മാറാതെ നിൽക്കുന്നതൊന്നേ ഉള്ളു അത് മാറ്റം മാത്രമാണെന്ന പ്രപഞ്ച സത്യം ഓർമ്മിപ്പിച്ചു കൊണ്ട് 2011 കടന്നു പോകുമ്പോൾ മലയാള സിനിമയിൽ മാറി മറിഞ്ഞത് ഇത്രയും കാലം നിലനിർത്തി കൊണ്ട് പോന്നിരുന്ന ചില സമവാക്യങ്ങളായിരുന്നു. സിനിമ എന്നും താരങ്ങളുടെതായിരുന്നു. സിനിമയുടെ വെള്ളി വെളിച്ചെത്തിൽ തിളങ്ങി നിൽക്കുന്നവരാണു അഭിനേതാക്കൾ എന്നത് കൊണ്ട് ശ്രദ്ധ മുഴുവനും ലഭിച്ചിരുന്നത് അവർക്കായിരുന്നു. എന്നാൽ എപ്പോഴൊക്കെയോ സിനിമ സംവിധായകന്റെയും തിരകഥാകൃത്തുക്കളുടെയും പേരിൽ അറിയപ്പെട്ട് തുടങ്ങി. ഐവിശശിയിലും പത്മരാജനിലും തുടങ്ങി ഇപ്പോൾ രഞ്ജിത്തിൽ വരെ എത്തി നിൽക്കുന്നു അത്. അതുകൊണ്ട് തന്നെ ഒരു നടന്റെ സിനിമ എന്ന പോലെ തന്നെ സംവിധായകന്റെ പേരിലും പ്രേക്ഷകർ പ്രതീക്ഷകൾ വെച്ച് തുടങ്ങി.
എന്നാൽ 2011 കണ്ടത് ആ പ്രതീക്ഷകൾ മുഴുവൻ തച്ചുടക്കുന്ന ഒരു പ്രതിഭാസമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സംവിധായകരുടെ സിനിമകൾ പേരും പ്രശസ്തിയും നേടിയെടുത്തപ്പോൾ ജോഷി, സത്യൻ അന്തിക്കാട് എന്നീ സംവിധായകർ സിനിമയെടുത്ത് സ്വയം അപഹാസ്യരായിത്തീരുന്ന അവസ്ഥയിൽ എത്തി ചേരുകയാണുണ്ടായത്. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമ എടുത്ത രാജേഷ് പിള്ളയെ ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രം അങ്ങ് ബോളിവുഡിൽ വരെ കൊണ്ട് ചെന്നെത്തിച്ചു. മേൽവിലാസം എന്ന സിനിമയിലൂടെ മാധവ് രാംദാസ് എന്ന നാവാഗത സംവിധായകൻ മലയാള സിനിമയുടെ തന്നെ മേൽവിലാസം മാറ്റിയെഴുതി. ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് നല്ല സിനിമയെ ജനപ്രിയമാക്കുന്നതെങ്ങനെയെന്ന് കാണിച്ചു തന്നു. വികെ പ്രകാശ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയും ഏറ്റവും മോശം സിനിമയും ഈ വർഷമായിരുന്നു പുറത്ത് വന്നത്. ബ്യൂട്ടിഫുളും ത്രീ കിംഗ്സും.
വിദേശസിനിമ അനുകരണമെന്ന് പറയാമെങ്കിലും മലയാളികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച സിനിമയാണു സമീർ താഹിർ എന്ന സംവിധായകന്റെ ചാപ്പകുരിശ്.വലിയ താരങ്ങളില്ലാതെ ആർപ്പുവിളികളും ആഘോഷങ്ങളുമില്ലാതെ മനോഹരമായ ഒരു കൊച്ചു കഥയെ അതിമനോഹരമായ ഒരു സിനിമയാക്കി മാറ്റി അതിനെ ഒരു വൻ വിജയമാക്കിത്തീർത്ത ആഷിക്ക് അബുവാണു 2011ലെ മറ്റൊരു മികച്ച സംവിധായകൻ. ഇങ്ങനെ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന അഞ്ചോളം സിനിമകൾ കഴിഞ്ഞ വർഷം ഉണ്ടായി. എന്നാൽ ഈ സിനിമകളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ റിലീസിനു മുൻപ് തന്നെ അല്പമെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ചില ഘടകങ്ങൾ ഇവയിലെല്ലാം ഉണ്ടായിരുന്നു.
