RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കൃസ്ത്യൻ ബ്രദേഴ്സ്




റോയൽ സ്റ്റാർ ദിലീപ്, ആക്ഷൻ ഹീറോ സുരേഷ് ഗോപി, സുപ്രീം സ്റ്റാർ ശരത്ത് കുമാർ പിന്നെ നായകനായി യൂണിവേഴ്സൽ സ്റ്റാറും. സംവിധാനം സാക്ഷാല്‍ ജോഷി,നായികമാരായി ലക്ഷ്മി റായ്, കാവ്യ, കനിഹ,ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ. ഒപ്പം സഹ അഭിനേതാക്കളായി മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖനടീനടന്മാരും. പക്ഷെ ഒരു മലയാള സിനിമ വിജയിക്കാൻ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ഇതൊന്നും പര്യാപ്തമല്ല. ബ്ലോക്ക് ബസ്റ്റർ സിനിമക്ക് വേണ്ട അടിസ്ഥാനഘടകം സിനിമയിൽ ഇല്ലെങ്കിൽ മേൽ പറഞ്ഞ അലങ്കാരങ്ങളെല്ലാം വെറും കെട്ടു കാഴ്ച്ചകളായി മാറും.

അവിടെയാണു ഉദയ്കൃഷ്ണ-സിബി കെ തോമസിന്റെ പ്രസക്തി. ട്വന്റി-ട്വന്റി, പോക്കിരി രാജ എന്നീ മൾട്ടീ സ്റ്റാർ ചിത്രങ്ങൾക്ക് തിരകഥയൊരുക്കി വിജയം സമ്മാനിച്ച ടീം കൃസ്ത്യൻ ബ്രദേഴ്സിലൂടെയും അത് ആവർത്തിക്കുകയാണു. മലയാളത്തിലെ മൂന്ന് മുൻ നിര നായകന്മാരും ശരത്ത് കുമാറും ഒന്നിക്കുന്ന ചിത്രത്തിൽ ഒരോ താരത്തിന്റെയും ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ സിനിമയൊരുക്കാൻ ഇതിന്റെ അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ട്വന്റി-ട്വന്റി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർ നിരാശപ്പെടുകയില്ല എന്ന് സാരം.

ഭൂമാഫിയയും പിന്നെ ഒരു തട്ടികൊണ്ടു പോകലും ട്വിസ്റ്റും ഫ്ലാഷ് ബാക്കും അങ്ങനെ സാധാരണ ചേർക്കാറുള്ള എല്ലാ മിശ്രിതങ്ങളും ചേർന്നതാണു ഇതിന്റെ കഥ. തിരകഥ ഉദയ്-സിബിയുടെതാണെങ്കിൽ പിന്നെ സിനിമയിൽ ലോജിക്ക് തിരയേണ്ടതില്ല എന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെയാണു എല്ലാവരും സിനിമ കാണാൻ എത്തുന്നതും. കണ്ട് പഴകിയ സീനുകൾ വീണ്ടും പൊടി തട്ടിയെടുത്ത് പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ചെപ്പടി വിദ്യ ഇത്തവണയും വെന്നിക്കൊടി പാറിച്ചിരിക്കുന്നു.
ഫൈറ്റ്, സോഗ്സ്, ഡയലോഗ്സ് ഇതെല്ലാം ആവശ്യത്തിനും ചേർത്ത് പാകപ്പെടുത്തിയെടുത്ത തിരകഥ മികച്ച രീതിയിൽ തന്നെ സിനിമയാക്കാൻ സംവിധായകൻ ജോഷിക്കു കഴിഞ്ഞിട്ടുണ്ട്

"ക്രിസ്റ്റി വർഗ്ഗീസ് എന്ന നായക കഥാപാത്രമായി ആരാധകരുടെ ലാലേട്ടൻ തകർത്താടിയിരിക്കുന്നു. ഇത്തരം റോളുകൾ കൈകാര്യം ചെയ്യാൻ എന്നും മലയാള സിനിമയിൽ ഒരു താരമേ ഉള്ളു അത് മോഹൻലാൽ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു" എന്നൊക്കെ കടുത്ത ലാൽ ആരാധകർക്ക് പറഞ്ഞ് ആശ്വസിക്കാനുള്ള വകുപ്പ് ഈ സിനിമയിൽ ഉണ്ട്. വളരെ നാളുകൾക്ക് ശേഷം തങ്ങളുടെ താരത്തിന്റെ ഒരു ചിത്രത്തിനു ഹൗസ് ഫുൾ കിട്ടിയല്ലോ എന്നോർത്ത് സുരേഷ് ഗോപിയുടെ ആരാധകർക്കും (?) സന്തോഷിക്കാം.

എടുത്തു പറയേണ്ട മറ്റൊരു നായകൻ ദിലീപ് ആണു. കിംഗ് ഓഫ് വറൈറ്റി എന്ന അറിയപ്പെടുന്ന ജനപ്രിയനായകൻ കോമഡിയിലെ വ്യത്യസ്ത ഭാവങ്ങളുടെ രാജാവ് എന്ന തന്റെ സ്ഥാനപേരു ശരിവെയ്ക്കുന്ന തരത്തിലുള്ള അഭിനയമാണു പുറത്തെടുത്തിരിക്കുന്നത്. ട്വന്റിട്വന്റിയിലെ പോലെ തന്നെ ലാലിന്റെ അനിയൻ വേഷം മികച്ചതാക്കാൻ ദിലീപിനു കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ മറ്റ് ഹാസ്യ താരങ്ങളുടെ നമ്പറുകളെല്ലാം നനഞ്ഞ പടക്കങ്ങളായി മാറുമ്പോൾ കോമഡി വിഭാഗത്തിനു ആശ്വാസം പകരുന്ന പ്രകടനമാണു ദിലീപ് നടത്തിയിരിക്കുന്നത്. ഇതിൽ ദിലീപിന്റെ ആരാധകർക്കും സന്തോഷിക്കാം. ചെറുതെങ്കിലും ശരത്ത് കുമാർ തന്റെ വേഷം നന്നായി തന്നെ അവതരിപ്പിച്ചു. അപ്പോൾ ശരത്ത് കുമാർ ഫാൻസിനും സന്തോഷിക്കാം.

