും. കാരണം ഇവരിൽ നിന്നുമൊക്കെ ഉദയനാണു താരവും ട്രാഫിക്കും പോലുള്ള നല്ല സിനിമകൾ ജനിക്കാനാണു ജനം കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്ലോപ്പ് സിനിമ എന്ന പേരിൽ അറിയപ്പെടാനായിരിക്കും കാസനോവയുടെ യോഗം. ഇതേ കാസനോവയാണു മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്നത് മലയാള സിനിമയുടെയും യോഗം..!!!
Subscribe to:
Post Comments (Atom)
4 comments:
മമ്മൂട്ടിക്ക് ദുബായ് പോലെ ലാലിന് കാസനോവ , അപ്പോള്‍ ഈ ജനുവരി ഇറങ്ങിയ പടങ്ങളില്‍ തമ്മില്‍ ഭേദം സരോജ് കുമാര്‍ തന്നെ , ശ്രീനിവാസന് പറയുന്നപോലെ ഈ ഫാന്‍സ് എന്ന് പറയുന്ന കിഴങ്ങന്മാര് പോസ്ടറില്‍ പാലഭിഷേകം നടത്താതെ ലാലിനെ തെറിയഭിഷേകം നടത്തിയാല്‍ ഒരു നല്ല ചിത്രം അഭിനയിക്ക്കം എന്ന് അയാള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കും
dubayekal enthu kondum bethamanu casanova.
റോഷൻ ആൻഡ്രൂസിനെക്കുറിച്ചൂള്ള താങ്കളുടെ ധാരണകൾ ഗംഭീരം..കാസനോവ ഞാൻ കണ്ടിട്ടില്ല പക്ഷേ ഉദയനാണ് താരത്തിനു ശേഷം അയാൾ എടുത്ത നോട്ട് ബുക്കും , ഇവിടം സ്വർഗ്ഗമാണും മികച്ച സിനിമകളായിരുനു എന്ന് താങ്കൾ മറന്നുപോയി...പിന്നെ കാസനോവ ഇനീഷ്യൽ പുള്ളിലും പിന്നെ റൈറ്റ്സ് വില്പനയിലും കാശ് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്..നിർമ്മാതാവിനില്ലാത ടെൻഷൻ കരക്കാർക്ക് വേണ്ട...സിനിമയിൽ കഥ കാണില്ലായിരിക്കാം പക്ഷേ അതൊരു സ്റ്റൈലിഷ് മൂവിയാണ് എന്നാണ് ശത്രുക്കളുടെ റിവ്യൂ പോലും പറയുന്നത്...
ഇത്തവണയും പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയില്ല അല്ലെ ?
Post a Comment