ട്രാഫിക്കിലെ ശ്രീനിവാസന്റെ സാന്നിധ്യം, ഇന്ത്യൻ റുപ്പീ-രഞ്ജിത്ത ചിത്രം, ബ്യൂട്ടിഫുളിലെ അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ട്, മേൽവിലാസത്തിലെ സുരേഷ്ഗോപി-പാർഥിപൻ, ചാപ്പ കുരിശ് ട്രാഫിക്കിന്റെ നിർമ്മാതാവിന്റെ രണ്ടാമത്തെ സിനിമ ,സാൾട്ട് & പെപ്പറിലെ ലാൽ-ആസിഫ് അലി ഇങ്ങനെ തിയറ്ററിലെത്തും മുൻപ് സിനിമയെ കുറച്ചെങ്കിലും പുറംലോകമറിയാൻ ഇതെല്ലാം സഹായിച്ചിട്ടുണ്ട്.
എന്നാൽ ആരോരുമറിയാതെ കഴിഞ്ഞ വർഷം മലയാളത്തിൽ ഒരു സിനിമയുണ്ടായി അവസാനം അത് എല്ലാവരുമറിയുന്ന ഒന്നായി മാറി. അതെ മലയാള സിനിമയുടെ ഖ്യാതി അങ്ങ് ഓസ്കാർ നോമിനേഷനിൽ വരെ എത്തിച്ച സലീം അഹമദിന്റെ ആദാമിന്റെ മകൻ അബു. ബോക്സ് ഓഫീസിൽ ഒട്ടും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സിനിമ കൊണ്ട് എന്താണു ഇതിന്റെ അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നത് അത് 100 ശതമാനം നിറവേറ്റാൻ ഈ സിനിമയ്ക്ക് ആയിട്ടുണ്ട്. അതെന്തായാലും നിർമ്മാതാവിന്റെ പണപ്പെട്ടി നിറയ്ക്കൽ ആയിരുന്നില്ല എന്നത് ഉറപ്പ്. സലീം കുമാർ എന്ന നടനെ നായകനാക്കി കൊണ്ട് സിനിമ പിടിക്കാൻ കാണിച്ച സംവിധായകന്റെ ചങ്കൂറ്റത്തിൽ തുടങ്ങി ഈ സിനിമയുടെ വിജയം. അതു കൊണ്ട് തന്നെ ഈ വർഷത്തെ എല്ലാ കയ്യടികളും പൊൻ തൂവലുകളും സ്വന്തമാക്കാനുള്ള അർഹത ആദാമിന്റെ മകൻ അബുവിന്റെ സംവിധായകൻ സലീം അഹമദിനു തന്നെയാണു.
ഇനി മലയാള സിനിമയിലെ പഴയ താപ്പാനകളുടെ സംവിധാന വിശേഷങ്ങളിലേയ്ക്ക്.. 2011 ൽ പഴയ സംവിധായകരിൽ രഞ്ജിത്ത് എന്ന ഒരേ ഒരു സംവിധായകൻ മാത്രമാണു തന്റെ പ്രതിഭയോട് നീതി പുലർത്തിയത് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണുന്ന ശീലമുള്ള മഹാനായ സംവിധായകൻ ജോഷി താൻ ഈ വർഷം ചെയ്ത സെവൻസ്,ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങൾ ഒന്ന് കാണുന്നത് നന്നായിരിക്കും. തന്റെ നിലവാരമിലായ്മയുടെ ഗ്രാഫ് ഏതറ്റം വരെ വന്നു നിൽക്കുന്നു എന്ന് അപ്പോൾ ജോഷി സാറിനു മനസ്സിലായിക്കോളും.