അങ്ങനെ എല്ലാ താരങ്ങളുടെയും ഫാൻസിനു സന്തോഷിക്കാൻ ഇടനൽകി കൊണ്ട് സിനിമ പൂർത്തിയാവുമ്പോൾ നല്ല സിനിമയുടെ ആരാധകർക്ക് സന്തോഷിക്കാനാകുമോ എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു. വല്ലപ്പോഴും ഒരു പ്രാഞ്ചിയേട്ടനോ ട്രാഫിക്കോ മാത്രം കണ്ട് തൃപ്തിയടയാൻ വിധിക്കപ്പെട്ട ഈ വിഭാഗത്തിന്റെ ഉത്തരത്തിനു ഇന്നത്തെ മലയാള സിനിമയിൽ പ്രസക്തി ഇല്ലാതെയായിരിക്കുന്നു. കാരണം ഇത് സിനിമയാണു സിനിമ, കോടികൾ കൊണ്ടുള്ള ചൂതാട്ടം, ഇവിടെ ജയിക്കുന്നവൻ മാത്രം വാഴുന്നു. എന്തായാലുംവൻ ബഡ്ജറ്റിൽ വർണചിത്ര സുബൈറും എ വി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ അവധിക്കാലത്തെ ആഘോഷമായി മാറും എന്ന് തീർച്ചയാണു.

*25നു പെരുമാൾ റിലീസ് ചെയ്യാൻ തിയറ്റർ കിട്ടുമോ ആവോ..?

**സിംഹം സിംഗിളാ വരും...!!

7 comments:

Pony Boy said...

പെരുമാളിന്റെ സംവിധാനം ജെയിംസ് കാമറൂണോ റോൺ ഹോവാർഡോ മറ്റോ ആണൊ ഇത്ര പ്രെതീക്ഷിക്കാൻ...അത് നുമ്മടെ ഷാജിയേട്ടനല്ലേ..ഒരു വെറൈറ്റി ത്രില്ലറിനെ കൂടി അങ്ങേര് താറടിപ്പിച്ചു കാട്ടും ഇല്ലേൽ നോക്കിക്കോ...ഇനിയും നിങ്ങൾ ഈ സംവിധായകനെ വിശ്വസിക്കുന്നോ>..

ശ്രീജിത് കൊണ്ടോട്ടി. said...

കാണുമ്പോള്‍ അറിയാം സിംഹം ആണോ അതോ പുലി ആണോ എന്നൊക്കെ.. മോഹന്‍ലാല്‍/ പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ അബുദാബിയില്‍ പുരോഗമിക്കുന്നു..

പഞ്ചാരകുട്ടന്‍ -malarvadiclub said...

പെരുമാളില്‍ എന്താ ഇത്ര വലിയ പ്രതീക്ഷ ഉണ്ടോ അപ്പൊ

Anonymous said...

"സിംഹം സിംഗിളാ വരും"
ഈ ഉപമ മമ്മൂട്ടിയെ താറടിച്ചു കാണിക്കാന്‍ വേണ്ടി ആരോ മനപൂര്‍വം കെട്ടിച്ചമച്ച ഒരു ഉപമ ആണ് . കാരണം സിംഹം എന്നാ ജീവിയെ സംബന്ദിച്ചു അത് അതിന്റെ പ്രതാപം നശിച്ചു പല്ല് കൊഴിഞ്ഞു ദുര്‍ബലന്‍ ആകുമോബോള്‍ ആണ് അതിനെ അതിന്റെ പരിവാരം ഉപേക്ഷിച്ചു പോകുന്നത് , അഥവാ ഒറ്റയ്ക്ക് നടക്കേണ്ടി വരുന്നത് ...ഇവിടെ അങ്ങനെ വല്ലതും ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് .

African Mallu said...

nalla review

Anonymous said...

കുറേ നാളായി മമ്മുക്കായെ ആക്ഷേപിക്കാന്‍ വേണ്ടി സിംഹമെന്നും പുലിയെന്നുമൊക്കെ പറഞ്ഞ് ഓരോന്ന് എഴുതി വിടുകയാണ്. മമ്മുക്ക പെരുമാളുമായി വരുകയും ചെയ്യും വിജയിക്കുകയും ചെയ്യും. അല്ലാതെ മ്മുക്ക സിംഗിളായിട്ടൊന്നും വരില്ല. കൂട്ടമായിട്ടുതന്നെ വരും.

Anonymous said...

അതെ ക്രിസ്ടിയും കൂട്ടരും തകര്‍ക്കുന്നു ...........പോക്കിരിരാജയുടെ റെക്കോര്‍ഡ്‌ തകര്‍ന്നു വീഴുന്നു ...

Followers

 
Copyright 2009 b Studio. All rights reserved.