അതു പോലെ തന്നെ കുടുംബ സദസ്സുകളുടെ സ്വന്തം സത്യൻ അന്തിക്കാട്. വർഷം തോറും തന്റെതായി ഒരു ചിത്രം റിലീസ് ആയില്ലെങ്കിൽ കേരളമെമ്പാടുമുള്ളസ്ത്രീ പ്രേക്ഷകർ കടുത്ത വിഷമത്തിലായി പോകും എന്നുള്ളത് കൊണ്ട് മാത്രം സിനിമ ചെയ്യുന്ന ഈ ഗ്രാമ സംവിധായകന്റെ സ്നേഹവീട് മേൽക്കൂരയടക്കം പൊളിഞ്ഞ് നിലം പൊത്തിയത് കണ്ടെങ്കിലും ഈ സംവിധായകൻ ഒരു പാഠം പടിച്ചിരുന്നെങ്കിൽ...! ദ്രോണയിൽ നിന്ന് ഒരിഞ്ചുപോലും താൻ മുന്നോട്ടോ പിറകോട്ടോ പോയിട്ടില്ലെന്ന് ആഗസ്റ്റ് 15 ലൂടെ ഷാജി കൈലാസ് തെളിയിച്ചു. ചൈനാടൗണിലൂടെ റാഫിമെക്കാർട്ടിന്മാർ അവരുടെ ദയനീയ സ്ഥിതി തുറന്നു കാട്ടി.പ്രണയത്തിലൂടെ ഇത്തവണ ബ്ലസ്സി മാജിക്കും ആവർത്തിക്കപ്പെട്ടില്ല.
വിനയന്റെ റസിയ തവിടുപൊടിയായപ്പോൾ ജയരാജിന്റെ ട്രെയിനിന്റെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ട് പിടിക്കാൻ. വയലിനിലൂടെ സിബി മലയിലും, ഇന്നാണു ആ കല്യാണത്തിലൂടെ രാജസേനനും ലിവിംഗ് ടു ഗെദറിലൂടെ ഫാസിലും തങ്ങളുടെ ഉള്ള ചീത്ത പേരു കളയാതെ സൂക്ഷിച്ചു. ഗദാമ , സ്വപ്നസഞ്ചാരി എന്നീ ചിത്രങ്ങൾ ഒരുക്കിയ കമലിനു മേല്പറഞ്ഞവർ നേരിട്ടത്ര വിമർശനങ്ങൾ നേരിടേണ്ടി വന്നില്ല.ഉറുമിയിലൂടെ സന്തോഷ് ശിവൻ മാജിക്ക് മലയാളത്തിൽ ആവിഷ്കരിക്കപ്പെട്ടു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിനും ടിവി ചന്ദ്രന്റെ ശങ്കരനും മോഹനനും നിരൂപ പ്രശംസയോ പ്രേക്ഷക ശ്രദ്ധയോ നേടാനായില്ല. വെനീസിലെ വ്യാപാരിയിലൂടെ ഷാഫിക്ക് പറ്റിയ പാളിച്ചയാണു 2011ലെ മറ്റൊരു പ്രധാന വിശേഷം.
തുളസീദാസിന്റെ കിലാഡി രാമനും ടി എസ് സുരേഷ് ബാബുവിന്റെ ഉപ്പു കണ്ടം ബ്രദേഴ്സും വന്നതും പോയതുമൊന്നും ആരും അറിഞ്ഞില്ല. സീരിയൽ പിടിക്കുകയായിരിക്കും ഈ രണ്ട് സംവിധായകർക്കും ഇനി നല്ലത്. ഭാവി വാഗ്ദാനമായി കരുതപെട്ടിരുന്ന രജ്ഞിത്ത് ശങ്കറിനു അർജുനൻ സാക്ഷിയിൽ സംഭവിച്ച പിഴവുകളും ലിജോ പല്ലിശേരിയ്ക്ക് സിറ്റി ഓഫ് ഗോഡും തിരിച്ചടിയായി. അക്കു അക്ബറിനെ പോലുള്ള സംവിധായകർ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ബിജുവിനെ പോലുള്ള നവാഗത സംവിധായകർ സ്ഥാനം നേടുകയും ചെയ്ത ഈ വർഷത്തിൽ പിറന്ന നല്ല സിനിമകളെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് കണ്ടിട്ടെങ്കിലും താരങ്ങൾക്ക് വേണ്ടി കഥയുണ്ടാക്കാൻ നടക്കുന്ന നമ്മുടെ പഴയ സംവിധായകർ സ്വയം നന്നാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..!
*പ്രിയദർശനെ കുറിച്ച് ഒന്നും പറഞ്ഞില്ല...!
**അയ്യോ..!! അക്കാദമി ചെയർ മാനാ... അങ്ങേരു വല്യ പുള്ളി. നമ്മളെന്ത് പറയാൻ..!!!
Subscribe to:
Post Comments (Atom)
7 comments:
സലിം അഹമ്മദിനെ കുറിച്ചു പറഞ്ഞതിനും അത് വളരെ ചുരുക്കിയതിനും നന്ദി. കാരണം നമ്മളാണല്ലോ ഒരു ചിത്രം വിജയിച്ചാല്‍ ഉടന്‍ തന്നെ ചിലരെ തലയിലേറ്റി നടന്നു നശിപ്പിക്കുന്നത് . ആ ദുരവസ്ഥ സലിം അഹമ്മദിന് ഉണ്ടാവാതിരിക്കട്ടെ.
വയലിനിലൂടെ സിബി മലയിലും, ഇന്നാണു ആ കല്യാണത്തിലൂടെ രാജസേനനും ലിവിംഗ് ടു ഗെദറിലൂടെ ഫാസിലും തങ്ങളുടെ ഉള്ള ചീത്ത പേരു കളയാതെ സൂക്ഷിച്ചു.b :)
കൊള്ളാം, നല്ല വിലയിരുത്തല്‍!
മമ്മൂട്ടിയും മോഹല്‍ലാലും ജയസൂര്യയും അനൂപ് ചന്ദ്രനെയും കണ്ടു പഠിക്കട്ടെ. തങ്ങള്‍ക്ക് ആവുന്നത് ചെയ്യുക. സ്വയം വിചാരിക്കുന്ന താരപ്രഭയില്‍ മയങ്ങി ആളുകള്‍ തീയേറ്റര്‍ നിറയ്ക്കും എന്ന അവരുടെ ധാരണ അങ്ങ് മാറ്റാന്‍ നമ്മുടെ പ്രേക്ഷകര്‍ക്കായി. ചില നല്ല ചിത്രങ്ങളെ വലിച്ചു തങ്ങളുടെ കൂതറപടം റിലീസ് ചെയ്യിച്ച അവര്‍ക്ക് കിട്ടേണ്ടത് കിട്ടി. പൃത്വിരാജ് ഇത്തിരികൂടി താഴെയിറങ്ങി വന്നു ചിന്തിച്ചാല്‍ അയാള്‍ക്ക് കൊള്ളാം. ജസരൂര്യയാണ് സമീപകാലത്ത് നേട്ടമുണ്ടാക്കിയ നടന് എന്ന് തോന്നുന്നു.
eni mammotty enna nadanu malayala cinimayile sthanam enthennu mathram paranjilla.....
ഇനി മമ്മൂട്ടി എന്നാ നടന് മലയാള സിനിമയിലെ സ്ഥാനം എന്തെന്ന് മാത്രം പറഞ്ഞില്ല .....
I cant read your posts due to black on brown entry.
Is this intended or any malfunction at the receiver end?
@sharon it is the problem of receiver end
Post a Comment